Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതി വിധി വന്നിട്ടും കുലുക്കമില്ലാതെ സിപിഎം; പ്രതിപക്ഷം വെട്ടിൽ വീണതിനാൽ ആഘാതം രൂക്ഷമാവില്ലെന്ന് വിലയിരുത്തി സർക്കാർ; ആടിയുലഞ്ഞ് കോൺഗ്രസും ബിജെപിയും; ഹീറോ പരിവേഷവുമായി വിടി ബൽറാം; നിരാശ മാറ്റി വയ്ക്കാതെ സൈബർ പോരാളികൾ; മൂന്ന് മുന്നണികളും ചതിച്ച ഷോക്ക് മാറാതെ സാധാരണക്കാരും

സുപ്രീംകോടതി വിധി വന്നിട്ടും കുലുക്കമില്ലാതെ സിപിഎം; പ്രതിപക്ഷം വെട്ടിൽ വീണതിനാൽ ആഘാതം രൂക്ഷമാവില്ലെന്ന് വിലയിരുത്തി സർക്കാർ; ആടിയുലഞ്ഞ് കോൺഗ്രസും ബിജെപിയും; ഹീറോ പരിവേഷവുമായി വിടി ബൽറാം; നിരാശ മാറ്റി വയ്ക്കാതെ സൈബർ പോരാളികൾ; മൂന്ന് മുന്നണികളും ചതിച്ച ഷോക്ക് മാറാതെ സാധാരണക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുണയിലേയും കണ്ണൂരിലേയും വിദ്യാഭ്യാസ കച്ചവടത്തിന് സർക്കാരും പ്രതിപക്ഷവും പച്ചക്കൊടി കാട്ടി. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പുതിയ കാഴ്ചയിൽ ബിജെപിയും ഇടതിനും വലതിനും ഒപ്പം ചേർന്നു. വിദ്യാഭ്യാസ കൊള്ളയ്ക്കായി പാസാക്കിയ ബിൽ സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായി. ബിൽ പാസാക്കിയതിന്റെ പിറ്റേദിവസം ഓർഡിനൻസ് മുഴുവനായി റദ്ദാക്കപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവം. അതിന്റെ ആഘാതത്തിൽ ഉലയുകയാണ് മൂന്നു മുന്നണികളും സർക്കാരും.

'കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ' ഇടതു സർക്കാരിന് പ്രതിസന്ധിയായി. ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നെന്നും ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്നും പ്രവേശന മേൽനോട്ട സമിതിയും ആരോഗ്യ സെക്രട്ടറിയും റിപ്പോർട്ടു നൽകിയിട്ടും എല്ലാ ക്രമവിരുദ്ധപ്രവർത്തനങ്ങളും സാധൂകരിക്കാനിറങ്ങിയതിനു കിട്ടിയ തിരിച്ചടി. ഇതിനെ പ്രതിപക്ഷം പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടിയുടെ ആഘാതം കുറഞ്ഞുവെന്ന് സിപിഎം വിലയിരുത്തുന്നു. കോൺഗ്രസിൽ ഇതേ ചൊല്ലി കലാപമാണ്. വി എം സുധീരൻ വിമർശനവുമായി എത്തിക്കഴിഞ്ഞു. ഇതിനൊപ്പം ബിജെപിയും പ്രതിസന്ധിയിൽ. ബില്ലിനെ നിയമസഭയിൽ വാക്കുകളിലൂടെ ചോദ്യം ചെയ്ത വിടി ബൽറാം മാത്രമാണ് ഹീറോ. സ്വാശ്രമ മാനേജ്‌മെന്റുകൾക്കെതിരെ കടുത്ത നിലപാട് എടുത്തവരാണ് എന്നും സിപിഎം സൈബർ പോരാളികൾ. അവർ തീർത്തും നിരാശർ.

ആരോഗ്യവകുപ്പ് കെ.കെ. ശൈലജയുടെ കൈയിൽ സുരക്ഷിതമല്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നേരത്തെ തന്നെയുണ്ട്. ഫീസ് നിർണത്തിലെ പ്രശ്‌നങ്ങൾ രൂക്ഷമായപ്പോഴാണ് ആരോഗ്യമന്ത്രിക്കെതിരെ ആദ്യം വിമർശനമുണ്ടായത്. ഇത് വീണ്ടും ചർത്തായകും. ക്രിയാത്മക പ്രതിപക്ഷമാകാൻ ഊർജിതശ്രമം നടക്കുന്നതിനിടയിൽ യുഡിഎഫിനേറ്റ തിരിച്ചടിയായി സ്വാശ്രയ ബിൽ. വി.ടി. ബൽറാം, പി.കെ. ബഷീർ, പി.ടി. തോമസ്, ആർ. രാജേന്ദ്രൻ(സിപിഐ), കെ.സി. ജോസഫ് എന്നിവരാണ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. ബിൽ നിയമവിരുദ്ധമെന്നാണ് ക്രമപ്രശ്‌നം ഉന്നയിച്ച വി.ടി. ബൽറാം ചൂണ്ടിക്കാട്ടിയത്. പി.ടി. തോമസ് മാത്രമാണ് ചില കാര്യങ്ങളിൽ ബൽറാമിനോട് യോജിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ' കുട്ടികളുടെ ഭാവിയെകരുതി ബില്ലിനെ അനുകൂലിക്കുന്നു ' എന്ന് പറയുകയും ചെയ്തു. ഇതാണ് സുധീരൻ പൊളിച്ചടക്കാൻ എത്തുന്നത്.

സുധീരൻ പാർട്ടി നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചതോടെ ' മാനുഷിക പരിഗണനയുടെ പേരിലാണ് ബില്ലിനെ പിന്തുണച്ചതെന്നും, അതു പാർട്ടി നിലപാടാണെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനു വിശദീകരിക്കേണ്ടിവന്നു. യുഡിഎഫ് നേതാക്കളിൽ ഒട്ടേറെപേർ കോളജ് വിദ്യാർത്ഥികളുടെ ഭാവിയെകരുതി സർക്കാർ അനുകൂല നിലപാടെടുക്കണമെന്ന കത്ത് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സമാന ഇടപെടൽ നടത്തി. അതായത് കരുണയ്ക്കും കണ്ണൂരിനുമായി എല്ലാ പാർട്ടികളുടേയും കത്ത് പിണറായി വാങ്ങിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് സിപിഎം സൈബർ സഖാക്കൾ.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന അവസരം നഷ്ടപ്പെടുത്തിയെന്ന ചിന്ത ബിജെപി നേതൃത്വത്തിനുണ്ട്. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ ബിൽ ചർച്ച ചെയ്യുന്ന അവസരത്തിൽ സഭയിൽ ഉണ്ടായിരുന്നില്ല. ബില്ലിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്താൻ പാർട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല. എംഎൽഎ എന്ന നിലയിൽ രാജഗോപാലിന്റെ പ്രവർത്തനത്തിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്. ബില്ലിനെ തുടർന്ന് ബിജെപിയിലെ ആഭ്യന്തരപ്രശ്‌നങ്ങളും തലപൊക്കിയിട്ടുണ്ട്. കുട്ടികളുടെ ഭാവിയെകരുതി നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇതിനെ വി മുരളീധരൻ ചോദ്യം ചെയ്യുകയാണ്. അങ്ങനെ ബിജെപിയിൽ കൂട്ടത്തല്ലിന്റെ വക്കിലാണ് കാര്യങ്ങളെത്തുന്നത്.

താരമാകാൻ സുധീരനും ബെന്നിയും; റിയൽ ഹീറോ ബൽറാമും

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തു രണ്ടു മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥി പ്രതിനിധി സംഘങ്ങൾ സഭാസമുച്ചയത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുള്ളവരെയും മന്ത്രിമാരെയും അവർ കണ്ടു കരഞ്ഞു. ചിലർ ആത്മഹത്യാഭീഷണി മുഴക്കി.

ഇതെത്തുടർന്നു യുഡിഎഫ് നേതാക്കൾക്കിടയിലെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. രമേശ് ചെന്നിത്തല സഭയിൽ മുഖ്യമന്ത്രിയോടു ചോദ്യമുന്നയിച്ചു. വിദ്യാർത്ഥികളെ സഹായിക്കാൻ ശ്രമിക്കുമെന്നു പ്രതികരിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരുമിച്ചുനീങ്ങാനുള്ള പിന്തുണ ചെന്നിത്തലയോടു പിന്നീടു ഫോണിലും തേടി. അന്നു നൽകിയ ഉറപ്പാണു സഭാസമ്മേളനം സമാപിക്കുന്ന ബുധനാഴ്ച ബിൽ പാസാക്കുന്നതിൽ വരെ പ്രതിപക്ഷം നൽകിയത്.

യുവ എംഎൽഎ വി.ടി.ബൽറാം പ്രകടിപ്പിച്ച വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ മിനിയാന്നു വൈകിട്ടു ചേർന്ന യുഡിഎഫ് യോഗത്തിൽ വി എം.സുധീരൻ വിഷയം എടുത്തിട്ടിരുന്നു. ഇന്നലെ, ബെന്നി ബഹനാൻ വിദേശത്തായിട്ടുവരെ അവിടെ നിന്നു സുധീരനെ പിന്തുണച്ചു പ്രസ്താവനയിറക്കിയത് എ വിഭാഗത്തിൽ തന്നെ ചർച്ചയാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനാണ് ബെന്നി. അങ്ങനെ കോൺഗ്രസിൽ അടിയൊഴുക്കിന് പോലും വിഷയം കാരണമാവുകയാണ്.

പുറത്താക്കാൻ കോടതി നിർദ്ദേശിക്കുന്നവരിൽ മെറിറ്റുള്ള ചില വിദ്യാർത്ഥികളുമുണ്ടെന്നതാണ് ഇടതു ന്യായം. ഇങ്ങനെ കണ്ടെത്തിയ 44 പേരെ മറ്റു കോളജുകളിലേക്കു മാറ്റുന്നതു പരിഗണിക്കാമായിരുന്നു. ഇത് ചെയ്യാതെയായിരുന്നു കള്ളക്കളി.. സ്വാശ്രയ വിഷയത്തിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുള്ള പാർട്ടിയുടെ ഒരു എംഎൽഎപോലും ഓർഡിനൻസിനെ നിയമസഭയിൽ എതിർത്തില്ലെന്നതും ശ്രദ്ധേയമായി. അതുകൊണ്ടാണ് വിടി ബൽറാം താരമാകുന്നതും.

എല്ലാ തട്ടിപ്പും കണ്ണടച്ചുള്ള ഓർഡിനൻസ്

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ പ്രശ്‌നങ്ങളുണ്ടായത് മാനേജ്‌മെന്റുകൾ തെറ്റായ അപേക്ഷകൾ സമർപ്പിച്ചതുകൊണ്ടാണെന്നു മേൽനോട്ട സമിതി നേരത്തെതന്നെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റുകൾ ക്യാപിറ്റേഷൻ ഫീസ് പിരിച്ചെന്നും രേഖകളുടെ അടിസ്ഥാനത്തിൽ സമിതി വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയും സമാനമായ റിപ്പോർട്ട് നൽകി. ഇതെല്ലാം സർക്കാർ അവഗണിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

പ്രിൻസിപ്പൽ സെക്രട്ടറി എൻട്രൻസ് കമ്മിഷണറെ കൊണ്ട് നടത്തിയ അലോട്ട്‌മെന്റിൽ, മാനേജ്‌മെന്റുകളുടെ നടപടികൊണ്ട് പ്രവേശനം ലഭിക്കാത്ത 44 അർഹരായ വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ലിസ്റ്റ് അംഗീകരിക്കാതെ അനധികൃതമായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടേതടക്കം എല്ലാവരുടേയും പട്ടിക അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്. സുപ്രീംകോടതി നിർദേശങ്ങൾ മറികടക്കാനായി കൊണ്ടുവന്ന ഓർഡിനൻസിന് എട്ടാം തീയതിവരെ പ്രാബല്യമുണ്ട്. അതുകഴിഞ്ഞാൽ ഓർഡിനൻസ് റദ്ദാകും. ഇതൊഴിവാക്കാനാണ് നിയമസഭയിൽ സർക്കാർ ബിൽ പാസാക്കിയത്.

കോടതി വിധി എതിരായതോടെ കുട്ടികളുടെ രക്ഷയ്‌ക്കെന്ന പേരിൽ 2017 ഒക്ടോബറിൽ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ ചിലത്: കോടതി വിധിമൂലം പ്രവേശം നഷ്ടപ്പെട്ട കുട്ടികൾ ഒരു വർഷം ആ കോളജുകളിൽ പഠിച്ചിരിക്കണം. കുട്ടികൾ അപേക്ഷ നൽകിയത് എങ്ങനെയാണെന്ന് പരിഗണിക്കരുത്. ഇതാണ് കോടതി തള്ളിക്കളയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP