Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാവലിപ്പുഴ കരകവിഞ്ഞതോടെ തെങ്ങും കവുങ്ങും റബ്ബറും മറ്റ് ഇടവിള കൃഷികളുമെല്ലാം കുത്തിയൊലിച്ചു പോയി; ഉരുൾപൊട്ടലിൽ രക്തം പോലെ പൊട്ടിയൊഴുകുന്ന പോലെ മലനിരകളിൽ നിന്ന് ചെളിവെള്ളം; നെല്ലിയോടിയിലും ചപ്പമലയിലും ഉരുൾപൊട്ടൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിനിടയിൽ വില്ലനായി ഉന്നത ഉദ്യോഗസ്ഥരുടെ ഈഗോ; ഹരിത സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടിയൂർ ഇന്ന് സ്വപന്ങ്ങളുടെ ശവപ്പറമ്പ്; മറുനാടൻ ലേഖകൻ കണ്ട പ്രളയക്കെടുതികൾ ഇങ്ങനെ

ബാവലിപ്പുഴ കരകവിഞ്ഞതോടെ തെങ്ങും കവുങ്ങും റബ്ബറും മറ്റ് ഇടവിള കൃഷികളുമെല്ലാം കുത്തിയൊലിച്ചു പോയി; ഉരുൾപൊട്ടലിൽ രക്തം പോലെ പൊട്ടിയൊഴുകുന്ന പോലെ മലനിരകളിൽ നിന്ന് ചെളിവെള്ളം; നെല്ലിയോടിയിലും ചപ്പമലയിലും ഉരുൾപൊട്ടൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിനിടയിൽ വില്ലനായി ഉന്നത ഉദ്യോഗസ്ഥരുടെ ഈഗോ; ഹരിത സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടിയൂർ ഇന്ന് സ്വപന്ങ്ങളുടെ ശവപ്പറമ്പ്; മറുനാടൻ ലേഖകൻ കണ്ട പ്രളയക്കെടുതികൾ ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഹരിത സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലനിരകളാണ് കൊട്ടിയൂരും പരിസരങ്ങളിലുമുള്ളത്. പാലുകാച്ചിയും ചപ്പമലയും നെല്ലിയോടിയുമൊക്കെ ഈ വിശേഷണത്തിന് അർഹമായിരുന്നു. എന്നാൽ ഇന്ന് ഹരിതാഭക്കിടയിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന മലനിരകളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. പച്ചപ്പിന്റെ നിമ്‌നോന്നതയിൽ ലയിച്ചുള്ള ഗതകാല യാത്രകളെല്ലാം ഓർമ്മകൾ മാത്രമായിരിക്കുന്നു. പേമാരി തീർത്ത കനത്ത നാശ നഷ്ടങ്ങൾക്ക് വിലയിടാൻ പറ്റാത്ത അവസ്ഥ. ഇടക്കിടെയുള്ള ഉരുൾ പൊട്ടലിൽ രക്തം പോലെ പൊട്ടിയൊഴുകുകയാണ് മലനിരകളിൽ നിന്ന് ചെളിവെള്ളക്കെട്ട്.

മലയോരത്തെ ഇത്രയേറെ വിറപ്പിച്ച ദുരന്തങ്ങൾ കുടിയേറ്റ ചരിത്രത്തിലാദ്യമെന്ന് ഗ്രാമവാസികൾ പറയുന്നു. ആയിരക്കണക്കിന് കർഷകർ അവരുടെ സ്വപ്നങ്ങൾ നെയ്‌തെടുത്ത സ്ഥലമാണ് കൊട്ടിയൂരും പരിസരവും. കനത്ത മഴയും അതേ തുടർന്നുണ്ടായ ഉരുൾപൊട്ടലും ബാവലി പുഴ കരകവിഞ്ഞ് ഒഴുകിയതും ഈ മേഖലയെ ശവപ്പറമ്പായി മാറ്റിയിരിക്കയാണ്. തെങ്ങും കവുങ്ങും റബ്ബറും മറ്റ് ഇടവിള കൃഷികളുമെല്ലാം കുത്തിയൊലിച്ച് പുഴയിലൂടെ ഒഴുകി.

പാമ്പറപ്പാൻ പാലം ഗുരുതരാവസ്ഥയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല

കൊട്ടിയൂർ നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പാമ്പറപ്പാൻ പാലം അതീവ ഗുരുതരാവസ്ഥയിലാണ്. വയനാട്ടിൽ പെയ്ത മഴയിൽ നിന്നും ബാവലി പുഴയിലൂടെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വൻ മരങ്ങളും കരിങ്കല്ലുകളും അടിഞ്ഞ് പുഴയുടെ ഒഴുക്ക് മുഴുവൻ പാലത്തിൻ മുകളിലൂടെയായി. 3000 ലേറെ ജനങ്ങൾ പാലത്തിനക്കരെയുള്ള ചപ്പമലയിൽ കഴിയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് പണിതീർത്ത ഈ പാലം ഈ പ്രദേശത്തെ ജനങ്ങളുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

പാലത്തെ രക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുമ്പിൽ കഴിഞ്ഞ പതിനാറ് മണിക്കൂറായിട്ടും ജില്ലാ ഭരണാധികാരികൾ കനിഞ്ഞിട്ടില്ല. മലയിൽ ഇടക്കിടെ ഉരുൾ പൊട്ടുന്നതിന്റെ സൂചനയായി കലക്കവെള്ളത്തിന് നിറമേറി വരുന്നുണ്ട്. ഈ പാലത്തെ രക്ഷിക്കാൻ സൈന്യത്തെ വിളിക്കണമെന്ന പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്റെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടില്ല. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ' മറുനാടൻ മലയാളിയും ' പ്രശ്‌നത്തിൽ ഇടപെട്ടു. ജില്ലാ ഭരണാധികാരികളേയും ബന്ധപ്പെട്ട തഹസിൽദാറേയും അറിയിക്കുകയുണ്ടായി.

ഉത്തരവ് കാത്ത് വെറുതെയിരിക്കുന്നു ടെറിട്ടോറിയൽ ആർമി

രക്ഷാ പ്രവർത്തനത്തിന് സജ്ജരായ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്തും ഞങ്ങൾ വിവരം എത്തിച്ചു. എന്നാൽ ഞങ്ങൾ ഏത് നിമിഷവും രക്ഷാ പ്രവർത്തനത്തിന് തയ്യാറാണെന്നും ജില്ലാ കലക്ടറിൽ നിന്നോ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ ഇതുവരേയും ഞങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവർ അറിയിച്ചു. കഴിഞ്ഞ 30 മണിക്കൂറായി ദുരിതാശ്വാസ പ്രവർത്തനത്തിന് വിളി കാത്ത് കഴിയുകയാണ് ഞങ്ങളെന്നും വടക്കേ മലബാറിലെ ഏത് കേന്ദ്രത്തിലും എത്താമെന്നുമായിരുന്നു അവരുടെ മറുപടി. കഴിഞ്ഞ ദിവസം ഉണ്ടായ അയ്യം കുന്ന് പഞ്ചായത്തിലെ ഉരുൾ പൊട്ടലിൽ കുണ്ടൂർ പാലം തകർച്ചയുടെ വക്കിലായിരുന്നു. ഈ പാലത്തെ രക്ഷപ്പെടുത്തിയത് ടെറിട്ടോറിയൽ ആർമിയായിരുന്നു. 30 സൈനികർ മൂന്ന് ദിവസങ്ങളിലായി ഈ മേഖലയിൽ സേവനമനുഷ്ടിച്ച് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാൽ കൊടും കെടുതിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഈഗോ പ്രശ്‌നമാണ് ഇതിന് കാരണമെന്ന് അറിയുന്നു.

നെല്ലിയോടിയിലും ചപ്പമലയിലും ഉരുൾ പൊട്ടൽ തുടരുന്നു

ഭൂമിക്ക് വിള്ളൽ വീണ നെല്ലിയോടിയിലും ചപ്പമലയിലും ഉരുൾ പൊട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സ്ഥലത്തോട് ചർന്നാണ് ഉരുൾ പൊട്ടുന്നത്. 20 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചപ്പമലയിലെ 14 കുടുംബങ്ങൾ കൊട്ടിയൂർ എസ്. എൻ.ഡി.പി. സ്‌ക്കൂളിൽ കഴിയുകയാണ്. ബാവലി പുഴ കരകവിഞ്ഞ് കൊട്ടിയൂർ നഗര പരിസരം വരെയെത്തി കരയെ കാർന്നു തിന്നുകയാണ്. കൊട്ടിയൂർ ടൗണിലെ നിരവധി കെട്ടിടങ്ങളും ഭീഷണിയിലാണ്.

കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗൺ റോഡ് ഉരുൾ പൊട്ടലിൽ വിള്ളൽ വീണ് തകർന്നു. കഴിഞ്ഞ ദിവസം ജീപ്പ് ഗതാഗതത്തിന് വഴിയൊരുക്കിയെങ്കിലും ഇന്ന് പുലർച്ചേയുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തി. കർഷകർ വിയപർപ്പൊഴുക്കി ഉണ്ടാക്കിയ അനുഭവങ്ങൾ മാത്രമല്ല ചെറു കെട്ടിടങ്ങളും മൺതിട്ടകളും പുഴയിൽ ലയിച്ചു പോവുകയാണ്. ഇനിയൊരു നൂറ്റാണ്ടുണ്ടായാലും പഴയ കൊട്ടിയൂരിനെ പുനർനിർമ്മിക്കാനാവുമോ എന്ന സംശയത്തിലാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP