Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീപൻ പത്രിക നൽകാനെത്തിയത്; മൽസരിച്ചാൽ നായ്ക്കുരണ പ്രയോഗവും കരി ഓയിൽ ഒഴിക്കലും കിണറുകളിൽ മാലിന്യം തള്ളലും പതിവ്; സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങാൻ ആളെ കിട്ടില്ല; പാർട്ടി ഗ്രാമങ്ങളിൽ പ്രതിപക്ഷം ഇല്ലാത്ത കഥ

83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീപൻ പത്രിക നൽകാനെത്തിയത്; മൽസരിച്ചാൽ നായ്ക്കുരണ പ്രയോഗവും കരി ഓയിൽ ഒഴിക്കലും കിണറുകളിൽ മാലിന്യം തള്ളലും പതിവ്; സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങാൻ ആളെ കിട്ടില്ല; പാർട്ടി ഗ്രാമങ്ങളിൽ പ്രതിപക്ഷം ഇല്ലാത്ത കഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ കണ്ണൂരിലെ അന്തൂരിലും മലപ്പട്ടത്തും, കാസർകോട്ടെ കയ്യൂർ ചീമേനിയിലുമൊക്കെയായി 19 സീറ്റുകളിൽ സിപിഎം എതിരില്ലാതെ ജയിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കയാണ്. എന്തുകൊണ്ടാണ് സിപിഎം ഗ്രാമങ്ങളിൽ മൽസരിക്കാൻ എതിരാളികളെ കിട്ടാത്തത് എന്ന ചോദ്യത്ത് കോൺഗ്രസ് നേതാക്കൾക്കും ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്. സിപിമമ്മിന്റെ ഭീഷണി തന്നെതാണ് ഇവർ ഇതിന് പ്രധാന കാരണമായി പറയുന്നത്.

83 വെട്ടേറ്റ് നുറുങ്ങിയ സ്ഥാനാർത്ഥി

പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാത്ത വിജയം ആഘോഷിക്കുന്ന സൈബർ സഖാക്കൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ ജഗദീപന്റെ ചിത്രങ്ങളുമായി യു.ഡി.എഫിന്റെ മറുപടി. 83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മൊകേരി പഞ്ചായത്ത് 14-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ജഗദീപൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്. ബന്ധുക്കളും കോൺഗ്രസും പ്രവർത്തകരും ചേർന്ന് എടുത്താണ് മുകൾനിലയിലുള്ള പഞ്ചായത്ത് ഓഫീസിൽ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിയെ എത്തിച്ചത്.2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൊകേരി പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിച്ച ജഗദീപൻ സിപിഎമ്മിനു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് പാനൂർ കൂരാറ ചക്യത്തുമുക്കിൽ അദ്ദേഹത്തിനു നേരേ വധശ്രമമുണ്ടായി. തെരഞ്ഞെടുപ്പിൽ തോറ്റ ജഗദീപന്റെ ശാരീരികാവസ്ഥയെ പരിഹസിച്ച് ആഹ്ലാദപ്രകടനവും അരങ്ങേറി. ഇതിനെതിരേ ജഗദീപൻ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു.

ആന്തൂരിലെ ദാസന് സംഭവിച്ചത്

1995ൽ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിലെ മുഴുവൻ വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. പിന്നീടെന്താണ് സംഭവിച്ചത് അതി ദാരുണമായിരുന്നു. അതിന് നേതൃത്വം നൽകിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ദാസനെ 1995 ഒക്ടോബർ 26ന് വെട്ടി തുണ്ടം തുണ്ടമാക്കി. അതിനു ശേഷം ആർക്കും അവിടെ മത്സരിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ പതിനാലിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അത് ആറിടത്തേക്ക് ചുരുങ്ങി എന്നത് ആന്തൂരിൽ ജനാധിപത്യം തിരിച്ചുവരുന്നതിന്റെ സൂചനയാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കിട്ടിയ സ്ഥലത്താണ് മൽസരിക്കാൻ ആണില്ലാത്തത് എന്ന് ഓർക്കണം. ലീഗിന് അഞ്ചു സീറ്റും കോൺഗ്രസിന് എട്ടു സീറ്റും മത്സരിക്കാൻ നിശ്ചയിക്കപ്പെട്ട മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഇവിടെ അഞ്ചിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർ വധഭീഷണി കാരണം വീടിന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ജീവിക്കാൻ കൊതിയുള്ളവർ നോമിനേഷൻ കൊടുക്കാതെ മാറിനിൽക്കുന്ന പ്രദേശങ്ങളാണിവ. നോമിനേഷൻ കൊടുത്താൽത്തന്നെ പ്രചാരണത്തിനോ ബൂത്തിലിരിക്കാനോ സമ്മതിക്കില്ല. കഴിഞ്ഞ വർഷം ആന്തൂരിലെ പുന്നക്കുളങ്ങരയിൽ 25 വർഷത്തിനു ശേഷം കോൺക്രീറ്റിട്ട് സ്ഥാപിച്ച കോൺഗ്രസ്, ലീഗ് കൊടിമരങ്ങൾ കണ്ണുചിമ്മി തുറക്കും മുമ്പെ അപ്രത്യക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു തവണ ഇവിടെ ലീഗ് ഓഫീസിനു നേരെ ബോംബേറുണ്ടായി.

പ്രശ്നം 'പിന്താങ്ങികൾ' ഇല്ലാത്തത്

കണ്ണൂരിന്റെ ഒരു ഭൂമിശാസ്ത്രമനുസ്സരിച്ച് ഒരു പാർട്ടി ഗ്രാമം രൂപപ്പെട്ട് കഴിഞ്ഞാൽ അവിടെ അവരുടെ സർവാധിപത്യമാണ്. സിപിഎമ്മിനും ആർഎസ്എസിനും മുസ്ലീലീഗിനും ഇങ്ങനെ ഏരിയാ ഡോമിനേഷൻ നടത്തുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ മറ്റുപാർട്ടികളുടെ അനുഭാവികൾ ഉണ്ടാകുമെങ്കിലും അവർ ഭയന്ന് പ്രവർത്തിക്കാറില്ല. സിപിഎം ഗ്രാമങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. മാത്രമല്ല ഇങ്ങനെയാവുമ്പോൾ ഒരു പ്രദേശത്ത് ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷിയുടെ ആളുകൾ അവിടം വിറ്റ് തങ്ങളുടെ കക്ഷിക്ക് ആധിപത്യമുള്ളിടത്തേക്ക് പോവകുയും പതിവാണ്. അങ്ങനെയാണ് മൽസരിക്കാൻ ആളില്ലാത്ത വാർഡുകൾ ഉണ്ടാകുന്നത്. ഇനി അനുഭാവികൾ ഉണ്ടെങ്കിലും അവർക്ക് പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവാറില്ല. യൂണിറ്റ് രൂപീകരണമോ, കൊടിമരമോ, പോസ്റ്ററോ ഉണ്ടായാൽ അപ്പോൾ വിവരം അറിയും. ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഇടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവർ പരസ്യമായ പ്രശ്‌നങ്ങൾക്കൊന്നും പോവില്ല.

''ഒറിജിനൽ'' സ്ഥാനാർത്ഥിയെത്തന്നെ കണ്ടെത്താൻ പ്രതിപക്ഷകക്ഷികൾ വിയർക്കുന്നതിനാൽ മിക്കയിടത്തും ഡമ്മി സ്ഥാനാർത്ഥികളുണ്ടാകാറേയില്ല. കണ്ണൂർ ജില്ലയിൽ കോൺഗ്രസിനാണു പ്രധാനമായും ഈ ദുര്യോഗം. സിപിഎം. കോട്ടകളിലെ സ്ഥാനാർത്ഥികളെയാണു കോൺഗ്രസ് നേതൃത്വം ഇങ്ങനെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വനിതാസ്ഥാനാർത്ഥികളുടെ കാര്യത്തിലാണു കൂടുതൽ മുൻകരുതൽ. പിന്താങ്ങിയവർ പിൻവലിഞ്ഞാലും സ്ഥാനാർത്ഥിക്ക് അയോഗ്യതയാകും. സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാനും സാധ്യതയേറെ.

പഞ്ചായത്ത്, നഗരസഭകളിൽ ഏതു വാർഡിലുള്ളവർക്കും എവിടെയും മത്സരിക്കാം. എന്നാൽ, വാർഡിലെ ഒരു വോട്ടർ പിന്താങ്ങണം. സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങി'കളെ കിട്ടാനാണു പാട്. പാർട്ടിക്കോട്ടകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് നേതൃത്വങ്ങൾക്ക് അഭിമാനപ്രശ്മാണെന്നതും സ്ഥിതി വഷളാക്കുന്നു. സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനുള്ള ആദ്യസമ്മർദം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചാണ്. ഫലിച്ചില്ലെങ്കിൽ ഭീഷണി. അതുപോലെ കായിക ആക്രമണങ്ങളും ഇവിശട പതിവാണെന്ന് യുഡിഎഫ് നേതാക്കാൾ ചൂണ്ടിക്കാട്ടുന്നു.

നായ്ക്കുരണപ്പൊടി ആക്രമണം മുന്നിൽക്കണ്ട്, ചൊറിച്ചിലിന്റെ കാഠിന്യം കുറയ്ക്കാൻ അലർജി ഗുളിക കഴിച്ചാണു പല സ്ഥാനാർത്ഥികളും കണ്ണൂരിൽ പ്രചാരണത്തിനിറങ്ങുന്നത്. രണ്ടാംഘട്ടത്തിൽ കരി ഓയിൽ പ്രയോഗമാണ്. എതിരാളികളുടെ വീട്ടുകിണറുകളിൽ മാലിന്യം തള്ളുന്നതും പതിവ്. അതുപോലെ സാമുഹിമായി ഒറ്റപ്പെടുത്തുലും ഇവർ നടത്താറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP