Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ വിമാനത്താവളം എന്താ സിപിഎമ്മിന്റെ വെള്ളരിക്കാ പട്ടണമോ? കിയാലിൽ സമ്പൂർണ ഓഡിറ്റ് സർക്കാർ നിഷേധിക്കുന്നത് ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഭയത്താൽ; രണ്ടായിരത്തിലേറെ കോടി രൂപ ഖജനാവിൽ നിന്നും മുടക്കിയിട്ടും സർക്കാർ സ്ഥാപനമല്ലെന്ന് വാദം; നിയമനങ്ങളിലെല്ലാം തിരുകി കയറ്റിയത് പാർട്ടി ബന്ധുക്കളെ; സ്വകാര്യ ഓഡിറ്റിംഗെന്ന കിയാൽ വാദം ആയുധമാക്കി പ്രതിപക്ഷം; ഇബ്രാഹിംകുഞ്ഞിനെ പൂട്ടാനിറങ്ങിയ സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നത് കിയാലിനെ പാർട്ടി ഗ്രാമമാക്കിയ നടപടി

കണ്ണൂർ വിമാനത്താവളം എന്താ സിപിഎമ്മിന്റെ വെള്ളരിക്കാ പട്ടണമോ? കിയാലിൽ സമ്പൂർണ ഓഡിറ്റ് സർക്കാർ നിഷേധിക്കുന്നത് ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഭയത്താൽ; രണ്ടായിരത്തിലേറെ കോടി രൂപ ഖജനാവിൽ നിന്നും മുടക്കിയിട്ടും സർക്കാർ സ്ഥാപനമല്ലെന്ന് വാദം; നിയമനങ്ങളിലെല്ലാം തിരുകി കയറ്റിയത് പാർട്ടി ബന്ധുക്കളെ; സ്വകാര്യ ഓഡിറ്റിംഗെന്ന കിയാൽ വാദം ആയുധമാക്കി പ്രതിപക്ഷം; ഇബ്രാഹിംകുഞ്ഞിനെ പൂട്ടാനിറങ്ങിയ സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നത് കിയാലിനെ പാർട്ടി ഗ്രാമമാക്കിയ നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിയാൽ സർക്കാർ കമ്പനിയാണോ? സിയാൽ പോലെ തന്നെ കിയാലും എന്ന് സർക്കാർ പറയുമ്പോൾ ഈ വാദത്തിനു എത്രമാത്രം വിശ്വാസ്യതയുണ്ട്? സിഎജി ഓഡിറ്റ് ഇല്ലാത്ത സിയാലിനെപ്പോലെ കിയാലിലും ഓഡിറ്റ് വേണ്ടാ എന്ന് പറയുന്ന സർക്കാർ വാദത്തിനു പിന്നിലെന്ത്? പാലാരിവട്ടം പാലം അഴിമതി ആധാരമാക്കി മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെ കുരുക്കാൻ സർക്കാർ തന്ത്രങ്ങൾ മെനയുമ്പോൾ കിയാൽ ഓഡിറ്റ് മുൻ നിർത്തിയുള്ള യുഡിഎഫ് പ്രതിരോധത്തിൽ പ്രതിസന്ധിയിലാകുന്നത് ഇടത് സർക്കാർ തന്നെ. കണ്ണൂർ വിമാനത്താവളത്തിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ നിലപാട് അഴിമതിക്കുള്ള മറയെന്ന യുഡിഎഫ് വാദം നിഷേധിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇടത് സർക്കാർ.

കിയാലിൽ സമ്പൂർണ ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്യുമ്പോൾ കിയാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. മറുനാടനാണ് കിയാൽ സർക്കാർ കമ്പനി തന്നെ എന്ന് പറഞ്ഞു നിരന്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പ്രതിപക്ഷം ഏറ്റുപിടിക്കുന്നതും. സർക്കാർ കമ്പനിയാണ് കിയാൽ എന്നും കിയാലിൽ നടക്കുന്നത് സമ്പൂർണ്ണ അഴിമതിയാണ് എന്നുമാണ് മറുനാടൻ ആവർത്തിച്ച് നൽകിയ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സർക്കാരിന്റെ മുഴുവൻ ആനുകൂല്യവും കൈപ്പറ്റിയശേഷം സർക്കാർ കമ്പനി അല്ലെന്നാണ് കിയാൽ പറയുന്നത്. വിമാനത്താവള കമ്പനി സർക്കാർ ഉടമസ്ഥതയിൽ അല്ലെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു നൽകിയ വിശദീകരണത്തിലുള്ളത്. ഈ വിശദീകരണവും കിയാലിൽ ഓഡിറ്റ് വേണ്ടാ എന്ന സർക്കാർ വാദവുമാണ് ഇപ്പോൾ പ്രതിപക്ഷം ഏറ്റുപിടിച്ചിരിക്കുന്നത്.

കിയാൽ സർക്കാർ കമ്പനിയാണ് എന്ന് സർക്കാർ പറയുമ്പോൾ സിയാൽ പോലെയല്ല കിയാൽ എന്നാണ് വസ്തുതകൾ പറയുന്നത്. . കണ്ണൂർ വിമാനത്താവളം നിർമ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കിയത് ഗവൺമെന്റ് ഫ്ളാഗ്ഷിപ് പ്രോജക്ട് എന്ന നിലക്കാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പനി അഫയേർസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ദേശീയ സംസ്ഥാന സർക്കാരുകളുടെയും അനുമതി ലഭ്യമാക്കിയതും സർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളം എന്ന നിലക്കാണ്. ഈ രീതിയിൽ കിയാൽ സർക്കാർ കമ്പനി തന്നെ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുവാൻ പണം നൽകിയത് പൊതുഖജനാവിൽ നിന്നുമാണ്. തികയാതെ വന്ന പണം ലഭ്യമാക്കിയത് സർക്കാർ ഗ്യാരണ്ടിയിൽ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യമാണ്. ഇവ ആകെ 1300 കോടിയോളം വരും. ഈ തുക പലിശയടക്കം അടച്ച് തീർത്തതും പൊതു ഖജനാവിൽ നിന്നുമാണ്. ടെണ്ടർ വിളിച്ചതും അവാർഡ് ചെയ്തതും സർക്കാരാണ്. കിയാൽ എന്ന കമ്പനി രൂപീകരിച്ചതും പ്രവർത്തന മൂലധനം നൽകിയതും സർക്കാരാണ്.

സർക്കാർ കമ്പനിയിൽ സിഎജി ഓഡിറ്റ് നിഷേധിക്കുമ്പോൾ അതിനു പിന്നിൽ വമ്പൻ അഴിമതികൾ മൂടിവയ്ക്കാനാണ്. ഇതാണ് നിലനിൽക്കുന്ന ആക്ഷേപം. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാൽ സർക്കാർ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. 1956 ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കമ്പനികളെ 'ഡീംഡ് ഗവണ്മെന്റ് കമ്പനികൾ എന്നാണ് നിർവ്വചിച്ചിരിക്കുന്നത്. ഈ കമ്പനികൾക്ക് സി എ ജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി നിയമത്തിലെ ഭേദഗതിയിൽ ഈ നിർവചനം ഉൾപ്പെടുത്തിയിട്ടില്ലങ്കിലും കേന്ദ്ര കമ്പനി കാര്യവകുപ്പിന്റെ 33/2014 നമ്പർ സർക്കുലർ പ്രകാരം 1956 ലെ നിയമത്തിലെ ഡീംഡ് ഗവൺമെന്റ് കമ്പനിയുടെ നിർവചനത്തിൽപ്പെടുന്ന കമ്പനികൾക്ക് 2013 നിയമപ്രകാരവും സി എ ജി ഓഡിറ്റ് നടത്തെണമെന്ന് വ്യക്തമായി നിഷ്‌കർച്ചിട്ടുണ്ട്.

ഇതോടെ ഇതുമായി ബന്ധപ്പെട്ട് സർക്കാരും കിയാലും ഉയർത്തുന്ന വാദഗതികൾ പൊള്ളയാണെന്ന് തെളിയുകയാണ്-പ്രതിപക്ഷ നേതാവ് കത്തിൽ ആരോപിക്കുന്നു. കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. എന്നാൽ സിയാലിൽ 32.41% ഓഹരികൾ മാത്രമേ ഉള്ളൂ. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. ഈ കത്തിൽ ഉയർത്തിയ വാദങ്ങൾ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലിൽ സർക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികൾ ഉള്ളു എന്നും അതിനാൽ അത് കമ്പനി ആക്ട് പ്രകാരം സർക്കാർ കമ്പനിയല്ല എന്നുമാണ് പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ പറയുന്നത്.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് സർക്കാരിനു പകരം കിയാൽ തന്നെയാണ്. കിയാൽ ഒരു സർക്കാർ കമ്പനിയല്ല. ഇക്കാര്യം 2018 ജനുവരി 5ലെ കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കമ്പനിയിൽ കേന്ദ്രസർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഇരുവർക്കും കൂടി 51 ശതമാനത്തിൽ കുറയാത്ത ഓഹരി മൂലധനമുണ്ടെങ്കിൽ മാത്രമേ സർക്കാർ കമ്പനിയാവുകയുള്ളൂ. കിയാലിൽ കേന്ദ്രസർക്കാരിന് ഓഹരിയില്ല. സംസ്ഥാനസർക്കാരിനുള്ളതു 35 ശതമാനമാണ്. കമ്പനി നിയമപ്രകാരമുള്ള ഓഡിറ്റ് ആണു കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയിൽ നടക്കുന്നതെന്നു കിയാൽ അധികൃതർ. 201718 സാമ്പത്തിക വർഷം വരെ ഓഡിറ്റ് നടത്തിയിരുന്നത് സിഎജി നിയമിച്ച സ്വകാര്യ ഓഡിറ്റർമാരാണ്. എന്നാൽ 2018-19 മുതലുള്ള കണക്കുകളുടെ വാർഷിക ഓഡിറ്റ് നടത്തുന്നത് ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം നിയമിച്ച സ്വകാര്യ ഓഡിറ്ററാണ്-ഇതാണ് കിയാൽ അധികൃതർ നിരത്തുന്ന വാദം. ഈ വാദങ്ങളിൽ എത്രമാത്രം വിശ്വാസ്യതയുണ്ട്? എന്നാൽ വസ്തുതകൾ ഇപ്രകാരമാണ്.


കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ? വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പ് അടക്കം എല്ലാക്കാര്യങ്ങളും മുന്നോട്ടു നീക്കിയത് സംസ്ഥാന സർക്കാറാണ്. സിഎജി റിപ്പോർട്ടിന്റെ പതിനഞ്ചാം പേജിലാണ് ഇത് സംബന്ധമായി വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. 1091 കോടി രൂപ മുടക്കിയാണ് ഭൂമി വാങ്ങിച്ചത്. 892 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ ലോൺ എടുത്ത ശേഷമാണ് കിയാൽ വിമാനത്താവളം പൂർത്തിയാക്കിയിരിക്കുന്നത്. 2000 കോടിയോളം രൂപയാണ് കിയാൽ സർക്കാരിൽ നിന്നും പലവഴിയിൽ കൈപ്പറ്റിയിരിക്കുന്നത്. എന്നിട്ടും തങ്ങളുടേത് സർക്കാർ കമ്പനിയല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സിഎജിയോട് കിയാൽ എംഡി പറയുന്നത്. സർക്കാർ ഗ്യാരണ്ടി നൽകിയ 2000 കോടി രൂപയുടെ ലോണിലാണ് കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കപ്പെടുന്നതും. എന്നിട്ടും കിയാൽ പറയുന്നത് തങ്ങൾ സർക്കാർ കമ്പനി അല്ലെന്നാണ്. നിയമന അഴിമതികളും ഇടത് സർക്കാർ നടത്തിയ കോടികളുടെ കരാർ തട്ടിപ്പുകളും ഒക്കെ പുറത്തു വരുമെന്ന് കൊണ്ട് തന്നെയാണ് കിയാൽ സർക്കാർ കമ്പനി അല്ലെന്നു കിയാൽ വാദിക്കുന്നത്.

വിമാനത്താവള നിർമ്മാണത്തിലെ കരാർ കമ്പനികളിൽ ഒന്നായ എൽആൻഡ് ടിക്ക് വഴിവിട്ട സഹായങ്ങൾ മുഴുവൻ കിയാൽ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിലം ഒരുക്കലിന് ചുമതല എൽ ആൻഡ് ടിക്ക് ആയിരിക്കെ ഇതിൽ എതിർ കക്ഷികൾക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത എൽആൻഡ് ടിക്കാണ്. ഇതുസംബന്ധമായി കണ്ണൂർ കളക്ടറുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. പക്ഷെ എൽ ആൻഡ് ടി സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടം കൊടുത്ത് തീർത്തത് സർക്കാരാണ്. ഇതെങ്ങിനെ സാധ്യമാകും എന്ന് പരിശോധിക്കുമ്പോഴാണ് കണ്ണൂർ വിമാനത്താവളമായി ബന്ധപ്പെട്ടു നടന്നതിൽ മുക്കാൽ പങ്കും അഴിമതിയും ക്രമക്കേടുമാണ് എന്ന് മനസിലാകുന്നത്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ കിയാൽ മാത്രമല്ല കേരളത്തിലെ ഭരണകൂടം ശ്രമിച്ചതിന്റെ ഒട്ടുവളരെ കഥകൾ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സർവേ നമ്പർ 85ൽ ബ്ലാസ്റ്റിങ് നടത്താനുള്ള അനുമതിയാണ് എൽആൻഡ് ടിക്ക് കൊടുത്തിട്ടുള്ളത്.

85 മുതൽ 105 വരെയുള്ള സർവേ നമ്പറുകളിൽ 2000 ഏക്കറിൽ എൽ ആൻഡ് ടി ബ്ലാസ്റ്റിങ് നടത്തി. ഈ കാര്യത്തിന് 694 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയാണ് എൽആൻഡ് ടി, അത് ലെവൽ ചെയ്യാനുള്ള ഉത്തരവാദിത്തം സ്വാഭാവികമായി എൽ ആൻഡ് ടിക്ക് തന്നെയാണ്. ഗ്രൗണ്ട് ലെവലിങ് പൂർണ്ണമാക്കാനാണ് ബ്‌ളാസ്റ്റിങ് നടത്തിയത്. അപ്പോൾ നഷ്ടം നൽകാനുള്ള ഉത്തരവാദിത്തം ഈ കമ്പനിക്കാണ്. 723 വീടുകൾക്ക് നഷ്ടം വന്നപ്പോൾ ഒരു കോടി 24 ലക്ഷത്തോളം നഷ്ടം നൽകിയത് പക്ഷെ സർക്കാരാണ്. എൽആൻഡ് ടി നൽകേണ്ട തുകയാണ് സർക്കാർ നൽകിയത്. ഇങ്ങിനെ നഷ്ടം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് എടുത്തവെച്ചത് ഉദ്യോഗസ്ഥ ലോബിയാണ്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ ശ്രമിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.

ബ്‌ളാസ്റ്റിങ് ലൈസൻസ് എടുത്തത് എൽ ആൻഡ് ടി യാണ്, അനുവദിച്ചതും എൽആൻഡ് ടിക്കാണ്. അതിനാൽ നഷ്ടം നൽകേണ്ടത് എൽ ആൻഡ് ടിക്കാണ്. പക്ഷെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചു. ഒന്ന് കണ്ണു പൂട്ടുന്ന സമയത്തിൽ സർക്കാരിന് നഷ്ടമായത് ഒരു കോടി 24 ലക്ഷത്തോളം രൂപയാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? സർക്കാർ പക്ഷെ കണ്ണടയ്ക്കുകയാണ്. കിയാലിന് വേണ്ടി ഭൂമി ഏറ്റെടുത്തത് കിൻഫ്രയാണ്. കിൻഫ്രയല്ല ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. സർക്കാർ പ്രോജക്ടുകൾക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണ്. എന്നിട്ടും കിൻഫ്ര വന്നു. അഴിമതികളും, ധൂർത്തും, കെടുകാര്യസ്ഥതയും, അനധികൃത നിയമനങ്ങളും എല്ലാം സിഎജി റിപ്പോർട്ടിൽ തെളിയും . അതുകൊണ്ട് തന്നെ കിയാൽ സർക്കാർ കമ്പനിയല്ലാ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനു കൂടിയാണ്.

കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി. ഇതിന്റെ മറവിലാണ് കിയാലുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് എത്താതിരുന്നത്. ഒരു തവണ കിയാലിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച പോയ എംഡി കൂടിയാണ് തുളസീദാസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ കിയാലുമായി സഹകരിപ്പിച്ചതിന്റെ പേരിലാണ് തുളസീദാസിന് രാജി വയ്ക്കേണ്ടായി വന്നത്. പിന്നീട് ഇതേ തുളസീദാസ് എംഡിയായി തലപ്പത്ത് തിരിച്ചെത്തിയതും കിയാലിനെ സംബന്ധിക്കുന്ന വിചിത്ര കാര്യങ്ങളിൽ ഒന്നായി നിലനിൽക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP