Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

'ഹം ഹിന്ദു മുസൽമാൻ, സിഖ് ഇസായി സാഥ് രഹേംഗെ.. ആസാദി;' രാജ്യമാകെ മുഴങ്ങുന്നത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പടപ്പാട്ട്; ഉടുക്കുകൊട്ടി ഊർജ്ജമായി ബീഹാറിലെ 'ലെനിൻഗ്രാഡി'ൽ നിന്നെത്തിയ കനയ്യ കുമാറും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഉയരുന്നത് സിപിഐ നേതാവ് ഉയർത്തിയ മുദ്രാവാക്യങ്ങൾ; ശശി തരൂർ പോലും ഏറ്റുവിളിച്ച മുദ്രാവാക്യം ഇന്ത്യയാകെ അലയടിക്കുമ്പോൾ ചെറുതെങ്കിലും നിലപാടിലെ വലുപ്പം കൊണ്ട് അഭിമാനമെന്ന് പാർട്ടി പ്രവർത്തകരും

'ഹം ഹിന്ദു മുസൽമാൻ, സിഖ് ഇസായി സാഥ് രഹേംഗെ.. ആസാദി;' രാജ്യമാകെ മുഴങ്ങുന്നത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പടപ്പാട്ട്; ഉടുക്കുകൊട്ടി ഊർജ്ജമായി ബീഹാറിലെ 'ലെനിൻഗ്രാഡി'ൽ നിന്നെത്തിയ കനയ്യ കുമാറും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഉയരുന്നത് സിപിഐ നേതാവ് ഉയർത്തിയ മുദ്രാവാക്യങ്ങൾ; ശശി തരൂർ പോലും ഏറ്റുവിളിച്ച മുദ്രാവാക്യം ഇന്ത്യയാകെ അലയടിക്കുമ്പോൾ ചെറുതെങ്കിലും നിലപാടിലെ വലുപ്പം കൊണ്ട് അഭിമാനമെന്ന് പാർട്ടി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

രാജ്യമെങ്ങുമുള്ള മതേതര വാദികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമാകുമ്പോൾ അതിന് ഊർജ്ജമാകുന്നത് ഒരു സംസ്ഥാനത്ത് നിന്ന് മാത്രം വെറും രണ്ട് ലോക്‌സഭാ അംഗങ്ങളും മറ്റൊരു സംസ്ഥാനത്ത് മാത്രം 19 അംഗങ്ങളുമായി നിയമസഭാ പ്രാതിനിധ്യവും പൊതു തെരഞ്ഞെടുപ്പിൽ രാജ്യമാകെ കേവലം 0.58 ശതമാനം വോട്ട് ഷെയറുമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ യുവ നേതാവുമാണ്. ആദ്യ പാർലമെന്റിലെ അനൗദ്യോഗിക പ്രതിപക്ഷ കക്ഷിയായിരുന്ന സിപിഐയും അതിന്റെ യുവ നേതാവ് കനയ്യ കുമാറും. ജെൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യമാണ് പൗരത്വ പ്രതിഷേധത്തിന്റെ മുന്നണിയിൽ എങ്ങും അലയടിക്കുന്നത്.

നാം ഹിന്ദുവും മുസൽമാനും സിഖുകാരനും ക്രിസ്ത്യാനിയുമെല്ലാം ഒന്നിച്ച് നിൽക്കണമെന്നും ഈ മണ്ണ് നമ്മുടേതാണെന്നും പ്രഖ്യാപിക്കുന്ന മുദ്രാവാക്യം കക്ഷിഭേദമന്യേ ഏവരും ഉയർത്തുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്നിൽ ഊർജ്ജമായി എത്തുന്നത് സിപിഐ നേതാവായ കനയ്യകുമാറാണ്. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന ക്യാമ്പസുകളിൽ നേരിട്ടെത്തിയും കനയ്യ കുമാർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും സിപിഐ നേതാവ് കനയ്യ കുമാറും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഗുജറാത്തിൽ നേതൃത്വം നൽകുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രക്ഷോഭകാരികളെ ആവേശം കൊള്ളിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും എല്ലാം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് എങ്കിലും ഈ മൂന്ന് ചെറുപ്പക്കാർ തന്നെയാണ് സമരത്തിന്റെ ആവേശവും ഊർജ്ജവും.

Stories you may Like

എങ്ങും മുഴങ്ങുന്നത് ആസാദി..

ആസാദി ഗാനം ആദ്യം മുഴങ്ങിയത് തൊണ്ണൂറുകളിലാണ്. ഇപ്റ്റ വാരണാസിയിൽ നിന്നും അഹമ്മദാബാദിലേയ്ക്ക് നടത്തിയ സാംസ്‌കാരിക ജാഥയിലാണ് രവി സാഗർ എന്ന ഇപ്റ്റ കലാകാരന്റെ ഈഗീതം മുഴങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള തീയറ്റർ ആർട്ടിസ്റ്റുകളുടെ സംഘടനയാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ. 1943-ലാണ് സംഘടന രൂപംകൊള്ളുന്നത്. ഇടതു ചിന്താഗതിക്കാരായ കലാകാരന്മാരാണ് ഇതിന്റെ രൂപവത്കരണത്തിനു മുൻകൈയെടുത്തത്. ബൽരാജ് സാഹ്നി, ദേവാനന്ദ്, ദുർഗാ ഖോട്ടേ, ഹബീബ് തൻവീർ, ശംഭു മിത്ര, ഉത്പൽ ദത്ത്, ശാന്തി ബർധൻ, കെ. എ. അബ്ബാസ്, ഋത്വിക് ഘട്ടക്, റമേഷ് ഥാപർ എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ നിന്നു പ്രചോദനം കൊാണ് കെ.പി.എ.സി. രൂപംകൊണ്ടത്.

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഒക്കുപ്പൈ യുജിസി പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എഐഎസ്എഫ് നേതാവും ജെഎൻയു എസ്‌യു അധ്യക്ഷനുമായിരുന്ന കനയ്യ കുമാർ ഗഞ്ചിറയിൽ താളമിട്ട് ആസാദി മുദ്രാവാക്യം മുഴക്കിയത്. സമരത്തിനിടെ അറസ്റ്റിലായ ശേഷം ജയിൽ മോചിതനായെത്തിയ രാത്രിയിൽ കനയ്യകുമാർ കാമ്പസിനുള്ളിൽ നടത്തിയ പ്രസംഗവും മുഴക്കിയ മുദ്രാവാക്യവും ഇന്ത്യൻ യുവത്വം ഏറ്റെടുക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജെഎൻയു കാമ്പസിൽ എത്തി കനയ്യ നടത്തിയ പ്രസംഗം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്, സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കെജ്രിവാൾ 'ഉജ്വല പ്രസംഗം' എന്നാണദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിന്നീട് കനയ്യയെ കേട്ടവരെല്ലാം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ഇക്കൂട്ടത്തിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ പുതു നക്ഷത്രം ഉദിച്ചെന്നും ഇന്ത്യൻ ചെഗുവേരയാണ് കനയ്യ കുമാറെന്നുമാണ് നവമാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്.

പിന്നീട് ജെഎൻയുവിന് പുറത്തും കനയ്യയുടെ പടപ്പാട്ട് പലരും ഏറ്റുപാടി. ഒടുവിൽ ഇങ്ങ് കേരളത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പോലും ആ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് നടന്ന ഭാരത് ബച്ചാവോ സമരത്തിലാണ് ശശി തരൂർ ആസാദി മുദ്രാവാക്യം ഏറ്റുവിളിച്ചത്. മുദ്രാവാക്യം വിളിച്ചുകൊടുത്ത കെ എസ് യു നേതാവ് മനു അർജുനെ കേരളത്തിന്റെ കനയ്യ കുമാർ എന്ന് വിശേഷിപ്പിക്കാനും തരൂർ മറന്നില്ല.

ആസാദി ഗാനത്തിന്റെ വരികളും അർത്ഥവും..

ഓ... ബോലോ... ബോലോ... (ആസാദി)
വിളിക്കൂ വിളിക്കൂ... ആസാദി

ഓ... ഫിർ സേ ബോലോ... (ആസാദി)
വീണ്ടും വിളിക്കൂ.. ആസാദി

ജോർ സേ ബോലോ... (ആസാദി)
ഉറക്കെ വിളിക്കൂ.. ആസാദി

ഹം ഹിന്ദുസ്ഥാനി... (ആസാദി)
നാം ഭാരതീയർ... ആസാദി

യേ ദേശ് ഹമാരീ... (ആസാദി)
ഇത് നമ്മുടെ നാട്.. ആസാദി

യേ മിട്ടി ഹമാരീ... (ആസാദി)
ഇത് നമ്മുടെ മണ്ണ്... ആസാദീ

യേ ഹഖ് ഹമാരീ... (ആസാദി)
ഇത് നമ്മുടെ അവകാശം... ആസാദി

ഹം ഹിന്ദു മുസൽമാൻ... (ആസാദി)
നാം ഹിന്ദുവും മുസ്ലിമും.. ആസാദി

ഹം സിക്ക് ഇസായീ... (ആസാദി)
നാം സിഖും ക്രിസ്ത്യനും... ആസാദി

സാഥ് രഹേങ്കേ... (ആസാദി)
നമുക്കൊന്നായ് നിൽക്കാം.. ആസാദി

ഹം ഇധരീ പൈദേ... (ആസാദി)
നാം ജനിച്ചതിവിടെ.. ആസാദി

ഹം ഇധരി രഹേങ്കേ... (ആസാദി)
ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും... ആസാദി

ഹം ഇധരി ജിയേങ്കേ...(ആസാദി)
ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും... ആസാദി.

ഹം ഇധരി മരേങ്കേ... (ആസാദി)
ഞങ്ങൾ ഇവിടെ തന്നെ മരിക്കും... ആസാദി

തും കുച്ഛ് ഭീ കർ ലോ... (ആസാദി)
നിങ്ങൾ എന്തും ചെയ്‌തോളൂ... ആസാദി

ഹം നഹീ ജുകേങ്കേ... (ആസാദി)
ഞങ്ങൾ കീഴടങ്ങില്ല... ആസാദി

തും ഗോലീ മാരോ... (ആസാദി)
നിങ്ങൾ വെടി വെച്ചോളൂ... ആ സാദി

ഹം നഹീ ഗിരേങ്കേ... (ആസാദി)
ഞങ്ങൾ വീഴുകയില്ല... ആസാദി

ആസാദി..  സ്വാതന്ത്ര്യം

കനയ്യ കുമാർ

വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ കനയ്യയാണ് യഥാർത്ഥ പോരാളിയെന്ന് കോൺഗ്രസുകാർ പോലും സമ്മതിക്കും. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി.

ജെഎൻയുവിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സൽ ഗുരു. വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകൾ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎൻയുവിലെ എബിവിപി പ്രവർത്തകരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകൾ വിദ്യാർത്ഥികൾക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാർത്ഥികളും രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമാണെന്ന് ഡൽഹി സർക്കാർ കണ്ടെത്തുകയും ചാനലുകൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു. പൗരത്വപ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലാണ് കനയ്യ ഇപ്പോൾ പൊതുസമ്മേളങ്ങളെ അഭിസംബോധന ചെയ്യുന്നത്. ബീഹാറിലും ഡൽഹിയിലും പഞ്ചാബിലുമെല്ലാം ആയിരങ്ങളാണ് കനയ്യയെ കേൾക്കാനായി ഒഴുകിയെത്തുന്നത്. 'നിങ്ങൾക്ക് പാർലമെന്റിൽ വൻ ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാൽ തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം. ഈ പോരാട്ടം മുസ്ലിംകളുടേതോ ഹിന്ദുക്കളുടേതോ അല്ല. നമുക്ക് വേണ്ടത് ഭഗത് സിംഗിന്റേയും അംബേദ്കറുടേയും രാജ്യമാണ്. അല്ലാതെ സവർക്കറുടെ രാജ്യമല്ല'- കനയ്യ പറയുന്നു.

സിപിഐ

1925 ഡിസംബർ 26ന് കാൺപൂരിൽ പിറവിയെടുത്ത സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ചിരുന്നു. 1964ലെ പിളർപ്പ് പാർട്ടിയെ ദുർബലമാക്കി. ബാബറിയുടെ പതനത്തെ തുടർന്ന് ജാതിരാഷ്ട്രീയം ശക്തിപ്രാപിച്ചതോടെയാണ് സിപിഐ പാർലമെന്ററി രംഗത്ത് ദുർബലമാകുന്നത്. നിലവിൽ കേരളത്തിൽ മാത്രമാണ് നിയമസഭയിൽ പ്രാതിനിധ്യവും ഭരണത്തിൽ പങ്കാളിത്തവും ഉള്ളത്. പാർലമെന്റിലെ ഇരു സഭകളിലും കൂടി മൂന്ന് അംഗങ്ങൽ മാത്രമാണ് ഉള്ളത്. ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുപേരും രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള ഒരംഗവും. എന്നിരുന്നാലും, നിലപാടുകൾ കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും ശ്രദ്ധേയമായ സ്ഥാനം പാർട്ടിക്കുണ്ട്. ബിജെപി വിരുദ്ധ ചേരി കെട്ടിപ്പടുക്കുന്നതിന് എന്നും ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായ ഡി രാജയാണ് ഇപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി എന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പ്രതിപക്ഷ പാർട്ടികളെ അണി നിരത്തുന്നതിൽ ഒരു പരിധി വരെ ഗുണം ചെയ്യുന്നു. കേരളവും പഞ്ചാബും ബീഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൗരത്വ പ്രതിഷേധങ്ങൽക്ക് സിപിഐയും മുന്നിൽ തന്നെയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പ്രാതിനിധ്യം ചെറുതെങ്കിലും ഉയരുന്നത് ഈ പാർട്ടി മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങളാണ് എന്നത് ഇടത് ചേരിക്കാകെ അഭിമാനകരമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP