Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ജാതിസമവാക്യങ്ങൾ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭൂമികയെ ഉഴുത് മറിച്ച് കനയ്യകുമാർ; ജൻഗൺ മൻ യാത്രയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ആസാദി മുദ്രാവാക്യം മുഴക്കി ഈ ചെറുപ്പക്കാരൻ നടന്നടുക്കുന്നത് ബീഹാറിന്റെ ഭരണ സോപാനത്തിലേക്കോ? കേരളത്തിന് പുറത്ത് ഏതെങ്കിലും ഒരു നിയമനിർമ്മാണ സഭയിൽ പ്രാതിനിധ്യം സ്വപ്‌നം കാണുന്ന സിപിഐക്ക് ബീഹാറിൽ ഇനി വലിയ കളികൾ മാത്രം

ജാതിസമവാക്യങ്ങൾ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭൂമികയെ ഉഴുത് മറിച്ച് കനയ്യകുമാർ; ജൻഗൺ മൻ യാത്രയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ആസാദി മുദ്രാവാക്യം മുഴക്കി ഈ ചെറുപ്പക്കാരൻ നടന്നടുക്കുന്നത് ബീഹാറിന്റെ ഭരണ സോപാനത്തിലേക്കോ? കേരളത്തിന് പുറത്ത് ഏതെങ്കിലും ഒരു നിയമനിർമ്മാണ സഭയിൽ പ്രാതിനിധ്യം സ്വപ്‌നം കാണുന്ന സിപിഐക്ക് ബീഹാറിൽ ഇനി വലിയ കളികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പട്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരങ്ങളിൽ എല്ലാവരും ആഗ്രഹിക്കുന്ന സാന്നിധ്യമാണ് സിപിഐയുട യുവനേതാവ് കനയ്യകുമാർ. കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭങ്ങളിലെല്ലാം കനയ്യകുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യം മുഴങ്ങുമ്പോൾ അതിന്റെ ചാമ്പ്യനാകാൻ എന്തുകൊണ്ടാണ് സിപിഐ കനയ്യകുമാറിനെ കേരളത്തിൽ എത്തിക്കാത്തത് എന്ന ചോദ്യം സാധാരണക്കാരായ സിപിഐ പ്രവർത്തകർ പോലും ചോദിക്കുന്നുണ്ട്. കേരളത്തിലെ പാർട്ടി നേതൃത്വം എന്തുകൊണ്ടാണ് അത്തരത്തിൽ കനയ്യകുമാറിനെ മുന്നിൽ നിർത്തി പൗരത്വപ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്തത് എന്നറിയണമെങ്കിൽ ബീഹാർ രാഷ്ട്രീയത്തിലേക്ക് കണ്ണുപായിക്കണം. ബീഹാറിലെ ജാതിസമവാക്യങ്ങളെയും രാഷ്ട്രീയ സഖ്യങ്ങളെയുമെല്ലാം അപ്രസക്തമാക്കിയാണ് ഈ യുവാവ് ബീഹാറിന്റെ മണ്ണ് ഇടത് പക്ഷ രാഷ്ട്രീയത്തിനായി പരുവപ്പെടുത്തുന്നത്. കനയ്യ നയിക്കുന്ന ജൻഗൺമൻ യാത്രയിൽ പതിനായിരങ്ങളാണ് കനയ്യയെ കേൾക്കാനായി ഒഴുകി എത്തുന്നത്.

Stories you may Like

ബീഹാറിലെ ഭരണകക്ഷിയായ എൻഡിഎക്കെതിരെ ജാതിരാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ പോലും മാറ്റി എഴുതുകയാണ് കനയ്യകുമാർ. ദളിത്- മുസ്ലിം-സവർണ വിഭാഗങ്ങളെ ഒരു ചരടിൽ കോർത്തെടുത്ത് പൗരത്വപ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് ബീഹാറിന്റെ ഈ കമ്മ്യൂണിസ്റ്റ് യുവാവ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ പ്രതിപക്ഷം പ്രതീക്ഷ വെക്കുന്നതും ഈ യുവാവിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കനയ്യ കുമാർ ഒരു മാസത്തോളമായി ബീഹാറിൽ നടത്തിവരുന്ന റാലി ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

പശ്ചിമ ചമ്പാരനിലെ ചാൻപാട്യയിൽനിന്ന് ജനുവരി 30നാണ് കനയ്യ റാലി ആരംഭിച്ചത്. ഫെബ്രുവരി 27ന് പാട്‌നയിലാണ് റാലിയുടെ സമാപനം തീരുമാനിച്ചിരിക്കുന്നത്. റാലിയുടെ തുടക്കം മുതൽ കനയ്യയ്ക്ക് കനത്ത സമ്മർദ്ദങ്ങളാണ് നേരിടേണ്ടി വന്നത്. ചമ്പാരനിൽ റാലി നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർതന്നെ രംഗത്തെത്തിയതോടെയായിരുന്നു ഇതിന്റെ തുടക്കം. തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൽനിന്നും കനയ്യ നേരിട്ട് അനുമതി വാങ്ങുകയായിരുന്നു. ഹിന്ദുസ്ഥാനി അവാം മോർച്ചാ നേതാവ് ജിതൻ റാം മഞ്ചിയും ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവായിരുന്ന കോൺഗ്രസ് എംഎ‍ൽഎ ഷക്കീൽ അഹമ്മദ് ഖാനും മറ്റ് ഇടത് നേതാക്കളും കനയ്യയുടെ റാലിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനോടകം തന്നെ റാലിക്കിടെ ഒമ്പത് തവണയാണ് കനയ്യക്കെതിരെ ആക്രമണമുണ്ടായത്. എന്നാൽ തന്റെ നിശ്ചയദാർഢ്യത്തിൽ നിന്നും കനയ്യ ഒരുതരിപോലും പിന്നോട്ടുപോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ജില്ലയിൽനിന്നും അടുത്തതിലേക്ക് റാലി വ്യാപിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. റാലിക്കിടെ നിരന്തരം ആക്രമണങ്ങളുണ്ടായിട്ടും കനയ്യയ്ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്ന് ഇടത് നേതാക്കൾ ആരോപിക്കുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കനയ്യയുടെ കൂടെയുള്ളവരടക്കം ആരോപിച്ചു.

ഷക്കീൽ അഹമ്മദ് ഖാൻ റാലിയിലുടനീളം കനയ്യക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസും കനയ്യയുടെ നേതൃത്വത്തിലുള്ള സിപിഐയും തെരഞ്ഞെടുപ്പിൽ കൈകോർത്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിൽ സഖ്യത്തിനൊപ്പമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കനയ്യയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നത് ആർ.ജെ.ഡി നേതൃത്വം തന്നെയാണ്. ബീഹാരിൽ കനയ്യയ്ക്കുണ്ടാകുന്ന ജനപിന്തുണ ആർ.ജെ.ഡിയുടെ തേജസ്വി യാദവിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തന്റെ സ്ഥാനത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒരു യുവനേതാവ് ഉരുത്തിരിഞ്ഞ് വരുമോ എന്നതാണ് തേജസ്വിയുടെ ആശങ്ക.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ബീഹാർ. കോൺഗ്രസ് അടക്കമുള്ള എല്ലാ പാർട്ടികൾക്കും ബീഹാർ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കെതിരെ ശക്തമായ എതിരാളിയായി ഉയർന്നുവരിക സിപിഐ നേതാവും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാറായിരിക്കുമെന്നാണ് ഉയരുന്ന സൂചനകൾ.

രാജ്യത്തെ സംസ്ഥാന നിയമനിർമ്മാണ സഭകളിൽ നിലവിൽ കേരളത്തിൽ മാത്രമാണ് സിപിഐക്ക് പ്രാതിനിധ്യമുള്ളത്. ആകെയുള്ള രാജ്യസഭാംഗവും കേരളത്തിൽ നിന്നാണ്. ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ സഖ്യത്തിൽ ജയിച്ചെത്തിയ രണ്ടുപേർ കൂടിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ആദ്യ പ്രതിപക്ഷ പാർട്ടിയുടെ പാർലമെന്ററി സാന്നിധ്യം പൂർണമാകും. ഈ ശോചനീയാവസ്ഥയിൽ നിന്നും പാർട്ടിയെ കരകയറ്റാനുള്ള ദൗത്യമാണ് കനയ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ബീഹാറിലെ അനുകൂല സാഹചര്യത്തിൽ നേതാവിലൂന്നിയ പ്രചാരണം നടത്തി ഭരണം പിടിക്കുക എന്നതാണ് സിപിഐ ലക്ഷ്യം വെക്കുന്നത്. സവർണ വിഭാഗത്തിന്റെയും ദളിത് വിഭാഗത്തിന്റെയും പിന്തുണ കനയ്യക്ക് നേടാനായിട്ടുണ്ട്. പൗരത്വ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ മുസ്ലിം വിഭാഗവും പൂർണമായും കനയ്യക്കൊപ്പം നിൽക്കും എന്നാണ് സിപിഐ വിലയിരുത്തുന്നത്. ബീഹാറിൽ മുന്നണി സംവിധാനത്തിലൂടെ ആണെങ്കിലും ഭരണത്തിലെത്താൻ സാധിച്ചാൽ രാജ്യത്ത് പഴയതിലും പ്രതാപത്തിൽ തിരിച്ച് വരവ് സാധ്യമാകും എന്നാണ് പാർട്ടി നേതൃത്വവും കണക്കുകൂട്ടുന്നത്.

ബീഹാറിലെ ജാതി രാഷ്ട്രീയം

ബീഹാറിലെ രാഷ്ട്രീയത്തിന്റെ ചാലക ശക്തി ജാതിയാണ്. ജാതി സമവാക്യങ്ങൾ രാഷ്ട്രീയം നിശ്ചയിക്കുന്ന ബിഹാറിൽ ഈ സമവാക്യങ്ങളെ സമർഥമായി ഉപയോഗിക്കുന്നവരാണ് തൊണ്ണൂറുകൾ മുതൽ ഭരണം പിടിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള മണ്ണായിരുന്നു ബിഹാർ. രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ, കർപൂരി ഠാക്കൂർ, ജെ.ബി.കൃപലാനി, മധു ലിമായെ, ജോർജ്ജ് ഫെർണാണ്ടസ് തുടങ്ങിയവർ ഇന്ത്യയിലെ സോഷ്യലിസറ്റ് പ്രസ്ഥാനത്തിന് അടിത്തട്ട് തീർത്തത് സമരപാരമ്പര്യമുള്ള ബിഹാർ ഗ്രാമങ്ങളിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും അടിയന്തരാവസ്ഥക്കുമെതിരെ ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ച സമ്പൂർണ വിപ്ലവത്തിന് തോളൊപ്പം നിൽക്കാൻ അധസ്ഥിതരുടെ ജനനായകനായ കർപ്പൂരി ഠാക്കൂറുമുണ്ടായിരുന്നു.

ജന്മിത്വവും ശക്തമായ ജാതിഘടനയും നില നിന്ന ബിഹാറിൽ ദളിതരെയും പിന്നോക്കക്കാരെയും സംഘടിപ്പിച്ച് നടത്തിയ അവകാശ സമരങ്ങളിലാണ് ജെ.പി.യും കർപ്പൂരിയും സോഷ്യലിസറ്റ് പ്രസ്ഥാനങ്ങൾക്ക് വിത്തിട്ടത്. കർപ്പൂരി ഠാക്കൂർ സോഷ്യലിസ്റ്റ് പാതകളിലേക്ക് കൈ പിടിച്ച് നടത്തിയ ചെറുപ്പക്കാരാണ് ഇപ്പോൾ ബിഹാർ രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ . ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, രാം വിലാസ് പാസ്വാൻ, സുശീൽ കുമാർ മോദി തുടങ്ങിയവർ. 1970-80 കാലഘട്ടത്തിന്റെ സംഭാവനകൾ. എന്നാൽ 90 കളിലെ മണ്ഡൽ രാഷ്ട്രീയം ബീഹാറിനെ സോഷ്യലിസ്റ്റ് മേൽവിലാസത്തിൽ നിന്ന് ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറ്റി നടത്തി. തൊട്ടു കൂടായ്മയും അടിച്ചമർത്തലും ജാതി വിവേചനങ്ങളും അതിശക്തമായിരുന്ന ബിഹാറിൽ ഈ ജാതി സമവാക്യങ്ങളായി പിന്നീട് രാഷ്ട്രീയം. ഭൂമിയുടെ അധികാരത്തെച്ചൊല്ലി ഭൂവുടമകളായ സവർണ സമുദായവും , ദളിത്, മഹാദളിത്, പിന്നോക്ക-ന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്ന ബഹൂഭൂരിപക്ഷവും തമ്മിലുള്ള യുദ്ധങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന്റെ മാനം കൈവന്നു. കോൺഗ്രസും ഇടതു പാർട്ടികളും ഈ രാഷ്ട്രീയത്തിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോൾ പ്രാദേശിക പാർട്ടികൾ ഇടം കയ്യടക്കി.

ബിഹാറിൽ ജനസംഖ്യയുടെ 51 ശതമാനം പേർ പിന്നോക്കം, അതി പിന്നോക്കം, വിഭാഗങ്ങളിൽപ്പെട്ടവരാണ്.പിന്നോക്ക വിഭാഗത്തിൽ യാദവർ 14 ശതമാനവും കുർമികൾ 4 ശതമാനവും .അതി പിന്നോക്ക വിഭാഗങ്ങളിൽ കുശ്വാഹ 6 ശതമാനം.കൊയേരി 8 ശതമാനം.തേലി 3 ശതമാനം എന്നിങ്ങനെ.ദളിത്-മഹാദളിത്് വിഭാഗങ്ങൾ 16 ശതമാനമാണ് വോട്ട് ബാങ്ക് തീർക്കുന്നത്. പസ്വാൻ, ഭണ്ഡാർ, ബൂരി, മുസഹർ തുടങ്ങി 21 ഉപജാതികളുണ്ട് മഹദളിതുകളിൽ. 16.9 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 15 ശതമാനമാണ് മുന്നോക്ക വിഭാഗങ്ങൾ. ഇതിൽ ഭൂമിഹാർ 3 ശതമാനം,ബ്രാഹ്മണർ 5 ശതമാനം, രജപുത്തുകൾ 6 ശതമാനം,കായസ്ഥർ 1 ശതമാനം എന്നിങ്ങനെ. എന്നാൽ 15 ശതമാനം വരുന്ന ഉയർന്ന സമുദായങ്ങൾ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈവശം വയ്ക്കുകയും 85 ശതമാനം വരുന്ന പിന്നോക്ക-ദളിത് വിഭാഗങ്ങളെ അടിയാളരായി കീഴടക്കുകയും ചെയ്ത സാമൂഹ്യാവസ്ഥയാണ് ഇപ്പോഴും ബിഹാറിന്റെ സ്വഭാവം.ഈ ജാതി ഘടനകളെ സമർഥമായി ഉപയോഗിക്കുന്നവർക്കാണ് ബിഹാറിന്റെ രാഷ്ട്രീയാധീശത്വവും ഭരണാധികാരവും.

സവർണ സമുദായമായ ഭൂമിഹാർ വിഭാഗത്തിൽ പെടുന്ന കനയ്യകുമാറിന് 17 ശതമാനത്തോളം വരുന്ന മുസ്ലീങ്ങളുടെയും മഹാഭൂരിപക്ഷം വരുന്നദളിത് വിഭാഗങ്ങളുടെയും വിശ്വാസം ആർജ്ജിക്കാനാകും എന്നാണ് സിപിഐ കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കിൽ, കേരളത്തിന് പുറത്ത് ചരിത്രത്തിൽ ആദ്യമായി സിപിഐക്ക് ഒരു മുഖ്യമന്ത്രിയെ സൃഷ്ടിക്കാനാകും എന്നാണ് പാർട്ടി കരുതുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഉൾപ്പെടുത്തി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനായി നിലമൊരുക്കുകയാണ് കനയ്യ ഇപ്പോൾ.

ബെഗുസരായ് അഥവാ ഭൂമിഹാർ കോട്ട

ബീഹാറിലെ ബെഗുസരായ് ആണ് കനയ്യയുടെ ജന്മനാട്. സംസ്ഥാനത്ത് സിപിഐക്ക് സ്വാധീനമുള്ള പ്രദേശമാണിത്. ബെഗുസരായ് ഒരിക്കലും ഒരു കമ്മ്യൂണിസ്റ് കോട്ട ആയിരുന്നില്ല. എന്നാൽ അത് എക്കാലത്തും ഭൂമിഹാർ ബ്രാഹ്മണരുടെ ശക്തികേന്ദ്രമായിരുന്നു. ഭൂമിഹാർ ബ്രാഹ്മണനായ സ്വാമി സജാന്ദ സരസ്വതിയാണ് 1936 ൽ അഖിലേന്ത്യാ കിസാൻ സഭ സ്ഥാപിക്കുകയും സ്വന്തം ജാതിക്കാരെ ഭൂഅവകാശങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുകയും ചെയ്തത്. കിസാൻ സഭ പിൽക്കാലത്ത് സിപിഐയുടെ കർഷക സംഘടനയായി രൂപാന്തരം പ്രാപിച്ചു. ബീഹാറിലെ സിപിഐയിൽ ഭൂമിഹാർ ബ്രാഹ്മണർക്കുള്ള മേധാവിത്വത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. തങ്ങളുടെ ആധിപത്യം അവർ ഇടത് ആധിപത്യമാക്കി മനസ്സിലാക്കി. സിപിഐ ബീഹാറിൽ ഒരുകാലത്തും നിർണായകമായ ഒരു ശക്തിയായിരുന്നില്ല. ബീഹാറിന്റെ ചരിത്രത്തിൽ രാഷ്ട്രീയമോ സാമൂഹികമോ ആയ യാതൊരു മാറ്റങ്ങൾക്കും തുടക്കം കുറിക്കാൻ അതിനാൽ തന്നെ ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല.

കനലാണ് കനയ്യ

ബീഹാറിലെ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കനയ്യകുമാർ ജാതിയുടെ മേന്മ കൊണ്ടോ പിന്തുണ കൊണ്ടോ നേതാവായ ആളല്ല. എന്നുമാത്രവുമല്ല വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ കനയ്യയാണ് യഥാർത്ഥ പോരാളിയെന്ന് കോൺഗ്രസുകാർ പോലും സമ്മതിക്കും. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP