Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്; ചരിത്രം അറിയാത്തവർ ചരിത്രം വായിച്ച് പഠിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ സി അച്യുതമേനോന്റെ പേര് ഒഴിവാക്കിയ പിണറായി വിജയന്റെ പ്രസംഗത്തിൽ കലിപ്പടങ്ങാതെ കാനം; കേരളത്തിലെ ജനങ്ങൾക്ക് സത്യം അറിയാമെന്നും മുന്നറിയിപ്പ്

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്; ചരിത്രം അറിയാത്തവർ ചരിത്രം വായിച്ച് പഠിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ സി അച്യുതമേനോന്റെ പേര് ഒഴിവാക്കിയ പിണറായി വിജയന്റെ പ്രസംഗത്തിൽ കലിപ്പടങ്ങാതെ കാനം; കേരളത്തിലെ ജനങ്ങൾക്ക് സത്യം അറിയാമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സൂര്യനെ പാഴ്മുറം കൊണ്ട മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം അറിയാത്തവർ ചരിത്രം വായിച്ചു പഠിക്കുന്നത് നല്ലതാണെന്നും കാനം പറഞ്ഞു. ഭൂപരിഷ്‌കരണനിയമ സുവർണ ജൂബിലി ചടങ്ങിൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പങ്ക് പരാമർശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകേണ്ട. ഇതൊക്കെ കേരളത്തിലെ എല്ലാവർക്കും അറിയാമെന്നും സത്യം മറച്ചുവയ്ക്കാൻ ശ്രമിക്കേണ്ട എന്നും പിണറായിക്ക് മറുപടിയായി കാനം പറഞ്ഞു.

''ചരിത്രം അറിയാത്തവർ ചരിത്രം വായിച്ചുപഠിക്കുന്നതാണ് നല്ലത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്. അത് പാഴ്ശ്രമം മാത്രമാണ്. ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പങ്കുവയ്ക്കേണ്ട ആവശ്യമില്ല. അതിന്റെ ചരിത്രമൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചരിത്രത്തിൽ അർഹരായവർക്ക് ഉചിതമായ സ്ഥാനം നൽകാൻ സാധിക്കണം. സപ്തകക്ഷി സർക്കാർ രാജിവയ്ക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ബിൽ പാസാക്കിയത്. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിയമം നടപ്പിലാക്കിയത്'' -കാനം തുറന്നടിച്ചു.

ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ പിണറായി വിജയൻ സി അച്യുത മേനോനെ പരാമർശിക്കാത്തതിൽ സിപിഐ ശക്തമായ അതൃപ്തിയാണ് പ്രകടിപ്പത്. ഭൂപരിഷ്‌കരണനിയമത്തിന്റെ പിതൃത്വം 1957ലേയും 67ലേയും ഇ.എം.എസ് സർക്കാരുകൾക്ക് നൽകിയും തുടർന്നുവന്ന സി.അച്യുതമേനോൻ സർക്കാരിനെ പരാമർശിക്കാതെയുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിൽ നിന്ന് പിൽക്കാലത്ത് പുറത്താക്കപ്പെട്ട കെ.ആർ.ഗൗരിയമ്മയെ വരെ പ്രകീർത്തിച്ചിട്ടും അച്യുതമേനോനെപറ്റി ഒരു വാക്കുപോലും പറയാത്തതിൽ മുഖ്യമന്ത്രിയോട് സിപിഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, തന്റെ പ്രസംഗത്തെ ചിലർ വിമർശിച്ചത് ചരിത്രം അറിയാത്തതുകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തന്റെ പ്രസംഗത്തിൽ ചിലരെ വിട്ടുപോയെന്നത് ശരിയാണ്. എന്നാൽ അതിൽ ചിലരെ പേരെടുത്ത് പറഞ്ഞില്ലെന്നാണ് ആക്ഷേപം. താൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേര് എടുത്ത് പറയാതിരുന്നത് ഔചിത്യബോധംകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. താൻ എന്തോ അപരാധം ചെയ്ത മട്ടിലാണ് ചിലരുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ചരിത്രത്തെപ്പറ്റി അവബോധം ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു ആക്ഷേപം ഉന്നയിക്കാൻ സാധിക്കുമായിരുന്നില്ല. എല്ലാവരും ഉള്ളപരിപാടിയിൽ എന്റെ പാർട്ടിയുടെ കാര്യം അവതരിപ്പിക്കേണ്ടതല്ല. അത് എന്റെ ഔചിത്യബോധം. അത് മനസിലാക്കണമെങ്കിൽ അതിനുള്ള വിവേകം പ്രചരിപ്പിച്ചവർക്ക് ഉണ്ടാകണമായിരുന്നു,' - മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരിൽ പറഞ്ഞു.

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം 'ജനയുഗ'വും രംഗത്തെത്തിയിരുന്നു. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനഃപൂർവം തമസ്‌കരിച്ചുവെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വർഷികത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിനെ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം.

മുഖ്യമന്ത്രി യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചരിത്രത്തോട് തെല്ലും സത്യസന്ധത പുലർത്താതെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല.

ഭൂപരിഷ്‌കരണ നിയമം കേരളത്തിന്റെ ഭൂഉടമ ബന്ധങ്ങളിലും ജനതയുടെ പുരോഗതിയിലും നൽകിയ മഹത്തായ സംഭാവനകൾ ചരിത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച ആ നേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തിൽ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP