Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റേണ്ട യാതൊരു ഭൗതികസാഹചര്യവും ഉണ്ടായിട്ടില്ല; യു.ഡി.എഫ്. ദുർബലമായാൽ അതിന്റെ ഗുണം എൽഡിഎഫിനാണ് ലഭിക്കുന്നത്; യു.ഡി.എഫ് ദുർബലമായാൽ കോട്ടയത്തെ ഏഴു സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കും; കേരള കോൺഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തിൽ തുടർഭരണം കിട്ടും; ജോസിനെ മുന്നണിൽ ഉൾപ്പെടുത്തിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും കാനം; കോടിയേരി പച്ചക്കൊടി കാട്ടിയിട്ടും അമ്പിനും അടുക്കാതെ കാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളാ കോൺഗ്രസിനെ മുന്നണിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ നിലപാട് ആവർത്തിച്ച് കാനം. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് സിപിഐ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റേണ്ട യാതൊരു ഭൗതികസാഹചര്യവും ഉണ്ടായിട്ടില്ലെന്ന് കാനം വ്യക്തമാക്കുന്നു. യു.ഡി.എഫ്. ദുർബലമായാൽ അതിന്റെ ഗുണം എൽഡിഎഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫ് ദുർബലമായാൽ കോട്ടയത്തെ ഏഴു സീറ്റുകളിലും എൽഡിഎഫ്. വിജയിക്കും.

പാലായിൽ മാണി സി കാപ്പൻ വിജയിച്ചത് എൽഡിഎഫ്. ഒരുമിച്ച് പ്രവർത്തിച്ചതു കൊണ്ടാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.കേരള കോൺഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തിൽ തുടർഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാൽ മതിയെന്നും കാനം പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വന്നതുകൊണ്ട് എൽഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. കേരള കോൺഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പാല നിയോജക മണ്ഡലത്തിൽ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകൾ ആരുടെയും കയ്യിലല്ല.

ക്രൈസ്തവ വോട്ടുകൾ എൽ.ഡി.എഫിനും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കേരള കോൺഗ്രസുമായുള്ളത് നയപരമായ തർക്കമാണെന്നും അല്ലാതെ കുടുംബതർക്കം വല്ലതുമുണ്ടോയെന്നും കാനം ആരാഞ്ഞു.
യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയ ജോസ് കെ മാണിയെ ലക്ഷ്യമിട്ട് ഇടതു മുന്നണി. കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവന മുന്നണിയുടെ വാതിൽ തുറന്നിടുന്ന തീരുമാനമാണ്. അതേസമയം ഈ തീരുമാനത്തെ ജോസ് കെ മാണി സ്വാഗതം ചെയ്യുകയും ചെയ്തു. മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

ഇതുവരെ ഒരു മുന്നണിയുമായും ചർച്ച നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. 99 ശതമാനം പാർട്ടി പ്രവർത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്. കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.കേരള കോൺഗ്രസിന് ജനകീയ അടിത്തറ ഉള്ളതുകൊണ്ടാണ് ഇടതുനേതാക്കൾ നല്ല അഭിപ്രായം പറഞ്ഞത്. പ്രതികരണത്തിൽ സന്തോഷമേയുള്ളൂവെന്നും ജോസ്. കെ മാണി പ്രതികരിച്ചത്.

അതേസമയം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ പുറത്താക്കലിനെ തുടർന്ന് യു.ഡി.എഫിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ പ്രതികരിച്ചത്. ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രാഷ്ട്രീയകക്ഷി തന്നെയാണ്. ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമോ എന്ന കാര്യം മുന്നണി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ജോസ് പക്ഷം യു.ഡി.എഫ് വിട്ടു. ഇനി അവർ നിലപാട് വ്യക്തമാക്കണം. അവർ നിലപാട് വ്യക്തമാക്കാത്തിടത്തോളം കാലം അവരെ എൽ.ഡി.എഫിൽ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം യു.ഡി.എഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസെന്നും അവരില്ലാത്ത യു.ഡി.എഫ് കൂടുതൽ ദുർബലമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. എൽ.ഡി.എഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി പ്രതികരിച്ചത്. ഇടതുനേതാക്കളുടെ പ്രശംസയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫിന്റെ കെട്ടുറപ്പ് തകർന്നതായും കോടിയേരി ലേഖനത്തിൽ ആരോപിച്ചു. ലേഖനത്തിൽ നിന്ന്: ''ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യു.ഡി.എഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യു.ഡി.എഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യു.ഡി.എഫിന്റെ തകർച്ചക്ക് വേഗത കൂട്ടും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന എൽ.ജെ.ഡി യു.ഡി.എഫ് വിട്ട് ഇപ്പോൾ എൽ.ഡി.എഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എൽ.ഡി.എഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP