Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണ്ണർ ഒപ്പു വയ്ക്കാതെ മടക്കിയാൽ ഈ ഓർഡിനൻസ് വീണ്ടും അയയ്ക്കില്ല; നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുന്നതിന് വേണ്ടി ആ ഓർഡിനൻസ് തിരിച്ചു വിളിക്കുന്നതും പരിഗണനയിൽ; കാനത്തിന്റെ നിലപാട് നിർണ്ണായകമാകും; ലോകായുക്തയെ വെട്ടൽ ഇനി സഭയിൽ

ഗവർണ്ണർ ഒപ്പു വയ്ക്കാതെ മടക്കിയാൽ ഈ ഓർഡിനൻസ് വീണ്ടും അയയ്ക്കില്ല; നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുന്നതിന് വേണ്ടി ആ ഓർഡിനൻസ് തിരിച്ചു വിളിക്കുന്നതും പരിഗണനയിൽ; കാനത്തിന്റെ നിലപാട് നിർണ്ണായകമാകും; ലോകായുക്തയെ വെട്ടൽ ഇനി സഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം, സർക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു. ബില്ലായി ഭേദഗതി കൊണ്ടു വരണമെന്നാണ് സിപിഐയുടെ നിലപാട്. ഭേദഗതിയെ എതിർക്കുന്നുമില്ല.

'നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്' കാനം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ഓർഡിനൻസ് ഇടതു മുന്നണിയിൽ ചർച്ച ചെയ്തതുമില്ല.

ഓർഡിനൻസിനെതിരെ പ്രതിപക്ഷം ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് സിപിഐ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങൾക്ക് ഓർഡിനൻസ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാർട്ടിയിലോ ചർച്ചചെയ്യുന്ന രീതിയില്ല. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും പൊതുനിലപാടിൽനിന്നുള്ള നയപരമായ മാറ്റമാണ്. ഇതിനേയും സിപിഐ എതിർക്കും.

പിണറായി സർക്കാർ നിലവിൽ വന്നതിനുശേഷം പ്രധാനകാര്യങ്ങളെല്ലാം മുന്നണിയിൽ കൊണ്ടുവരുന്ന രീതിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടക്കത്തിൽ സിപിഐ. ഇടഞ്ഞുനിന്നപ്പോൾ, സിപിഎം.-സിപിഐ. സെക്രട്ടറിതല ചർച്ച എന്നൊരു രീതി കൊണ്ടുവന്നു. ഏതായാലും ഈ ഓർഡിനൻസിൽ പിണറായിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നതൊന്നും സിപിഐ ചെയ്യില്ല. മുന്നണിയിലെ ചർച്ചകൾക്ക് ശേഷം നിയമനിർമ്മാണം എന്നതാണ് സിപിഐ നിലപാട്.

ഈ സാഹചര്യത്തിൽ ഗവർണ്ണറുടെ മുന്നിലുള്ള ഓർഡിനൻസ് സർക്കാർ പിൻവലിക്കാൻ സാധ്യതയുണ്ട്. വിവാദമായ സാഹചര്യത്തിൽ ഗവർണ്ണർ വിശദീകരണം തേടി ഓർഡിനൻസ് തിരിച്ചയയ്ക്കും. അങ്ങനെ തിരിച്ചയച്ചാൽ പിന്നീട് ഈ ഓർഡിനൻസ് മന്ത്രിസഭ പരിഗണിക്കില്ല. മറിച്ച് നിയമസഭയിൽ ബില്ലു കൊണ്ടു വരും. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ബിൽ പാസാക്കും. അതിന് ശേഷം ഗവർണ്ണർക്ക് കൈമാറും. രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് ഈ ഘട്ടത്തിലും സർക്കാർ.

ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ മേൽ സർക്കാർ സമ്മർദം ചെലുത്തിയിരുന്നു. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ ഉടനടി അംഗീകാരം നൽകേണ്ടെന്ന നിലപാടിലാണ് ഗവർണർ. ലോകായുക്ത നിയമമത്തിലെ സെക്ഷൻ 14 പ്രകാരം രണ്ട് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റണണെന്ന സെക്ഷൻ 14 പൊതുപ്രവർത്തകരുടെ പേടി സ്വപ്നമാണ്. അപ്പീൽ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സർക്കാർ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകൾ പ്രകാരമായതുകൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു.

സ്വാഭാവികമായും ഹൈക്കോടതിയുടെ അധികാരത്തെകൂടി ബാധിക്കുന്ന ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിനും ആവശ്യമായിവരുമെന്നാണ് വാദം. എന്നാൽ സർക്കാർ ഗവർണർക്ക് നൽകിയ കുറിപ്പിൽ സംസ്ഥാന വിഷയമായതിനാൽ തീരുമാനം ഇവിടെ തന്നെ എടുക്കാമെന്നും ഗവർണർക്കുതന്നെ അംഗീകാരം നൽകാമെന്നും ചൂണ്ടികാട്ടുന്നു. മൂല നിയമത്തിന് പിന്നീട് വന്ന ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നുമില്ല.

എന്നാൽ ആ ഭേദഗതി ജനപ്രതിനിധികളുടെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കുന്നതിനുള്ളതായിരുന്നു. ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ പുതിയ ഓർഡിനൻസിൽ ഗവർണ്ണർക്ക് കിട്ടുന്ന നിയമോപദേശം നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP