Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരും വാർത്ത ഷെയർ ചെയ്യാതിരിക്കാൻ പൊലീസ് കേസെടുത്തുവെന്ന് വ്യാജ വാർത്ത നൽകി ആദ്യം സഹായിച്ചു; സത്യത്തെ വ്യാജനാക്കിയതിന്റെ പേരിൽ എത്ര ലക്ഷം കിട്ടിയെന്ന് ചോദിച്ചവർക്ക് ഉത്തരമായി; മറുനാടൻ വാർത്ത എഴുതുമ്പോൾ മുഖ്യധാര മാധ്യമങ്ങൾ പണം കൊയ്യുന്ന ചരിത്രം വീണ്ടും ആവർത്തിച്ചു; ഇന്നത്തെ മനോരമയിൽ ഇടവേളയ്ക്ക് ശേഷം കല്യാണിന്റെ മുഴുനീള പരസ്യം

ആരും വാർത്ത ഷെയർ ചെയ്യാതിരിക്കാൻ പൊലീസ് കേസെടുത്തുവെന്ന് വ്യാജ വാർത്ത നൽകി ആദ്യം സഹായിച്ചു; സത്യത്തെ വ്യാജനാക്കിയതിന്റെ പേരിൽ എത്ര ലക്ഷം കിട്ടിയെന്ന് ചോദിച്ചവർക്ക് ഉത്തരമായി; മറുനാടൻ വാർത്ത എഴുതുമ്പോൾ മുഖ്യധാര മാധ്യമങ്ങൾ പണം കൊയ്യുന്ന ചരിത്രം വീണ്ടും ആവർത്തിച്ചു; ഇന്നത്തെ മനോരമയിൽ ഇടവേളയ്ക്ക് ശേഷം കല്യാണിന്റെ മുഴുനീള പരസ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ല്യാൺ ജ്യൂലേഴസിന്റെ പരസ്യങ്ങൾ പത്രത്താളുകളുടെ ആദ്യ പേജിൽ എത്തിയിട്ട് കുറേ കാലമായിരുന്നു. അത് പഴങ്കഥയാക്കി മനോരമയുടെ ആദ്യ പേജിൽ ഇന്ന് കല്യാൺ ജ്യൂലേഴ്‌സിന്റെ പരസ്യമെത്തി. വരും ദിനങ്ങളിൽ മറ്റ് പത്രങ്ങൾക്കും പരസ്യം കിട്ടുമെന്നാണ് പുറത്തു വരുന്ന സൂചന. കല്യാൺ ജ്യൂലേഴ്‌സിന്റെ സ്വർണ്ണാഭരണത്തിൽ മെഴുകുണ്ടായിരുന്നുവെന്ന വാർത്ത മറുനാടൻ നൽകിയിരുന്നു. തിരുവനന്തപുരത്തുണ്ടായ ഈ സംഭവത്തിലെ വാർത്ത വൈറലായി. ഇതോടെ മുഖ്യധാരാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കല്യാൺ കള്ളവാർത്ത നൽകി സൈബർ മീഡിയയിൽ സംശയങ്ങളുണ്ടാക്കി. ഇതിന് പിന്നാലെയാണ് മനോരമയിൽ കല്യാണിന്റെ പരസ്യം എത്തുന്നത്.

കേരളത്തിലെ വമ്പൻ മുതലാളിമാരുടെ തട്ടിപ്പുകൾ പലതും മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. വമ്പൻ ബ്രാൻഡുകൾക്കെതിരായ വാർത്തകൾ വർത്തമാന പത്രങ്ങളും ചാനലുകളും പലപ്പോഴും കൊടുക്കാറില്ല. അതുകൊണ്ട് തന്നെ മറുനാടൻ വാർത്ത വരുമ്പോൾ തൊട്ടടുത്ത ദിവസം പ്രതിസ്ഥാനത്തുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പത്രങ്ങളിൽ എത്താറ് പതിവാണ്. കൊശമറ്റത്തിലെ റെയ്ഡും ബോബി ചെമ്മണ്ണൂരിനെതിരായ വാർത്തകളുമെല്ലാം മറുനാടൻ റിപ്പോർട്ട് ചെയ്യുമ്പോൾ കോളടിക്കുന്നത് മുൻനിര പത്രങ്ങൾക്കാണ്. ഇത് തന്നെയാണ് കല്യാൺ ജ്യൂലറി വാർത്തയ്ക്കും സംഭവിച്ചത്. ഈ വാർത്തിയിലെ പേരുദോഷം മാറ്റാൻ കല്യാൺ പരസ്യവുമായെത്തുകയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിവാഹ ആഭരണങ്ങളുടെ അതുല്യ ശേഖരം എന്ന ക്യാപ്ഷനിൽ കല്യാണിന്റെ പരസ്യം മനോരമയിൽ എത്തി.

വരും ദിനങ്ങളിൽ മറ്റ് പത്രങ്ങളിലും ഇതേ രീതിയിൽ പരസ്യമെത്തുമെന്നാണ് സൂചന. നേരത്തെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് പത്രങ്ങളിലെല്ലാം വാർത്ത നൽകിയിരുന്നു. വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നുണ്ട്. ഇത് തിരുവനന്തപുരത്തെ വാർത്ത ആരും ഷെയർ ചെയ്യാതിരിക്കാനുള്ള തന്ത്രമായിരുന്നു. ദുബായിൽ വ്യാജ വാർത്തയിൽ ആർക്കെതിരെയാണ് നടപടി എടുത്തതെന്ന് പോലും പറയുന്നില്ലായിരുന്നു. മറുനാടൻ വാർത്ത വലിയ തോതിൽ ഷെയർ ചെയ്തപ്പോഴായിരുന്നു മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള തന്ത്രം കല്യാൺ പുറത്തെടുത്തത്. ഇതിനുള്ള പ്രതിഫലമാണ് മനോരമയിലെ ഇന്നത്തെ പരസ്യമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമാണ് കല്യാൺ പുറത്തെടുത്തത്. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. എന്നാൽ, ഈ വാർത്തക്ക് എത്രകണ്ട് സ്ഥിരീകരണം ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ. ഇതോടൊപ്പം തിരുവനന്തപുരം കല്യാൺ ജുവല്ലറിയിലെ നെക്ലേസിന്റെ വാർത്തയും വ്യാജമാണ് എന്ന ധ്വനിയിലാണ് പത്രവാർത്തകൾ. എന്നാൽ ഈ വിഷയത്തിൽ പരോക്ഷ പരാമർശവുമില്ല.

ദാബുയ് പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് കല്യാൺ അവകാശപ്പെടുന്നത്. വ്യാജ വീഡിയോയും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാൺ ജുവല്ലേഴ്‌സ് എൽ.എൽ.സി ദുബായ് പൊലീസിൽ പരാതി നൽകിയത്. സൈബർ ക്രൈം വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച ദുബായ് പൊലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരേ ദുബായ് പൊലീസ് സ്വീകരിക്കുന്ന നടപടി ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞുവെന്നും മാധ്യമവാർത്തകളിൽ വ്യക്തമാക്കുന്നു. ഈ വാർത്ത നൽകിയ എല്ലാ പത്രത്തിലും കല്യാണിന്റെ പരസ്യം വരും ദിവസങ്ങളിൽ എത്തുമെന്നാണ് സൂചന.

തിരുവനന്തപുരത്തെ കല്യാണിന്റെ നെക്ലേസിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചത് മറുനാടൻ ആണ്. ഇത് സംബന്ധിച്ച് പരാതിക്കാരൻ തമ്പനൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും പണം നൽകി കേസെടുക്കാതെ ഒത്തു തീർപ്പാക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച രേഖകൾ മറുനാടന്റെ പക്കൽ ഉണ്ട് താനും. ഇതാണ് വസ്തുത എന്നിരിക്കേയാണ് ദുബായിലെ വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വന്നതെല്ലാം വ്യാജവാർത്തകളാണെന്ന വിധത്തിൽ പ്രചരണം നടക്കുന്നത്. കല്യാണിൽ നിന്നും തെറ്റിദ്ധാരണാജനകമായ പ്രചരണം ശക്തമായ സാഹചര്യത്തിൽ ചില മറുനാടൻ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ആരെയെങ്കിലും പൊലീസ് വിളിച്ചാൽ അവർ മറുനാടനെ അറിയിക്കാൻ അഭ്യർത്ഥിക്കുകയാണ്. അതിസമ്പന്നൻ സ്വർണവിൽപ്പനയിൽ നടത്തിയ കബളിപ്പിക്കൽ പുറത്തു കൊണ്ടുവന്നതിന്റെ പേരിലും അത് പ്രചരിപ്പിച്ചതിന്റെ പേരിലും പൊലീസ് അധികാരികൾ നടപടി എടുക്കുകയാണെങ്കിൽ ഈ വിഷയത്തിലെ നിയമപോരാട്ടത്തിന് മറുനാടൻ വായനക്കാർക്കൊപ്പം അടിയുറച്ചു നിൽക്കും. ഇത്തരമൊരു വാർത്തയുടെ പേരിൽ നടപടി സ്വീകരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ സംഭവമാണ്.

ഐപിസി 500 അനുസരിച്ച് അപമാനിക്കപ്പെട്ടു എന്നു കാണിച്ച് സിവിൽ കേസ് കൊടുക്കാൻ അല്ലാതെ മറ്റൊന്നും സാധിക്കില്ല. പൊലീസിന് ഇക്കാര്യത്തിൽ കേസെടുത്ത് നിയമപരമായി നീങ്ങാൻ സാധിക്കില്ല. കല്യാൺ ജുവല്ലേഴ്സിന്റെ ഭാഗത്തു നിന്നും ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ സ്വർണവിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണ്. ഇതിനായി അവർ പരസ്യക്കാരായ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഭയപ്പെടുത്തുന്ന വിധത്തിൽ പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് മറുനാടൻ കല്യാൺ സിൽക്സിലെ വില സംബന്ധിച്ച ഒരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നപ്പോൾ സമാനമായ വിധത്തിൽ പൊലീസിൽ സമ്മർദ്ദം ചെലുത്തി രംഗത്തുവന്നിരുന്നു.

ഇക്കാര്യത്തിൽ മറുനാടന് പൊലീസ് നോട്ടീസ് അയക്കുകയുമുണ്ടായി. അന്നും മുഖ്യധാര പത്രങ്ങൾക്ക് പരസ്യം നൽകിയാണ് വിവാദം കല്യാൺ ഒതുക്കി തീർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP