Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

കള്ളൻ കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തി തുറക്കുന്നത് ശൈലി; മോഷണ രീതിയിൽ ശാസ്ത്രീയ വിശകലനം; ഫിങ്കർ പ്രിന്റ് അടക്കമുള്ള ഫോറൻസിക് തെളിവും നിർണ്ണായകമായി; മോഷണമുതൽ മാറ്റാൻ സമയമെടുക്കുമെന്ന വിലയിരുത്തലും ശരിയായി; വലിയശാലയിലെ 'റോബിൻ ഹുഡിനെ' പൊലീസ് വീഴ്‌ത്തിയ കഥ

കള്ളൻ കുമാറിന് പ്രിയം സ്വർണ്ണവും കറൻസിയും; വീട് കുത്തി തുറക്കുന്നത് ശൈലി; മോഷണ രീതിയിൽ ശാസ്ത്രീയ വിശകലനം; ഫിങ്കർ പ്രിന്റ് അടക്കമുള്ള ഫോറൻസിക് തെളിവും നിർണ്ണായകമായി; മോഷണമുതൽ മാറ്റാൻ സമയമെടുക്കുമെന്ന വിലയിരുത്തലും ശരിയായി; വലിയശാലയിലെ 'റോബിൻ ഹുഡിനെ' പൊലീസ് വീഴ്‌ത്തിയ കഥ

അമൽ രുദ്ര

തിരുവനന്തപുരം: ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് രാത്രിയിൽ മോഷണം നടത്തും. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളിലെ പ്രതി. 13-ാം വയസിൽ മോഷണം തുടങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് കള്ളൻകുമാർ ഒടുവിൽ പിടിയിലായത് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ വിദഗ്ധമായ ഓപ്പറേഷനിലൂടെ. ഈ അടുത്തകാലത്തായി തിരുവനന്തപുരത്തെ മൂന്ന് വീടുകളിലായി നടത്തിയ മോഷണ പരമ്പരകളിലാണ് കള്ളൻ കുമാർ പിടിയിലായത്.

മൂന്ന് വീടുകളിലെയും മോഷണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്താണ് പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. വീടുകളിൽ നിന്നും ശേഖരിച്ച സി സി ടി ദൃശ്യങ്ങൾ, ഫിങ്കർ പ്രിന്റ്, മോഡ സോപ്രാണ്ടി എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കള്ളൻ കുമാറിലേയ്ക്ക് എത്തുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പൊലീസ് മറുനാടനോട് പറഞ്ഞു. മോഷ്ടിച്ച വസ്തുക്കൾ മാറ്റുന്നതിനായി സ്വാഭാവിയകമായി ഒരു സമയമുണ്ട്. ഇത് കുമാറിനെ വലയിലാക്കുന്നതിൽ നിർണ്ണായകമായി.

പട്ടത്തും വലിയശാലയിലും വീടുകൾ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായിരിക്കുന്നത്. വിളപ്പിൽശാല പുന്നശേരിയിൽ വാടകയ്ക്കു താമസിക്കുന്ന തമ്പാനൂർ രാജാജി നഗർ(ചെങ്കൽ ചൂള) സ്വദേശി കള്ളൻ കുമാർ എന്ന അനിൽകുമാറിനെയാണ് പൊലീസ് വലയിലാക്കിയത്.

പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ നിന്ന് 45.5 പവൻ സ്വർണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷണശേഷം ഒളിവിൽ കഴിഞ്ഞ വിളപ്പിൽശാലയിലെ വീട്ടിൽ നിന്നുമാണ് മുഴുവൻ ആഭരണങ്ങളും പൊലീസ് കണ്ടെത്തിയത്. മൂന്ന് കുഴികളെടുത്താണ് ,മോഷണ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ആൾതാമസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ എന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികൾ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതിൽ ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. 18ന് രാത്രി 7നാണ് വലിയശാലയിൽ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കള്ളൻ കുമാറിന് മോഷണത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ ഇല്ല. പോകുന്ന വഴിയിൽ പൂട്ടിക്കിടക്കുന്ന വീട് കണ്ടാൽ രാത്രിയോ പകലോ എന്നില്ലാതെ ആ നിമിഷം അവിടെ കിട്ടുന്ന ആയുധം ഉപയോഗിച്ച് അകത്തു കടന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP