Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂത്തമകന്റെ പേരിൽ രാമകൃഷ്ണൻ ബിസിനസ് തുടങ്ങിയത് 1975ൽ; വെളിച്ചെണ്ണയും ജൂവലറിയും തുണിക്കച്ചവടവും ക്ലച്ച് പിടിക്കാതിരുന്നപ്പോൾ ചാരായക്കച്ചവടത്തിന്റെ അനന്ത സാധ്യത തുണയായി; അബ്കാരിയിൽ നിന്ന് ബസ് മുതലാളിയായത് 1996ൽ; ശതകോടീശ്വരനായ അച്ഛൻ മരിച്ചതോടെ സഹോദരങ്ങൾ സ്വത്തിനായി തമ്മിലടിച്ചു; ബാറും ടെക്‌സ്റ്റൈൽസും നാല് സഹോദരന്മാർ ഒരുമിച്ച് ചെയ്തിട്ടും വളർന്ന് പന്തലിച്ചത് സുരേഷിന്റെ ബസ് കമ്പനി; ഇരിങ്ങാലക്കുടയുടെ തിലകച്ചാർത്തായി 'കല്ലട സുരേഷ്' മാറിയത് കുടുംബത്തേയും വെട്ടി

മൂത്തമകന്റെ പേരിൽ രാമകൃഷ്ണൻ ബിസിനസ് തുടങ്ങിയത് 1975ൽ; വെളിച്ചെണ്ണയും ജൂവലറിയും തുണിക്കച്ചവടവും ക്ലച്ച് പിടിക്കാതിരുന്നപ്പോൾ ചാരായക്കച്ചവടത്തിന്റെ അനന്ത സാധ്യത തുണയായി; അബ്കാരിയിൽ നിന്ന് ബസ് മുതലാളിയായത് 1996ൽ; ശതകോടീശ്വരനായ അച്ഛൻ മരിച്ചതോടെ സഹോദരങ്ങൾ സ്വത്തിനായി തമ്മിലടിച്ചു; ബാറും ടെക്‌സ്റ്റൈൽസും നാല് സഹോദരന്മാർ ഒരുമിച്ച് ചെയ്തിട്ടും വളർന്ന് പന്തലിച്ചത് സുരേഷിന്റെ ബസ് കമ്പനി; ഇരിങ്ങാലക്കുടയുടെ തിലകച്ചാർത്തായി 'കല്ലട സുരേഷ്' മാറിയത് കുടുംബത്തേയും വെട്ടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരിയിലാണ് കല്ലട ഗ്രൂപ്പിന്റെ തുക്കം. അച്ഛൻ കെ വി രാമകൃഷ്ണൻ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്നത് 1975-ലാണ് . സുനിൽ കുമാർ, ശൈലേഷ് കുമാർ, സുരേഷ് കുമാർ, സജീവ് കുമാർ, സന്തോഷ് കുമാർ എന്നിങ്ങനെ അഞ്ചുമക്കളായിരുന്നു രാമകൃഷ്ണന്. മൂത്തമകനായ സുനിലിന്റെ പേരിൽ 1975 മെയ് 21 -ന് അദ്ദേഹം തുടങ്ങിവെച്ച സുനിൽ എന്റർപ്രൈസസ് എന്ന സ്ഥാപനവുമായാണ് തുടക്കം. പിന്നീട് കല്ലട കുടുംബം വളർന്ന് പന്തലിച്ചു.

് വെളിച്ചെണ്ണ നിർമ്മാണം, ജൂവലറി, ട്രാവൽ ആൻഡ് ടൂറിസം, ടെക്സ്റ്റൈൽസ് എന്നിങ്ങനെ നിരവധി ബിസിനസുകളിൽ രാമകൃഷ്ണൻ ശ്രദ്ധ നൽകി. എല്ലാം ശരാശരിയിൽ ഒതുങ്ങി. അപ്പോഴേക്കും കൈനിറയെ പണമുണ്ടാക്കുന്ന പുതിയ ബിസനസ്സുമെത്തി. ചാരായമായിരുന്നു വളർച്ചയിൽ പ്രധാനമായത്. രാമകൃഷ്ണനോടൊപ്പം അഞ്ചു മക്കളും ബിസിനസ്സിൽ പങ്കാളികളായിരുന്നു. ചാരായക്കച്ചവടം കൊഴുത്തതോടെ രാമകൃഷ്ണൻ തൃശൂരിലെ പ്രധാനിയായി. രാഷ്ട്രീയക്കാരെല്ലാം കല്ലടയുടെ കൂട്ടുകാരും. ഇതോടെ രീതികൾ മാറി മറിഞ്ഞു. പതിയെ ബസ് കച്ചവടവും തുടങ്ങി. 1996 -ലാണ് ആദ്യമായി കൊടുങ്ങല്ലൂർ -ബാംഗ്ലൂർ റൂട്ടിൽ ഒരു സാധാരണ ലെയ്‌ലാൻഡ് ബസ് ഓടിച്ചുകൊണ്ട് അവർ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങി. കേരളത്തിലെ ആദ്യ അന്തർസംസ്ഥാന സ്വകാര്യ ബസായിരുന്നു അത്.

കെഎസ്ആർടിസിയുടെ ചുരുക്കം ചില ബസ്സുകൾ മാത്രമായിരുന്നു പ്രധാന വെല്ലുവിളി. കെ എസ് ആർ ടി സി പോലും പ്രധാന പട്ടണങ്ങളിൽ നിന്നും മാത്രം പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് രാമകൃഷ്ണൻ തുടങ്ങിയ സർവ്വീസ് വലിയ വിജയമായി. 1996 -ൽ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന ആന്റണി ചാരായം നിരോധിച്ചതോടെ ചെറിയ തിരിച്ചടി എത്തി. ഇതോടെയാണ് ബസ് സർവ്വീസിൽ ശ്രദ്ധ കൂടുതലായി കേന്ദ്രീകരിച്ചത്. ഇതിന് പിന്നിൽ ചില ഗൂഡ തന്ത്രവുമെണ്ടെന്ന് ആരോപണമുണ്ട്. കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും നിന്നുള്ള ഓപ്പറേറ്റർമാർ ഈ രംഗത്ത് അന്ന് സജീവമായിക്കഴിഞ്ഞിരുന്നു.

ഈ കടുത്ത മത്സരങ്ങളെ അബ്കാരി ബിസിനസിലെ പരിചയത്തിലൂടെ ഇവർ തകർത്തു. രാമകൃഷ്ണന്റെ അഞ്ചുമക്കളിൽ കല്ലട സുരേഷ് എന്നറിയപ്പെടുന്ന കെ ആർ സുരേഷ് കുമാർ ബസ് സർവീസ് ബിസിനസിൽ പ്രത്യേകിച്ചൊരു താത്പര്യം വച്ച് പുലർത്തിയിരുന്നു. 2003 -ൽ, വാർധക്യസഹജമായ അസുഖങ്ങളോടെ അച്ഛൻ രാമകൃഷ്ണൻ മരിച്ചതോടെ എല്ലാം മാറി മറിഞ്ഞു. കുടുംബത്തിൽ വിള്ളലുണ്ടായി. സഹോദരന്മാർക്കൊപ്പം ബിസിനസ്സ് ചെയ്യാൻ സുരേഷിന് താൽപ്പര്യമില്ലായിരുന്നു. സ്വന്തം വഴിക്ക് പുതു ബിസിനസ്സുകൾ സുരേഷ് തുടങ്ങി. ബസിനോട് തന്നെയായിരുന്നു കൂടുതൽ താൽപ്പര്യം.

അച്ഛൻ സമ്പാദിച്ചു കൂട്ടിയ അളവറ്റ സ്വത്തിന്റെ നിയന്ത്രണം സംബന്ധിച്ചുടലെടുത്ത തർക്കങ്ങളുടെ പേരിൽ കല്ലട ഗ്രൂപ്പ് രണ്ടായി പിളർന്നു. കല്ലട സുരേഷിന്റെ പേരിൽ ഒന്നാം ഗ്രൂപ്പും മറ്റു നാല് സഹോദരങ്ങൾ ഒറ്റക്കെട്ടായുള്ള കല്ലട ജി-4 എന്ന രണ്ടാം ഗ്രൂപ്പും. കല്ലട സുരേഷ് ബസ് സർവീസിൽ മാത്രം ശ്രദ്ധിച്ചപ്പോൾ, അച്ഛന്റെ ബാറുകളും, ടെക്‌സ്‌റ്റൈൽസും മറ്റുള്ള ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ബാക്കിയുള്ള അഞ്ചു മക്കളും ചേർന്ന് നിയന്ത്രിച്ചുതുടങ്ങി. 130 -ലധികം ബസ്സുകളുണ്ട് സുരേഷ് ഗ്രൂപ്പിന് മാത്രമായി. ഇതിൽ മൾട്ടി ആക്‌സിൽ വോൾവോകളും, എസി സ്ലീപ്പറുകളും ഒക്കെ ഉൾപ്പെടും. സ്‌കാനിയ ബസ്സുകൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ ഒറ്റയടിക്ക് 20 സ്‌കാനിയ മൾട്ടി ആക്‌സിൽ ബസ്സുകളാണ് സുരേഷ് കല്ലട ഗ്രൂപ്പ് വാങ്ങി കൂട്ടിയത്.

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിലെ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കല്ലട ഗ്രൂപ്പിനെ കുറിച്ച് ചർച്ചകളെത്തുന്നത്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്നും ബംഗലുരുവിലേക്കു പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായി. ഇതിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. മറ്റൊരു ബസിൽ യാത്രക്കാരെ വൈറ്റില എത്തിച്ചോഴാണ് ജീവനക്കാർ സംഘടിച്ച് ആക്രമിച്ചത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമത്തിന്റെ വിശദാംശങ്ങൾ സഹിതമായിരുന്നു ജേക്കബ് ഫിലിപ്പ് ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. യാത്രയ്ക്കിടയിൽ മണിക്കൂറുകളോളം ബസ് പിടിച്ചിട്ടത് ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു ഗുണ്ടകൾ യുവാക്കളെ മർദിക്കുന്നത്. ിരുവനന്തപുരത്ത് രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട്ട് എത്തിയപ്പോഴാണ് കേടാകുന്നത്. അർധരാത്രി പെരുവഴിയിലായ യാത്രക്കാർ ജീവനക്കാരുമായി തർക്കമായി. തുടർന്ന് പൊലീസും ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. എന്നാൽ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസ് എത്തിയപ്പോൾ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

സംഭവം രഹസ്യമായി ഷൂട്ടുചെയ്ത ജേക്കബ് ഫിലിപ്പ് യാത്രക്കിടെ തന്നെ ഇത് ഫേസ്‌ബുക്കിൽ ഇടുകയായിരുന്നു. ബസ് വഴിയിൽ പിടിച്ചിട്ടതിന്റെ കാരണം വ്യക്തമാക്കാതിരുന്നതോടെ യാത്രക്കാർ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നൽകാൻ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കൾ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇവരെയാണ് ഗുണ്ടകൾ മർദിച്ചത്. യുവാക്കളെ ബസിന് പുറത്തുകൊണ്ടുപോയ ശേഷം ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താൻ കണ്ടെന്നും ജേക്കബ് ഫിലിപ്പ് ഫേസ്‌ബുക് പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. അബ്കാരി ബിസിനസ്സിലെ പരിചയം ഉപയോഗിച്ച് ബസിലും ഗുണ്ടകളെ കല്ലട ഗ്രൂപ്പ് നിയോഗിച്ചിരുന്നു. ഇതാണ് ആക്രമത്തിനും വിവാദത്തിനും കാരണമായത്. സ്വാധീനമുണ്ടായിട്ടും വാർത്ത പുറത്ത് എത്തിയത് കല്ലടയ്ക്ക് വിനയായി. ഇതോടെ ചാരായക്കടത്തും മയക്കുമരുന്ന് കടത്തും അടക്കമുള്ള വിവാദങ്ങൾ ഉയർന്നു. ഇതെല്ലാം പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇന്ത്യയിൽ കൂടുതൽ വോൾവോ ബസ്സ് സ്വന്തമായുള്ള ഈ ഇരിക്കാലക്കുടക്കാരൻ പൊലീസിന്റെയും ഭരണക്കാരുടെയുമൊക്കെ ഇഷ്ടക്കാരിൽ മുമ്പനാണെന്നാണ് പുറത്തുവരുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. സുരേഷ് കല്ലട ദക്ഷിണേന്ത്യയിലെ റോഡിലെ കിരീടം വെക്കാത്ത രാജാവാണ്. സുരേഷിന്റെ മാതാവും മൂന്ന് സഹോദരങ്ങളും അംഗമായ കല്ലട ഗ്രൂപ്പിന് വിരലിലെണ്ണാവുന്ന ബസ്സ് സർവ്വീസ്സുകളെ ഉള്ളു. ഇതേ സമയ.സുരേഷ് നേതൃത്വം നൽകുന്ന കല്ലട ട്രാവൽസ്സിന് സംസ്ഥാനത്തെ പ്രധാന നഗഗങ്ങളിൽ നിന്നെല്ലാം ബാംഗ്ലൂർ, ഹൈദ്രാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകൾ, ജ്വലറികൾ, ബാറുകൾ, ഫിനാൻസ്, ഓയിൽ മിൽസ് തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ കല്ലട ഗ്രൂപ്പിന്റേതായി പ്രവർത്തിച്ചുവരുന്നുണ്ട്.

ഇരിങ്ങാലക്കുട-കാട്ടൂർ പാതയിൽ പുറ്റുംങ്ങൽ ക്ഷേത്ര റോഡിലാണ് സുരേഷ് താമസിച്ചുവരുന്നത്. ഇരിങ്ങാലക്കുട ടൗണിൽ ഏതാണ്ട് 3000 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു വീട്ടിലണ് സുരേഷിന്റെ ഓഫീസ്. പ്രവർത്തിക്കുന്നത്. രാവിലെ ഓഫീസിലെത്തി കാര്യങ്ങൾ തിരക്കി മറ്റ് അത്യവശ്യങ്ങളൊന്നുമില്ലങ്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയാണ് ഇയാളുടെ പതിവ് രീതി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർ ആണ് കല്ലട ട്രാവൽസ്. പെർമിറ്റ് സൗകര്യാർത്ഥം കൂടുതൽ വണ്ടികളും കർണാടക ഹെഡ് ഓഫീസിനു കീഴിൽ കർണാടകയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP