Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നൊരാളുടെ ചോദ്യം; ഞാൻ അനുഗ്രഹിച്ചപ്പോൾ അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ; ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ അധികം വൈകാതെ നിങ്ങൾക്കത് സ്വന്തമാക്കാൻ പറ്റും'; വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട് ഭക്തരെ പറ്റിച്ച കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടിത്തരിച്ച് അധികൃതർ

'ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നൊരാളുടെ ചോദ്യം; ഞാൻ അനുഗ്രഹിച്ചപ്പോൾ അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ; ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ അധികം വൈകാതെ നിങ്ങൾക്കത് സ്വന്തമാക്കാൻ പറ്റും'; വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട് ഭക്തരെ പറ്റിച്ച കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടിത്തരിച്ച് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആൾദൈവം കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ കണ്ണുതള്ളി അധികൃതർ. ഏകദേശം 1000 കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ ഇയാളുടെ പേരിലുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ 409 കോടിയുടെ പണം കണ്ടെത്തിയിരുന്നു. കൽക്കി ഭഗവാന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനകളിലാണ് കണക്കിൽപ്പെടാത്ത കൂടുതൽ സ്വത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 115 കോടിയുടെ ബാങ്ക് നിക്ഷേപങ്ങൾ, 61 കോടിയുടെ വ്യാജ ഓഹരി നിക്ഷേപങ്ങൾ, 100 കോടിയുടെ ഹവാല ഇടപാടുകളിലൂടെയുള്ള വിദേശ നിക്ഷേപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ ഡോളറിൽ മാത്രമായി ആശ്രമത്തിൽ സൂക്ഷിച്ചിരുന്നത് 18 കോടിയോളം രൂപയാണ്. മറ്റുരാജ്യങ്ങളുടെ കറൻസികളും എമ്പാടുമുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, 28 കോടി വിലമതിക്കുന്ന 88 കിലോഗ്രാം സ്വർണം. അഞ്ചുകോടിയുടെ 1271 കാരറ്റിന്റെ വജ്രാഭരണങ്ങൾ എന്നിവയും ഐടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ദുബായ്, ആഫ്രിക്ക, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ് തുടങ്ങിയ ഇടങ്ങളിലുള്ള അനധികൃത നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാലായിരം ഏക്കറോളം സ്ഥലവും ബിനാമി വസ്തുവകകളും ഇയാൾക്കുള്ളതായി വ്യക്തമാക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആശ്രമം നടത്തിയിരുന്നത്. നരവധി ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും ഇയാളുടെ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലാണ്കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്. 40 കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ മുന്നൂറിൽ അധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

ആത്മീയതയും തത്വശാസ്ത്രവുമടങ്ങുന്ന കോഴ്സുകൾ നടത്തുന്ന 'വൺനസ് മൂവ്‌മെന്റിന്റെ' സ്ഥാപകനാണ് കൽക്കി ഭഗവാൻ എന്നറിയപ്പെടുന്ന വിജയ് കുമാർ. വൺനസ് മൂവ്‌മെന്റിന്റെ വിവിധ സ്ഥാപനങ്ങളിലാണ് ഐടി റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വ്യാപക നിക്ഷേപമുള്ള ആത്മീയസ്ഥാപനമാണ് വൺനസ് മൂവ്‌മെന്. ചൈന, യുഎസ്, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലെല്ലാം വൺനസ് മൂവ്‌മെന്റിന് നിക്ഷേപമുണ്ട്

വി വിജയകുമാർ നായിഡു അവനവനെ വിളിക്കുന്ന പേര് 'കൽക്കി ഭഗവാൻ' എന്നാണ്. മറ്റുള്ളവരെക്കൊണ്ടും അങ്ങനെ തന്നെ വിളിപ്പിക്കാൻ സാധിച്ചു എന്നതാണ് ജീവിതത്തിൽ നായിഡു കൈവരിച്ച ഏറ്റവും വലിയ നേട്ടം. കൽക്കി ഭഗവാന്റെ നിത്യവസ്ത്രം വെള്ളപ്പട്ടാണ്. വെള്ള ജൂബയും വെള്ള പാന്റ്സുമാണ് സ്ഥിരം വസ്ത്രം. ഇടയ്ക്കിടെ സ്വർണ്ണനിറമുള്ള വസ്ത്രങ്ങളും ധരിക്കാറുണ്ട്. രണ്ടിനും സ്വർണ്ണവർണ്ണത്തിലുള്ള ഒരു ഷാൾ കഴുത്തിൽ കാണും. തമിഴ്‌നാട്ടിലും, ആന്ധ്രയിലും നിരവധി ആശ്രമങ്ങളുള്ള കൽക്കിക്ക് വിദേശത്തും നിരവധി അനുയായികളുണ്ട്്.

1949 -ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ, എസ്. വരദരാജുലു നായിഡുവിനും, വി വൈദർഭിക്കും മകനായി ജനിച്ച വിജയകുമാർ നായിഡു, ഒരു എൽഐസി ഗുമസ്തനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാൽ 1984 -ൽ തന്റെ സ്നേഹിതനായ ശങ്കറുമൊത്ത് നടത്തിയ അഞ്ചുവർഷത്തെ തയ്യാറെടുപ്പായിരുന്നു ഈ കൽക്കി അവതാരം. അഞ്ചു വർഷത്തിനുള്ളിൽ കൽക്കി ഭഗവാൻ എന്ന പേരിൽ പുനരവതരിക്കുന്നു. കൽക്കി ഭഗവാൻ വിഷ്ണുവിന്റെ പത്താം അവതാരമാണ് എന്നാണ് സങ്കൽപം. സ്വയം ഭഗവദ് രൂപം ആർജ്ജിച്ചതോടൊപ്പം ഭാര്യക്കും ദൈവപദവി നൽകി നായിഡു. അമ്മ ഭഗവാൻ എന്നായിരുന്നു ഭാര്യയുടെ പുതിയ അവതാരനാമം.

ജീവാശ്രമം എന്ന പേരിൽ രാജപ്പേട്ടയിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളാണ് നായിഡുവും ശങ്കറും ചേർന്ന് ആദ്യമായി തുടങ്ങിയ സ്ഥാപനം. 'ആധ്യാത്മികതയിലൂന്നിയ ആധുനികവിദ്യാഭ്യാസം' എന്ന ആശയം മുന്നോട്ടുവെക്കാനാണ് തങ്ങൾ ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത് എന്നാണ് അന്നവർ അവകാശപ്പെട്ടത്. ആ സ്‌കൂൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, 1989 -ൽ 'കൽകി ഭഗവാന്റെ അവതാരമാണ്' താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. 'ഇൻസ്റ്റന്റ് നിർവാണം' ആയിരുന്നു വാഗ്ദാനം. ആശ്രമം പച്ചപിടിച്ചു. നിരവധിപേർ ഭക്തരായെത്തി. സമ്പത്തും ഒഴുകിത്തുടങ്ങി. അതോടെ അവർ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വരദയ്യാപാളയത്തിലേക്ക് ആശ്രമം പറിച്ചുനട്ടു. ചെന്നൈയിൽ നിന്ന് വെറും 80 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ കാമ്പസിനുള്ളിൽ അവർ 'വൺനെസ്സ് യൂണിവേഴ്സിറ്റി' സ്ഥാപിച്ചു.

കൽക്കി ഭഗവാൻ നടത്തിയ പ്രഭാഷണങ്ങളിൽ നിന്ന് ഭക്തരിൽ പലരും സാമ്പത്തികവും, തൊഴില്പരവും, ആരോഗ്യപരവുമായ അഭിവൃദ്ധിക്കുള്ള സൂചകങ്ങൾ കണ്ടെടുത്തു. അവർ പറഞ്ഞു പറഞ്ഞ് പുതിയ ഭക്തർ വന്നെത്തി. ആശ്രമം പടർന്നു പന്തലിച്ചു. സമ്പത്ത് ദിനം പ്രതി ഏറിയേറി വന്നു. പരിപാടികളിൽ പങ്കെടുക്കാൻ ഋത്വിക് റോഷനും മനീഷാ കൊയ്‌രാളയും അടക്കമുള്ള സെലിബ്രിറ്റികൾ എത്തിയതോടെ പ്രസിദ്ധി വീണ്ടും വർധിച്ചു. അതോടെ വിദേശങ്ങളിൽ നിന്നുപോലും ബിസിനസുകാരും മറ്റും കൽക്കി ഭഗവാന്റെ ഉപദേശങ്ങൾ തേടി വരവ് തുടങ്ങി. 5000 രൂപ ചെലവുള്ള സാധാരണ ദർശനം മുതൽ 50,000 രൂപ ചെലവുള്ള വിശേഷ ദർശനം വരെ കൽക്കി ആശ്രമത്തിലുണ്ട്. ഇങ്ങനെ കാശും കൊടുത്ത് കാണാൻ ഇടിച്ചു കേറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 2008 -ൽ അഞ്ചു പേർ മരിച്ച സംഭവം പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. 50,000 രൂപ ചെലവുള്ള സ്‌പെഷ്യൽ ധ്യാനപരിപാടിയും നിരവധി വിദേശികളെ ആശ്രമത്തിലേക്ക് ആകർഷിച്ചു.

2002 -ൽ ഇന്ത്യാ ടുഡേക്കു നൽകിയ അഭിമുഖത്തിൽ കൽക്കി ഭഗവാൻ ഇങ്ങനെ പറഞ്ഞിരുന്നു, 'ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ ഞാൻ കണ്ണടച്ച് നിങ്ങളൊരു ഓപ്പൽ ആസ്ട്ര കാറിൽ ഇരിക്കുന്നത് സങ്കൽപ്പിക്കാൻ നോക്കും. എനിക്ക് ആ രംഗം എന്റെ മനസ്സിൽ കാണാൻ സാധിച്ചാൽ അധികം വൈകാതെ നിങ്ങൾക്ക് ഓപ്പൽ ആസ്ട്ര കാർ സ്വന്തമാക്കാൻ പറ്റും. എനിക്ക് ആ രംഗം കാണാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ, ഞാൻ നിങ്ങളോട് പറയുക, 'കുറേക്കാലം കൂടി പാവങ്ങളെ സേവിച്ച ശേഷം, നിങ്ങളുടെ ലക്ഷ്യത്തോട് കുറച്ചുകൂടി അടുത്ത ശേഷം വരൂ..' എന്നാവും.'

'ഒരാൾക്ക് അറിയേണ്ടിയിരുന്നത് കാണാൻ ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നായിരുന്നു. ഞാൻ നോക്കിയപ്പോൾ അത് കാണുകയും ചെയ്തു. അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ. നിങ്ങൾക്ക് ക്രിസ്ത്യാനി ആകണമെന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് യേശുക്രിസ്തുവിനെ കാണിച്ചു തരും. അതുപോലെ ഹിന്ദുക്കൾക്ക് രാമനെയും. ഞാൻ ഒരു 'സ്പിരിച്വൽ സൂപ്പർമാർക്കറ്റാ'ണ്...'

എഴുപതുകാരനായ കൽക്കിഭഗവാനിപ്പോൾ പണ്ടത്തെയത്ര ആരോഗ്യമില്ല. അതുകൊണ്ടുതന്നെ വൺനെസ് യൂണിവേഴ്‌സിറ്റിയും, അനുബന്ധ സ്ഥാപനങ്ങളും ഒക്കെ ഇപ്പോൾ നോക്കിനടത്തുന്നത് അമ്മ ഭഗവാനും മകൻ കൃഷ്ണയും ചേർന്നാണത്രെ. എങ്കിലും, കൽക്കി ഭഗവാൻ ഇടയ്ക്കിടെ വീഡിയോ സന്ദേശങ്ങളുടെ രൂപത്തിൽ തന്റെ ഭക്തരെ തേടിയെത്താറുണ്ട്. ആദായ നികുതി പരിശോധനകളൊന്നും തന്നെ കൽക്കി ഭഗവാന്റെ ആശ്രമത്തിൽ ആധ്യാത്മികനിർവാണം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കിന് ഭംഗം വരുത്തിയിട്ടില്ല എന്നാണ് ആശ്രമത്തിലെ അന്തേവാസികളുടെ അഭിപ്രായം.

എന്താണ് വൺനസ് മൂവ്‌മെന്റ്?

ഏകത്വം സൃഷ്ടിച്ചുകൊണ്ട് ആത്മീയ പരിവർത്തനം നടത്തുക എന്നതാണ് വൺനസ് മൂവ്‌മെന്റിന്റെ ലക്ഷ്യമായി പറയുന്നത്. വലിയ രീതിയിൽ വിദേശത്ത് നിന്ന് സംഭാവന കൈപ്പറ്റുന്ന സംഘടനയ്ക്ക് വൺനസ് യൂണിവേഴ്സിറ്റി എന്നൊരു സ്ഥാപനവുമുണ്ട്. ആന്ധ്രയിലെ ഗോവർദ്ധനപുരത്താണ് ഇത് പ്രവർത്തിക്കുന്നത്.ബിസിനസ്, സിനിമ, വിനോദം, മാനേജ്മെന്റ് മേഖലകളിലുള്ളവർക്കായാണ് പ്രധാനമായും കോഴ്സുകൾ സംഘടിപ്പിക്കുന്നത്. വിദേശികൾക്കും ഇന്ത്യക്കാർക്കും വെവ്വേറെ കോഴ്സ് ഫീയും വ്യവസ്ഥകളുമാണ്. വിശ്വ ഹിന്ദു പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വൺനസിന്റെ സ്ഥാപകനും നേതാവുമായ കൽക്കി. 2009ൽ വിഎച്ച്പിയുടെ ആഗോള കൺവെൻഷൻ നടന്നത് വൺനസ് യൂണിവേഴ്സിറ്റിയിലാണ്.

അണ്ണാ ഹസാരെ, ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കർ, ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, മനീഷ കൊയ്‌രാള, ഹൃതിക് റോഷൻ, രാകേഷ് റോഷൻ എന്നിവരെല്ലാം വൺനസ് യൂണിവേഴ്സിറ്റിയിലെ പതിവ് സന്ദർശകരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP