Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഭാര്യയുടെ അമ്മ അപകടത്തിൽ മരിച്ചെന്ന് കരുതി വിമാനം കയറി; വീട്ടിലെത്തി ആദ്യം തിരക്കിയത് അമ്പാടി മോനെ; ഭാര്യയും മകനും അച്ഛനും അമ്മയും കൊല്ലപ്പെട്ടുവെന്ന തിരിച്ചറിവിനെ പ്രവീൺ ഉൾക്കൊണ്ടത് അൽപ നേരം മിണ്ടാതെ നിന്ന്; ഉള്ളാട്ടിൽപടി വീട്ടിൽ പ്രവീൺ മാത്രം; അപകടമുണ്ടായത് വിൽക്കാൻ വില പറഞ്ഞുറപ്പിച്ച കാർ; ദുരന്തമെത്തിയത് കുവൈറ്റിൽ നേഴ്‌സായി വീണ്ടും ജോലി ചെയ്യാനുള്ള പ്രഭയുടെ ഒരുക്കത്തിനിടെ; കാളികാവിലെ അപകടം തിരുവാതുക്കൽ ഗ്രാമത്തെ നൊമ്പരമാകുമ്പോൾ

ഭാര്യയുടെ അമ്മ അപകടത്തിൽ മരിച്ചെന്ന് കരുതി വിമാനം കയറി; വീട്ടിലെത്തി ആദ്യം തിരക്കിയത് അമ്പാടി മോനെ; ഭാര്യയും മകനും അച്ഛനും അമ്മയും കൊല്ലപ്പെട്ടുവെന്ന തിരിച്ചറിവിനെ പ്രവീൺ ഉൾക്കൊണ്ടത് അൽപ നേരം മിണ്ടാതെ നിന്ന്; ഉള്ളാട്ടിൽപടി വീട്ടിൽ പ്രവീൺ മാത്രം; അപകടമുണ്ടായത് വിൽക്കാൻ വില പറഞ്ഞുറപ്പിച്ച കാർ; ദുരന്തമെത്തിയത് കുവൈറ്റിൽ നേഴ്‌സായി വീണ്ടും ജോലി ചെയ്യാനുള്ള പ്രഭയുടെ ഒരുക്കത്തിനിടെ; കാളികാവിലെ അപകടം തിരുവാതുക്കൽ ഗ്രാമത്തെ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇനി പ്രവീൺ ഏകനാണ്. കുവൈത്തിൽ പണിയെടുത്ത് കെട്ടി പൊക്കിയതെല്ലാം വെറുതയായി. എംസി റോഡിൽ കാളികാവിൽ ശനിയാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മരിച്ച അഞ്ചു പേരും പ്രവീണിന്റെ ഉറ്റവരും ഉടയവരുമായിരുന്നു. തിരുവാതുക്കൽ ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (46), മകൻ അർജുൻ (19), പ്രഭയുടെ അമ്മ ഉഷ(66) എന്നിവരാണു മരിച്ചത്.

ഭാര്യയുടേയും മകന്റേയും അച്ഛന്റേയും അമ്മയുടേയും ഭാര്യാ മാതാവിന്റേയും മരണമറിഞ്ഞ് കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവീൺ ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തി. ഒന്നും അറിയാതെയാണ് പ്രവീൺ കുവൈത്തിൽ നിന്ന് വീട്ടിലേക്ക് എത്തിയത്. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടുവെന്നും ഒരാൾ മരിച്ചുവെന്നും മാത്രമാണ് കുവൈത്തിൽ നിന്ന് തിരിക്കുമ്പോൾ പ്രവീണിനോട് പറഞ്ഞിരുന്നത്. ഇന്നലെ സന്ധ്യയ്ക്കു സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ പ്രവീണിനു സംശയം തോന്നി. 'എന്താ പറ്റിയത് ? അമ്പാടി എവിടെ,' 'മോനേ പോയെടാ, എല്ലാവരും പോയി,' എന്നായിരുന്നു കേട്ട മറുപടി.. ഒന്നും മിണ്ടാതെ അൽപ നേരംനിന്ന പ്രവീൺ കൂട്ടുകാരൻ അഭിലാഷിനോടു ചോദിച്ചു... എല്ലാവരും പോയോ ? ഞാൻ തനിച്ചായോ ? ഉള്ളാട്ടിൽപടി വീട്ടിൽ പ്രവീൺ മാത്രം. അച്ഛൻ തമ്പിയും അമ്മ വൽസലയും ഭാര്യ പ്രഭയും മകൻ അമ്പാടിയും നഷ്ടപ്പെട്ട പ്രവീണിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി

വിൽക്കാനിരുന്നതാണ് ആ കാർ. ഇതിനായി വില പറഞ്ഞ് ഉറപ്പിച്ച് അഡ്വാൻസും വാങ്ങിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ചാലക്കുടിയിലേക്കു പോകുമ്പോഴും ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പൊട്ടിയ ഗ്ലാസ് മാറ്റിയിട്ടാണു യാത്ര തുടർന്നത്. അമ്പാടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. രാത്രി നേരത്തെ ഉറങ്ങുന്ന സ്വഭാവക്കാരനാണ് അമ്പാടിയെന്നും യാത്രയിൽ ഓടിക്കാൻ ഡ്രൈവറെ വയ്ക്കണമെന്നും അച്ഛൻ പ്രവീൺ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു. 6 മാസം മുൻപാണു ലൈസൻസ് കിട്ടിയത്. അപകടത്തിൽ മരിച്ച പ്രഭയ്ക്കു കുവൈത്തിൽ നഴ്‌സായി വീണ്ടും ജോലി ലഭിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.പ്രഭ നേരത്തെ വിദേശത്ത് നഴ്‌സായിരുന്നു. പിന്നീട് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ലഭിച്ചു. ഇതോടെയാണ് പ്രവീണും കുവൈത്തിലേക്കു പോയത്.

മകൻ അമ്പാടിയുടെ പഠന ആവശ്യത്തിനായി പ്രഭ ജോലി ഉപേക്ഷിച്ച് നാട്ടിൽ നിൽക്കുകയായിരുന്നു. ഇതിനിടെ വീടിനു ചേർന്നുള്ള മറ്റൊരു വീടും മാസങ്ങൾക്കു മുൻപ് ഇവർ വാങ്ങി.വീടിന്റെ റജിസ്‌ട്രേഷനുൾപ്പെടെയു ആവശ്യങ്ങൾക്കായി പ്രവീൺ ഏതാനും മാസം മുൻപാണ് നാട്ടിലെത്തിയിരുന്നു.ഈ മാസം നാട്ടിലെത്തി പ്രഭയെയും കൂട്ടിയാത്ര പോകാനിരിക്കെയാണ് ദുരന്തം . കോട്ടയം മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ എട്ടോടെ തിരുവാതുക്കൽ ഗുരുമന്ദിരം റോഡിൽ വീടിനു സമീപമുള്ള മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലിൽ എത്തിക്കും.

പൊതുദർശനത്തിനു ശേഷം വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്‌കരിക്കും. കാളികാവിൽ എതിർദിശയിൽ വന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അർജുനാണു കാർ ഓടിച്ചിരുന്നത്. തമ്പി മുൻസീറ്റിലും പ്രഭയും ഉഷയും വത്സലയും പിൻസീറ്റിലുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാറിലുണ്ടായിരുന്ന എല്ലാവരും തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് 5 പേരെയും പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ്.

തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാൻ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽപോയി മടങ്ങിവരുമ്പോഴാണ് ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്. കാറോടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്കുവന്ന കാർ തെന്നിമാറി എതിർദിശയിലുള്ള ലോറിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലിൽ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്പി. അർജുൻ മണർകാട് സെന്റ് മേരീസ് ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡ് ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP