Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നു, മരണകാരണം ഇപ്പോഴാണ് മനസിലായത്'; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കൂടുതൽ പേർ; വെന്റിലേറ്ററിലേക്ക് ഉടൻ മാറ്റുമെന്ന് പറഞ്ഞിട്ടും കാത്തു കിടക്കേണ്ടി വന്ന് മൂന്ന് മണിക്കൂറെന്ന് മറ്റൊരു രോഗിയുടെ ബന്ധുക്കൾ; അനാസ്ഥക്ക് തെളിവായി ശബ്ദരേഖയും പുറത്തുവരുമ്പോഴും എല്ലാം ഇരുമ്പുമറ കെട്ടി മൂടാൻ സർക്കാറിന് തിടുക്കം

ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നു, മരണകാരണം ഇപ്പോഴാണ് മനസിലായത്'; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കൂടുതൽ പേർ; വെന്റിലേറ്ററിലേക്ക് ഉടൻ മാറ്റുമെന്ന് പറഞ്ഞിട്ടും കാത്തു കിടക്കേണ്ടി വന്ന് മൂന്ന് മണിക്കൂറെന്ന് മറ്റൊരു രോഗിയുടെ ബന്ധുക്കൾ; അനാസ്ഥക്ക് തെളിവായി ശബ്ദരേഖയും പുറത്തുവരുമ്പോഴും എല്ലാം ഇരുമ്പുമറ കെട്ടി മൂടാൻ സർക്കാറിന് തിടുക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓക്‌സിജൻ കിട്ടാതെ ഉത്തരേന്ത്യയിൽ ഒരു രോഗി മരിച്ചാൽ അത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത് കേരളത്തിലാണ്. അവിടുത്തെ സർക്കാറിന് കുറ്റം പറയാൻ മുന്നിൽ നിൽക്കുന്നവർക്ക് എന്നാൽ സ്വന്തം കാര്യത്തിൽ മൗനമാണ്. കേരളത്തിലാണ് ഒരു രോഗി വെന്റിലേറ്റർ ഘടിപ്പിക്കപ്പെടാതെ ഓക്‌സിജൻ ലഭിക്കാതെയും ശ്വാസം മുട്ടി മരിക്കേണ്ട് അവസ്ഥ വന്നത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

കളമശേരി മെഡിക്കൽ കോളേജിലെ അനാസ്ഥക്കെതിരെ ആരോപണവുമായി കൂടുതൽ പേർ രംഗത്ത് വന്നു. കോവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കൾ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. കോവിഡിനെ നേരിടാൻ സർവ്വസജ്ജമാണെന്ന് പറഞ്ഞവർക്ക് ഇപ്പോൾ വെന്റിലേറ്റർ സൗകര്യം ഒരുക്കാൻ സാധിക്കുന്നില്ലെന്നത് വലിയ വീഴ്‌ച്ചയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തുവരികയും ചെയ്തു.

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിയുടെയും ജമീലയുടെയും ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകും. വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്ന് രണ്ട് രോഗികൾ പ്രയാസപ്പെടുന്നതു കണ്ടെന്ന ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ പരാതി നൽകുന്നത്. ഐ സി യുവിലെ പിഴവുകളെക്കുറിച്ച് ഉമ്മ പറഞ്ഞിരുന്നുവെന്നും, മരണകാരണം ഇപ്പോഴാണ് മനസിലായതെന്നും ജമീലയുടെ മകൾ ഹയറുന്നീസ ഷമീർ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

ഫോൺ ചെയ്തപ്പോൾ ഉമ്മ വലിയ ശബ്ദത്തിൽ, പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടെന്നും, സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അധികൃതരോട് അനുവാദം ചോദിച്ചിരുന്നുവെന്നും ഹയറുന്നീസ പറയുന്നു. എന്നാൽ എവിടെയാണെങ്കിലും ഈ ചികിത്സയേ കിട്ടുവെന്നും, സാമ്പത്തികമായി തകർന്നു പോകുമെന്നുമായിരുന്നു അധികൃതർ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.ആലുവയിലെ ജുവലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും ആശുപത്രിയിലെ പരിചരണത്തിൽ വീഴ്ച പറ്റിയതായി ആരോപിച്ചു.

വെന്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടൻ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

അതിനിടെ മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.

അതേസമയം സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കൽ കോളേജിന്റെ വാദമാണ് തള്ളിയത്. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവിൽ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

അതിനിടെ എല്ലാ മൂടിവെക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിൽ പറയുന്നതു ശരിവച്ചു ജൂനിയർ ഡോക്ടർ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി വെട്ടിലായി. നജ്മ സലിമിനെ സർവ്വീസിൽ നിന്നും പുറത്താക്കുമെന്നാണ് സൂചന. ആരോപണങ്ങൾ പത്രസമ്മേളനം വിളിച്ചു നിഷേധിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഡോക്ടർമാരെ വെട്ടിലാക്കുന്നതൊന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. മന്ത്രി ശൈലജ ടീച്ചറിന്റെ കീർത്തിയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങൾ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവർക്കെതിരെ ശക്തമായ നടപടിയും എടുക്കും.

വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ ലഭിക്കാതെയാണു ഹാരിസ് മരിച്ചതെന്ന നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തൽ ശരിവച്ചാണ് ഡോ. നജ്മ രംഗത്തെത്തിയത്. ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികൾ സമാന രീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താൻ സാക്ഷിയാണെന്നു നജ്മ പറഞ്ഞു. ഇവരിലൊരാളായ ജമീല ശ്വാസമെടുക്കാൻ ആയാസപ്പെടുന്നതു കണ്ടു ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്സുമാരെ അറിയിച്ചെങ്കിലും ഉടൻ പരിഹാരം കാണുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിർന്ന ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും 'പ്രശ്നമാക്കേണ്ട' എന്നായിരുന്നു നിർദ്ദേശം. നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങൾ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണു വെളിപ്പെടുത്തൽ നടത്തിയതെന്നും നജ്മ പറഞ്ഞു.

കോവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കൽ കോളജിന്റെ നേട്ടങ്ങളെ തകർക്കണമെന്ന ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണു നടക്കുന്നതെന്നതെന്നാണ് അധികൃതരുടെ നിലപാട്. ഹാരിസ് മരിച്ചതു ഹൃദയസ്തംഭനം മൂലമാണെന്ന് നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ എന്നിവർ പറഞ്ഞു. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായാണു ഡോ.നജ്മയുടെ വെളിപ്പെടുത്തൽ. അവർ ഐസിയുവിൽ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ നടപടി വരുന്നത്. സിപിഎമ്മും സർക്കാരും എല്ലാം ഈ വിഷയത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. നജ്മയെ സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP