Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത ചില്ലുള്ള കട്ടി കണ്ണടയും; ഷർട്ടിന് മുകളിൽ ഷാൾ വിരിച്ചിടുന്ന തമിഴക രാഷ്ട്രീയത്തിന്റെ ആഢ്യത്വം എന്നും കാത്തുപോന്നത് പെരിയാറിന്റെ വാക്കുകേട്ട്; കറുത്ത കട്ടിഫ്രയിമുള്ള കണ്ണട മാറ്റി പുതിയ ലുക്കിലേക്ക് വന്നത് 46 വർഷത്തിന് ശേഷം; ആദ്യം എതിർത്തെങ്കിലും തൂവൽ പോലുള്ള കണ്ണട കലൈഞ്ജർ സ്വീകരിച്ചത് കുടുംബത്തിന്റെ സ്‌നേഹശാസനയാൽ

വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത ചില്ലുള്ള കട്ടി കണ്ണടയും; ഷർട്ടിന് മുകളിൽ ഷാൾ വിരിച്ചിടുന്ന തമിഴക രാഷ്ട്രീയത്തിന്റെ ആഢ്യത്വം എന്നും കാത്തുപോന്നത്  പെരിയാറിന്റെ വാക്കുകേട്ട്; കറുത്ത കട്ടിഫ്രയിമുള്ള കണ്ണട മാറ്റി പുതിയ ലുക്കിലേക്ക് വന്നത് 46 വർഷത്തിന് ശേഷം; ആദ്യം എതിർത്തെങ്കിലും തൂവൽ പോലുള്ള കണ്ണട കലൈഞ്ജർ സ്വീകരിച്ചത് കുടുംബത്തിന്റെ സ്‌നേഹശാസനയാൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് മക്കൾക്ക് നിറങ്ങളെന്ന് പറഞ്ഞാൽ ജീവനാണ്. പച്ചയും മഞ്ഞയും ചുവപ്പും, കറുപ്പും എല്ലാം കലർന്നതാണ് അവരുടെ ജീവിതം. തിരഞ്ഞെടുപ്പ് കാലമായാലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കൾ നിറങ്ങളെ സ്‌നേഹിക്കുന്നു. അവരെ നെഞ്ചോട് ചേർക്കുന്ന അനുയായികളും അതുപിന്തുടരുന്നു. അതൊരുതമിഴ് ശീലമാണ്. ഡിഎംകെയ്ക്ക് ഇഷ്ടം മഞ്ഞയാണ്. കലൈഞ്ജറെ വർഷങ്ങളായി മഞ്ഞനാൾ ധരിക്കാതെ പുറത്തുകണ്ടിട്ടില്ല. കറുത്ത കണ്ണടയും മഞ്ഞഷാളും കരുണാനിധിയുടെ അടയാളം തന്നെയാണ്.

ഡിഎംകെയുടെ പാർട്ടി യോഗങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം മഞ്ഞ തെളിഞ്ഞുകാണാം. കരുണാനിധി പങ്കെടുക്കുന്ന യോഗവേദികളിലെ പിൻകർട്ടനുകൾ മഞ്ഞയായിരിക്കും. പാർട്ടി ചിഹ്നമായ ഉദയസൂര്യനിലുമുണ്ടല്ലോ മഞ്ഞ. ഡിഎംകെ.മുഖപത്രമായ മുരശൊലിയുടെ നിറവും തലക്കെട്ടുകളുടെ നിറവും മഞ്ഞയിലാണ്. കലൈജ്ഞർക്ക് ആദ്യകാലം മുതലേ മഞ്ഞയോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. അത് പിന്നീട് ഡിഎംകെയിലേക്ക് പകർത്തുകയായിരുന്നു.

സ്വാതന്ത്ര്യപൂർവകാലത്ത് തമിഴ്‌നാട്ടിൽ നില നിന്ന അസമത്വവും ജാതി വിവേചനവുമൊക്കെ പുത്തൻ കാലത്ത് ഇല്ലാതാക്കാൻ പെരിയാറാണ് ഷാൾ ധൈര്യപൂർവം ധരിക്കാൻ അണികൾക്ക് നിർദ്ദേശം നൽകിയത്. ഉന്നതജാതിയിൽ പെട്ടവർ മാത്രം ഷാൾ ധരിച്ചിരുന്ന അക്കാലത്ത് വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ആ നിർദ്ദേശം. കരുണാനിധി ഇഷ്ടപ്പെട്ടത് മഞ്ഞ ഷാളിനെയാണെന്ന ്മാത്രം. സാന്ദർഭികമായി പറഞ്ഞാൽ, ഡിഎംകെയുടെ എതിരാളികളായ എഐഎഡിഎംകെയുടെ നിറം പച്ചയാണ്. ജയലളിതയുടെ ഇഷ്ടനിറമായിരുന്നു പച്ച.

ഏതായാലും ഷർട്ടിന് മുകളിൽ ഷാൾ വിരിച്ചിടുന്ന തമിഴക രാഷ്ട്രീയത്തിന്റെ ആ ആഢ്യത്വം എന്നും കരുണാനിധി കാത്തുപോന്നു. വെള്ളയുടുപ്പും, മഞ്ഞ ഷാളും, കറുത്ത ചില്ലുള്ള കട്ടി കണ്ണടയും. ഒരു കാർട്ടൂണിസ്റ്റ് കരുണാനിധിയെ വരഞ്ഞിടുമ്പോൾ മനസിൽ തെളിയുന്ന ആദ്യ ചിത്രം ഒരുപക്ഷേ ഇതാവും. എന്നാൽ, ഇക്കഴിഞ്ഞ മെയ്യിൽ കലൈജ്ഞറുടെ ലുക്കിൽ വലിയൊരു മാറ്റം സംഭവിച്ചു. 46 വർഷത്തിനു ശേഷം തന്റെ കറുത്ത കണ്ണടയില്ലാതെ പൊതുജനമധ്യത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് 46 വർഷത്തിനു ശേഷം അദ്ദേഹം തന്റെ കറുത്ത കണ്ണട മാറ്റിയത്. പഴയ കണ്ണടയുമായി താരതമ്യം ചെയ്യുമ്പോൾ ഭാരക്കുറവുണ്ടെന്ന കാരണത്താലാണ് ഡോക്ടർമാർ അതുനിർദ്ദേശിച്ചത്. കറുത്ത കട്ടി ഫ്രെയിമല്ല എന്ന പ്രത്യേകതയും പുതിയ കണ്ണടയ്ക്കുണ്ടായിരുന്നു.

അമിത ഭാരമുള്ള പഴയ കണ്ണട കണ്ണിനും നെറ്റിക്കും ദോഷം ചെയ്യുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഇതേത്തുടർന്നാണ് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കണ്ണട മാറ്റാൻ കരുണാനിധി തീരുമാനിച്ചത്. ഡോക്ടറുടെ നിർദ്ദേശം ആദ്യം നിരസിച്ച കരുണാനിധി പിന്നീട് കുടുംബത്തിന്റെ നിർബന്ധിത്തിന് വഴങ്ങുകയായിരുന്നു. മകൻ എം.കെ. തമിഴരശനാണ് കരുണാനിധിക്കായി അനുയോജ്യമായ പുതിയ ഫ്രെയിം തിരഞ്ഞെടുത്തത്.കനം കുറഞ്ഞ ഫ്രെയിം ജർമ്മനിയിൽനിന്ന് പ്രത്യേകം ഇറക്കുമതിചെയ്തതായിരുന്നു. ഡോക്ടർ നിർദ്ദേശിച്ച കണ്ണട കിട്ടാൻ ഏറെ പ്രയാസപ്പെടുകയും ചെയ്തു. ഓർഡർ ചെയ്ത് 40 ദിവസത്തിനുശേഷമാണു ജർമനിയിൽനിന്നു കണ്ണടയെത്തിയത്. തൂവൽപ്പോലെ ഭാരം കുറഞ്ഞ കണ്ണടയാണു കരുണാനിധിക്കായി ഒരുക്കിയത്. പുതിയ കണ്ണട ധരിച്ച് അദ്ദേഹം പൊതുജനമധ്യത്തിൽ എത്തിയത് അപൂർവം. പ്രായാധിക്യത്തിന്റെ അവശതകളാൽ പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ കഴിയുകയായിരുന്നു തമിഴകത്തിന്റെ പ്രിയ നേതാവ്. അതിനിടെയാണ് രോഗാതുരനായി മരണത്തിന് കീഴടങ്ങിയത്.

കറുപ്പിന്റെ രാഷ്ട്രീയം

2012 ഒക്ടോബർ. ജയലളിതയെ തിരഞ്ഞെടുപ്പിൽ പുറത്താക്കും വരെ താൻ കറുത്ത ഷർട്ട് ധരിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം അണികളെയാകെ അമ്പരിപ്പിച്ചു. എന്നാൽ, അധികം വൈകാതെ ഒക്ടോബർ എട്ടിന് അദ്ദേഹം പഴയ വേഷത്തിൽ വെള്ളഷർട്ടും മഞ്ഞ ഷാളുമണിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. പാർട്ടി മുഖപത്രമായ മുരശൊലി വഴി കാര്യങ്ങൾ വിശദീകരിക്കുന്ന പതിവും അന്ന് കരുണാനിധി തെറ്റിച്ചു. നാലുദിവസത്തിന് ശേഷം കരുണാനിധിക്ക് മനം മാറാനുള്ള കാരണം തിരക്കിയപ്പോൾ അടുത്ത കുടുംബാംഗങ്ങൾ പറഞ്ഞതിങ്ങനെ: 'കുടുംബത്തിലും പാർട്ടിയിലും ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. ഇനി കലൈജ്ഞർ കറുപ്പുകൂടി അണിഞ്ഞാൽ ഒന്നും നടക്കാതെ പോവും'. ദ്രാവിഡ പാർട്ടികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ വസ്ത്രത്തിന്റെ രാഷ്ട്രീയം. പൊതുജനങ്ങൾ തിരിച്ചറിയുന്ന വേഷങ്ങൾ പൊടുന്നനെ മാറ്റുന്നത് തനിക്കും പാർട്ടിക്കും ദോഷകരമാകുമെന്ന് കരുണാനിധി തിരിച്ചറിഞ്ഞുകാണണം.

മഞ്ഞ ഷാൾ അണിയുന്നതിനെ കുറിച്ച് ചോദിക്കുന്നത് കരുണാനിധിക്ക് പൊതുവെ ഇഷ്ടമില്ലായിരുന്നു. ഏതായാലും ഇതിന് പിന്നിലെ കഥ ഇങ്ങനെയാണ്. 1940 കൾ. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പെരിയാർ ഇ.വി.രാമസ്വാമി ഒരു സംഗീത പരിപാടിയിൽ അതിഥിയായി പങ്കെടുക്കുന്നു. നാദസ്വരം വായിക്കുന്ന വിദ്വാൻ വിയർപ്പുതുടയ്ക്കാൻ ഒരുഷാൾ ഉപയോഗിച്ചിരുന്നു. ഇടയ്ക്കിടെ എടുത്തുതുടയ്ക്കാനുള്ള സൗകര്യത്തിന് അയാൾ അതെടുത്ത് തോളത്തിട്ടു. ഇതുകണ്ട ഉന്നതജാതിയിൽ പെട്ട ജന്മി അത് തോളത്ത് നിന്ന് മാറ്റാൻ നാദസ്വരവിദ്വാനോട് ആജ്ഞാപിച്ചു. എന്നാൽ, സംഭവത്തെ ശക്തമായി അപലപിച്ച പെരിയാർ കോപിഷ്ഠനായി ഇറങ്ങിപ്പോയി. പിറ്റേന്നാണ് എല്ലാ ദ്രാവിഡ കഴകം അംഗങ്ങളോടും ഉന്നതജാതിയിൽ പെട്ടവരുടെ അംഗവസ്ത്രത്തിന് ബദലായി തോളിൽ ടവൽ ധരിക്കാൻ പെരിയാർ ആവശ്യപ്പെട്ടത്. പിന്നീട് കരുണാനിധി മഞ്ഞ ഷാൾ അംഗവസ്ത്രമാക്കിയതിന് പിന്നിലും പെരിയാറിന്റെ പ്രചോദനം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP