Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശങ്കരാചാര്യരുടെ പ്രതിമ കാമ്പസിന് അകത്ത് സ്ഥാപിക്കുന്നതിന് ഞങ്ങൾ എതിരല്ല; ഗേറ്റിന് പുറത്ത് റോഡരിൽ സ്ഥാപിക്കുന്നതിനെയാണ് എതിർക്കുന്നത്; കുമ്മനം രാജശേഖരനും പി ടി തോമസും നടത്തുന്നത് നുണ പ്രചരണം: കാലടി സർവകലാശാലയിലെ പ്രതിമ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എഐഎസ്എഫ്

ശങ്കരാചാര്യരുടെ പ്രതിമ കാമ്പസിന് അകത്ത് സ്ഥാപിക്കുന്നതിന് ഞങ്ങൾ എതിരല്ല; ഗേറ്റിന് പുറത്ത് റോഡരിൽ സ്ഥാപിക്കുന്നതിനെയാണ് എതിർക്കുന്നത്; കുമ്മനം രാജശേഖരനും പി ടി തോമസും നടത്തുന്നത് നുണ പ്രചരണം: കാലടി സർവകലാശാലയിലെ പ്രതിമ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എഐഎസ്എഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടി സർവകലാശാലയിൽ ശങ്കരാചാര്യയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തി. പ്രതിമ വിവാദത്തിൽ യൂണിവേഴ്സ്റ്റി അധികൃതരുടെ നിലപാടിന് എതിരായ സമരം ചെയ്ത എഐഎസ്എഫാണ് വിഷയത്തിൽ തങ്ങളെ കടന്നാക്രമിച്ച തൃക്കാക്കര  എംഎൽഎ പി ടി തോമസിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എതിരായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയത്. പ്രതിമയുടെ പേരിൽ ഇരുവരും നുണ പ്രചരിപ്പിക്കുകയാണെ് എസ്‌ഐഎസ്എഫ് സംസ്ഥാന അധ്യക്ഷൻ വി വിനിൽ വ്യക്തമാക്കി.

ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഇടതുപക്ഷമോ എഐഎസ്എഫോ എതിരല്ലെന്ന് വിനിൽ പറഞ്ഞു. പ്രതിമ എവിടെ സ്ഥാപിക്കണെന്നതിനെ ചൊല്ലിയാണ് തർക്കമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്‌കൃത സർവ്വകലാശാലയുടെ പുതിയ മുഖ്യ കവാടത്തിൽ ഗേറ്റിനു പുറത്ത് ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനും പി ടി തോമസ് എംഎൽഎയും വർഗീയ വികാരമിളക്കി വിടുന്ന തരത്തിൽ നുണപ്രചരണം നടത്തുകയാണ്. ശങ്കരാചാര്യരുടെ പേരിലുള്ള സർവ്വകലാശാലയിൽ വേറെ ആരുടെ പ്രതിമ സ്ഥാപിക്കണമെന്നാണ് കുമ്മനത്തിന്റെ ചോദ്യം പ്രതിമ സ്ഥാപിക്കുന്നതിനെ ഇടതുപക്ഷം എതിർക്കുന്നു എന്നദ്ദേഹം പറയുന്നത് സർവ്വകലാശാലയിൽ ഇടതുപക്ഷ സിന്റിക്കേറ്റിന്റെ കാലത്ത് സ്ഥാപിച്ച പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണെന്ന് ഓർക്കണമെന്നും വിനിൽ വ്യക്തമാക്കി.

ഈ പ്രതിമയാകട്ടെ ഇപ്പോൾ പൂജിച്ച യോഗദണ്ഡ് സ്ഥാപിച്ച് ഒരു ആരാധനാ വിഗ്രഹമാക്കി മാറ്റിയിരിക്കുകയാണ് അധികാരികൾ. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ മതാചാരങ്ങൾ നടത്തുന്നത് നിയമലംഘനമാണ്. സംഘപരിവാർ ഗൂഢാലോചനക്ക് വഴങ്ങി ഗേറ്റിന് പുറത്ത് എം സി റോഡരികിൽ സ്ഥാപിക്കുന്നതിനെ മാത്രമാണ് എഐഎസ്എഫ് എതിർക്കുന്നത്. കാമ്പസിനകത്ത് പ്രതിമ സ്ഥാപിക്കുന്നതിന് എഐഎസ്എഫ്
വിയോജിപ്പില്ലെന്ന് രേഖാമൂലം അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കേ ഇടതുപക്ഷം ശങ്കര പ്രതിമ സ്ഥാപിക്കാനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാനാണ് സംഘപരിവാർ ശ്രമം. രാജ്യം ഭരിക്കുന്ന കക്ഷിയുടെസംസ്ഥാന അധ്യക്ഷൻ തന്നെ നുണ പ്രചരണവുമായി ഇതിനിറങ്ങിത്തിരിച്ചിരിക്കുന്നതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും വിനിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ശങ്കരാചാര്യർക്കു പകരം കാൾ മാർക്‌സിന്റെ പ്രതിമവക്കണോ എന്നാണ് പി.ടി തോമസ് എംഎൽഎ ചോദിക്കുന്നത്. ഗേറ്റിനു പുറത്ത് ശങ്കര പ്രതിമക്ക് പകരം ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത് കെഎസ് യു യൂണിറ്റ് കമ്മിറ്റിയാണ്. ഗേറ്റിനു പുറത്ത് ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനെ കെഎസ് യു പോലും എതിർക്കുമ്പോൾ കുമ്മനത്തിന്റെ ഭാഷയിൽ പി ടി തോമസ് സംസാരിക്കുന്നതിൽ ദുരൂഹതയുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ നന്ദി പ്രകടനം ഇടതു വിദ്യാർത്ഥി സംഘടനകളുടെ ചെലവിൽ നടത്താമെന്ന് പി.ടി തോമസ് വ്യാമോഹിക്കരുത്.

കേരളത്തിലെ നിരവധി കോളജുകൾക്കകത്ത് ആരാധാനാലയങ്ങൾ ഉണ്ടെന്നു പറഞ്ഞ് ഗേറ്റിൽ ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്ന എംഎൽഎ സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവയെല്ലാം എന്ന സത്യം ജനങ്ങളിൽ നിന്നും മറച്ചുവെക്കുകയാണ്. ഈ
സത്യം മറച്ചു വച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ അദ്ദേഹത്തിന്റെ ശ്രമം. സ്വകാര്യ മാനേജ്‌മെന്റ്, എയ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതിന് നിയമപരമായ അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 28ാം വകുപ്പു പ്രകാരം ഗവൺമെന്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ യാതൊന്നും സ്ഥാപിക്കാനോ ആചരിക്കാനോ പാടില്ല എന്നിരിക്കെ, സർക്കാർ സ്ഥാപനമായ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽ ആരാധനാലയമുണ്ടായാലും തെറ്റില്ല എന്നനിലക്കുള്ള എംഎൽഎയുടെ ഭരണഘടനാ വിരുദ്ധമായ വാദത്തെ പിൻതുണയ്ക്കുന്നുണ്ടോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും വിനിൽ ചോദിച്ചു.

രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹിന്ദുത്വവൽക്കരിച്ച് സരസ്വതീവന്ദനവും മതാചാരങ്ങളും അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ അജണ്ടക്ക് കുടപിടിക്കുന്ന പി.ടി തോമാസിനെ നിലക്കുനിർത്താൻ കോൺഗ്രസിനാവില്ലെങ്കിൽ, അപമാനിതരായ കാലടി സർവ്വകലാശാലയിലെ കെഎസ് യുക്കാരെങ്കിലും അതിന് തയ്യാറാകണം. സംസ്‌കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ നിലപാട് വ്യക്തമാക്കിയ എബിവിപി ഒഴികെയുള്ള സംഘടനകളെല്ലാം തന്നെ ശങ്കരപ്രതിമ ഗേറ്റിന് പുറത്ത് സ്ഥാപിക്കുന്നതിനെതിരാണ് എന്നിരിക്കെ പി ടി തോമസ് സംഘപരിവാർ പക്ഷം ചേർന്ന് കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സർവ്വകലാശാലയിലെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് അനുകൂല സിൻഡിക്കേറ്റിന്റെ കീഴിൽ സംസ്‌കൃത സർവ്വകലാശാല അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുകയാണ്. അതിന്റെ തെളിവാണ് നിലവിലെ ശങ്കര പ്രതിമയിൽ സ്ഥാപിച്ച യോഗദണ്ഡും അവിടുത്തെ പ്രാർത്ഥനകളും. അത് മുഖ്യ കവാടത്തിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഗേറ്റിനു പുറത്തുയരുന്ന പ്രതിമ. കേരളത്തിലെ മതനിരപേക്ഷ മനസുകൾ ഈ പ്രതിമയുടെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ട്. കുമ്മനവും പി ടി തോമസും അതോർക്കുന്നത് നല്ലതാണെന്നും വിനിൽ വ്യക്തമാക്കി.

ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേഴ്‌സിറ്റിയിൽ ശങ്കരാചാര്യരുടെ പ്രതിമയാണ് വേണ്ടതെന്നും അല്ലാതെ കാൾ മാർക്‌സിന്റെ പ്രതിമ അല്ലെന്നും പിടി തോമസ് മറുനാടനോടാണ് നേരത്തെ വ്യക്തമാക്കിയത്. ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേഴ്‌സിറ്റിയിൽ ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കുന്നതിൽ അപാകതയുണ്ടെന്നു വിശ്വസിക്കുന്നില്ല. അതിനെതിരെ നടക്കുന്ന തെറ്റായ സമരങ്ങൾ തീവ്രവാദ പ്രസ്ഥാനങ്ങൾ വളരാൻ വളക്കൂറുള്ള മണ്ണാക്കി മാറ്റുമെന്നും പി ടി തോമസ് വ്യക്തമാക്കിയിരുന്നു.

വിവാദം പെട്ടെന്നു ഉണ്ടാവാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ല. അങ്കമാലിമൂവാറ്റുപുഴ പാത കടന്നു പോകുന്ന എംസി റോഡിന് അഭിമുഖമായി യൂണിവേഴ്‌സിറ്റി പുതിയതായി സ്ഥാപിക്കുന്ന ഗെയ്റ്റിന്റെ ഭാഗമായാണ് പുതിയ പ്രതിമ വയ്ക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ അപാകതകൾ ഉണ്ടെന്നു താൻ വിശ്വസിക്കുന്നില്ലെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗേറ്റിന് പുറത്ത് പ്രതിമ സ്ഥാപിക്കുന്നത് ഹൈന്ദവ തൽപ്പര്യങ്ങളോടെയാണ് തീർത്ഥാടന കേന്ദ്രമാക്കാനാണെന്നുമാണ് എഐഎസ്എഫ് വാദിക്കുന്നത്.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം നടന്ന നാക് പരിശോധയിൽ സംസ്‌കൃതം പഠിപ്പിക്കുന്ന സർവ്വകലാശാല എന്ന നിലയിൽ എ ഗ്രേഡ് കൊടുക്കുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് കൂുടാതെ ഏതാനും മാസങ്ങൾക്ക് മുമ്പ് എട്ട് കോടി രൂപയുടെ പ്രത്യേക ധനസഹായവും ലഭിച്ചു. നാക് പരിശോധനയിൽ എ ഗ്രേഡ് ലഭിച്ചതിനെ തുടർന്നാണ് 60 ലക്ഷത്തോളം രൂപ മുടക്കി പ്രവേശനകവാടവും ശങ്കരപ്രതിമയും സ്ഥാപിക്കാൻ സർവ്വകലാശാല തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP