Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചാൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണു ചട്ടം; എളമക്കരയിലെ വസതിയിൽ കുഴഞ്ഞുവീണ മരിച്ച അബിയുടെ പോസ്റ്റ്‌മോർട്ടത്തിൽ വാശി പിടിച്ച് അമൃതാ ആശുപത്രി; താരത്തിന്റെ അസുഖത്തിൽ വ്യക്തത വന്നതോടെ ബന്ധുക്കൾക്കൊപ്പം നിന്ന് പൊലീസ്; കലാഭവൻ അബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയത് മണിക്കൂറുകൾ

ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചാൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണു ചട്ടം; എളമക്കരയിലെ വസതിയിൽ കുഴഞ്ഞുവീണ മരിച്ച അബിയുടെ പോസ്റ്റ്‌മോർട്ടത്തിൽ വാശി പിടിച്ച് അമൃതാ ആശുപത്രി; താരത്തിന്റെ അസുഖത്തിൽ വ്യക്തത വന്നതോടെ ബന്ധുക്കൾക്കൊപ്പം നിന്ന് പൊലീസ്; കലാഭവൻ അബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയത് മണിക്കൂറുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലഭാവൻ അബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനെ ചൊല്ലി കൊച്ചിയിലെ അമൃതാ ആശുപത്രിയും ബന്ധുക്കളും തമ്മിൽ തർക്കം. സ്വാഭാവിക മരണമാണെന്ന് ഉറപ്പായിട്ടും പോസ്റ്റ്‌മോർട്ടം വേണമെന്ന് ആശുപത്രി നിർബന്ധം പിടിച്ചു. ഭാവിയിലെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു ഇത്. ഇതുമൂലം മൃതദേഹം ആശുപത്രിയിൽനിന്നു വിട്ടുകിട്ടാൻ രണ്ടു മണിക്കൂറിലേറെ വൈകി.

എളമക്കരയിലെ വസതിയിൽ കുഴഞ്ഞുവീണ അബിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതിനാൽ അതുമായി ബന്ധപ്പെട്ടു കൈക്കൊള്ളേണ്ട നടപടികളിലുണ്ടായ ആശയക്കുഴപ്പമാണു പ്രശ്‌നത്തിന് കാരണം. ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചാൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണു ചട്ടം. എന്നാൽ, രക്താർബുദം ബാധിച്ചു ദീർഘനാളായി ചികിത്സയിലായിരുന്നതിനാൽ സാധാരണ മരണമായി രേഖപ്പെടുത്തണമെന്നു ബന്ധുക്കൾ അഭ്യർത്ഥിച്ചു. പക്ഷേ അമൃതാ ആശുപത്രി ഇതിന് തയ്യാറായില്ല. കലാഭവൻ മണിയുടെ മരണത്തിലെ വിവാദം കണക്കിലെടുത്തായിരുന്നു ഇത്.

സമൂഹത്തിൽ അറിയപ്പെടുന്ന ആളായതിനാൽ ഭാവിയിൽ ഇതു പ്രശ്‌നങ്ങൾക്കിടയാക്കിയേക്കുമെന്ന നിലപാടായിരുന്നു ആശുപത്രി അധികൃതർക്ക്. ഇതു സംബന്ധിച്ച തീരുമാനം പൊലീസിനു വിട്ടുകൊടുക്കുകയുംചെയ്തു. പൊലീസും ആശുപത്രി അധികൃതരും ബന്ധുക്കളുമായി ദീർഘനേരം നടത്തിയ ആശയവിനിമയത്തിനൊടുവിൽ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന തീരുമാനത്തിലെത്തി. രാവിലെ 10.30നാണ് അബിയെ ആശുപത്രിയിലെത്തിച്ചത്. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയായി. അസുഖബാധിതനായിരുന്നു അബിയെന്ന് പൊലീസിന് ബോധ്യപ്പെട്ടതു കൊണ്ടാണ് പോസ്റ്റമോർട്ടം വേണ്ടെന്ന് തീരുമാനിച്ചത്. അബിയുടെ ആരോഗ്യ നിലയിൽ ബന്ധുക്കൾക്ക് പൂർണ്ണ അറിവുണ്ടായിരുന്നു.

ഉത്സവപരിപാടികളിലും മറ്റും മിമിക്രി അവതരിപ്പിച്ചു തന്റെ പ്രതിഭയെ നാടറിയിച്ചകലാകാരനായിരുന്നു കലാഭവൻ എബി. കലാഭവൻ, ഹരിശ്രീ, കൊച്ചിൻ സാഗർ എന്നീ ട്രൂപ്പുകളിലൂടെ കേരളത്തിനകത്തും പുറത്തുമായി അനവധി വേദികളിൽ ആൾക്കൂട്ടങ്ങളെ കുടുകുടെ ചിരിപ്പിച്ചു. കൊച്ചിൻ സാഗറിന്റെ രൂപീകരണം മുതൽ അബി മുൻനിരയിലുണ്ടായിരുന്നു. മഹാനടന്മാരായ അഭിതാഭ് ബച്ചനെയും മമ്മൂട്ടിയെയും അനുകരിക്കലായിരുന്നു മാസ്റ്റർ പീസ്. ശബ്ദത്തിനു പുറമെ അവരുടെ ഭാവങ്ങൾ കൂടി ചേർത്തായിരുന്നു അബിയുടെ അനുകരണം.

1991ൽ മിമിക്രി കലാകാരൻ ടി.എസ്. പ്രസാദിന്റെ നേതൃത്വത്തിൽ ഹാസ്യ വീഡിയോകൾക്കു തുടക്കമിടുന്‌പോൾ അതിലെ പ്രധാനിയായിരുന്നു അബി. ഹാസ്യവേദികളിലെ ജനപിന്തുണ ഏറെയുള്ള അബിയെ ആദ്യ വീഡിയോ പ്രോഗ്രാമിലേക്ക് ക്ഷണിക്കാൻ ടി.എസ്. പ്രസാദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുമുതൽ പ്രസാദിന്റെ മാത്രം ഇരുപതിലേറെ ഹാസ്യ പരിപാടികളിൽ അബി നിറസാന്നിധ്യമായി. ഇതിനിടെ നവോദയ ഓഡിയോസ് ഇറക്കിയ 'ഓണത്തിനിടെ പുട്ടുകച്ചവടം' എന്ന ഹാസ്യപരിപാടിയുടെ രചനയിൽ അബി പങ്കാളിയായി.

തുടർച്ചയായി 23 പരന്പരയിൽ ഇറങ്ങിയ പരിപാടിക്ക് ആ പേരു നിർദേശിച്ചതും അബിയാണ്. പിന്നീടാണു ദിലീപിനും നാദിർഷയ്ക്കും ഒപ്പം 'ദേ മാവേലി കൊന്പത്ത്' എന്ന ഹാസ്യപരന്പരയുടെ ഭാഗമായത്. കലാഭവനായിരുന്നു അബിയുടെയും മിമിക്രി അരങ്ങേറ്റതട്ടകം. ഹരിശ്രീയിലും കൊച്ചിൻ ഓസ്‌കാറിലും പ്രവർത്തിച്ചു. രക്താർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ നാലുമണിയോടെ രോഗം മൂർഛിച്ചതിനെത്തുടർന്ന് എളമക്കര ടാഗോർ നഗറിലെ വീട്ടിൽനിന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപ് അന്ത്യം സംഭവിച്ചു. ചൈന്നെയിലായിരുന്ന മകൻ ഷെയ്ൻ നിഗം എത്തിയശേഷം വൈകിട്ട് ജന്മനാടായ മൂവാറ്റുപുഴയിലെത്തിച്ച് ടൗൺഹാളിൽ പൊതുദർശനത്തിനുവച്ചു. രാത്രി എട്ടുമണിയോടെ പെരുമറ്റം മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. സുഹൃത്തുക്കൾ അടക്കം സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആശുപത്രിയിലും വസതിയിലുമെത്തി ആദരാഞ്ജലി അർപ്പിച്ചു.

മൂവാറ്റുപുഴ കാവുങ്കര തടത്തിക്കുടിയിൽ (തൊങ്ങനാൽ) ബാവാ ഖാന്റെയും പായിപ്ര എഴുത്താനിക്കാട്ട് ഉമ്മാകുഞ്ഞിന്റെയും മകനാണ് അബി. ഭാര്യ: സുനില. മറ്റുമക്കൾ: അഹാന, അലീന(ഇരുവരും എളമക്കര ഭവൻസ് സ്‌കൂൾ വിദ്യാർത്ഥികൾ). ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് രംഗത്ത് എത്തിയത്. അൻപതോളം സിനിമകളിൽ അഭിനയിച്ചു. തൃശിവപേരൂർ ക്ലിപ്തം ആണ് അവസാനസിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP