Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരൻ; തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റർ; സമ്മതമില്ലാതെ കഥ സിനിമയാക്കിയപ്പോൾ കോടതിയിൽ; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; ഒടുവിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പൃഥ്വീരാജിന്റെ നായകൻ കുര്യച്ചനായി; 'കടുവ' തീയേറ്ററുകളിലേക്ക്

ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരൻ; തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റർ; സമ്മതമില്ലാതെ കഥ സിനിമയാക്കിയപ്പോൾ കോടതിയിൽ; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; ഒടുവിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പൃഥ്വീരാജിന്റെ നായകൻ കുര്യച്ചനായി; 'കടുവ' തീയേറ്ററുകളിലേക്ക്

എം റിജു

കോഴിക്കോട്: ഷാജികൈലാസ്- പൃഥ്വീരാജ് കൂട്ടുകെട്ടിൽ വരുന്ന 'കടുവ' എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. പക്ഷേ ഈ ചിത്രം അതിജീവിച്ചത് മലയാള സിനിമയിലെ സമാനതകൾ ഇല്ലാത്ത നിയമ പോരാട്ടത്തെ കൂടിയാണ്. 12 വർഷത്തെ പൊലീസ് വേട്ട ചെറുത്ത് ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച, തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള, പാലാക്കാരൻ പ്ലാന്റർ കടുവാക്കുന്നേൽ കുറവച്ചന്റെ കഥയാണ് 'കടുവ'യെന്നാണ് പൊതുവെയുള്ള സംസാരം.

തനിക്ക് പ്രതിഫലം തരാതെയും തന്റെ സമ്മതം ഇല്ലാതെയും കഥ സിനിമയാക്കുന്നതിനെതെിരെ കുറവച്ചൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അന്ന് ഇത് കുറുവച്ചന്റെ കഥയല്ല, സാങ്കൽപ്പിക കഥയാണെന്ന് പറഞ്ഞാണ് 'കടുവയുടെ' അണിയറക്കാർ തടിയൂരിയത്. ചിത്രം പൂർത്തിയായി റിലീസിന് ഒരുങ്ങവെ കുറവച്ചൻ വീണ്ടും കോടതിയെ സമീപിച്ചു. ചിത്രം തനിക്ക് അപകീർത്തികരമാണെന്നായിരുന്നു പരാതി. ഇത് പരിശോധിക്കാനായി കോടതി സെൻസർ ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സെൻസർ ബോർഡാണ് കുറവച്ചന്റെ കഥാപാത്രത്തിന്റെ പേര് മാറ്റി ചിത്രം ഇറക്കാൻ നിർദ്ദേശം നൽകിയത്.

നേരത്തെ, മോഹൻലാലും, സുരേഷ് ഗോപിയും, രഞ്ജിപ്പണിക്കരുമൊക്കെ സിനിമയാക്കാൻ വെച്ച കഥയായിരുന്നു കുറവച്ചന്റെത്. അത്രക്ക് സിനിമാറ്റിക്കാണ് ആ ജീവിതം.

 കുറുവച്ചൻ എന്ന കടുവ

പാലാ ഇടമറ്റത്താണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കുറുവച്ചൻ ഉള്ളത്. മ്ലാപ്പറമ്പിൽ ഔസേപ്പച്ചന്റെ മകൻ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചനെ നാട്ടുകാർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് ഓമനപ്പേരിട്ട് വിളിച്ചത് അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യവും പോരാട്ട വീര്യവും ഒന്നുകൊണ്ട് മാത്രമായിരുന്നു.

ചെറുപ്പകാലം തൊട്ടുതന്നെ അനീതി കണ്ടാൽ മുഖത്തുനോക്കി പ്രതികരിക്കുന്ന പ്രകൃതമായിരുന്നു. നീതിയുടെ ഭാഗത്ത് നിൽക്കാൻ കഴിയാത്ത പൊലീസിനെയും, പള്ളിയെയും കത്തനാരെയുമൊന്നും അദ്ദേഹം വകവെച്ചില്ല. ഈ രണ്ട് അധികാര കേന്ദ്രങ്ങളാണ് ജീവിതത്തിൽ ഉടനീളം കുറുവച്ചനെ പീഡിപ്പിച്ചത്. പരമ്പരാഗതമായി ഉണ്ടായിരുന്ന റബ്ബറും മറ്റ് കൃഷികളും, പള്ളിഭരണവും, അൽപ്പം പൊതുപ്രവർത്തനവും, ബിസിനസുമൊക്കെയായി കുറുവച്ചൻ അങ്ങനെ ജീവിച്ചു പോരുകയായിരുന്നു. ബാറും റബ്ബറും ഒക്കെയായി കച്ചവടം നല്ല രീതിയിൽ പോകുന്ന സമയം.

അപ്പോഴാണ്, ഭാര്യയുടെ ബന്ധുവായ എംഎൽഎക്കെതിരെ ഒരു പഞ്ചായത്ത് മെമ്പർ കേസ് കൊടുത്തത്. കുറുവച്ചൻ സാക്ഷി. പക്ഷേ പിന്നീട് ഇത്് ധാരണയിലെത്തി കേസ് പിൻവലിച്ചു. പക്ഷേ എംഎൽഎയുടെ രോഷത്തിന് ഇത് ഇടയാക്കി. ആ ഇടക്കാണ് പള്ളിയിലെ ഒരു പിയാനോ വികാരിയച്ചൻ മോഷ്ടിച്ചതിന്റെ പേരിൽ കുറുവച്ചൻ കേസിന് പോകുന്നത്. ഇതോടെ പൊലീസിനെയും മതമേലധ്യക്ഷമാരെയൊന്നും മാനിക്കാത്ത ഒരു റെബൽ ആണ് ഇദ്ദേഹം എന്ന ധാരണ ഉണ്ടായി.

പാലാ പൂവരുണിക്കടുത്ത് ജോസഫ് തോമസ് ഐ.പി.എസ് എന്ന ഐ.ജി പൊലീസും പള്ളിയും പറഞ്ഞിട്ട് കേൾക്കാത്ത ഈ ധിക്കാരിയെ ഒതുക്കുവാൻ തീരുമാനിച്ചു. എന്നാൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും ഒരാളെയും പേടിക്കുന്നില്ലെന്നു കുറുവച്ചൻ തിരിച്ചടിച്ചു. അതോടെ 12 വർഷം നീണ്ടുനിന്ന പൊലീസ് വേട്ടക്കാണ് തുടക്കമായത്.

ഗർഭക്കേസുമുതൽ കഞ്ചാവ് കേസ് വരെ

കേരളാപൊലീസിന്റെ ചരിത്രത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമായി മാറി, അവർ കുറുവച്ചനെതിരെ എടുത്ത കേസുകൾ. ഐ.ജി ജോസഫ് തോമസിനെ പ്രീണിപ്പിക്കാൻ പൊലീസ് മത്സരിക്കയായിരുന്നു. മാത്രമല്ല ജോസഫ് തോമസിന്റെ സഹോദരനാണ് പിന്നീട് നെടുമ്പാശ്ശേരി എയർപോർട്ടിന്റെ എം.ഡിയൊക്കെയായ വി.ജെ കുര്യൻ ഐ.എസ്.എസ്. അതായത് ഒരു വീട്ടിൽ തന്നെ ഐ.എ.എസും ഐ.പി.എസും ഉള്ളപ്പോൾ അവർ എത്ര തന്നെ ശക്തർ ആയിരിക്കും. പക്ഷേ കുറുവച്ചൻ ഇവരെയൊന്നും തരിമ്പും വകവെച്ചില്ല. ഇതും അധികാരികളുടെ ഈഗോക്ക് ആക്കം കൂട്ടി.

കുറവച്ചനെതിരെ പൊലീസ് എടുത്ത കേസുകൾ പരിശോധിച്ചാൽ അധികാര ദുർവിനിയോഗത്തിന്റെ വ്യാപ്തി കണ്ട് നാം നടങ്ങിപ്പോകും. തൊട്ടടുത്ത പറമ്പിൽനിന്ന് റബ്ബർ ചിരട്ട മോഷ്ടിച്ചു, അനധികൃതമായി തോക്ക് കൈവശം വെച്ചു, വെടിമരുന്ന് നിയമം ലംഘിച്ച് സൂക്ഷിച്ചു, തൊട്ട് ഭീകരപ്രവർത്തനംവരെ. ഒരിക്കൽ ഒരു ദലിത് സ്ത്രീയെ പീഡിപ്പിച്ചുവെന്നും കേസ് എടുത്തു. ഒരു മാലമോഷണക്കേസിലും പ്രതിയാക്കി. നോക്കിപ്പേടിപ്പിച്ചെന്നായിരുന്നു ഒരു കേസ്. പക്ഷേ കോടതിയിൽ എല്ലാം പൊളിഞ്ഞു. കുറുവച്ചൻ കോട്ടയം രാമപുരത്ത് വച്ച് തോക്കുചൂണ്ടിയെന്ന പൊലീസ് ഒരു കള്ളക്കേസ് എടുത്തിരുന്നു. ഇതിലെ പ്രതി കോടതിയിൽ വെച്ച് താൻ കുറവച്ചനെ അറിയില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് പറയുകയും ചെയ്തു. ഇതോടെ കോടതി പൊലീസിനെ നന്നായി കൊട്ടി. അപ്പോഴും പൊലീസിന് വാശിയും വൈരാഗ്യവും കൂടിയായിരുന്നു. ജീപ്പുമായി റോഡിലിറങ്ങിയാൽ അപ്പം പാലാ പൊലീസ് പൊക്കുമെന്ന അവസ്ഥയായി.

ഒരിക്കൽ കുറുവച്ചൻ കോട്ടയം റെയിൽവേസ്റ്റേഷനടുത്ത് തന്റെ അംബാസിഡർ കാർ പാർക്ക് ചെയ്ത് തിരുവനന്തപുരത്തിന് പോയി. തിരിച്ചുവന്നപ്പോൾ വണ്ടി കാണാനില്ല. പൊലീസ് അത് മോഷ്ടിച്ച കാറാണെന്ന് കള്ളക്കേസുണ്ടാക്കി. അങ്ങനെയല്ലെന്ന് കുറുവച്ചൻ രേഖകൾ കാണിച്ചപ്പോൾ എഞ്ചിൻ മോഷ്ടിച്ചതാണെന്നായി കള്ളക്കേസ്. പതിവുപോലെ കോടതിയിൽ പോയാണ് കുറുവച്ചൻ കാർ തിരിച്ചുപടിച്ചത്.

ബിസിനസ് തകർത്ത് പാപ്പരാക്കാനുള്ള നീക്കവും ഇക്കാലത്ത് ഉണ്ടായി. അദ്ദേഹത്തിന്റെ തൃശൂർ മണ്ണുത്തിയിലെ മയൂര എന്ന ബാറിൽ ഗുണ്ടകളെ വിട്ട് അടിയുണ്ടാക്കിപ്പിക്കും. പക്ഷേ പൊലീസ് വന്ന് അക്രമികളെയല്ല കസ്റ്റഡിയിലെടുക്കുക. അവർ കുറവച്ചനെയും സ്റ്റാഫിനെയുമാണ് കൊണ്ടുപോവുക. ഒരിക്കൽ നികുതി കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് ബാർ പൂട്ടിച്ചു. അവിടെയും കോടതിയിൽ പോയി കുറുവച്ചൻ സ്റ്റേവാങ്ങി. പിന്നീട് ഒരു ബന്ധുവിന്റെ വിവാഹപാർട്ടിയിൽ 9 കുപ്പി മദ്യം സൂക്ഷിച്ചുവെന്നും പറഞ്ഞ് കേസ് എടുത്തു.

ഒടുവിൽ കഞ്ചാവ് കേസിൽ പൂട്ടാനും പൊലീസ് പദ്ധതിയിട്ടിരുന്നു. ഒരു ചാക്ക് കഞ്ചാവ് കുറുവച്ചന്റെ വീട്ടിൽ കൊണ്ടു വന്ന് സൂക്ഷിച്ച ശേഷം പിടികൂടാനായിരുന്നു തീരുമാനം. നാർക്കോട്ടിക്ക് കേസായതുകൊണ്ട് കുറേക്കാലം അകത്തിടാമല്ലോ. പക്ഷേ പൊലീസിലെ തന്നെ നല്ലവരായ ചിലർ നേരത്തെ ഈ വിവരം കുറുവച്ചന് ചോർത്തിക്കൊടുത്തു. അതുകൊണ്ട് വീട് പൂട്ടി കുറുവച്ചൻ മുങ്ങിയതിനാൽ അറസ്റ്റ് നടന്നില്ല. ലൈസൻസുള്ള തോക്കിന് ഉടമായ, ആജാനബാഹുവായ കുറുവച്ചനെ നേരിട്ട് തല്ലാൻ പൊലീസിന് പേടിയായിരുന്നു. കുറുവച്ചന്റെ മേൽ കൈവെച്ചിട്ട് ആ നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു. നാട്ടുകാർ അദ്ദേഹത്തിന്റെ കുടെയായിരുന്നു. അങ്ങനെയാണ് ചില ഗുണ്ടകളെ വാടകക്ക് എടുത്തത്. ഒരിക്കൽ പെയിന്റ് വാങ്ങാൻ അങ്ങാടിയിൽ എത്തിയ അദ്ദേഹത്തിന്റെ തല രണ്ട് ഗുണ്ടകൾ അടിച്ചുപൊട്ടിച്ചു. പക്ഷേ കേസ് ഉണ്ടായത് കുറുവച്ചന് എതിരെയും!

ഒടുവിൽ ഇ കെ നായനാരും ജയറാം പടിക്കലും ഇടപെട്ടതോടെയാണ് കുറവച്ചന് എതിരായ കേസുകൾക്ക് അറുതിയായത്. കുറവച്ചനാവട്ടെ അന്ന് ഡിജിപിയായിരുന്ന ജോസഫ് തോമസിനെ വീട്ടിൽ വിളിച്ചുവരുത്തി മാപ്പുപറയിപ്പിക്കയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തു. വീട്ടിൽ ഇന്നും ഒന്നാന്തരം തോക്ക് സൂക്ഷിക്കുന്ന ആളാണ് കുറവച്ചൻ. ആഡംബര വാഹന പ്രിയനും. ഈ സിനിമാ വിവാദങ്ങൾക്കിടയും അദ്ദേഹം തോക്കുമായി നിൽക്കുന്ന പടം നവ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ലാലും സുരേഷ് ഗോപിയും കൊതിച്ച കഥ

ഇതുപോലെ ഒരു മനുഷ്യന്റെ കഥയുടെ സാധ്യത ആദ്യം തിരിച്ചറിയുന്നത് തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ആണ്. 2001ൽ വ്യാഘ്രം എന്ന പേരിൽ കുറുവച്ചന്റെ ജീവിതം സിനിമയാക്കാനാണ് ഷാജി കൈലാസും രഞ്ജി പണിക്കറും പാലായിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തുന്നത്. രഞ്ജി പണിക്കർക്ക് കുറുവച്ചനെ നേരത്തെ അറിയാമായിരുന്നു. മോഹൻലാൽ ആയിരുന്നു അന്ന് അവരുടെ മനസ്സിൽ. പക്ഷേ എന്തുകൊണ്ടോ ആ പ്രൊജക്റ്റ് നടന്നില്ല. 'രഞ്ജിപ്പണിക്കർക്കാണ് സിനിമക്കായി ഞാൻ വാക്കുകൊടുത്തത്. അദ്ദേഹത്തിന്റെ ഡയലോഗിന് ഒരു പ്രത്യേക ശക്തിയുണ്ട്'- കുറുവാച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനുശേഷമാണ് കടുവയുടെയും സുരേഷ് ഗോപി നായകൻ ആവുന്ന ഒറ്റക്കൊമ്പന്റെയും വാർത്തകൾ പുറത്തുവരുന്നത്. പക്ഷേ ഇവർ രണ്ടുപേരും കുറുവച്ചനോട് നേരിട്ട് കണ്ട് പ്രതിഫലം നൽകി കഥയുടെ റൈറ്റ് വാങ്ങിയിട്ടില്ല.

നേരത്തെ വ്യാഘ്രം പ്രൊജക്റ്റിന്റെ സമയത്ത്, കഥയുടെ പ്രതിഫലമായി ഒരു കോടി രുപയാണ് കുറുവച്ചൻ ചോദിച്ചത് എന്നും വാർത്തകൾ വന്നിരുന്നു. ഒന്നും വെറുതെ കൊടുക്കാൻ ആവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ അത് ഷാജികൈലാസും കൂട്ടരും ചർച്ചയിൽ അമ്പതുലക്ഷമാക്കി കുറച്ചിരുന്നു. അന്ന് രഞ്ജിപ്പണിക്കർക്കും, ഷാജികൈലാസിനും ഒപ്പം കുറുവച്ചന്റെ പാലായിലെ വീട്ടിൽ എത്തിയ മൂന്നാമനാണ് ഇപ്പോൾ കടുവയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം എന്നാണ് കുറവച്ചൻ പറയുന്നത്. അന്ന് അയാൾ വീട്ടിൽ കയറാതെ പ്രദേശത്തൊക്കെ ചുറ്റിയടിച്ച് നടക്കുകയായിരുന്നെന്നാണ് കുറുവച്ചൻ പിന്നീട് പറഞ്ഞത്. ഇയാൾ കുറുവച്ചനെകുറിച്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞും, ഹിന്ദുവിൽ അദ്ദേഹത്തെക്കുറിച്ച് വന്ന വിശദമായ ലേഖനവും നോക്കിയാണത്രേ കടുവ എഴുതിയത്.

കടുവയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒറ്റക്കൊമ്പൻ അനൗൺസ് ചെയ്യുന്നത്. പക്ഷേ ആ സിനിമ കോടതി സ്റ്റേ ചെയ്തു. ഇതിന് 'കടുവ'യുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് അതിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി.

ഒറ്റക്കൊമ്പന്റെ തിരക്കഥാകൃത്തായ തന്റെ അസിസ്റ്റന്റ് ഇത് കോപ്പിയടിക്കയാണെന്നാണ് ജിനു ആരോപിക്കുന്നത്. സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമായിരുന്നു ഇത്. സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഇഷ്ടമാണെന്നും, പൃഥ്വീരാജിന്റെ പ്രായം തന്റെ കഥാപാത്രത്തോട് യോജിക്കാൻ സാധ്യതയില്ലെന്നും നേരത്തെ കുറുവച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുരേഷ് ഗോപിയാവട്ടെ തന്റെ 250ാമത്തെ ചിത്രമായി ഇതുതന്നെ മതി എന്ന നിലപാടിലാണ്. അത് കുറുവച്ചനായി ഒഴിച്ചിട്ടിരിക്കയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി എത്ര സിനിമയിൽ അഭിനയിച്ചാലും 251, 252 എന്ന ഗണത്തിലേ കണക്കാക്കുവെന്നാണ് അദ്ദേഹം പറയുന്നത്.

അങ്ങനെയാണ് പൃഥ്വീരാജ് ചിത്രം ചിത്രീകരണം തുടങ്ങിയത്. പക്ഷേ തന്റെ കഥ തന്റെ സമ്മതമല്ലാതെ ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് കുറുവച്ചൻ സ്റ്റേ വാങ്ങി. എന്നാൽ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകൻ സാങ്കൽപിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ പേരു മാറ്റി 'കടുവ' എന്ന പേരിൽ ചിത്രീകരണം ആരംഭിക്കാൻ കോടതിയിൽനിന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അനുമതി നേടി.

അങ്ങനെ കുറുവച്ചൻ കുര്യച്ചനാവുന്നു

എന്നാൽ ചിത്രം റിലീസിന് അടുത്തതോടെ കുറവച്ചൻ വീണ്ടും കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ പല രംഗങ്ങളും തനിക്ക് അപകീർത്തികരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസിൽ ഇടപെടാൻ കോടതി സെൻസർ ബോർഡിനോടു നിർദ്ദേശിച്ചു. കുറുവച്ചനെ തിരക്കഥ വായിച്ചു കേൾപ്പിച്ചതിനു ശേഷം മാത്രമേ ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകാൻ കഴിയൂ എന്നായിരുന്നു സെൻസർ ബോർഡിന്റെ തീരുമാനം. തിരക്കഥ വായിച്ചു കേട്ട കുറുവച്ചൻ കഥാപാത്രത്തിന്റെ പേരു മാറ്റണമെന്നും ചിത്രത്തിലെ ചില സീനുകൾ തനിക്ക് അപകീർത്തി ഉണ്ടാക്കുമെന്നുമാണ് മറുപടി നൽകിയത്. ഇതേത്തുടർന്നാണ് കേന്ദ്രകഥാപാത്രത്തിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം സെൻസർ ബോർഡ് നൽകിയത്. ഇപ്പോൾ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുര്യച്ചൻ എന്നു മാറ്റി ചിത്രം റിലീസ് ചെയ്യാനാണ് കടുവയുടെ അണിയറപ്രവർക്കാർ തയ്യാറെടുക്കുന്നതെന്ന് കുറുവച്ചനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ, കടുവ എന്ന സിനിമ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും സിനിമയിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നുണ്ട്. സിനിമയിൽ നിന്ന് ഒരു രംഗം പോലും ഒഴിവാക്കിയിട്ടില്ലെന്നും സെൻസർ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറഞ്ഞു.

'സെൻസർ ബോർഡിന്റെ ഭാഗത്തുനിന്ന് വളരെ തുറന്നൊരു സമീപനമാണ് ഉണ്ടായത്. അഞ്ചു പേരടങ്ങുന്ന ഒരു സമിതി സിനിമ കണ്ടശേഷം ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പരാമർശവുമില്ല എന്നാണു കണ്ടെത്തിയത്. കുറുവച്ചൻ എന്ന ധ്വനി വരാത്ത രീതിയിൽ പേരിൽ മാറ്റം വരുത്തി സിനിമ റിലീസ് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് ഒരു സീൻ പോലും ഒഴിവാക്കുകയോ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.'- ജിനു എബ്രഹാം ചൂണ്ടിക്കാട്ടി. അങ്ങനെ പുലിവാലുകൾ ഒന്നൊന്നായി ഊരി ഒടുവിൽ കടുവ പ്രദശനത്തിന് എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP