Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

രണ്ടു വർഷം മുൻപ് സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ച് ടൈലിട്ടു: തൊഴിലുറപ്പ് പദ്ധതിയിൽ 4.25 ലക്ഷം അടിച്ചു മാറ്റാനുള്ള നീക്കം പൊളിഞ്ഞു: ഇപ്പോൾ ബിൽ പഞ്ചായത്ത് കമ്മറ്റിയിൽ: എതിർത്ത് സിപിഎം വാർഡ് അംഗവും; കടമ്പനാട് പഞ്ചായത്തിൽ അഴിമതി ചർച്ച

രണ്ടു വർഷം മുൻപ് സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ച് ടൈലിട്ടു: തൊഴിലുറപ്പ് പദ്ധതിയിൽ 4.25 ലക്ഷം അടിച്ചു മാറ്റാനുള്ള നീക്കം പൊളിഞ്ഞു: ഇപ്പോൾ ബിൽ പഞ്ചായത്ത് കമ്മറ്റിയിൽ: എതിർത്ത് സിപിഎം വാർഡ് അംഗവും; കടമ്പനാട് പഞ്ചായത്തിൽ അഴിമതി ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കോടികളുടെ തട്ടിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരള ജനത. കോടികൾ ഒന്നും വരില്ലെങ്കിലും സിപിഎം ജില്ലാ കമ്മറ്റി നേരിട്ട് ഇടപെട്ട് നടത്തുന്ന ഒരു വലിയ അഴിമതിയുടെ കഥ ഇപ്പോൾ പുറത്തു വരികയാണ് പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയായ കടമ്പനാട് പഞ്ചായത്തിൽ നിന്ന്.

പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനമില്ലാതെ, വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം കിട്ടാതെ സർക്കാർ സ്‌കൂളിന്റെ മുറ്റം കൈയേറി ബാഡ്മിന്റൺ കോർട്ട് പണിത് വിട്രിഫൈഡ് ടൈലിട്ടു. പണിയുടെ ബിൽ തുകയായ 4.25 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിലുടെ മാറിയെടുക്കാൻ ശ്രമിച്ചു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ട അന്വേഷണം വിദ്യഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വച്ച് തന്നെ അട്ടിമറിച്ച് എല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞ് ക്ലോസ് ചെയ്ത് റിപ്പോർട്ട് നൽകി.

രണ്ടു വർഷം മുൻപ് നടന്ന പണിയുടെ ബിൽ വീണ്ടും പഞ്ചായത്ത് കമ്മറ്റിയിൽ കൊണ്ടു വന്നിരിക്കുകയാണ്. ബാഡ്മിന്റൺ കോർട്ട് പുനക്രമീകരണം എന്ന പേരിൽ നേരത്തേ മാറാൻ സാധിക്കാതെ പോയ 4.25 ലക്ഷം രൂപയുടെ ബിൽ കൂടി ചേർത്ത് 8.50 ലക്ഷം മാറിക്കൊടുക്കാനാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഭരണ സമിതി തീരുമാനം പാസാക്കിയപ്പോൾ അതിനെതിരേ വിയോജനക്കുറിപ്പെഴുതിയ വാർഡിലെ സിപിഎം അംഗത്തിന്റെ നിലപാട് അഴിമതിയുടെ ആഴം വെളിവാക്കുന്നതാണ്.

കടമ്പനാട് പഞ്ചായത്ത് 12-ാം വാർഡിൽ പാണ്ടിമലപ്പുറം ഗവ. വെൽഫയർ എൽപിഎസിന്റെ മുറ്റത്താണ് വിവാദ ബാഡ്മിന്റൺ കോർട്ട് പണി. 2019 ൽ അന്നത്തെ വാർഡ് അംഗമായിരുന്ന അനൂപാണ് ഇവിടെ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചത്. ഇയാളുടെ അമ്മാവനായിരുന്നു കരാറുകാരൻ. പഞ്ചായത്ത് കമ്മറ്റിയിൽ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. സർക്കാർ സ്‌കൂൾ ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമായിരുന്നു. ഈ വിവരം സ്‌കൂൾ പ്രഥമാധ്യാപിക ചോദ്യം ചെയ്തപ്പോൾ, താൻ വാർഡ് മെമ്പർ ആണെന്നും തനിക്കിഷ്ടമുള്ളതു ചെയ്യുമെന്നുമായിരുന്നു അനൂപിന്റെ മറുപടിയത്രേ.

ബാഡ്മിന്റൺ കോർട്ട് പണിത് വിട്രിഫൈഡ് ടൈൽ ഇടുക എന്ന തുഗ്ളക് പരിഷ്‌കാരം തിരിച്ചടിച്ചുവെന്ന കാര്യം പ്രത്യേകം പറയണ്ടല്ലോ. നനഞ്ഞു കിടക്കുന്ന കോർട്ടിൽ ചുമ്മാതെ നടക്കാൻ ശ്രമിച്ചവർ പോലും തെന്നിയടിച്ചു വീണു. എൽപി സ്‌കൂളിന് എന്തിനാണ് ബാഡ്മിന്റൺ കോർട്ട് എന്ന് ചോദിച്ചവരോട് അന്നത്തെ വാർഡ് മെമ്പറും സിപിഎമ്മുകാരനുമായ അനൂപ് നേരത്തേ പ്രഥമാധ്യാപികയോട് പറഞ്ഞ അതേ മറുപടി പറഞ്ഞു. സ്ഥലത്തെ പ്രധാന ദിവ്യന്മാർക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിന് വേണ്ടിയായിരുന്നു കോർട്ട് നിർമ്മിച്ചത്. ഇതിനായി സ്‌കൂളിന്റെ പ്രവേശന കവാടത്തോട് ചേർന്ന് കിളിവാതിലും നിർമ്മിച്ചു.

പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുക്കാതെ, എം ബുക്ക് ഓപ്പൺ ചെയ്യാതെ, എസ്റ്റിമേറ്റ് തയാറാക്കാതെ, ടെണ്ടർ വിളിക്കാതെ കരാറുകാരനായ സ്വന്തം അമ്മാവന് 4.25 ലക്ഷം രൂപയുടെ വർക്ക് വാർഡ് മെമ്പർ അനൂപ് നൽകുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോർട്ട് നിർമ്മിച്ചുവെന്ന് വരുത്തി പണം മാറിയെടുക്കാനായിരുന്നു ശ്രമം. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ മസ്റ്റർ റോൾ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, പണം തട്ടിയെടുക്കാനുള്ള നീക്കം മനസിലാക്കി തൊഴിലാളികൾ എതിർത്തതോടെ ആ പണി പാളി. സർക്കാർ സ്‌കൂൾ കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചതിനെതിരേ പിടിഎ കമ്മറ്റിയും അംഗങ്ങളും പരാതി നൽകുകയും ചെയ്തു. പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും സിപിഎമ്മായതിനാൽ തുടരന്വേഷണമൊന്നും നടന്നില്ല.

പുതിയ പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ വർഷം ഒടുവിൽ നിലവിൽ വന്നതിന് പിന്നാലെയാണ് ബാഡ്മിന്റൺ കോർട്ട് നിർമ്മാണത്തിന്റെ ബിൽ മാറാനുള്ള നീക്കം വീണ്ടും സജീവമായത്. കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയുടെ കാലത്ത് ഒരു രേഖയുമില്ലാതെ, കമ്മറ്റി തീരുമാനമില്ലാതെ വാർഡ് മെമ്പർ സ്വന്തം നിലയിൽ ചെയ്ത പണിക്ക് ഇപ്പോൾ ബിൽ മാറി നൽകാനുള്ള നീക്കത്തിന് നേതൃത്വം കൊടുത്തത് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ്. അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജാണ് അദ്ദേഹത്തെ ഈ ഊരാക്കുടുക്കിൽ ചാടിച്ചതെന്ന് പറയുന്നു. രണ്ടു വർഷം മുൻപ് 4.25 ലക്ഷം മുടക്കിയ കോർട്ടിന് ഇപ്പോൾ പുനക്രമീകരണമെന്ന ഓമനപ്പേരിട്ട് നിർമ്മാണ ചെലവായി 8.50 ലക്ഷം നൽകാനാണ് നീക്കം. 4.25 ലക്ഷം ആദ്യ കരാറുകാരന് നൽകിയ ശേഷം ബാക്കി വരുന്ന തുക പോക്കറ്റിലാക്കാനുള്ള ചിലരുടെ നീക്കമാണ് നടക്കുന്നത്.

ഈ പദ്ധതി പാസാക്കുന്നതിന് വേണ്ടി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചു പറഞ്ഞ കാര്യമാണ്. അതിനാൽ ബിൽ പാസാക്കി വിടണമെന്നും അറിയിച്ചു. ഇതനുസരിച്ച് കഴിഞ്ഞ 27 ന് നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽഅജണ്ടയിൽ 29-ാമത്തെ വിഷയമായി ബാഡ്മിന്റൺ കോർട്ട് കൊണ്ടു വന്നു. എന്നാൽ, ഭരണ പക്ഷത്തെ ഞെട്ടിച്ചു കൊണ്ട് സ്‌കൂൾ സ്ഥിതി ചെയ്യുന്ന 12-ാം വാർഡിലെ ഇപ്പോഴത്തെ അംഗവും സിപിഎമ്മുകാരിയുമായ സിന്ധു ദിലീപ് നിലപാടെടുത്തു. ഈ പഞ്ചായത്ത് കമ്മറ്റിയുടെ കാലത്ത് ഇങ്ങനെ ഒരു വർക്ക് നടന്നിട്ടില്ലെന്നും ഇങ്ങനെ ഒരു വർക്ക് നടത്താൻ തീരുമാനിച്ചിട്ടുള്ളതായി തനിക്ക് അറിവില്ലെന്നും സിന്ധു യോഗത്തിൽ പറഞ്ഞു. അനധികൃതമായി നടന്ന വർക്ക് കാരണം സ്‌കൂളിന്റെ ഭൗതിക സാഹചര്യം നഷ്ടപ്പെടുത്തിയെന്ന് കാട്ടി പ്രദേശവാസി അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു അജണ്ട ചർച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും തനിക്ക് താൽപര്യമില്ലെന്നും സിന്ധു വിയോജന കുറിപ്പെഴുതി സെക്രട്ടറിക്ക് നൽകി.

17 അംഗ പഞ്ചായത്ത് കമ്മറ്റിയിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. സിന്ധുവിന് പിന്നാലെ കോൺഗ്രസുകാരും വിയോജനക്കുറിപ്പ് നൽകി. ഇതോടെ സിപിഎം അംഗം ലിന്റോ അജണ്ട അംഗീകരിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടു. 11 പേർ കൈ പൊക്കി. എതിർക്കുന്നവർ കൈ പൊക്കട്ടെ എന്ന പ്രതിപക്ഷ ആവശ്യത്തിൽ അഞ്ചു യുഡിഎഫ് അംഗങ്ങക്കൊപ്പം സിപിഎമ്മിലെ വാർഡ് മെമ്പർ സിന്ധുവും നില കൊണ്ടു. പഞ്ചായത്തീരാജ് ചട്ടം മറികടന്നാണ് ഈ വിഷയത്തിൽ വോട്ടെടുപ്പ് നടന്നത്. അജണ്ട അംഗീകരിക്കുന്നവർ കൈ പൊക്കാൻ പറയേണ്ടത് പ്രതിപക്ഷമായിരുന്നു. ഇവിടെ അജണ്ട പാസാക്കാനുള്ള ആവേശം മൂത്ത് സിപിഎം അംഗം ലിജോ ചാടിക്കയറി കൈ പൊക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുനക്രമീകരണം എന്ന പേരിൽ ഒരു പണിയും നടത്താതെ പണം മാറിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഒരു ബാഡ്മിന്റൺ കോർട്ടിന് 8.50 ലക്ഷം രൂപയോ? ഒളിമ്പിക്സിന് പോലും ഇത്രയും തുക മുടക്കി കോർട്ട് നിർമ്മിച്ചു കാണില്ലല്ലോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതു സംബന്ധിച്ച്, അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ മകനായ തുവയൂർ സൗത്ത് പ്ലാപ്പള്ളിൽ വീട്ടിൽ ആർ. രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തര അന്വേഷണം നടത്താനാവശ്യപ്പെട്ട് പരാതി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഡിപിഐ നിർദ്ദേശം നൽകി. മെയ്‌ 22 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കിട്ടിയത്. അന്നു തന്നെ ഡയറക്ടർ ജനറൽ എഡ്യൂക്കേഷന് പരാതി കൈമാറി. ജൂൺ 15 ന് പരാതി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറി. ജൂലൈ 19 ന് അടൂർ എഇ ഓഫീസിൽ എത്തിയ പരാതി 20 ന് ക്ലോസ് ചെയ്തുവെന്ന് കാട്ടി ഡിഡിഇക്ക് നൽകുകയും ചെയ്തു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പരാതി വച്ചു താമസിപ്പിക്കുകയും ഒടുവിൽ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരേ നിയമയുദ്ധം തുടരാൻ തന്നെയാണ് രാജേഷിന്റെ തീരുമാനം. വിജിലൻസിനെയും ഓംബുഡ്സ്മാനെയും രാജേഷ് സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP