Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റബ്‌കോ സർക്കാരിലേക്ക് പണം തിരിച്ച് അടയ്ക്കാൻ കരാറിൽ ഒപ്പിട്ടെന്ന വാദം സ്വയം വിഴുങ്ങി മന്ത്രി കടകംപള്ളി; ധാരണപത്രം തയ്യാറായില്ലെന്നും എല്ലാ നിയമ വകുപ്പിന്റെ പരിഗണനയിലെന്നും മന്ത്രിയുടെ വിശദികരണം; സിപിഎം സഹകരണ പ്രസ്ഥാനത്തിന്റെ 238 കോടിയുടെ വായ്പ കുടിശ്ശിക സർക്കാർ ഖജനാവിന് ബാധ്യതയാകുമെന്ന് ഉറപ്പ്; കിട്ടിയ പണം തിരികെ അടയ്ക്കുമെന്നും ഉടൻ ധാരണയെന്നും റബ്‌കോയുടെ മറുപടി

റബ്‌കോ സർക്കാരിലേക്ക് പണം തിരിച്ച് അടയ്ക്കാൻ കരാറിൽ ഒപ്പിട്ടെന്ന വാദം സ്വയം വിഴുങ്ങി മന്ത്രി കടകംപള്ളി; ധാരണപത്രം തയ്യാറായില്ലെന്നും എല്ലാ നിയമ വകുപ്പിന്റെ പരിഗണനയിലെന്നും മന്ത്രിയുടെ വിശദികരണം; സിപിഎം സഹകരണ പ്രസ്ഥാനത്തിന്റെ 238 കോടിയുടെ വായ്പ കുടിശ്ശിക സർക്കാർ ഖജനാവിന് ബാധ്യതയാകുമെന്ന് ഉറപ്പ്; കിട്ടിയ പണം തിരികെ അടയ്ക്കുമെന്നും ഉടൻ ധാരണയെന്നും റബ്‌കോയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റബ്‌കോ അടക്കം മൂന്ന് കമ്പനികളെ സഹായിച്ച വകയിലെ പണം സംബന്ധിച്ച് മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റബ്‌കോ ഉൾപ്പടെയുള്ള കമ്പനികളുടെ വായ്പാകുടിശ്ശിക അടച്ച് തീർക്കേണ്ട വ്യവസ്ഥകൾഉൾപ്പടെ ഒപ്പിട്ടെന്നാണ് മുൻപ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഏജൻസികൾ പണം നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ഇപ്പോൾ മന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്നത്.ബാങ്കുകളിലെ ബാധ്യത സർക്കാർ അടച്ചുതീർത്തെന്നും സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം നിയമവകുപ്പിന്റെ പരിഗണനയിലാണെന്നുമാണ് മന്ത്രി പറയുന്നത്.

കരാർ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. നിയമവകുപ്പിന്റെ അനുമതിയനുസരിച്ചാണ് കരാറിൽ അന്തിമതീരുമാനമാകുകയെന്നും മന്ത്രി നിലപാട് മാറ്റി പറയുന്നു. സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്. കേരള ബാങ്ക് രൂപീകരിക്കുന്നതിന് ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വൻ കിട്ടാക്കടമായിരുന്നു. റബ്‌കോ, റബ്ബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ മൂന്നു സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുമായി വായ്പ കുടിശിക ഉണ്ടായിരുന്നു. ഈ തുകയാണ് സർക്കാർ അടച്ചുതീർത്തത്.

വിവിധ തലങ്ങളിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റബ്‌കോയുടെ കടം അടച്ചുതീർക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നാണ് മന്ത്രി പറഞ്ഞത്. റബ്‌കോ, വായ്പത്തുക കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സർക്കാരിന് നൽകണം. വായ്പാത്തുക സർക്കാരിൽ അടക്കേണ്ടതു സംബന്ധിച്ച കാര്യങ്ങൾ റബ്‌കോയടക്കമുള്ള സ്ഥാപനങ്ങളുമായുള്ള കരാറിൽ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും ഇത് സർക്കാർ സമ്മതിച്ചിരുന്നില്ല. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സവും വൻ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്‌കോയ്ക്ക്. പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്‌കോയുടെ 238 കോടിയും റബ്ബർമാർക്കിന്റെ 41 കോടിയും മാർക്കറ്റ് ഫെഡിന്റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു.

മാർച്ചിൽ പണം നൽകിയ നടപടിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സാധൂകരണം നൽകി. 12 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന നിർദ്ദേശം റബ്‌കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്‌കോ ചെയർമാൻ എൻ ചന്ദ്രന്റെ വിശദീകരണം.

കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബ്ബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്. വിവിധ സംഘങ്ങൾ ചേർന്നുള്ള ഈ രണ്ട് ഫെഡറേഷനുകൾക്കൊപ്പം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്‌കോയെ കൂടി ചേർത്ത് മൊത്തം കടം ഏറ്റെടുത്തതിലാണ് സർക്കാരിന്റെ അതിബുദ്ധി. റബ്‌കോയും റബ്ബർ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനമായും അത് അവർക്ക് വേണ്ടിയുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാൻ മാത്രമാണ്.

സഹകരണ സ്ഥാപനമായ റബ്‌കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം വീട്ടുന്നതിനായി വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. ഈ വായ്പ ഇപ്പോൾ എഴുതി തള്ളിയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തത്. അഞ്ച് സഹകരണ ബാങ്കുകളുടെ കൺസോർഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി ബാങ്കായ റബ്‌കോയ്ക് നൽകിയത്. ഒരു പൈസ പോലും പലിശയിനത്തിൽ തിരിച്ചടിച്ചില്ല. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. അതിനിടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്.

സഹകരണ ഓഡിറ്റർ നടത്തിയ പരിശോധനയിലും റബ്‌കോയിൽ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തിൽ അതിന്റെ തലപ്പത്തിരിക്കുന്ന സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയിൽ ഉണ്ടായ വൻ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാലും തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന വാദം സർക്കാർ തള്ളിക്കളയുന്നുമുണ്ട്. കഴിഞ്ഞ വർഷമാണ് പണം അനുവദിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ അത് വായ്പയായിരുന്നുവെന്നും ആ വായ്പ ഇപ്പോൾ സർക്കാർ എഴുതി തള്ളിയെന്നുമാണ് പ്രതിപക്ഷ നിലപാട്. ഇതോടെ എ വേലപ്പൻ നായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി ഹൈക്കോടതിയിൽ ഒരു ലക്ഷത്തിന് നിയമിച്ചതിന് പിന്നാലെ പുതിയ ആരോപണവും സർക്കാരിനെ തിരിഞ്ഞു കുത്തുകയാണ്.

രൂപീകരണത്തിന് ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്‌കോ. 1996ലെ നായനാർ സർക്കാരിന്റെ കാലത്ത് റബർ വിലയിടിവ് പ്രധാന പ്രശ്നമായപ്പോൾ, സഹകരണമന്ത്രി ഇടപെട്ടത്, റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യാഥാർഥ്യമാക്കാനും കർഷകരിൽനിന്ന് കൂടുതൽ വില നൽകി റബർ സംഭരിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കാനുമാണ്. റബ്ബർ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം. ആ ഇടപെടലിന്റെ സൃഷ്ടിയാണ് റബ്കോ എന്ന ബൃഹദ്സ്ഥാപനം. അന്ന് പിണറായി വിജയൻ എന്ന സഹകരണമന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നേട്ടമായി സിപിഎം റബ്കോയെ ഉയർത്തിക്കാട്ടി. ഇത്തരത്തിലൊരു സിപിഎം സഹകരണ സംഘത്തിനാണ് സർക്കാർ 238 കോടി അനുവദിച്ചതും. ഇത് പാർട്ടിക്കാരുടെ ധൂർത്തിന് കുട പിടിക്കലാണെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP