Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രയാർ വർഗ്ഗീയവാദിയെന്ന് കടകംപള്ളി; സ്ത്രീപ്രവേശനത്തിൽ ദേവസം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി; ആചാരത്തിൽ തൊട്ടുകളിവേണ്ടെന്ന് കുമ്മനം; വേണ്ടത് സമവായമെന്ന് ചെന്നിത്തല; പമ്പയിലെ മുഖ്യമന്ത്രി-പ്രയാർ ഏറ്റുമുട്ടൽ വിവാദം കൊഴുക്കുന്നു

പ്രയാർ വർഗ്ഗീയവാദിയെന്ന് കടകംപള്ളി; സ്ത്രീപ്രവേശനത്തിൽ ദേവസം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി; ആചാരത്തിൽ തൊട്ടുകളിവേണ്ടെന്ന് കുമ്മനം; വേണ്ടത് സമവായമെന്ന് ചെന്നിത്തല; പമ്പയിലെ മുഖ്യമന്ത്രി-പ്രയാർ ഏറ്റുമുട്ടൽ വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസം ബോർഡും സർക്കാരും തമ്മിലുള്ള പോരിന് പുതിയ മാനം. ശബരിമലയുടെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രയാർ കാണിച്ചത് മര്യാദകെട്ട സമീപനമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ദേവസ്വംമന്ത്രി സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതോടെ സർക്കാരും ദേവസം ബോർഡും തമ്മിലെ ഭിന്നതയ്ക്ക് പുതിയ രൂപവും വന്നു.

കഴിഞ്ഞ ദിവസം ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലക!ൃഷ്ണനും തമ്മിൽ തർക്കമുണ്ടായിരുന്നു. ദർശനത്തിനു പാസ് ഏർപ്പെടുത്തണമെന്നും തിരക്കു കുറയ്ക്കാൻ ക്ഷേത്രം ദിവസവും തുറക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പ്രയാർ തള്ളിയതായിരുന്നു കാരണം. സന്നിധാനത്തിൽ വിഐപി ദർശനം ഒഴിവാക്കണമെന്നും പകരം 'തിരുപ്പതി മോഡൽ' പാസ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം വച്ചു. 500 രൂപയുടെയും 1,000 രൂപയുടെയും അതിവേഗ, സൂപ്പർ ഫാസ്റ്റ് ട്രാക് പാസുകൾ ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ, തുടർന്നു പ്രസംഗിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് ഇതു തള്ളിക്കളഞ്ഞു. ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധാനമാണ് ശബരിമല. അതിനാൽ ദർശനത്തിനു പാസ് ഏർപ്പെടുത്താൻ കഴിയില്ല. അവിടെ നിത്യദർശനം ഏർപ്പെടുത്തണമെന്ന നിർദേശത്തോടു യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗനിദ്രയിലുള്ള പ്രതിഷ്ഠയാണ് ശബരിമലയിലേത്. അതിനാൽ നിത്യദർശനം പറ്റില്ലെന്നു ദേവപ്രശ്‌നത്തിൽ തെളിഞ്ഞിട്ടുണ്ട്. ആചാരത്തിനും അനുഷ്ഠാനത്തിനും വിരുദ്ധമായ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും പ്രയാർ പറഞ്ഞിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെ അനുകൂലിക്കില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതിന് ശേഷം സർക്കാർ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നും പ്രയാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദേവസം മന്ത്രി രൂക്ഷഭാഷയിൽ വിമർശനവുമായെത്തിയത്. എന്നാൽ സ്ത്രീപ്രവേശന വിഷയത്തിൽ ദേവസം ബോർഡിന് അനുകൂലമായ നിലപാടുമായി ബിജെപിയും രംഗത്ത് വന്നു.

പ്രയാർ ഗോപാലകൃഷ്ണൻ കടുത്ത വർഗ്ഗീയവാദിയാണ്. ഒരു വർഗ്ഗീയ വാദിയുടെ മുരൾച്ചയാണ് അവലോകന യോഗത്തിൽ കേട്ടത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുക വഴി മാദ്ധ്യമശ്രദ്ധ ആകർഷിക്കാനാണ് പ്രയാർ ശ്രമിച്ചത്. വികാരമല്ല വിവേകമാണ് ദേവസ്വം പ്രസിഡന്റിനെ നയിക്കേണ്ടത്, ഇരിക്കുന്ന കസേര മറന്നാണ് പ്രയാർ പ്രവർത്തിക്കുന്നത്. കുറ്റബോധം കാരണമാക്കാം രാജി രാജി എന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നത്. എന്നാൽ പ്രയാർഗോപാലകൃഷ്ണന്റെ രാജി സർക്കാർ ആവശ്യപ്പെടില്ല. ആ പദവിയിയിൽ ഇരുന്ന് ഈ കൊള്ളരുത്തായ്മകളും പറഞ്ഞ് കോൺഗ്രസ് പാർട്ടിക്കും അദ്ദേഹത്തിന് തന്നെയും ഒരു മോശം പേരുണ്ടാക്കി അദ്ദേഹം ഇങ്ങനെ കഴിഞ്ഞോട്ടെയെന്നാണ് ഞാൻ കരുതുന്നതുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ ഉപവാസം നടത്തിയ ദേവസ്വം പ്രസിഡന്റിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ശബരിമലയിൽ ദർശനത്തിന് സംഭാവന വാങ്ങാമെന്നത് ഒരു നിർദ്ദേശം മാത്രമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തോട് രാജിവയ്ക്കാൻ പറയേണ്ട കാര്യം എനിക്കില്ല. തുടരാൻ താത്പര്യമില്ലെങ്കിൽ ആ കാര്യം അദേഹം സ്വന്തം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ. അവലോകന യോഗത്തിൽ മുഖ്യമന്ത്രിയും പ്രയാറും ഏറ്റമുട്ടിയിട്ടും ആത്മസംയമനം പാലിച്ചത് മര്യാദയുടെ പേരിലാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ശബരിമലയുടെ കാര്യത്തിൽ സമവായം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ വികാരപരമായി കാണേണ്ട വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ മാറ്റണമെങ്കിൽ അതിനു ചില നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ചർച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷം വേണം ഇക്കാര്യം പരിശോധിക്കാൻ വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ ആരാധനാക്രമത്തിനെ കുറിച്ച് തീരുമാനിക്കേണ്ടത് സിപിഐ(എം) സെക്രട്ടറിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനവും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP