Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഴ്‌സികുട്ടി അമ്മയുടെ ശുപാർശ കേൾക്കാതെ പ്രോസിക്യൂഷൻ ഒഴിവാക്കി പിണറായിയുടെ കരുതൽ; മൂന്ന് ലക്ഷമായി ശമ്പളം ഉയർത്തണമെന്ന കത്ത് കിട്ടിയപ്പോൾ അതിനും അംഗീകാരം; തോട്ടണ്ടി അഴിമതി കേസിലെ വില്ലന് ഇത് നേട്ടങ്ങളുടെ കാലം; ഖാദി ബോർഡ് എംഡിയുടെ ശമ്പളം ഇരട്ടിയാക്കലിൽ നിറയുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യമോ?

മേഴ്‌സികുട്ടി അമ്മയുടെ ശുപാർശ കേൾക്കാതെ പ്രോസിക്യൂഷൻ ഒഴിവാക്കി പിണറായിയുടെ കരുതൽ; മൂന്ന് ലക്ഷമായി ശമ്പളം ഉയർത്തണമെന്ന കത്ത് കിട്ടിയപ്പോൾ അതിനും അംഗീകാരം; തോട്ടണ്ടി അഴിമതി കേസിലെ വില്ലന് ഇത് നേട്ടങ്ങളുടെ കാലം; ഖാദി ബോർഡ് എംഡിയുടെ ശമ്പളം ഇരട്ടിയാക്കലിൽ നിറയുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോർപറേഷൻ മുൻ എംഡിയുമായ കെ.എ.രതീഷിന് അഴിമതിക്കേസിലെ പ്രോസിക്യൂഷൻ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയിൽനിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേർത്താൽ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തിൽ വരും. കേരളത്തിൽ ഇങ്ങനെ ശമ്പളം കൂട്ടുന്നത് അത്യപൂർവ്വമാണ്. നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയാണ് രതീഷ്. ഖാദി ബോർഡിലെ രതീഷിന്റെ നിയമനവും വിവാദങ്ങളുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് തീരുമാനത്തിൽ നിഴലിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

2005ലാണ് രതീഷ് കശുവണ്ടി കോർപറേഷൻ എംഡിയാകുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പത്ത് വർഷത്തോളം ഈ സ്ഥാനത്തിരുന്ന രതീഷ് 500 കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ എൽഡിഎഫ് സർക്കാരിന്റെ അനുമതി തേടിയെങ്കിലും സർക്കാർ നൽകിയില്ല. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലിൽ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിയമോപദേശം തേടുകയും പ്രോസിക്യൂഷന് അനുമതി കൊടുക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. അതിന് ശേഷമാണ് ഖാദി ബോർഡ് സെക്രട്ടറി എന്ന നിലയിൽ ശമ്പളം മൂന്ന് ലക്ഷമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രതീഷ് സർക്കാരിന് കത്തുകൊടുത്തത്. അത് ഇരട്ടിയിലധികമാക്കി വർധിപ്പിക്കാൻ സർക്കാർ തയ്യാറായി. ഖാദി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രിയുടെ കൂടി അനുമതിയോടെയാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്.

തോട്ടണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയായിരുന്നു. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. കശുവണ്ടി വികസന കോർപറേഷൻ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന കേസ് വിജിലൻസ് എഴുതിത്ത്തള്ളിയിടത്താണ് സിബിഐ വൻക്രമക്കേട് കണ്ടെത്തിയത്. ഈ അന്വേഷണമാണ് സിപിഎം സർക്കാർ അട്ടിമറിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാൻ 2015ൽ സിബിഐയെ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. കശുവണ്ടി കോർപറേഷൻ മുൻ എംഡി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കുന്നു. അഴിമതി കേസിലെ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കിയതിന് പിന്നാലെയാണ് ശമ്പളം കൂട്ടുന്നത്. 80,000ൽ നിന്ന് 1,70,000 ആയാണ് ശമ്പളം വർധിപ്പിക്കുന്നത്. ഒപ്പം മറ്റ് അലവൻസുകളും ലഭിക്കും. ഇതോടെ രണ്ട് ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ഒരു മാസം ലഭിക്കും.

തോണ്ടട്ടി അഴിമതിയിൽ അന്ന് കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, എംഡിയായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടിട്ടാണ് സിബിഐ കത്ത് നൽകിയത്. 2005 മുതൽ 2015 വരെ രണ്ടു സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടർന്നു എന്നതുകൊണ്ട് തന്നെ രതീഷിന്റെ സ്വാധീനം വ്യക്തമാണ്. എംഡി സ്ഥാനത്ത് ഈ രീതിയിൽ തുടർന്നത് തന്നെ റെക്കോർഡായിരുന്നു്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തും രതീഷ് ഈ പോസ്റ്റിൽ തുടർന്നു. ധനകാര്യവകുപ്പ്, വ്യവസായവകുപ്പ്, വിജിലൻസ്, നിയമസഭാ സമിതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങി എല്ലാ ഏജൻസികളും തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് വ്യകതമാക്കിയതാണ്. ഈ ഏജൻസികൾ എല്ലാം തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് പറഞ്ഞുവെങ്കിലും രതീഷിന്റെ സ്ഥാനചലനത്തിനു ഇളക്കം സംഭവിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയിൽ കടകംപള്ളി മനോജ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം നടത്താം എന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ഇടപാടാണ്. അതിനാൽ സിബിഐ വരട്ടെ. എന്നാണ് ഹൈക്കോടതി പറഞ്ഞത്. കോട്ടയം ആസ്ഥാനമായ ജെഎംജെ എന്ന കമ്പനിയാണ് കശുവണ്ടി വികസന കോർപറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഈ കമ്പനി ബിനാമി കമ്പനിയാണെന്നും ഇതിനു പിന്നിൽ രതീഷ് ആണെന്നും അന്നു തന്നെ ആരോപണം ഉയർന്നിരുന്നതുമാണ്.

അഴിമതിക്കാരെ ഒരു പോസ്റ്റിലും നിയമിക്കില്ലെന്ന ഇടതുമുന്നണി തീരുമാനം കാറ്റിൽപ്പറത്തിയാണ് അഴിമതിക്കാരനായ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചത്. സിബിഐ അന്വേഷണം വന്നപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആണെങ്കിൽ തുടരുന്ന നിലയിലും. കോർപറേഷൻ-ബോർഡ് എംഡിമാർക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. വിജിലൻസ് കേസ് ഒഴിവാക്കിയപ്പോൾ വിജിലൻസ് ക്ലിയറൻസിന് രതീഷിന്റെ മുന്നിൽ തടസം വന്നില്ല. ഇതോടെയാണ് കോർപറേഷൻ-ബോർഡ് എംഡിയായി നിയമിക്കപ്പെടാൻ രതീഷിന്റെ മുന്നിലുള്ള തടസം മാറുന്നത്. ഇങ്ങനെയാണ് ഇൻകെൽ എംഡിയും ഇപ്പോൾ ഖാദിബോർഡ് സെക്രട്ടറിയുമായി മാറാൻ കെ.രതീഷിനു കഴിഞ്ഞത്. കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് അഴിമതിയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ കൺസ്യൂമർ ഫെഡ് എംഡിയായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും അഴിമതി പ്രതിച്ഛായയുടെ പേരിൽ നിയമനം ഒഴിവാക്കുകയായിരുന്നു. ഇതിന്നിടയിൽ വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്റെ സിഇഒയാക്കി സർക്കാർ നിയമിച്ചിരുന്നു. പിന്നീടാണ് ഇൻകലിന്റെ എംഡിയാക്കി മാറ്റിയത്.

ഇൻകെൽ എംഡിയായി നിയമിച്ചെങ്കിലും കിഫ്ബി സിഇഒ കെ.എം.എബ്രാഹാമിന്റെ എതിർപ്പിനെ തുടർന്ന് ഇൻകെൽ എംഡി നിയമനത്തിൽ നിന്നും സർക്കാർ ഒഴിവാക്കുകയായിരുന്നു. കോടികളുടെ കശുവണ്ടി അഴിമതി പൊതുദൃഷ്ടിയിൽ എത്തിച്ച കടകംപള്ളി മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്ന് ഫിനാൻസ് സെക്രട്ടറിയായ കെ.എം.എബ്രഹാമാണ് രതീഷിനെതിരെ റിപ്പോർട്ട് നൽകിയത്. നടന്നത് കോടികളുടെ അഴിമതിയാണ് ഇത് അന്വേഷിക്കേണ്ടതുണ്ട് എന്നാണ് കെ.എം.എബ്രഹാം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഇൻകെൽ എംഡി എന്ന പോസ്റ്റ് തെറിച്ചത്. സിബിഐ അന്വേഷണം നടക്കുമ്പോൾ രതീഷിനെ രഹസ്യമായി ഇൻകെലിന്റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. മന്ത്രിസഭ പോലും അറിയാതെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രതീഷിനെ മാറ്റി കെ. വേണുഗോപാലിനെ എംഡിയായി നിയമിച്ചത്. ഇതിനു ശേഷമാണ് സിബിഐ അന്വേഷണം മറച്ചുവെച്ച് ഖാദി ബോർഡ് സെക്രട്ടറിയായി നിയമനം നൽകിയത്.

തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതി നടന്നു എന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് അഴിമതി ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോൾ കെ.എ.രതീഷിനെതിരെ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടി കത്ത് നൽകിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്.

വിവാദമായ തോട്ടണ്ടി അഴിമതിയുടെ കഥ ഇങ്ങനെ:

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് എംഡിയായിരുന്ന കാലത്ത് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്തത്. ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതിയാണ് കശുവണ്ടി കോർപറേഷൻ നടത്തിയത്. കോട്ടയം ആസ്ഥാനമായ ജെഎംജെ കമ്പനിയാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. കമ്പനി ഉടമയായ ജെയ്മോൻ ജോസഫാണ് സിബിഐ കുറ്റപത്രത്തിലെ ഒരു പ്രതി. കമ്പോള വിലയേക്കാൾ ഉയർന്ന വില നൽകിയാണ് ഇവിടെനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തത്.

ഒരു വർഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്യുന്നത്. പ്രോസസ് ചെയ്ത് ഇത് വില്പന നടത്തുമ്പോൾ തന്നെ ഇരട്ടി വിലയാകും. വാങ്ങിയതിലും വില്പന നടത്തിയതിലുമെല്ലാം അഴിമതി നടന്നു. അഴിമതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ നിരവധി ഏജൻസികളുടെ അന്വേഷണം നടന്നു. എല്ലാ അന്വേഷണത്തിലും അഴിമതി തെളിഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ മനോജ് ഹർജി നൽകിയത്. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണം വരുകയും ചെയ്തു. ഇതിനെ സമർത്ഥമായി പിണറായി അട്ടിമറിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP