Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസ് പരീക്ഷാ ഇന്റർവ്യൂ ബോർഡിൽ ഉള്ളത് ആറ് ബോർഡുകൾ; ബോർഡിലെ അംഗങ്ങളെ നിശ്ചയിക്കുന്നത് നറുക്കെടുപ്പിലൂടെ; ഓരോ ബോർഡിന്റെയും തലവൻ ഒരു യുപിഎസ്‌സി അംഗം; ഉദ്യോഗാർഥി ഏതു ബോർഡിനു മുന്നിലാണ് എത്തേണ്ടതെന്ന് അറിയുന്നത് അഭിമുഖ ദിവസം മാത്രം; എഴുത്തു പരീക്ഷയിൽ മാർക്ക് കുറഞ്ഞവർ അഭിമുഖ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടുന്നതും ആദ്യ സംഭവമല്ല; മാർക്ക് ദാന വിവാദത്തിൽ കടുങ്ങിയതിന്റെ ജാള്യത മറയ്ക്കാൻ കെ ടി ജലീൽ ചെന്നിത്തലയുടെ മകനെതിരെ ഉന്നയിക്കുന്നത് പച്ചക്കള്ളങ്ങൾ

സിവിൽ സർവീസ് പരീക്ഷാ ഇന്റർവ്യൂ ബോർഡിൽ ഉള്ളത് ആറ് ബോർഡുകൾ; ബോർഡിലെ അംഗങ്ങളെ നിശ്ചയിക്കുന്നത് നറുക്കെടുപ്പിലൂടെ; ഓരോ ബോർഡിന്റെയും തലവൻ ഒരു യുപിഎസ്‌സി അംഗം; ഉദ്യോഗാർഥി ഏതു ബോർഡിനു മുന്നിലാണ് എത്തേണ്ടതെന്ന് അറിയുന്നത് അഭിമുഖ ദിവസം മാത്രം; എഴുത്തു പരീക്ഷയിൽ മാർക്ക് കുറഞ്ഞവർ അഭിമുഖ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടുന്നതും ആദ്യ സംഭവമല്ല; മാർക്ക് ദാന വിവാദത്തിൽ കടുങ്ങിയതിന്റെ ജാള്യത മറയ്ക്കാൻ കെ ടി ജലീൽ ചെന്നിത്തലയുടെ മകനെതിരെ ഉന്നയിക്കുന്നത് പച്ചക്കള്ളങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം ജി സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ സ്വന്തം ജാള്യത മറയ്ക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാവ് രമിത് ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തവന്നത്. രമിത്തിന് സിവിൽ സർവീസ് കിട്ടാൻ വേണ്ടി ചെന്നിത്തല അഭിമുഖ പരീക്ഷയിൽ സ്വാധീനം ചെലുത്തി എന്നതായിരുന്നു മന്ത്രി ഉയർത്തിയ ആരോപണം. ഇതിനായി ഡൽഹിയിൽ പോയെന്നും മന്ത്രി ആക്ഷേപം ഉന്നയിച്ചു. അതേസമയം കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനപരമായി നിലനിൽക്കുന്നതല്ലെന്നാണ് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. പരീക്ഷയിൽ കുറച്ചു മാർക്കു വാങ്ങിയവർ അഭിമുഖ പരീക്ഷയിൽ മികച്ച മാർക്കു നേടുന്ന സംഭവങ്ങൾ നിരവധിയുണ്ട്. മാത്രമല്ല, ആരാലും സ്വാധീനിക്കാൻ സാധിക്കാത്ത വിധത്തിലാണ് യുപിഎസ് സി അഭിമുഖം ക്രമീകരിച്ചിരിക്കുന്നതും.

സിവിൽ സർവീസസ് പരീക്ഷാ ഇന്റർവ്യൂ സ്വാധീനിക്കാൻ കഴിയാത്ത വിധം കർശനമാണെന്ന് അനുഭവസ്ഥരായ ഉദ്യോഗാർഥികൾതന്നെ വ്യക്തമാാക്കുന്നു. അഭിമുഖം എന്നല്ല, വ്യക്തിത്വ പരിശോധന എന്നാണു യുപിഎസ്‌സി പറയുന്നത്. ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടു കൊണ്ടാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആറ് ഇന്റർവ്യൂ ബോർഡുകളാണ് സിവിൽ സർവീസ് പരീക്ഷക്കായി ഉണ്ടായിരിക്കുന്നത്. ബോർഡിലെ അംഗങ്ങളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ഓരോ ബോർഡിന്റെയും തലവൻ ഒരു യുപിഎസ്‌സി അംഗമായിരിക്കും. മനഃശാസ്ത്ര വിദഗ്ദ്ധർ, അക്കാദമിക് വിദഗ്ദ്ധർ, പ്രമുഖ സാമൂഹിക പ്രവർത്തകർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങിയവരായിരിക്കും മറ്റു ബോർഡ് അംഗങ്ങൾ. അതുകൊണ്ട് തന്നെ അഭിമുഖത്തിനായി എത്തുമ്പോൾ ബോർഡിൽ ആരൊക്കെയുണ്ട് എന്ന കാര്യം അറിയുക ഉദ്യോഗാർത്ഥിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

ഉദ്യോഗാർഥി ഏതു ബോർഡിനു മുന്നിലാണ് എത്തേണ്ടതെന്ന് അഭിമുഖ ദിവസം രാവിലെ മാത്രം നറുക്കിട്ടു തീരുമാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ക്രമക്കേടിനുള്ള സാധ്യത കുറവാണ് താനും. ഒരു ദിവസം നടത്തുന്ന അഭിമുഖത്തിനും നിയന്ത്രണങ്ങളുണ്ട്. ദിവസം 12 അഭിമുഖങ്ങൾ മാത്രമാണ് നടക്കുക. ഉച്ചവരെ ആറും അതിനുശേഷം ആറും അഭിമുഖങ്ങളാണ് നടക്കുന്നത്. ഒരു ഉദ്യോഗാർഥിയുടെ അഭിമുഖം ശരാശരി അര മണിക്കൂർ എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചിലരുടേത് കൂടുതൽ സമയമെടുക്കും. ഉദ്യോഗാർഥിക്ക് എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്ക് ഉൾപ്പെട്ട വിശദ അപേക്ഷാ ഫോം (ഡാഫ്) ബോർഡ് അധ്യക്ഷന്റെ പക്കലേ ഉണ്ടാകൂ. മറ്റ് അംഗങ്ങൾക്ക് മാർക്ക് അറിയാനാവില്ല.

ഇന്റർവ്യൂവിന് ഓരോ ബോർഡും മാർക്കിട്ട ശേഷം അവ ക്രമപ്പെടുത്താറുണ്ട്. വിവിധ ബോർഡുകളുടെ മാർക്കുകളുടെ തോത് ഒരുപോലെയാക്കാനാണിത്. ഓരോ ദിവസത്തെയും മാർക്കുകൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. ക്രമക്കേടു തടയാനും ആശയക്കുഴപ്പം ഒഴിവാക്കാനുമാണിത്. അതേസമയം എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് അഭിമുഖത്തിൽ കൂടുതൽ മാർക്ക് കിട്ടുന്നതിലും അസ്വാഭാവികതയില്ല. ഈ വർഷവും ഫലം വന്നപ്പോൾ ഇന്റർവ്യൂവിൽ ഒന്നാമതെത്തിയതു മലയാളിയാണ്. 275ൽ 206 മാർക്കാണ് ഇവർക്കു ലഭിച്ചത്. എഴുത്തുപരീക്ഷയിലെ മാർക്ക് കൂടി ചേർക്കുമ്പോഴുള്ള റാങ്ക് ആകട്ടെ 301 ആയിരുന്നു. രമിത്ത് മൂന്നാം ശ്രമത്തിലാണു സിവിൽ സർവീസസ് പരീക്ഷയുടെ മൂന്നു ഘട്ടങ്ങളും ജയിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി ജയിച്ചില്ല; രണ്ടാം തവണ മെയിൻ ജയിച്ചില്ല. മൂന്നാം തവണ രണ്ടു പരീക്ഷയും വ്യക്തിത്വ പരിശോധനയും ജയിച്ചു.

രമിത് മാത്രമല്ല, 2012 സിവിൽ സർവീസ് പരീക്ഷയിൽ എഴുത്ത് പരീക്ഷയ്ക്ക് ഒന്നാമത് എത്തിയ ഹരിത വി കുമാറിന് അഭിരുചി പരീക്ഷയിൽ ലഭിച്ച മാർക്ക് 180 മാർക്കാണ്. എന്നാൽ അതേ ലിസ്റ്റിൽ എഴുത്ത് പരീക്ഷയിൽ ഹരിതയേക്കാൾ പിന്നിലായിരുന്ന അനുപമയ്ക്ക് അഭിരുചി പരീക്ഷയ്ക്ക് ലഭിച്ചത് 245 മാർക്ക്. എഴുത്ത് പരീക്ഷയിലെ ഒന്നാമത് എത്തിയ ഹരിതയേക്കാൾ അനുപമയ്ക്ക് അഭിമുഖത്തിൽ കൂടുതൽ കിട്ടിയ മാർക്ക് 65. ഇങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞവർഷം എഴുത്ത് പരീക്ഷയിൽ ഒന്നാമതെത്തിയ കനിഷ്‌ക് കട്ടാരിയയെക്കാൾ അഭിരുചി പരീക്ഷയിൽ 27 മാർക്ക് കൂടുതൽ നേടിയത് ആര്യാ ആർ. നായർ ആയിരുന്നു. 2017 സിവിൽ സർവീസ് എക്സാമിൽ എഴുത്ത് പരീക്ഷയിൽ ഒന്നാമത് എത്തിയ അനുദീപ് ദുരിഷെട്ടിക്ക് അഭിരുചി പരീക്ഷയിൽ 176 മാർക്ക് നേടിയപ്പോൾ രമിത് ചെന്നിത്തല നേടിയത് 206. വ്യത്യാസം 30 മാർക്ക്.

ഇതെല്ലാമാണ് കാര്യമെന്നിരിക്കേയാണ് ചെന്നിത്തലയുടെ മകനെതരെ കെ ടി ജലീൽ പച്ചക്കള്ളം നിരത്തി രംഗത്തുവരുന്നത്. 2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോൺഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പിഎസ് സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാൽ മതിയോ എന്നും യുപിഎസ് സിയുടെ വിശ്വാസത്യതയും കാത്തുസൂക്ഷിക്കേണ്ടെ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള മന്ത്രിയുടെ ചോദ്യം.

അതേസമയം സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു. മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയത്. അദ്ദേഹം എന്തു വിഡ്ഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു. ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തന്നെ നേരിടാൻ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. ആരോപണങ്ങൾ അബദ്ധജടിലമാണ്. മോഡറേഷൻ നിർത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു. ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP