Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വരാനിരിക്കുന്നത് വലിയ ബഹുജനപ്രക്ഷോഭം; മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബിജെപി സമരം; ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ; എല്ലാ മന്ത്രിമാരുടേയും കോലവും യുവമോർച്ച പ്രവർത്തകർ; ലോംഗ് മാർച്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപനം

അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വരാനിരിക്കുന്നത് വലിയ ബഹുജനപ്രക്ഷോഭം; മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബിജെപി സമരം; ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ; എല്ലാ മന്ത്രിമാരുടേയും കോലവും യുവമോർച്ച പ്രവർത്തകർ; ലോംഗ് മാർച്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപനം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്യുന്ന സ്വർണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബിജെപി പ്രവർത്തകരെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തിന് സമരം ശക്തമാക്കി മറുപടി നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബിജെപി,യുവമോർച്ച, പ്രവർത്തകർക്കു നേരെ പൊലീസിനെയും ഡിവൈഎഫ്‌ഐ ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാമെന്നാണ് പിണറായി കരുതുന്നത്.

മട്ടന്നൂരിൽ ജയരാജന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുവമോർച്ചാ പ്രവർത്തകരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഡിവൈഎഫ്‌ഐക്കാർ അക്രമിച്ചത്. തിരുവനന്തപുരത്ത് യുവമോർച്ചയുടെ വനിതാപ്രവർത്തകരെ ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ചു. പാലക്കാടും ഒരു പ്രകോപനവുമില്ലാതെയാണ് യുവമോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയത്.

ഏകാധിപത്യ ഭരണകൂടങ്ങളെ പോലും നാണിപ്പിക്കുന്ന പൊലീസ് അതിക്രമത്തെ സുരേന്ദ്രൻ അപലപിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന് അപമാനമായ കെ.ടി ജലീൽ രാജിവെക്കാൻ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്ത മഹിളാമോർച്ചാ പ്രവർത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്. ജനാധിപത്യരീതിയിൽ സമരം ചെയ്ത കൊല്ലത്തെ യുവമോർച്ചാ നേതാക്കളുടെ വീടുകളിൽ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയിൽ പാർട്ടിപ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം.

ജനങ്ങളിൽ നിന്നും ഒളിച്ചോടുകയും മാധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബിജെപി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോർച്ചയുടെ ലോംഗ് മാർച്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപനം

യുവമോർച്ച നടത്തിവന്ന ലോംഗ് മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. ഒ.രാജഗോപാൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കാത്തതുമൂലം ഓണനാളിൽ ആത്മഹത്യ ചെയ്ത പാറശ്ശാല കാരക്കോണത്തെ അനുവിന്റെ വീട്ടിൽ നിന്ന് അനുവിന്റെ അമ്മ കൊളുത്തി നൽകിയ ദീപശിഖയും കൊണ്ടാണ് യുവമോർച്ചയുടെ ലോംഗ് മാർച്ച് ഞായറാഴ്ച ആരംഭിച്ചത്.

അപ്രഖ്യാപിത നിയമനനിരോധനം അവസാനിപ്പിക്കുക, പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് കാര്യക്ഷമമായി നിയമനങ്ങൾ നടത്തുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, അനുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് ആരംഭിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീറായിരുന്നു അനുവിന്റെ വീട്ടിൽ നിന്നാരംഭിച്ച മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ചിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടിയാണ് നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തത്.

ഇന്ന് രാവിലെ പത്തുമണിയോടെ കരമന കിള്ളിപ്പാലത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ ഒ.രാജഗോപാൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അടിസ്ഥാന പ്രശ്നം തൊഴിലില്ലായ്മയാണെന്ന് ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു. എന്നാൽ അത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നില്ല. കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയിലെ എല്ലാ മന്ത്രിമാരുടേയും കോലവും യുവമോർച്ച പ്രവർത്തകർ കത്തിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.എൽ.അജേഷ്, ജെ.ആർ. അനുരാജ്, ബി.ജി.വിഷ്ണു, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ ജില്ലാ അധ്യക്ഷൻ ആർ.സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ ഭാരവാഹികളായ അഭിജിത്ത്, ഉണ്ണിക്കണ്ണൻ നന്ദ്, രാമേശ്വരംഹരി, ആശാനാഥ്, അനൂപ്, കവിതാസുഭാഷ്, അനന്ദു തുടങ്ങിയവർ ലോംഗ് മാർച്ചിന് നേത്യത്വം നൽകി.

ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കരമന അജിത്ത് തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP