Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സുരേന്ദ്രന്റെ ജയിൽ മാറ്റത്തിന് അനുമതി നൽകി റാന്നി മജിസ്‌ട്രേറ്റ് കോടതി; അപേക്ഷ പ്രകാരം മാറ്റുക പൂജപ്പുര സെൻട്രൽ ജയിലിലേക്ക്; ആരോഗ്യ സ്ഥിതി പരിഗണിച്ചുള്ള നടപടി; സന്നിധാനം ആക്രമണ കേസിൽ ജാമ്യം നേടിയാലും കോഴിക്കോട്ടെ രണ്ട് പ്രൊഡക്ഷൻ വാറണ്ടിലും അനുകൂല വിധി വന്നാൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ; ആസൂത്രിത നീക്കങ്ങളാൽ ജയിലിൽ തളയ്ക്കാൻ ശ്രമിക്കുമ്പോഴും അണികൾക്ക് കൂടുതൽ പ്രിയങ്കരനായി ബിജെപി നേതാവ്

കെ സുരേന്ദ്രന്റെ ജയിൽ മാറ്റത്തിന് അനുമതി നൽകി റാന്നി മജിസ്‌ട്രേറ്റ് കോടതി; അപേക്ഷ പ്രകാരം മാറ്റുക പൂജപ്പുര സെൻട്രൽ ജയിലിലേക്ക്; ആരോഗ്യ സ്ഥിതി പരിഗണിച്ചുള്ള നടപടി; സന്നിധാനം ആക്രമണ കേസിൽ ജാമ്യം നേടിയാലും കോഴിക്കോട്ടെ രണ്ട് പ്രൊഡക്ഷൻ വാറണ്ടിലും അനുകൂല വിധി വന്നാൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ; ആസൂത്രിത നീക്കങ്ങളാൽ ജയിലിൽ തളയ്ക്കാൻ ശ്രമിക്കുമ്പോഴും അണികൾക്ക് കൂടുതൽ പ്രിയങ്കരനായി ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയിൽമാറ്റത്തിന് അനുമതി. സന്നിധാനം ആക്രമണ കേസ് പരിഗണിക്കുന്ന റാന്നി ജുഡീഷ്യൽ മജീസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജയിൽ മാറ്റാൻ അനുമതി ലഭിച്ചത്. കൊട്ടാരക്കര ജയിലിൽ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് സുരേന്ദ്രനെ മാറ്റുക. നേരത്തെ കൊട്ടാരക്കര സെൻട്രൽ ജയിലിൽ അസൗകര്യങ്ങളുണ്ടെന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്.

അതിനിടെ അഡ്വ. രാംകുമാർ വഴി നൽകിയ ജാമ്യാപേക്ഷ റാന്നികോടതി പരിഗമിച്ചില്ല. കണ്ണൂരിലെ കേസിൽ നിന്നും ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് സന്നിധാനം ആക്രമണ കേസ് വെല്ലുവിൡയാണ്. ഈ കേസിൽ നിന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചാലും അടുത്ത ഘട്ടത്തിൽ സുരേന്ദ്രനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. കോഴിക്കോടുള്ള രണ്ടു കേസുകളിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ടുള്ള ഇടപെടൽ കൊണ്ടാണ് സുരേന്ദ്രനെതിരായ കേസ് ഇപ്പോൾ പൊടിതട്ടി എടുത്തതെന്നാണ് ബജെപി നേതാക്കളുടെ ആരോപണം.

അതേസമയം അധികാര കേന്ദ്രങ്ങൾ സുരേന്ദ്രനെ വലിഞ്ഞു മുറുകുമ്പോഴും 30 ന് സുരേന്ദ്രനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കണം. 359/2013 ആയി കോഴിക്കോട് ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട ലോങ് പെൻഡിങ് കേസാണ് ഒന്ന്. അത് സിസി 598/18 ആയി വാറണ്ട് ആയിട്ടുണ്ട്. അതായത് സുരേന്ദ്രനെ പൂട്ടാൻ വേണ്ടി വീണ്ടും കുത്തിപ്പൊക്കിയതാണ് എന്ന് വ്യക്തം. മറ്റൊന്ന് കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത 767/16 കേസ് ക്രൈം നമ്പർ 123/16 ആയി ലോങ് പെൻഡിങ് വാറണ്ട് ആയിട്ടുണ്ട്. ഈ രണ്ടു കേസുകളിലും കോഴിക്കോട് കോടതിയിൽ 30 ന് സുരേന്ദ്രനെ ഹാജരാക്കാനാണ് നിർദ്ദേശം.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ കേസിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. സുരേന്ദ്രൻ പുറത്തിറങ്ങുന്നതിന് തടസമായി അവശേഷിച്ചത് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസായിരുന്നു. അതിനുള്ള ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ ഇത് വാദം കേൾക്കും. അഡ്വ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരാകുന്നത്. പരിഗണിക്കുന്ന ദിവസം തന്നെ ഈ കേസിൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വീണ്ടും സുരേന്ദ്രനെ പൂട്ടാൻ വേണ്ടിയാണ് പഴയ കേസുകൾ ഓരോന്നായി പൊടി തട്ടിയെടുക്കുന്നത്.

അതേസമയം കെ സുരേന്ദ്രനെ അഴിക്കുള്ളിലാക്കാൻ ശ്രമങ്ങൾ ശക്തമായി നടന്നുകൊണ്ടിരിക്കവേ അണികൾക്കിടയിൽ സുരേന്ദ്രന് അനുകൂലമായ വികാരം ശക്തമായിട്ടുണ്ട്. ബിജെപി പാർട്ടി തീരുമാനപ്രകാരം കൈക്കൊണ്ട സമരത്തിൽ സുരേന്ദ്രനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് അണികളുടെ പരാതി. എന്തായാലും ഈ ജയിൽവാസം സുരേന്ദ്രന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഇല്ലാത്ത കേസുകൾ പോലും അദ്ദേഹത്തിന്റെ തലയിൽ കെട്ടിലവെക്കാൻ ശ്രമം ഉണ്ടായിരുന്നു. ഇത് സിപിഎമ്മിന്റെ കണ്ണിലെ കരടായതു കൊണ്ട ്തന്നെയായിരുന്നു.

ഒരു പാട് മടിച്ചു നിന്ന ശേഷമാണ് ശബരിമല സമരത്തിന്റെ മുൻനിരയിലേക്ക് സുരേന്ദ്രൻ എത്തിയത്. തുലമാസ പൂജ സമയത്ത് സമരം നയിക്കാൻ ആളില്ലാതെ വന്നപ്പോൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സുരേന്ദ്രൻ പക്ഷക്കാരാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഈ അവസരം വിനിയോഗിച്ചാൽ ശ്രദ്ധിക്കപ്പെടാമെന്ന് അറിയിച്ചതും അവർ തന്നെയാണ്. അങ്ങനെയാണ് അവരുടെ നിർബന്ധത്തിന് വഴങ്ങി സുരേന്ദ്രൻ നിലയ്ക്കലിലെ ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തലിൽ എത്തിയത്. അന്നു തന്നെയാണ് പൊലീസും സമരക്കാരുമായി ലാത്തിച്ചാർജും നടന്നത്. ഇതിന് പിന്നാലെ സുരേന്ദ്രൻ മല കയറി. പിന്നീട് അവിടെ നടന്ന സമരമെല്ലാം നയിച്ചത് സുരേന്ദ്രനായിരുന്നു. തുലാമാസ പൂജ സമയത്ത് ആചാരലംഘനം നടക്കാതെ സഹായിച്ചതിന് തന്ത്രി സുരേന്ദ്രനോട് നന്ദി അറിയിക്കുകയും ചെയ്തു. ആദ്യ വരവ് ആകസ്മികമായിരുന്നുവെങ്കിൽ രണ്ടാം വരവ് കരുതി കൂട്ടി തന്നെയായിരുന്നു.

അന്ന് സുരേന്ദ്രനെ പമ്പയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുത്തിരുന്നു. വിവരം പൊലീസ് വൃത്തങ്ങളിൽ നിന്നു ചോർന്നു കിട്ടിയ സുരേന്ദ്രനും വിവി രാജേഷും കാട്ടിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് സന്നിധാനത്ത് എത്തുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രന്റെ ഇമേജ് വർധിച്ചത്. മലമുകളിൽ സുരേന്ദ്രൻ നേതാവാകുന്നത് കണ്ട ബിജെപിയിലെ മറുവിഭാഗം ഇതോടെ ബേജാറായി. അങ്ങനെയാണ് വൽസൻ തില്ലങ്കരി സന്നിധാനത്ത് എത്തി സൂപ്പർ ഡിജിപിയായത്. നിലയ്ക്കലിൽ വച്ച് സുരേന്ദ്രൻ അറസ്റ്റിലായതോടെയാണ് മറ്റു നേതാക്കൾക്ക് ആശ്വാസമായത്. എന്നാൽ, ഇല്ലാത്ത കേസുകൾ വരെ തലയിൽ കെട്ടിവച്ചതോടെ സുരേന്ദ്രന് സഹതാപവും കിട്ടിത്തുടങ്ങി. ഇതിനിടെയാണ് സുരേന്ദ്രനെ ബിജെപി തിരിഞ്ഞു നോക്കുന്നില്ല എന്ന് മറുനാടൻ വാർത്ത നൽകിയത്.

ഇതോടെ ബിജെപി നേതൃത്വം സട കുടഞ്ഞ് എണീറ്റു. സമരം പ്രഖ്യാപിച്ചു. ഇന്നലെ ശ്രീധരൻ പിള്ള സുരേന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയുംചെയ്തു. കൊട്ടാരക്കരയിലേക്ക് കണ്ണൂരിലേക്ക് സുരേന്ദ്രനെ ഞായറാഴ്ച കൊണ്ടു പോയപ്പോൾ ദേശീയ പാതയുടെ വശങ്ങളിൽ അഭിവാദ്യം അർപ്പിച്ച് പ്രകടനങ്ങളും നടന്നിരുന്നു. കണ്ണൂർ ജയിലിന് മുന്നിൽ പുഷ്പവൃഷ്ടി തൂകിയാണ് അദ്ദേഹത്തെ വരവേറ്റത്. സുരേന്ദ്രന് ലഭിച്ച ജനസമ്മിതിയതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിരോധനാജ്ഞയിൽ ഇളവു വരുത്താൻ കോടതി ഉത്തരവിട്ടിട്ടും സന്നിധാനത്ത് നാമജപ പ്രതിഷേധത്തിന് അടക്കം വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നടപടിയിലൂടെ സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി സുരേന്ദ്രനെ വേഗം പുറത്തിറക്കാനാണ് ശ്രമം നടക്കുന്നത്. സുരേന്ദ്രൻ എത്തുന്നതോടെ പ്രവർത്തകർക്കും ആത്മവിശ്വാസമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP