Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

കടമെടുത്തുള്ള മുന്നോട്ടു പോക്കിന് താക്കീതായി കേന്ദ്രത്തിന്റെ കത്ത്; പിന്നാലെ ഭാരം മുഴുവൻ ഇന്ധന, മദ്യ സെസായി ജനങ്ങൾക്ക് മുകളിൽ കെട്ടിവെച്ചു ബാലഗോപാൽ; വിലക്കയറ്റം തടയാൻ പതിവ് 2000 കോടി നീക്കി വെക്കുമ്പോൾ തന്നെ മറുവശത്ത് വില കൂട്ടുന്ന വഴികളും; വ്യവസായ ഐടി നിർദേശങ്ങൾ പലതും എങ്ങനെ നടപ്പാക്കുമെന്ന ദിശാബോധം ഇല്ലാത്തത്

കടമെടുത്തുള്ള മുന്നോട്ടു പോക്കിന് താക്കീതായി കേന്ദ്രത്തിന്റെ കത്ത്; പിന്നാലെ ഭാരം മുഴുവൻ ഇന്ധന, മദ്യ സെസായി ജനങ്ങൾക്ക് മുകളിൽ കെട്ടിവെച്ചു ബാലഗോപാൽ; വിലക്കയറ്റം തടയാൻ പതിവ് 2000 കോടി നീക്കി വെക്കുമ്പോൾ തന്നെ മറുവശത്ത് വില കൂട്ടുന്ന വഴികളും; വ്യവസായ ഐടി നിർദേശങ്ങൾ പലതും എങ്ങനെ നടപ്പാക്കുമെന്ന ദിശാബോധം ഇല്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാറെന്ന ചീത്തപ്പേരായിരുന്നു കേരളത്തിന് കുറച്ചുകാലമായി തന്നെ ഉണ്ടായിരുന്നത്. എന്നാൽ കുറച്ചുകാലമായി കേന്ദ്രസർക്കാർ ഈ കടമെടുപ്പിനെതിരെ നിലപാട് സ്വീകരിച്ചു രംഗത്തുവന്നിരുന്നു. കേന്ദ്രം അയയില്ലെന്ന് ബോധ്യമായതോടയാണ് സ്വന്തം നിലയിൽ ധനം സമാഹരിക്കാൻവേണ്ടി സംസ്ഥാന സർക്കാർ തങ്ങൾക്ക് കൂട്ടാൻ കഴിയുന്ന മേഖലയിൽ നികുതി വർധിപ്പിച്ചത്. ഡീസലിനും പെട്രോളിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് കേരള ജനതക്ക് മേൽ ഇരുട്ടടി ആകുകയും ചെയ്തു.

ഈ വർഷം കടമെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്ന തുകയിൽ നിന്ന് ഒറ്റയടിക്ക് 2,700 കോടി രൂപ വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ കത്ത് സർക്കാറിന് ലഭിച്ചിരുന്നു. ഇതോടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും പദ്ധതികൾ താളം തെറ്റുമെന്ന ഘട്ടത്തിൽ തങ്ങൾ നികുതി കൂട്ടിയെന്നാണ് സർക്കാറിന്റെ വാദം. ഈ പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് ഇന്ധന, മദ്യ സെസുകൾ ചുമത്താനുള്ള തീരുമാനം. മറ്റെല്ലാ നികുതികളും വർധിപ്പിച്ചെങ്കിലും ഈ നികുതികളിൽ മാത്രം വർധന വേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്.

കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ ഈ വർഷവും അടുത്ത 2 വർഷങ്ങളിലുമായി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ധനവകുപ്പു കരുതിയിരുന്നത്. എന്നാൽ, പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പു നേരത്തെ ലഭിച്ചിരുന്നു. 7,500 കോടി രൂപയാണ് ഇങ്ങനെ പിടിക്കുന്നത്. ഇതിനു പുറമേയാണ് ഇത്തവണത്തെ വായ്പയിൽ 2,700 രൂപ വെട്ടിക്കുറച്ചതായി വ്യാഴാഴ്ച ധനവകുപ്പിന് അറിയിപ്പു ലഭിച്ചത്.

വരുന്ന 3 മാസത്തെ ചെലവിനായി വെറും 900 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ അവശേഷിക്കുന്നത്. ഇതു വരും മാസങ്ങളിൽ ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന സ്ഥിതിയിലെത്തിക്കുമെന്നാണു ധനവകുപ്പിന്റെ ആശങ്ക. ഡിസംബർ, ജനുവരി മാസത്തെ ക്ഷേമപെൻഷൻ തുക ഇപ്പോൾത്തന്നെ കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

അതേസമയം വിലക്കയറ്റം തടയാൻ വേണ്ടി 2000 കോടി മുടക്കിയ സർക്കാർ വിലകയറാനുള്ള വഴികളാണ് നികുതികളിലൂടെ ഉണ്ടാക്കിയിരിക്കുന്നതും. കഴിഞ്ഞ തവണയും ഇതേ തുക തന്നെയായിരുന്നു നീക്കി വെച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിനുള്ള വിഹിതമാണ് ഇതിൽ മുഖ്യപങ്കും. സപ്ലൈകോ വഴി സബ്‌സിഡി ഇനത്തിൽ 13 സാധനങ്ങൾ സർക്കാർ നൽകി വരുന്നതും മറ്റു ചില സാധനങ്ങൾ വിപണി നിരക്കിനെക്കാൾ കുറവിൽ നൽകുന്നതും ഈ തുക ഉപയോഗിച്ചാണ്. ഉത്സവകാലങ്ങളിൽ സപ്ലൈകോ സംഘടിപ്പിക്കുന്ന ചന്തകൾക്കും ഈ തുകയാണു ചെലവഴിക്കുക. സംസ്ഥാന സർക്കാർ സ്വന്തമായി സബ്‌സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾക്കും ഭക്ഷ്യ പൊതുവിതരണ മേഖലയിലെ ചെലവുകൾക്കും ഇതിൽ നിന്നു തുക കണ്ടെത്തും.

അബ്കാരി കുടിശികയും ക്വാറികൾക്ക് റോയൽറ്റിയും

അതേസമയം ബജറ്റിൽ ചില വിഷയങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അബ്കാരി കുടിശിക 286 കോടി രൂപ പിരിക്കാൻ ആംനെസ്റ്റി സ്‌കീം നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പഴയതാണ്. കഴിഞ്ഞ ഏപ്രിലിൽ എക്‌സൈസ് വകുപ്പിന്റെ മദ്യനയത്തിലും സ്‌കീം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടപടിയായില്ല. 1950 മുതൽ 2002 വരെ അബ്കാരികൾ സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയുടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെയാണ് 286 കോടി രൂപ. കുടിശികക്കാർ പലരും മരിച്ചു. റവന്യു റിക്കവറി നടപടികളിൽ കോടതികളിൽ കേസുമുണ്ട്.

അതിനിടെ പാറ, ചെങ്കൽ ക്വാറികൾക്കുൾപ്പെടെ റോയൽറ്റി പുതുക്കുമെന്ന തീരുമാനവും വരുമാനം ലക്ഷ്യം വച്ചാണ്. പൊതു, സ്വകാര്യ ഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിനായതിനാൽ ഓരോ ധാതുവും ഖനനം ചെയ്യുമ്പോൾ സർക്കാരിനു നൽകേണ്ട വിലയാണ് റോയൽറ്റി. കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് തുടങ്ങിയവ ഉൾപ്പെടുന്ന മൈനർ ധാതുക്കളുടെ റോയൽറ്റി 3 വർഷത്തിലൊരിക്കൽ പരിഷ്‌കരിക്കാമെന്നു വ്യവസ്ഥയുണ്ടെങ്കിലും 2015 ൽ ആണ് അവസാനമായി പുതുക്കിയത്. നിലവിൽ ഒരു ടൺ പാറയ്ക്ക് 24 രൂപ, മണ്ണിന് 20 രൂപ, കളിമണ്ണിന് (ക്ലേ) 40 രൂപ എന്നിങ്ങനെയാണ് റോയൽറ്റി തുക. പരിഷ്‌കരണത്തിലൂടെ നികുതിയിതര വിഭാഗത്തിൽ 600 കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

മൈനർ ധാതുക്കളുടെ എല്ലാ വിഭാഗത്തിലും റോയൽറ്റി പുതുക്കും. ധാതുക്കളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ റോയൽറ്റിയും സിനിയറേജും യോജിപ്പിച്ച് ഒറ്റ നിരക്കാക്കും. സർക്കാർ ഭൂമിയിൽനിന്ന് ഒരു ടൺ പാറഖനനം ചെയ്യുന്നതിനു നൽകേണ്ട സിനിയറേജ് നിലവിൽ 50 രൂപയാണ്. നിലവിൽ സ്വകാര്യ ഭൂമിയിൽ ഖനനം നടത്തുകയാണെങ്കിൽ ഒരു ടൺ പാറയ്ക്ക് റോയൽറ്റി മാത്രമായി 24 രൂപയും സർക്കാർ ഭൂമിയിലാണെങ്കിൽ റോയൽറ്റിയും സിനിയറേജും ചേർത്ത് 74 രൂപയുമാണ് റവന്യു വകുപ്പിനു നൽകേണ്ടത്. അതിന്റെ പലമടങ്ങ് തുകയാണ് ക്വാറി ഉടമകളും കരാറുകാരും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്.

പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി ഗ്രാനൈറ്റ്, ഡയമൻഷനൽ കല്ലുകൾ (ടൈൽസ്, മാർബിൾ തുടങ്ങിയവ) എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും. നിലവിൽ ഒരു ക്യുബിക് മീറ്റർ ഡയമൻഷനൽ കല്ലിന് 6000 രൂപയാണ് സർക്കാരിനു ക്വാറി ഉടമ അടയ്‌ക്കേണ്ടത്. ഇതു കൂട്ടും. നിലവിൽ 5 ടൺ ശേഷിയുള്ള വാഹനത്തിൽ എത്ര ടൺ പാറയോ മണ്ണോ കയറ്റിയാലും 5 ടണിന്റെ റോയൽറ്റിയാണ് ഈടാക്കുക. ഇതിനുപകരം എത്രത്തോളം ചരക്ക് ഉപയോഗിക്കുന്നുവെന്നു കണക്കാക്കി റോയൽറ്റി തീരുമാനിക്കും. അനധികൃത ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയാനുള്ള കർശന നടപടികളുടെ ഭാഗമായി പിഴ നിരക്കുകൾ പരിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപനം.

ഐടി നിർദേശങ്ങൾ പലതും അപ്രായോഗികം

അതിനിടെ ബജറ്റിലെ വ്യവസായ ഐടി നിർദേശങ്ങൾ മിക്കതും മുൻപു പ്രഖ്യാപിച്ചു പാഴായതും നടപ്പാകാൻ സാധ്യതയില്ലാത്തതുമാണെന്ന വിമർശനവും ഉയരുന്നുണ്ട്. വർക്ക് നിയർ ഹോം പദ്ധതിയാണ് ഇതിലൊന്ന്. ഐടിയിൽ ടെക്കികൾക്കു വർക്ക് നിയർ ഹോം പദ്ധതിക്കു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് 50 കോടിയാണ്. ഒന്നും നടന്നില്ല. വർഷങ്ങൾക്കു മുൻപു നടപ്പാക്കുകയും സമ്പൂർണപരാജയം ഏറ്റുവാങ്ങുകയും ചെയ്ത പദ്ധതിയാണിത്. ചെറിയ പട്ടണങ്ങളിൽ ലോഡ്ജുകളിലും മറ്റും ഐടി ഓഫിസ് സൗകര്യവും വൈഫൈയും വൈദ്യുതിയും ഉൾപ്പെടെ പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഏർപ്പെടുത്തി. ചില ഡിടിപി സെന്ററുകളും മറ്റും വന്നതല്ലാതെ ഐടി കമ്പനികളൊന്നും എത്തിയില്ല. ഐടി വകുപ്പിന്റെയും അതതു പഞ്ചായത്തുകളുടെയും ഫണ്ട് പാഴായതു മിച്ചം.

മാത്രമല്ല, വർക്ക് നിയർ ഹോം പദ്ധതിയിലൂടെ മൂന്നു വർഷംകൊണ്ട് ഒരു ലക്ഷംപേർക്കു തൊഴിലും പറയുന്നുണ്ട്. 50 കോടിയും നീക്കിവച്ചു. കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ടെക്‌നോപാർക്കിൽപോലും 70000 പേർക്കു മാത്രമേ ജോലിയുള്ളൂ. ഐടി വ്യവസായം പാർക്കുകളിൽ മാത്രമായി ഒതുങ്ങാതെ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ വി എസ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകളിലും സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് എന്നായിരുന്നു പ്രഖ്യാപനം. ചില പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ഉൾപ്പെടെ ചില സൗകര്യങ്ങൾ ഏർപ്പെടുത്തി കുറെ ഫണ്ട് പാഴാക്കി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല.

അതേസമയം വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പണം വകയിരുത്തിയിട്ടണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്ക് മറ്റൊരു 10 കോടിയും നീക്കിവച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം എങ്ങനെയെന്നു വ്യക്തമല്ല. പൊതു സൗകര്യങ്ങൾ ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കുകയാണോ, ഹോംസ്റ്റേകൾക്കു സബ്‌സിഡിയാണോ എന്നൊന്നും വ്യക്തമല്ല. കണ്ണൂരിൽ ഐടി പാർക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല എന്ന വിമർശനം ഉയരുകയും ചെയ്തു. ഇക്കൊല്ലം പാർക്കിന്റെ നിർമ്മാണം ആരംഭിക്കുമെന്നു പറയുന്നു. വർഷങ്ങൾക്കു മുൻപ് എം.എ.ബേബി മന്ത്രിയായിരുന്ന കാലത്തുകൊല്ലത്ത് ടെക്‌നോപാർക്ക് സ്ഥാപിച്ചിട്ട് പറയാൻ പറ്റുന്ന ഒരു നിക്ഷേപവും വന്നില്ല.

ഗ്രീൻ ഹൈഡ്രജൻ ഹബ് കൊച്ചിയിലും തിരുവനന്തപുരത്തും എന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇന്ത്യയിൽ എത്തിയിട്ടില്ലാത്ത ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഹൈഡ്രജൻ ഇന്ധനത്തിന്റേത്. എങ്ങനെ സാങ്കേതികവിദ്യ ലഭ്യമാകും, പദ്ധതി നടപ്പാകും എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. 20 കോടി മാത്രമേ ബജറ്റിലുള്ളൂ. മേക്ക് ഇൻ കേരള പദ്ധതി 1000 കോടിയുടേതാണ്. വരും വർഷം 100 കോടി നീക്കിവച്ചിട്ടുണ്ട്. സിഡിഎസ് നടത്തിയ പഠന പ്രകാരമാണത്രേ കേരളത്തിൽ ഉപഭോക്തൃ ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള നീക്കം. പക്ഷേ, ഏതൊക്കെ ഉൽപന്നങ്ങൾ? ഇവിടെ നിർമ്മിക്കാൻ 'സാധ്യതയുള്ള' ഉൽപന്നങ്ങൾ കണ്ടെത്തുമെന്നാണു ബജറ്റിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP