Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരൊറ്റ അറസ്റ്റ് കൊണ്ട് പിണറായി സ്വന്തം ശത്രുവിന് നൽകിയത് വീരപരിവേഷം; ലാവലിൻ കേസിലെ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച കെ എം ഷാജഹാന് ചാനൽ ചർച്ചകളിലെത്തിയിട്ടും ലേഖനങ്ങളെഴുതിയിട്ടും കിട്ടാത്ത പബ്ലിസിറ്റി; ഷാജഹാന്റെ മാതാപിതാക്കളുടെ പ്രണയ വിവാഹത്തെക്കുറിച്ചുള്ള പോസ്റ്റും വൈറൽ

ഒരൊറ്റ അറസ്റ്റ് കൊണ്ട് പിണറായി സ്വന്തം ശത്രുവിന് നൽകിയത് വീരപരിവേഷം; ലാവലിൻ കേസിലെ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച കെ എം ഷാജഹാന് ചാനൽ ചർച്ചകളിലെത്തിയിട്ടും ലേഖനങ്ങളെഴുതിയിട്ടും കിട്ടാത്ത പബ്ലിസിറ്റി; ഷാജഹാന്റെ മാതാപിതാക്കളുടെ പ്രണയ വിവാഹത്തെക്കുറിച്ചുള്ള പോസ്റ്റും വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സിപിഐഎം പ്രതിസ്ഥാനത്തു വരുന്ന ഏതു ടെലിവിഷൻ ചർച്ചയിലും എപ്പോഴും കയറിവരാവുന്ന അതിഥിയാണ് കെ എം ഷാജഹാൻ. ഒരു കാലത്ത് സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഷാജഹാൻ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിലെ പൊതു സമൂഹത്തിനു സുപരിചിതരനാകുന്നത്. പിന്നീട് വി എസ് അച്യുതാനന്ദനുമായി അഭിപ്രായ വ്യത്യാസമുണ്ടായി സ്വന്തം വഴി തെരഞ്ഞെടുത്തു. വിഎസിന്റെയോ പിണറായിയുടെയോ തണലില്ലാഞ്ഞിട്ടും താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നുറക്കെപ്പറഞ്ഞു ഷാജഹാൻ പൊതുഇടത്തിൽ ഇടപെട്ടു. പക്ഷേ, ഒന്നൊന്നും ലഭിക്കാത്ത പ്രശസ്തിയാണ് ഇപ്പോൾ ഒരൊറ്റ അറസ്റ്റോടെ ഷാജഹാനു ലഭിച്ചിരിക്കുന്നത്.

സിപിഐഎമ്മിനെ കൊള്ളരുതായ്മകളിൽ ഉള്ളുതുറന്നു വിമർശിച്ചുകൊണ്ടാണു പിന്നെ ഷാജഹാനെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തു കൽപിക്കപ്പെടുന്ന ലാവലിൻ കേസിൽ പിണറായിക്കെതിരേയുള്ള നിയമപ്പോരാട്ടവും ഷാജഹാന്റെ ഇടപെടലുകൾക്കു ബലം കൂട്ടി. വി എസ് ബ്രിഗേഡിൽനിന്നു പുറത്തായെങ്കിലും ഷാജഹാന്റെ ഏറ്റവും വലിയ ശത്രു പിണറായി വിജയൻ തന്നെയാണ്. സിഡിഎസിൽ ഗവേഷണം നടത്തുന്ന കാലത്താണ് ഷാജഹാനിലെ അഗ്‌നി സിപിഐഎം തിരിച്ചറിഞ്ഞത്. ആഗോള വൽകരണത്തിനെതിരായി നടന്ന സമരങ്ങളിൽ ഷാജഹാന്റെ ആശയങ്ങളും വാക്കുകളും പാർട്ടിയുടെ തുറുപ്പുചീട്ടായി.

ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഐഎസ് ഗുലാത്തിക്കു ആക്ടിവിസ്റ്റായ ബുദ്ധിജീവി വേണമെന്ന പാർട്ടി നിലപാടിൽ ഷാജഹാനെ ആ സ്ഥാനത്തേക്ക് ആനയിച്ചവർതന്നെ അദ്ദേഹത്തിന്റെ ശത്രുക്കളായി കാലന്തരത്തിൽ മാറുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്. വി എസ്് അച്യുതാനന്ദന്റെ പ്രതാപ കാലത്ത് അദ്ദേഹത്തെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന വി കെ ശശിധരൻ, എൻ ബാലകൃഷ്ണൻ, എ സുരേഷ് എന്നിവർക്കൊപ്പം ശക്തനായിരുന്നു ഷാജഹാൻ. ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെയും ഷാജഹാന്റെയും ഉപദേശം തേടാതെ യാതൊന്നും വി എസ് ചെയ്തിരുന്നില്ലെന്നൊരു കാലം തന്നെയുണ്ടായിരുന്നു. സിപിഐഎം സംസ്ഥാനസമിതിക്കു നേരിട്ടു നിയന്ത്രണമുള്ള എകെജി സെന്റർ ബ്രാഞ്ചംഗമായിരുന്നു ഷാജഹാൻ. പക്ഷേ, വിഭാഗീയത ശക്തമാവുകയും വി എസിന്റെ അടുപ്പക്കാരെ പാർട്ടി പുറത്തുവിടുകയും ചെയ്തപ്പോൾ ഷാജഹാനും ആ വഴിതന്നെയായിരുന്നു ലഭിച്ചത്.

പാർട്ടിക്കു പുറത്തായെങ്കിലും പഴയ അടുപ്പക്കാർ വി എസിന്റെ ഒപ്പം പിന്നെയും പലയിടങ്ങളിലും ഉണ്ടായെങ്കിലും ഷാജഹാൻ ആ കൂട്ടത്തിലുണ്ടായില്ല. അങ്ങനെ വിഎസിന്റെയും പിണറായിയുടെയും ശത്രുവായി മാറുകയായിരുന്നു ഷാജഹാൻ. മൂന്നാർ ഓപ്പറേഷൻ സമയത്തും കിളിരൂർ കേസ് കേരളത്തിനു മുന്നിൽ വി എസ് ചർച്ചയാക്കിയപ്പോഴും ബുദ്ധികേന്ദ്രത്തിന്റെ ഭാഗമായി ഷാജഹാനുണ്ടായിരുന്നു. ലാവലിനിലെ ഇടപെടലുകളും പാർട്ടിക്കും അതീതനായി വി എസിനെ വളർത്തിയ ബുദ്ധിയിലെ പങ്കുമൊക്കെയാണ് കെ എം ഷാജഹാനെന്ന വി എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനെ പിണറായിയുടെ ബദ്ധശത്രുവാക്കിയത്.

വൈര്യനിരാതന ബുദ്ധിക്കു പേരുകേട്ട പിണറായി, ഷാജഹാനെ പൂട്ടാനുള്ള താക്കോൽ തേടി നടക്കുകയായിരുന്നു കഴിഞ്ഞ കുറേക്കാലമായി. ജിഷ്ണുവിന്റെ മാതാവിന്റെ സമരത്തിൽ ഷാജഹാനെത്തിയതോടെ പിണറായിയുടെ മനസിലിരുപ്പും ലാവലിനിലെ പ്രശ്നങ്ങളും വ്യക്തമായി അറിയാവുന്ന സംസ്ഥാന പൊലീസ് മേധാവിക്കു സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഷാജഹാനെ പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതോടെ അദ്ദേഹം മുൻ കാലങ്ങളിലൊന്നും നേടാനാവാത്ത പ്രശസ്തിയാണു സൃഷ്ടിച്ചത്. ചാനൽ ചർച്ചകളിലും മറ്റും കണ്ടാലും ആരും തിരിച്ചറിയാതെയും ഗൗനിക്കാതെയും പോയിരുന്ന ഷാജഹാന് ഇത്തരമൊരു പ്രശ്നത്തിൽ പൊലീസിന്റെ കസ്റ്റഡിയിലായതോടെ പൊതു സമൂഹത്തിന്റെയും സാധാരണക്കാരുടെയും പിന്തുണയും വലിയ തോതിൽ ലഭിച്ചു.

മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയിലെ വാർത്തകൾക്കൊപ്പം തന്നെ ഷാജഹാനും തലവാചകങ്ങളിൽ നിറഞ്ഞു. മഹിജയും ബന്ധുക്കളും സമരം നിർത്തിയിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ടു പൊലീസിന്റെ കസ്റ്റഡിയിലുള്ള ഷാജഹാൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് ഇപ്പോൾ. കെ എം ഷാജഹാൻ ആരാണ് എന്നകാര്യം പോലും ഇപ്പോഴാണ് മാധ്യമങ്ങൾ വിശദമായ റിപ്പോർട്ടുകളായി പുറത്തുവിടുന്നത്. ഫിഷറീസ് സയൻസിൽ ഉന്നത ബിരുദവും ഗവേഷണവും നടത്തിയിട്ടുള്ള ഇടതുപക്ഷ ബുദ്ധിജീവിയാണ് ഷാജഹാൻ എന്ന കാര്യം പലരും ഓർത്തെടുത്തതും ആദ്യമായി അറിഞ്ഞതും ഇപ്പോൾ തന്നെ.

കെ എം ഷാജഹാന്റെ പിതാവും മാതാവും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുപോലും ഇപ്പോൾ പോസ്റ്റുകൾ വൈറലായിരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികനാണ് ഷാജഹാൻ എന്ന് അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും അവയ്ക്കു ലഭിക്കുന്ന വൈറാലിറ്റിയുമാണ് കെ എം ഷാജഹാനെ ഇപ്പോൾ താരമാക്കുന്നത്. കെ എം ഷാജഹാനെ തലമറന്നു തെറിപറയുന്ന സിപിഐഎമ്മുകാർ അറിയണമെന്നു പറഞ്ഞാണ് വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങൾ വരെ പോസ്റ്റുകളാകുന്നത്. ഷാജഹാന്റെ പിതാവ് മുഹമ്മദാലിയും മാതാവ് എൽ തങ്കമ്മയും വിവാഹിതരായതിനെക്കുറിച്ചു പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ...

'കെ.എം.ഷാജഹാനെ അറിയാത്ത സി.പി.എം.കാർക്കായി സമർപ്പിക്കുന്നു.....
സാക്ഷാൽ കാവുകാട്ട് പിതാവ് (ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു കാവുകാട്ട്) കാളവണ്ടിയിൽ സഞ്ചരിക്കുന്ന കാലത്ത് ചങ്ങനാശേരിയിൽ കാറിൽ കറങ്ങി നടന്ന ഒരു മുഹമ്മദാലി ഉണ്ടായിരുന്നു. ധനിക കുടുംബാംഗമെങ്കിലും കറകളഞ്ഞ കമ്യൂണിസ്റ്റ് .
1957ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ ഇന്ത്യൻ തലസ്ഥാനമായ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി കല്യാണ കൃഷ്ണൻ നായർ.

പക്ഷെ അതോടെ മുഹമ്മദാലിയുടെ കാർ അപ്രത്യക്ഷമായി. കല്യാണ കൃഷ്ണൻ നായരുടെ തെരഞ്ഞെടുപ്പ് ചെലവ് മുഹമ്മദാലി ഏതാണ്ട് ഒറ്റക്ക് ചുമന്നതുകൊണ്ട് അതേ തരമുണ്ടായിരുന്നുള്ളു. മുഹമ്മദാലിക്ക് സുന്ദരമായൊരു പ്രണയമുണ്ടായിരുന്നു. കോളജ് വിദ്യാർത്ഥിനിയായിരുന്ന എൽ.തങ്കമ്മ. കോൺഗ്രസ് കമ്യൂണിസ്റ്റ് പാരമ്പര്യങ്ങൾ യോജിച്ച ഈഴവ കുടുംബാംഗം. ആ പ്രണയം അക്കാലത്ത് ചങ്ങനാശേരിയിലെ സംസാര വിഷയമായിരുന്നു.

ആ മുസ്ലിം ഈഴവ വിവാഹം നടന്നു. പാർട്ടി സഖാക്കൾ പരികർമികളായി. കേരളത്തിൽ അന്ന് അവേശത്തോടെ പലരും സ്വപ്നം കണ്ട നവോത്ഥാനത്തിന്റെ ഉത്തമോദാഹാരണമായിരുന്നു മുഹമ്മദാലി തങ്കമ്മ വിവാഹം. മുഹമ്മദാലി ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൽ.തങ്കമ്മയെ ഇന്നലെ ടി.വി ചാനലുകളിൽ കണ്ടു. അന്യായ തടങ്കലിൽ കഴിയുന്ന മകന് നീതിക്കായി സമരമിരിക്കുമെന്ന് പ്രഖ്യാപിക്കാനായിരുന്നു അത്. സ്വാതന്ത്യത്തിന് മുമ്പ് ജനിച്ച് നവകേരള സൃഷ്ടിക്കായി ആവേശം കൊണ്ട ഒരു തലമുറയുടെ കരുത്ത് എൺപത് കഴിഞ്ഞ ആ മാതാവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

ആ മകനെ ഞാനറിയും. ഒരു പക്ഷെ നിങ്ങളും, കെ.എം ഷാജഹാൻ. പിണറായി വിജയൻ നിങ്ങളറിയില്ലേ എന്നു ചോദിച്ച ഷാജഹാൻ. പ്രസ്ഥാനത്തിനായി എല്ലാം ത്യജിച്ച എത്രയെത്ര മുഹമ്മദലിമാർ. കമ്യൂണിസ്റ്റുകാരെ വിശ്വാസപരമായി തന്നെ ചെകുത്താന്മാരായി കാണുന്ന ഒരു ജനതക്കിടയിലാണ് മുഹമ്മദാലി കമ്യൂണിസം വളർത്താൻ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾ ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് എത്രയോ അകലെയാണെന്ന് ഓർക്കണം. മിശ്രവിവാഹത്തിലൂടെ ആദർശം വാക്കിൽ മാത്രമല്ലെന്ന് തെളിയിക്കുകയും ചെയ്തു. മുഹമ്മദാലിയുടെ സഹോദരൻ ഡോ.ബി. ഇഖ്ബാലിനെയും നമുക്കറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP