Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും നിപ വൈറസ് ബാധയെന്ന റിപ്പോർട്ടിന് പിന്നാലെ ചടുലമായ നീക്കങ്ങൾ; കോഴിക്കോട്ടെ ആരോഗ്യ വിദഗ്ധരെ ഉടനടി കൊച്ചിയിലെത്തിച്ചു; മെഡിക്കൽ കോളേജിലുകളിൽ അടിയന്തരമായി ഐസൊലേറ്റഡ് വാർഡുകൾ സജ്ജമാക്കി; എല്ലാറ്റിനും മേൽനോട്ടം വഹിക്കാൻ ക്യാമ്പു ചെയ്തു പ്രവർത്തിച്ചു; പ്രൊഫഷണൽ സമീപനത്തോടെ കേന്ദ്രസഹായം തേടി മരുന്നുകൾ എത്തിച്ചു; ദുരന്ത വേളകളിൽ ഉണർന്നു പ്രവർത്തിച്ച ആരോഗ്യമന്ത്രിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ; പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി കെ കെ ഷൈലജ മാറുമ്പോൾ

വീണ്ടും നിപ വൈറസ് ബാധയെന്ന റിപ്പോർട്ടിന് പിന്നാലെ ചടുലമായ നീക്കങ്ങൾ; കോഴിക്കോട്ടെ ആരോഗ്യ വിദഗ്ധരെ ഉടനടി കൊച്ചിയിലെത്തിച്ചു; മെഡിക്കൽ കോളേജിലുകളിൽ അടിയന്തരമായി ഐസൊലേറ്റഡ് വാർഡുകൾ സജ്ജമാക്കി; എല്ലാറ്റിനും മേൽനോട്ടം വഹിക്കാൻ ക്യാമ്പു ചെയ്തു പ്രവർത്തിച്ചു; പ്രൊഫഷണൽ സമീപനത്തോടെ കേന്ദ്രസഹായം തേടി മരുന്നുകൾ എത്തിച്ചു; ദുരന്ത വേളകളിൽ ഉണർന്നു പ്രവർത്തിച്ച ആരോഗ്യമന്ത്രിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ; പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി കെ കെ ഷൈലജ മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയാര്? മന്ത്രിസഭ ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ മറുനാടൻ മലയാളി നടത്തിയ സർവേയിൽ മികവു കൊണ്ട് മുന്നിലേക്കെത്തിയ മന്ത്രിമാരുടെ കൂട്ടത്തിലായിരുന്നു ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ സ്ഥാനം. വീണ്ടും കാലം പിന്നിട്ട് മന്ത്രിസഭ മൂന്നാം വർഷത്തിൽ എത്തുമ്പോൾ പ്രവർത്തന മികവു കൊണ്ട് ഒന്നാം സ്ഥാനത്തേക്കാണ് ആരോഗ്യമന്ത്രിയുടെ കുതിപ്പ്. തീരുമാനങ്ങൾ എടുക്കുന്നതിലെ മികവു കൊണ്ടും അത് പ്രാബല്യത്തിൽ വരുത്തുന്നതിലെ മിടുക്കു കൊണ്ടുമാണ് പിണറായി മന്ത്രിസഭയിലെ ഈ വനിതാമന്ത്രി ശോഭിക്കുന്നത്.

കേരളത്തിന് ഒട്ടും പരിചിതം അല്ലാത്ത രോഗങ്ങൾ മലയാളക്കരയെ തേടി എത്തുന്ന ഘട്ടത്തിലാണ് ഷൈലജ ടീച്ചർ മന്ത്രിയെന്ന നിലയിൽ ആരോഗ്യ പ്രവർത്തകരുടെ പ്രയങ്കരിയാകുന്നത്. കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി നിപ്പ പടർന്നു പിടിച്ച ഘട്ടത്തിൽ കെ കെ ഷൈലജ ആരോഗ്യ പ്രവർത്തകർ ഒപ്പം നിന്നും പ്രവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയാണ് അവരെ കൃത്യമായ ഇടപെടൽ നടത്താൻ കോഴിക്കോട് ക്യാമ്പു ചെയ്യാൻ നിയോഗിച്ചത്. 17 പേർ മരണപ്പെട്ട ഒന്നാം നിപാ ബാധയെ ജനസംഖ്യാ സാന്ദ്രത ഏറെയുള്ള കേരളം നേരിട്ടത് കരളുറപ്പോടെ ആയിരുന്നു. അവിടെ മുന്നിൽ നിന്നു നയിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ഇപ്പോൾ കൊച്ചിയെ ഭീതിയിലാക്കി നിപ്പ വൈറസ് വീണ്ടും റിപ്പോർട്ടു ചെയ്യുമ്പോഴും താരമാകുന്നത് കെ കെ ഷൈലജയാണ്. പറവൂരിലെ യുവാവിന് നിപ സംശയമെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ആരോഗ്യമന്ത്രി കളത്തിലിറങ്ങി. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന കാര്യം ഊന്നിപ്പറഞ്ഞാണ് അവർ പ്രതിരോധത്തിന്റെ ക്യാപ്ടൻസി തൊപ്പി എടുത്തണിയുന്നത്. തുടർന്നങ്ങോട്ട് കേരളം കണ്ടത് ചടുലമായ നീക്കങ്ങളായിരുന്നു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിപബാധ സ്ഥിരീകരിച്ച റിപ്പോർട്ടു ലഭിക്കും മുമ്പു തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരത്തു നിന്നും വാർത്തയറിഞ്ഞ മന്ത്രി കൊച്ചിയിലേക്ക് തിരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേറ്റഡ് വാർഡുകൾ സജ്ജമാക്കി. തുടർന്ന് യുവാവുമായി ഇടപഴകിയ ആൾക്കാർ ആരൊക്കെ എന്നറിഞ്ഞ് അവരെ നിരീക്ഷിക്കുകയും ചെയ്തു. കൊച്ചിയിലെ യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആശ്വാസം കൊള്ളുന്നത് കേരളീയർ മുഴുവനാണ്. നിപബാധ പടരാതിരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളുടെ ഏകോപനം മന്ത്രി ഷൈലജ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നിപയെ നേരിട്ട് ശീലമുള്ള ആരോഗ്യ സംഘത്തെ എറണാകുളത്തേക്ക് എത്തിക്കുന്നത് ഇടക്കമുള്ള കാര്യങ്ങളിൽ മന്ത്രി മുന്നിൽ നിന്നും നയിച്ചു.

പ്രൊഫഷണൽ സമീപനത്തോടെയാണ് ആരോഗ്യമന്ത്രി കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. കേന്ദ്രസർക്കാറിന്റെ സഹായം ആവശ്യമുള്ള ഘട്ടത്തിൽ കൃത്യമായി തന്നെ അത് നേടിയെടുക്കാനും അവർ ശ്രമം നടത്തി. നിപ മരുന്ന് എത്തിക്കുന്ന കാര്യത്തിൽ അടക്കം ഒരുമിച്ചു നിന്നു പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവിനെയും കാര്യങ്ങൾ ധരിപ്പിച്ചു പിന്തുണ നേടി. ഇങ്ങനെ ഒരു ക്രൈസിസിനെ അതിജീവിക്കാൻ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കണം എന്ന കാര്യത്തിൽ സ്വയം മാതൃക ആകുകയാണ് കെ കെ ഷൈലജ എന്ന ആരോഗ്യമന്ത്രി.

ആരോഗ്യമന്ത്രിയെന്ന നിലയിൽ വകുപ്പിലെ കാര്യങ്ങൾ അറിയാൻ ശ്രമിക്കാനു സൗമ്യതയോടെ പെരുമാറാനും കഴിവുള്ള മന്ത്രിയെ പുകഴ്‌ത്തുന്ന കാര്യത്തിൽ സോഷ്യൽ മീഡിയ മുന്നിലാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കൈയടി നേടുകയാണ് ഷൈലജ. സോഷ്യൽ മീഡിയ വഴി ജനകീയ വിഷയങ്ങളിൽ ഇടപെട്ടും ടീച്ചറമ്മ എന്ന വിളിപ്പേര് പോലും അടുത്തിടെ ആരോഗ്യമന്ത്രിയെ തേടി എത്തിയിരുന്നു. ആരോഗ്യ മേഖലയെ നയിക്കുക എന്നത് പലപ്പോഴും പിടിപ്പതു പണിയുള്ള കാര്യമാണ്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും പല പരിഷ്‌ക്കരണങ്ങളും വേണ്ട വിധത്തിൽ നടപ്പിലാക്കാൻ സാധിക്കാറില്ല.

പിണറായി സർക്കാർ ആരോഗ്യരംഗത്തെ ഉടച്ചുവാർത്തുന്ന വിധത്തിലുള്ള നടപടികളിലേക്കാണ് കടക്കുന്നത്. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ വിപുലമായി വികസനമാണ് ലക്ഷ്യമിടുന്നത്. ഈ വികസനത്തിലേക്ക് ചുവടുവെക്കാൻ ഷൈലജയുടെ നേതൃത്വത്തിന് സാധിക്കുന്നുണ്ട്. നിപ വൈറസിനെ നേരിടുമ്പോൾ സോഷ്യൽ മീഡിയ വഴി അടക്കം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഇത്തരക്കാർക്കെതിരെയും നടപടി കൈക്കൊള്ളുന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മുന്നിലാണ്. വേണ്ടത് വേണ്ട സമയത്ത് ചെയ്യുക എന്ന പോളിസിക്കാണ് സോഷ്യൽ മീഡിയ വഴിയും പിന്തുണ ലഭിക്കുന്നത്.

നിപ വൈറസ് ബാധയെ അതിജീവിക്കാൻ ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെ പുകഴ്‌ത്തി നിപ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ബേബി മെമോറിയൽ ആശുപത്രിയിലെ ഡോക്ടർ തന്നെ രംഗത്തുവന്നിരുന്നു. അന്ന് നിപയെ പ്രതിരോധിക്കാൻ ഉറച്ച തീരുമാനങ്ങൾ എടുത്ത ആരോഗ്യ മന്ത്രിയെ ഉരുക്കു വനിത എന്നായിരുന്നു ഡോ. എ എസ് അനൂപ് വിശേഷിപ്പിച്ചത്. ഝാൻസി റാണി, നിപ്പയ്‌ക്കെതിരെ പോരാടിയ സേനാപതി തുടങ്ങിയ വിശേഷണങ്ങളും സോഷ്യൽ മീഡിയ വഴി ആരോഗ്യമന്ത്രിക്ക് ലഭിച്ചിരുന്നു. എന്തായാലും വ്യക്തിമികവും കൊണ്ടും പോരാട്ടശേഷി കൊണ്ടും സോഷ്യൽ മീഡിയയിൽ അടക്കം താരമായിരിക്കയാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ. വകുപ്പുകളിൽ ശോഭിക്കാത്ത മറ്റു മന്ത്രിമാർ ഷൈലജ ടീച്ചറെ കണ്ടു പഠിക്കട്ടെ എന്ന ആവശ്യവും ഇതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP