Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അന്നു മുസ്ലീമായതുകൊണ്ട് ഞാൻ പറഞ്ഞത് ആരും വകവെച്ചില്ല'; ആർക്കയോളജിക്കൽ സർവേയുടെ ഖനനത്തിൽ തർക്ക ഭൂമിയിൽ മകുടങ്ങളും വിഗ്രഹരൂപങ്ങളും കണ്ടെത്തിയെന്ന് ആദ്യം ലൈംലൈറ്റിൽ കൊണ്ടുവന്നതും വിവാദങ്ങളുടെ കയ്പുനീർ കുടിച്ചതും കെ.കെ.മുഹമ്മദ്; ഇത് താൻ കാത്തിരുന്ന വിധിയെന്ന് മലയാളിയായ പുരാവസ്തുഗവേഷകൻ; വിധി എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന മുഹമ്മദ് ഓർത്തെടുക്കുന്നു ആ ഗവേഷണ കാലം

'അന്നു മുസ്ലീമായതുകൊണ്ട് ഞാൻ പറഞ്ഞത് ആരും വകവെച്ചില്ല'; ആർക്കയോളജിക്കൽ സർവേയുടെ ഖനനത്തിൽ തർക്ക ഭൂമിയിൽ മകുടങ്ങളും വിഗ്രഹരൂപങ്ങളും കണ്ടെത്തിയെന്ന് ആദ്യം ലൈംലൈറ്റിൽ കൊണ്ടുവന്നതും വിവാദങ്ങളുടെ കയ്പുനീർ കുടിച്ചതും കെ.കെ.മുഹമ്മദ്; ഇത് താൻ കാത്തിരുന്ന വിധിയെന്ന് മലയാളിയായ പുരാവസ്തുഗവേഷകൻ; വിധി എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന മുഹമ്മദ് ഓർത്തെടുക്കുന്നു ആ ഗവേഷണ കാലം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് സമാധാനം പുലരുക എന്നതാണ് പ്രധാനം. അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ കുറിച്ച് വ്യത്യസ്താഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും, പതിറ്റാണ്ടാകളായി അലട്ടുന്ന പ്രശ്‌നത്തിന് രമ്യമായ പരിഹാരം എന്ന നിലയിൽ വിധിയെ മാനിക്കുന്നവരാണ് ഏറെയും. സുപ്രീം കോടതി വിധിയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ തള്ളിക്കളയാനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ അല്ല പള്ളി പണിതത് എന്ന് സുപ്രീം കോടതി വിലയിരുത്തിയത് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് പ്രകാരമാണ്. ക്ഷേത്രം തകർത്തതിനും പള്ളി നിർമ്മിച്ചതിനും ശക്തമായ രേഖയില്ലെന്ന് കോടതി പറഞ്ഞതും പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലിനെ ആധാരമാക്കിയാണ്. 1976-77 കാലഘട്ടത്തിൽ എഎസ്‌ഐ സർവേ നടത്തിയപ്പോൾ, അന്നത്തെ ഡയറക്ടർ ബി ബി ലാൽ ആയിരുന്നു. കെ കെ മുഹമ്മദ് എന്ന മലയാളിയും ആ ടീമിലെ ഒരംഗമായിരുന്നു.

ഡൽഹിയിലെ സ്‌കൂൾ ഓഫ് ആർക്കിയോളജിയിലെ ഡിപ്ലോമ വിദ്യാർത്ഥിയെന്ന നിലയിൽ ട്രെയിനിയായിട്ടാണ് താൻ അയോധ്യയിൽ പോയതെന്ന് കെ.കെ. മുഹമ്മദ് ഓർത്തെടുക്കുന്നു. ഓരോ വർഷവും പുരാവസ്തു വകുപ്പ് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് അയോധ്യയിൽ പോയത്. രണ്ടു മാസമായിരുന്നു ക്യാമ്പ്. ബി.ബി ലാൽ ആയിരുന്നു ഉത്ഖനനത്തിന്റെ ഡയറക്ടർ. അയോധ്യയിൽ ബി.ബി. ലാലും സംഘവും ഉത്ഖനനം നടത്തിയത് ഒരു വർഷമാണ്. തുടർവർഷങ്ങളിൽ അതിന്റെ തുടർച്ചയായി നടന്ന ഖനനം അയോധ്യക്കു പുറത്തായിരുന്നു. ബി.ബി. ലാലിന്റെ ഉത്ഖനന സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രത്തിന്റെ തൂണുകളെക്കുറിച്ച് പരാമർശമുണ്ടെന്ന് പറഞ്ഞിട്ടില്ല. ലാലിന്റെ റിപ്പോർട്ടിൽ അതില്ലെങ്കിലും ഗസറ്റിയർ റിപ്പോർട്ടുകളിലും അതിനുമുമ്പുള്ള പല റിപ്പോർട്ടുകളിലും ഒക്കെ വന്നതാണിതെന്നും അത് പുതിയ കണ്ടുപിടിത്തമല്ലെന്നും മുഹമ്മദ് പറഞ്ഞു.

സർവേ പൂർത്തിയാക്കി ബി ബി ലാൽ റിപ്പോർട്ടും സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാണ് കെ കെ മുഹമ്മദ് പുതിയ കാര്യം വെളിപ്പെടുത്തിയത്. അത് വിവാദമാവുകയും ചെയ്തു.'വിവാദഭൂമിയിൽ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിരുന്നു' എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ഈ അവശിഷ്ടങ്ങൾ പരിശോധിച്ച ആർക്കിയോളജിക്കൽ സർവ്വേയിലെ മറ്റു ചില വിദഗ്ദ്ധർ പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകൾ ഹൈന്ദവക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എങ്കിലും, അത് നിഷേധിക്കാനുമാവില്ല എന്നാണ്. ബി ബി ലാലിന്റെ റിപ്പോർട്ടിലുും ഈ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് ശ്രദ്ധയിൽ പെട്ടില്ല. ഒരു മുസ്ലിം ആയ കെ കെ മുഹമ്മദ്, അത ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിവാദമായി എന്നുമാത്രം. തർക്കസ്ഥലത്തെ ഖനന ഗവേഷണങ്ങളിൽ കണ്ടെത്തിയ നീളൻ ചുവരുകളും, മകുടങ്ങളുടെ രൂപത്തിലുള്ള അവശിഷ്ടങ്ങളും ഇസ്ലാമിക സംസ്‌കാരങ്ങളുടേതല്ല എന്നാണ് മുഹമ്മദ് വിലയിരുത്തിയത്. കാരണം അവയിൽ ചില വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഇസ്ലാമിക പ്രാർത്ഥനാലയങ്ങളുടെ ചുവരുകളിൽ ഒരു കാരണവശാലും വിഗ്രഹങ്ങൾ കാണപ്പെടില്ല. അവശിഷ്ടങ്ങൾ പത്താം നൂറ്റാണ്ടിലേതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതായാലും സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നാണ് കെ.കെ.മുഹമ്മദിന്റെ അഭ്യർത്ഥന. 'ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഇത് മുസ്ലീങ്ങൾക്ക് മക്ക മദീന പോലെ പ്രധാനമാണ്,-അദ്ദേഹം പറഞ്ഞു. ആർക്കയോളജിക്കൽ സർവേയുടെ കണ്ടെത്തലുകൾക്ക് ആധികാരികതയുണ്ടെങ്കിലും ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് അതുമാത്രം പോരെന്നാണ് സുപ്രീം കോടതി വിധിന്യായത്തിൽ പറഞ്ഞത്. തരിശു ഭൂമിയിലല്ല ബാബറി മസ്ജിദ് കെട്ടിപ്പൊക്കിയത്. മസ്ജിദ് പണിതത് മറ്റൊരു നിർമ്മാണ സ്ഥലത്താണ്. അത് ഇസ്ലാമിക വിശ്വാസപരമായ നിർമ്മിതിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ അതൊരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കാൻ ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏതായാലും തരിശായ സ്ഥലത്തല്ല പള്ളി പണിതതെന്ന് തെളിയിക്കാൻ വഴി വച്ചത് ആർക്കയോളജിക്കൽ സർവേയുടെ റിപ്പോർട്ട് തന്നെ.

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഖനനം നടത്തിയത്. 1976-77 ലും 2003 ലുമാണ് പര്യവേക്ഷണം നടത്തിയത്. 2003 ലെ ഖനനത്തിലെ കണ്ടെത്തലുകളുടെ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ സർവേയും നടത്തി. ടോജോ ഡവലപ്‌മെന്റ് ഇന്റർനാഷണലിന്റെ സഹായത്തോടെയായിരുന്നു ഖനനം. 2003 മാർച്ച് 12 മുതൽ ഓഗസ്റ്റ് 7 വരെയായിരുന്നു പര്യവേക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP