Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വസ്തന്റെ കുടുംബത്തെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; ഓഫർ അഞ്ചു കോടി രൂപയും മഹേശന്റെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ പരിഹരിക്കാം എന്ന ഉറപ്പും; പ്രശ്‌ന പരിഹാരത്തിന് സാധ്യത തേടി പ്രമുഖ സിപിഎം മന്ത്രിയും; ആയുധമാക്കുന്നത് മഹേശന്റെ കുടുംബവും സിപിഎമ്മും തമ്മിലുള്ള ഉറ്റബന്ധം; പിണറായിയുടെ നവോത്ഥാനമുന്നണിക്കായി രംഗത്തിറങ്ങിയ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതം

വിശ്വസ്തന്റെ കുടുംബത്തെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; ഓഫർ അഞ്ചു കോടി രൂപയും മഹേശന്റെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ പരിഹരിക്കാം എന്ന ഉറപ്പും; പ്രശ്‌ന പരിഹാരത്തിന് സാധ്യത തേടി പ്രമുഖ സിപിഎം മന്ത്രിയും; ആയുധമാക്കുന്നത് മഹേശന്റെ കുടുംബവും സിപിഎമ്മും തമ്മിലുള്ള ഉറ്റബന്ധം; പിണറായിയുടെ നവോത്ഥാനമുന്നണിക്കായി രംഗത്തിറങ്ങിയ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതം

എം മനോജ് കുമാർ

 തിരുവനന്തപുരം: കണിച്ചുകുളങ്ങര യോഗം സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തെ തുടർന്ന് പ്രതിസന്ധിയിലായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ സിപിഎം നീക്കങ്ങൾ ശക്തമാക്കുന്നതായി സൂചന. വെള്ളാപ്പള്ളിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ള മഹേശന്റെ കുടുംബത്തെ അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വെള്ളാപ്പള്ളി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് പ്രമുഖ സിപിഎം മന്ത്രി തന്നെ പ്രശ്‌നത്തിൽ ഇടപെട്ടതായാണ് ലഭിക്കുന്ന വിവരം. അഞ്ചു കോടി രൂപയും മഹേശന്റെ സകല സാമ്പത്തിക ബാധ്യതകളും ഒപ്പം തീർത്തുകൊടുക്കാം എന്ന ഫോർമുലയാണ് മന്ത്രിക്ക് മുന്നിൽ വെള്ളാപ്പള്ളി മുന്നോട്ടു വെച്ചത് എന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ അഭ്യർത്ഥന വന്നതോടെയാണ് മന്ത്രിയും സമവായ ശ്രമങ്ങളുമായി രംഗത്തിറങ്ങിയത്. കണിച്ചുകുളങ്ങരയിലെ സിപിഎം നേതാക്കൾ വഴി പ്രശ്‌നപരിഹാരത്തിനാണ് മന്ത്രി നിർദ്ദേശം വെച്ചിട്ടുള്ളത്. മന്ത്രിയുടെ നിർദ്ദേശം വന്നതിനെ തുടർന്ന് പ്രാദേശിക സിപിഎം നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് മഹേശന്റെ കുടുംബം. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ മന്ത്രിമാരോ കുടുംബത്തിനൊപ്പമില്ല. സർക്കാരിനോട് ചേർന്നു നിൽക്കുന്ന വെള്ളാപ്പള്ളിയെ പിണക്കേണ്ടെന്നാണ് നിലപാട് സിപിഎമ്മിന് ഉള്ളത് കാരണമാണ് ജില്ലാ സിപിഎമ്മിന്റെ ഈ തന്ത്രപരമായ നിശബ്ദത മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമെന്നാണ് കുടുംബത്തിന്റെ ആരോപണം. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായ മഹേശനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നതായാണ് കുടുംബത്തിന്റെ ആരോപണം. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ എല്ലാം പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ഫോൺ കോളുകൾ മുഴുവൻ പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കുടുംബം പരാതി നൽകിയിട്ടുണ്ട്. മഹേശന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്. മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലും ഒപ്പം കണ്ടെത്തിയ കത്തുകളിലും ഇക്കാര്യം വ്യക്തമാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കടുത്ത മാനസിക സമ്മർദമല്ലാതെ മറ്റൊന്നുമല്ല മരണത്തിലേക്ക് നയിച്ചത്. സമഗ്രവും നീതിപൂർവകവുമായ അന്വേഷണത്തിലൂടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഡിജിപിക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.

ശാശ്വതീകാനന്ദയുടെ മരണശേഷമുള്ള കടുത്ത പ്രതിസന്ധിയായി മഹേശന്റെ മരണം മാറുമ്പോൾ പ്രശ്‌നത്തിൽ നിന്ന് തലയൂരാനാണ് വെള്ളാപ്പള്ളിയുടെയും ശ്രമം. അതിനാണ് പ്രമുഖ മന്ത്രി വഴിയുള്ള സമവായ നീക്കങ്ങൾ വെള്ളാപ്പള്ളി ഊർജ്ജിതമാക്കുന്നത്. അഞ്ചു കോടി നൽകുന്നതിനു പുറമേ മഹേശന്റെ സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടനടി തന്നെ പരിഹരിക്കാമെന്നുമുള്ള വാഗ്ദാനമാണ് മഹേശന്റെ കുടുംബത്തിനായി വെള്ളാപ്പള്ളി മന്ത്രിക്ക് മുൻപിൽ നിരത്തിയ നിർദ്ദേശങ്ങൾ. ഇത് സ്വീകരിച്ച് കുടുംബം അനുനയത്തിനു തയ്യാറാകുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. അതേസമയം മഹേശന്റെ വലംകൈയായ പി.എസ്.എൻ.ബാബുവിനെ മഹേശന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി അവരോധിച്ചിട്ടുണ്ട്. മരിക്കും മുൻപ് മഹേശൻ വഹിച്ചിരുന്ന കണിച്ചുകുളങ്ങര ശാഖാ യോഗത്തിന്റെ സെക്രട്ടറി ചുമതല ബാബുവിനാണ് നൽകിയിരിക്കുന്നത്.

വെള്ളാപ്പള്ളിയുടെ വലംകൈയായി മഹേശൻ നിലയുറപ്പിച്ചപ്പോൾ മഹേശന്റെ വലംകൈ ആയിരുന്നു പി.എസ്.എൻ.ബാബു. മഹേശന്റെ രഹസ്യങ്ങൾ എല്ലാം അറിയുന്ന ആളാണ് ബാബു. മഹേശനുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്ത് പോകാതിരിക്കാനാണ് ബാബുവിനെ ഈ സ്ഥാനത്ത് അവരോധിച്ചത് എന്ന് എസ്എൻഡിപി വൃത്തങ്ങളിൽ ശ്രുതിയുണ്ട്. മഹേശന്റെ സ്ഥാനത്തേക്ക് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി ബാബു നടന്നു കയറുമ്പോൾ മഹേശന്റെ ആത്മാവിനോട് ബാബു ചെയ്യുന്ന വഞ്ചനയാണ് ഇതെന്ന കുറ്റപ്പെടുത്തലും എസ്എൻഡിപിക്ക് അകത്ത് നിന്ന് വരുന്നുണ്ട്. മഹേശൻ രാത്രി എഴുതിയ ആത്മഹത്യാ കുറിപ്പ് എങ്ങനെ വെള്ളാപ്പള്ളിക്ക് ലഭിച്ചുവെന്നും ഇപ്പോൾ എസ്എൻഡിപി വൃത്തങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

മഹേശൻ മരിച്ച ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഈ കാര്യം വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്. ഡയറിക്കുറിപ്പ് തനിക്ക് ലഭിച്ചുവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തന്റെ ഏറ്റവും വിശ്വസ്തൻ എന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും മരിച്ചപ്പോൾ ആ വഴി വെള്ളാപ്പള്ളി വന്നില്ല. ഇതും എസ്എൻഡിപിക്ക് അകത്ത് പ്രതിഷേധമായി മുഴങ്ങുന്നുണ്ട്.
ബിഡിജെഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയാണ് മഹേശൻ. പക്ഷെ മഹേശൻ മരിച്ചപ്പോൾ ബിഡിജെഎസ് ഒരു റീത്ത് പോലും വെച്ചില്ല. കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹിയാണ് മഹേശൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ വകയായി ഒരു റീത്തും ക്ഷേത്രഭാരവാഹികൾ വെച്ചില്ല. ഇതും മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു എസ്എൻഡിപി വൃത്തങ്ങളിൽ പുകയുന്നുണ്ട്.

മഹേശന്റെ കുടുംബത്തിനു സിപിഎമ്മുമായുള്ള അടുപ്പവും ഈ നീക്കങ്ങൾക്ക് തുണയാകുമെന്നു വെള്ളാപ്പള്ളി ക്യാമ്പ് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മഹേശന്റെ മരണത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും മഹേശൻ അയച്ച 32 പേജുള്ള കത്ത് പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളിയിൽ നിന്നും അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. ഇതോടൊപ്പം ഈ മാസം ഒമ്പതിന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് മഹേശൻ അയച്ച കത്തും പുറത്തുവന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത മനോഭാവമാണ്. പല യൂണികളിൽ നടന്ന മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും എടുത്ത ഒരു കോടി രൂപ തിരിച്ചടിക്കാനുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് മഹേശനും വെള്ളാപ്പള്ളിയും അകലുന്നത്.

ഒരു കോടി തിരിച്ചടയ്ക്കാൻ മഹേശൻ ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിക്ക് പിടിച്ചില്ല. ഇതോടെ അസ്വാരസ്യങ്ങൾക്ക് തുടക്കമായി. എസ്എൻഡിപി മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും മഹേശൻ ആയിരുന്നു. 40000 കോടിയുടെ മൈക്രോഫിനാൻസ് തിരിമറി വെള്ളാപ്പള്ളി തന്റെ തലയിൽ വെച്ചു കെട്ടാൻ ശ്രമിക്കുകയാണെന്നും താമസം വിനാ മഹേശനു ബോധ്യമായി. വെള്ളാപ്പള്ളിയെ ലക്ഷ്യം വയ്‌ക്കേണ്ട ക്രൈംബ്രാഞ്ച് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് മനസിലാക്കിയതോടെയാണ് മഹേശൻ ആത്മഹത്യയിൽ അഭയം തേടിയത് എന്നാണു ലഭിക്കുന്ന സൂചന.

ഭാര്യയ്ക്ക് എഴുതിയ ഡയറിക്കുറിപ്പ് മഹേശന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകൾ മാനസിക സമ്മർദത്തിലാക്കിയെന്നാണ് മരണത്തിനു തലേന്ന് എഴുതിയതെന്നു കരുതപ്പെടുന്ന കത്തിൽ പറയുന്നത്. ജൂൺ 23ന് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷം വീട്ടിലെത്തിയപ്പോൾ പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 15 കേസുകളിൽ രേഖകളുമായി ഹാജരാകാനുള്ള നിർദ്ദേശം ലഭിച്ചുവെന്നും കേരളത്തിലെ വിവിധ യൂണിയനുകളിൽ നടന്ന മൈക്രോ ഫിനാൻസ് കേസുകളിൽ തന്നെ കുടുക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ 24ന് രാവിലെയാണ് കെ.കെ.മഹേശനെ എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ ഓഫിസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP