Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? 'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു' എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?

വെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? 'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു' എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഉടക്കിയവരിൽ ചിലർ അകാലത്തിൽ മരണപ്പെട്ടിരുന്നു. ഇതിൽ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉയർന്നിരുന്നത് സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണമായിരുന്നു. വെള്ളാപ്പള്ളിയുമായി കൊമ്പുകോർത്ത വേളയിലായിരുന്നു ശാശ്വതീകാനന്ദ വെള്ളത്തിൽ വീണു മരിക്കുന്നത്. ഏറെ വിവാദമായ ഈമരണം വെള്ളാപ്പള്ളിക്ക് ഏറെ പ്രതിസന്ധികൾ തീർത്തിരുന്നു. എന്നാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന പദവിയിലും രാഷ്ട്രീയ സ്വാധീനങ്ങളും ഉപയോഗിച്ചപ്പോൾ തനിക്കെതിരായ ആരോപണങ്ങളെ വെള്ളാപ്പള്ളി നേരിട്ടു.

ഇതിന് ശേഷമാണ് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തന്റെ കെ.കെ.മഹേശന്റെ മരണം വരിച്ചത്. വെള്ളാപ്പള്ളി കൂടി ഉൾപ്പെടുന്ന കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തനായ മഹേശൻ വെള്ളാപ്പള്ളിയുമായി അകൽച്ചയിലായതിന് ശേഷമാണ് മരിച്ചത് എന്നതും ശാശ്വതീകാനന്ദ കേസുമായുള്ള യാദൃശ്ചികത ചൂണ്ടിക്കാട്ടുന്നതായിരുന്നു.

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസുകളിൽ മുഖ്യപ്രതി സ്ഥാനത്ത് കെ.കെ.മഹേശനായിരുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസിന്റെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററാണ് മഹേശൻ. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയാണ് മഹേശൻ. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. ആശ്രയമായ വെള്ളാപ്പള്ളിയെ അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും മഹേശനു അതിനു കഴിഞ്ഞിരുന്നില്ല.

തിക്തമായ അനുഭവങ്ങൾ ആണ് മഹേശന് ഈ കാര്യത്തിൽ വെള്ളാപ്പള്ളിയിൽ നിന്നും നേരിടേണ്ടി വന്നത് എന്നാണ് എസ്എൻഡിപി പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്. വെള്ളാപ്പള്ളി നടത്തുന്ന സകല ചെയ്തികൾക്കും അഴിമതികൾക്കും കയ്യാളും കാലാളുമായിരുന്നു മഹേശൻ. എസ്എൻഡിപി യോഗത്തിൽ പ്രവർത്തനത്തിലൂടെ കയറി വന്ന ആളല്ല. വെള്ളാപ്പള്ളിയുടെ ആശ്രിതനായി വന്ന നേതാവാണ്. ഓഫീസ് ബോയ് പോലെ പ്രവർത്തിച്ചു വന്നാണ് എസ്എൻഡിപിയിലേക്കും വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ എന്ന ലേബലിലേക്ക് മഹേശൻ എത്തിയത്.

സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ വെള്ളാപ്പള്ളി ഏൽപ്പിച്ചിരുന്നത് ഈ വിശ്വസ്തനെയായിരുന്നു. ഈ രീതിയിൽ നല്ല സ്വീകാര്യതയാണ് മഹേശന് ലഭിച്ചത്. എസ്എൻഡിപി യൂണിയൻ വഴിയും എസ്എൻട്രസ്റ്റും വഴിയും വരുന്ന ലക്ഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഈ രീതിയിൽ തന്നെയാണ് എസ്എൻഡിപിയിലേക്കും ഒടുവിൽ മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനെറ്റർ പദവിയിലേക്കും മഹേശൻ എത്തുന്നത്. മഹേശന്റെ മേൽ എല്ലാ കുറ്റങ്ങളും കെട്ടിവെച്ച് രക്ഷപെടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്.

കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന കോളെജ്-സ്‌കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും മഹേശനും അകന്നിരുന്നു. വലിയ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നിരുന്നത്. ഇതോടെ ആശ്രയവും അഭയവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മഹേശൻ. വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ വെടക്കാക്കി പുറത്താക്കുകയാണ് വെള്ളാപ്പള്ളിയുടെ രീതി. ഈ രീതിക്ക് തന്നെയാണ് മഹേശനും ഇരയായത്. വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ ഒന്നുകിൽ ജലസമാധി, അല്ലെങ്കിൽ ടയർ സമാധി, അതുമല്ലെങ്കിൽ സ്വയം സമാധി. ഇതിൽ ഏതെങ്കിലും ഒന്നിന് ഇരയാവും എന്നാണ് വിമതരായ എസ്എൻഡിപി നേതാക്കൾ ആരോപിച്ചിരുന്നത്.

'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു'

കെ.കെ മഹേശൻ ക്രൈംബ്രാഞ്ചിന് എഴുതിയ കത്തിന്റെ വിവരങ്ങൾ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. കത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശമുണ്ട്. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു. ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വേണ്ടി തന്നെ കരുവാക്കുന്നു എന്ന് കാണിച്ചു അദ്ദേഹം അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിക്കും കത്തു നൽകിയിരുന്നു.

കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മൈക്രോ ഫിനാൻസ്, സ്‌കൂൾ നിയമന കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് ആത്മഹത്യ. അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നത്.

എസ്എൻഡിപി മൈക്രോഫിനാൻസിന്റെ സംസ്ഥാന തല കോ-ഓർഡിനേറ്ററായിരുന്നു മഹേശൻ. ടോമിൻ തച്ചങ്കരിക്ക് എഴുതിയിട്ടുള്ള കത്തിൽ പറയുന്നത് ഇങ്ങനെ: ഇത്തരത്തിൽ ഇപ്പോൾ ഇങ്ങനെ ഉണ്ടായിരിക്കുന്ന ഈ നീക്കത്തിന് പിന്നിൽ എന്റെ നേതാവ് ശ്രീ വെള്ളാപ്പള്ളി അവർകൾക്ക് എന്നോട് ശത്രുതാപരമായ മനോഭാവമാണെന്ന് ഞാൻ മനസിലാക്കുന്നു. ശത്രുതയ്ക്ക് കാരണം ഞാൻ അദ്ദേഹത്തിന് 14.5.20 ൽ ഒരു 32 പേജുള്ള കത്തുകൊടുത്തിരുന്നു. അഅതിന്റെ പകർപ്പ് ഞാൻ അങ്ങേയ്ക്ക് അയച്ചു തരാം. അത് അങ്ങ് ഒന്നു വായിച്ചു നോക്കിയതിന് ശേഷം എന്റെ പേരിൽ നടപടിയെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ജി. സുധാകരനും ഇതേ പോലെ കത്തുകൾ അയയ്ക്കുന്നുണ്ട്.

ഒരു കാര്യം കൂടി ഞാൻ താഴ്മയായി അങ്ങയെ അറിയിക്കുന്നു. ഇത്തരത്തിൽ എന്നെ കേസിൽ കുടുക്കാനുള്ള ശ്രമം വെള്ളാപ്പള്ളി സാറിന്റെ ഭാഗത്തു നിന്നുണ്ടായാൽ ഗുരുദേവൻ സത്യം ഞാനും ടീച്ചറായ എന്റെ ഭാര്യയും വെള്ളാപ്പള്ളി വീടിന് മുന്നിൽ ജീവിതം ഹോമിക്കും ഇതെന്റെ ശപഥമാണ്. ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കന്മാർക്കെതിരേ കള്ളക്കേസ് എടുപ്പിക്കുന്ന ഇന്നത്തെ യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ഞാൻ എന്റെ ജീവൻ സമർപ്പിക്കുന്നു.

വെള്ളാപ്പള്ളിയെ പ്രതിയാക്കാനുള്ള ആരോപണങ്ങളെല്ലാം ഈകേസിൽ ഉണ്ടായിരുന്നു. എന്നിട്ടും പൊലീസ് വെള്ളാപ്പള്ളിയെ പ്രതിയാക്കിയില്ല. ഇപ്പോൾ തുഷാറിനെ അടക്കം പ്രതിയാക്കി അന്വേഷണം നടത്തുമ്പോൾ മൈക്രോഫിനാൻസ് തട്ടിപ്പു കേസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. എന്നാൽ, ഭരണപക്ഷവുമായി അടുത്ത ബന്ധമുള്ള വെള്ളാപ്പള്ളിയെ വെളിപ്പുക്കാനാകും അന്വേഷണം എന്ന വാദവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP