Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മൂത്ത മകൻ മരണപ്പെട്ടതിന് ശേഷം മാനസികമായി ഏറെ തളർന്നിരുന്നു; ഹൃദ്രോഗമുൾപ്പെടെയുള്ള രോഗങ്ങളും അലട്ടി; മാസം നല്ലൊരു തുക തന്നെ ചികിത്സയ്ക്കും മറ്റും; ഭാര്യയുടെ അസുഖം കൂടിയായപ്പോൾ പിടിവിട്ടു; കണ്ടറിഞ്ഞ് മാസന്തോറും വീട്ടുവാടക അടക്കം പണം നൽകി സഹായിച്ചിരുന്ന സഹോദരൻ യേശുദാസിനെ ബുദ്ധിമുട്ടിക്കുന്നതിലും മനോവിഷമം; ഗായകന്റെ സഹോദരൻ കെ.ജെ.ജസ്റ്റിന്റെ വല്ലാർപാടത്തെ മരണം ആത്മഹത്യ എന്ന നിഗമനത്തിൽ പൊലീസ്

മൂത്ത മകൻ മരണപ്പെട്ടതിന് ശേഷം മാനസികമായി ഏറെ തളർന്നിരുന്നു; ഹൃദ്രോഗമുൾപ്പെടെയുള്ള രോഗങ്ങളും അലട്ടി; മാസം നല്ലൊരു തുക തന്നെ ചികിത്സയ്ക്കും മറ്റും; ഭാര്യയുടെ അസുഖം കൂടിയായപ്പോൾ പിടിവിട്ടു; കണ്ടറിഞ്ഞ് മാസന്തോറും വീട്ടുവാടക അടക്കം പണം നൽകി സഹായിച്ചിരുന്ന സഹോദരൻ യേശുദാസിനെ ബുദ്ധിമുട്ടിക്കുന്നതിലും മനോവിഷമം; ഗായകന്റെ സഹോദരൻ കെ.ജെ.ജസ്റ്റിന്റെ വല്ലാർപാടത്തെ മരണം ആത്മഹത്യ എന്ന നിഗമനത്തിൽ പൊലീസ്

ആർ പീയൂഷ്

 കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെജെ ജസ്റ്റിൻ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ്. ജസ്റ്റിൻ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു. കൂടാതെ ഗുരുതരമായ രോഗങ്ങൾ മൂലവും അവശതയിലായിരുന്നു. സഹോദരൻ കെ.ജെ യേശുദാസിന്റെ കാരുണ്യത്തിലായിരുന്നു ജീവിച്ചു വന്നിരുന്നത്. രോഗിയായ ഭാര്യക്കും തനിക്കും ചികിത്സയ്ക്കായി മാസംതോറും നല്ലൊരു തുക ചെലവാകുന്നുമുണ്ടായിരുന്നു. ഇതെല്ലാം തന്റെ ജ്യേഷ്ഠന് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇക്കാരണങ്ങൾ കൂട്ടിയിണക്കിയാണ് പൊലീസ് ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ജസ്റ്റിന് ശത്രുക്കൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഭക്ഷണം വാങ്ങാൻ പുറത്തുപോയ ജസ്റ്റിൻ ഇത്രയും ദൂരം താണ്ടി വല്ലാർപാടത്തെത്തിയത് ആത്മഹത്യഎന്ന ഉദ്ദേശത്തോടെ ആവണം എന്നുമാണ് പൊലീസ് സംശയിക്കുന്നത്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസകോശത്തിൽ വെള്ളം കയറിയതായി കണ്ടു. ഇതാണ് മരണകാരണം. ഉച്ചയോടെയെയായിരുന്നു പോസ്റ്റ്‌മോർട്ടം. ബന്ധുക്കൾ വിദേശത്തും മറ്റുമുള്ള ബന്ധുക്കൾ എത്തിയതിന് ശേഷം നാളെ ഫോർട്ട് കൊച്ചിയിൽ സംസ്‌ക്കാരം നടക്കും. ആത്മഹത്യ എന്നത് പ്രാഥമിക നിഗമനമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. രാവിലെ വീട്ടിൽ നിന്നും ഭക്ഷണം വാങ്ങാൻ പോകുകയാണ് എന്ന് പറഞ്ഞ് പോയ ജസ്റ്റിൻ രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതിനാൽ ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കര പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്കും വിവരം നൽകി. ഈ അന്വേഷണത്തിലാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്.

ഇതോടെ തൃക്കാക്കര പൊലീസ് ബന്ധുക്കളെ അറിയിച്ചു മൃതദേഹം തിരിച്ചറിയാൻ വേണ്ടി പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അസുഖബാധിതനായതിനെ തുടർന്ന് ജസ്റ്റിന് ജോലിക്ക് പോകാൻ കഴിയില്ലായിരുന്നു. ഏറെ ദുരിത പൂർണ്ണമായ ജീവിതത്തിന് താങ്ങായി നിന്നത് സഹോദരൻ കെ.ജെ യേശുദാസായിരുന്നു. എല്ലാ മാസവും കൃത്യമായി അൻപതിനായിരത്തോളം രൂപ അദ്ദേഹം സഹോദരന്റെ ചെലവിനായി അയച്ചു കൊടുക്കുമായിരുന്നു. ജസ്റ്റിന് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനാണ് ഉള്ളത്. മകന്റെ പഠന ചിലവും യേശുദാസ് തന്നെയാണ് വഹിച്ചിരുന്നത്. യേശുദാസിന്റെ ആത്മ സുഹൃത്തായ ബെന്നി ജോസഫ് ജനപക്ഷം വഴിയും സഹായം എത്തിച്ചിരുന്നു. പള്ളിക്കരയിൽ നിന്നും രണ്ടു വർഷമായതേയുള്ളൂ ജസ്റ്റിനും കുടുംബവും കാക്കനാട് അത്താണി സെന്റ് ജോസഫ് പള്ളിയുടെ സമീപം താമസം തുടങ്ങിയിട്ട്. വീട്ടുവാടക കൃത്യമായി തന്നിരുന്നത് യേശുദാസ് ആയിരുന്നു എന്ന് വീട്ടുടമ മറുനാടൻ മലയാളിയോട് പറഞ്ഞു. ജസ്റ്റിനും കുടുംബത്തിനും യാതൊരു കുറവും വരുത്താതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.

മൂത്ത മകൻ മരണപ്പെട്ടതിന് ശേഷം മാനസികമായി ഏറെ തളർന്നിരുന്നു ജസ്‌ററിൻ. കൂടാതെ ഹൃദ്രോഗമുൾപ്പെടെയുള്ള രോഗങ്ങളും അലട്ടിയിരുന്നു. മാസം നല്ലൊരു തുക തന്നെ ചികിത്സയ്ക്കും മറ്റുമായി വേണ്ടി വന്നിരുന്നു. ഭാര്യയുടെ അസുഖം കൂടിയായപ്പോൾ സാമ്പത്തിക ബാധ്യത കൂടി. എന്നാൽ സഹോദരൻ സഹായിച്ചു കൊണ്ടിരുന്നതിനാൽ ബുദ്ധിമുട്ടില്ലാതെ പോകുകയായിരുന്നു. എന്നാൽ സഹോദരനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്ന് അടുത്ത സുഹൃത്തുക്കളോട് ജസ്റ്റിൻ പറഞ്ഞിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലായതിനാൽ യേശുദാസ് എത്താൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് ജസ്റ്റിൻ. ജിജിയാണ് ഭാര്യ. മറ്റുസഹോദരങ്ങൾ: ആന്റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP