Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ഒഴുകി വരുകയായി പമ്പ ഒഴുകി വരികയായി; ഇരട്ടസഹോദരൻ വിലയം പ്രാപിച്ച പമ്പയിൽ ഗായകൻ കെ.ജി. ജയനും മോക്ഷം നേടി; ചിതാഭസ്മം ഒഴുക്കിയത് ആറന്മുള സത്രക്കടവിൽ

ഒഴുകി വരുകയായി പമ്പ ഒഴുകി വരികയായി; ഇരട്ടസഹോദരൻ വിലയം പ്രാപിച്ച പമ്പയിൽ ഗായകൻ കെ.ജി. ജയനും മോക്ഷം നേടി; ചിതാഭസ്മം ഒഴുക്കിയത് ആറന്മുള സത്രക്കടവിൽ

ശ്രീലാൽ വാസുദേവൻ

കോഴഞ്ചേരി: ഒഴുകി വരികയായ് പമ്പ ഒഴുകി വരികയായ്...യശഃശരീരരായ ജയവിജയന്മാർ പുണ്യനദി പമ്പയെ ഉപാസിച്ചൊരുക്കിയ ഗാനമാണിത്. പമ്പയ്ക്കും ശബരിമലയ്ക്കും അയ്യപ്പനും ഇവരുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ടായിരുന്നു. ശബരീശനെ ഉപാസിച്ച ഇരട്ട സഹോദരന്മാർ മരണശേഷവും ശബരിമലയുടെയും പമ്പയുടെയും ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരട്ട സഹോദരൻ വിജയന് പിന്നാലെ ഗായകൻ കെ.ജി. ജയന്റെ ആത്മാവും പമ്പയിൽ വിലയം പ്രാപിച്ച് മോക്ഷം നേടി.

ഇരട്ട സഹോദരൻ വിജയൻ ശബരിമല അടിവാരത്ത് പമ്പ ത്രിവേണിയിൽ അസ്ഥി നിമജ്്ജനത്തിലൂടെ മോക്ഷം നേടിയപ്പോൾ സഹോദരൻ ജയന്റെ ചിതാഭസ്മം ആറന്മുള പാർത്ഥ സാരഥി ക്ഷേത്ര കടവിന് താഴെ സത്രക്കടവിൽ പുണ്യനദി ഏറ്റുവാങ്ങി. സംഗീത പ്രേമികളുടെ മനം കവർന്ന ഗായകനും സംഗീതജ്ഞനുമായ കെ.ജി.ജയന്റെ ചിതാഭസ്മം പമ്പയുടെ ഓളങ്ങളിൽ അലിഞ്ഞ് ചേർന്നു. ജയന്റെ മക്കളായ ബിജു കെ. ജയൻ, മനോജ് കെ. ജയൻ എന്നിവർ ചേർന്നാണ് ചിതാഭസ്മം പമ്പയിൽ നിമജ്ജനം ചെയ്തത്.

ജയന്റെ സഞ്ചയന കർമങ്ങൾ തൃപ്പൂണിത്തുറയിലെ വീട്ടിൽ പൂർത്തിയാക്കിയ ശേഷമാണ് മക്കൾ ചിതാഭസ്മവുമായി ആറന്മുളയിലെത്തിയത്. ചുവന്ന പട്ടിൽ പൊതിഞ്ഞ മൺകുടത്തിൽ സൂക്ഷിച്ച ചിതാഭസ്മം മൂത്തമകൻ ബിജുവും സഞ്ചയന കർമത്തിലെ പിണ്ഡം മനോജ് കെ.ജയനും ഇരു കൈകളിലും വച്ച് കിഴക്ക് ദിക്കിലേക്ക് ദർശനമായി നിന്ന് പട്ട് അഴിച്ച് നദിയിൽ ഒഴുക്കി.

തുടർന്ന് മൺകുടത്തിന്റെ മൂടി തുറന്ന് ബിജു പമ്പയിലേക്ക് ഭസ്മം ഒഴുക്കിയപ്പോൾ പിണ്ഡം മനോജും ഒഴുക്കി. 1988 ൽ അന്തരിച്ച കെ.ജി.വിജയന്റെ ചിതാഭസ്മം പമ്പയിലെ ത്രിവേണിയിലാണ് ഒഴുക്കിയത്. കൊച്ചച്ഛൻ അലിഞ്ഞു ചേർന്ന പുണ്യനദിയിൽ തന്നെ അച്ഛനേയും ചേർക്കണം എന്നതിനാൽ ത്രിവേണിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും അവിടെ ജലവിതാനം തീരെ താഴ്ന്നതിനാൽ പാർഥസാരഥിയുടെ മണ്ണിലേക്ക് എത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഒഴുകി വരുകയായി പമ്പ ഒഴുകി വരികയായി.. എന്ന ഭക്തിഗാനം ആസ്വാദക മനസിൽ ഇടംപിടിപ്പിച്ച പ്രിയ സംഗീതജ്ഞന്റെ ചിതാഭസ്മം പുണ്യ നദിയായ പമ്പയുടെ ഓളങ്ങളിലേക്ക് ചേർക്കാൻ ജയവിജയന്മാരുടെ ഇളയ സഹോദരൻ രാജഗോപാൽ, വിജയന്റെ മക്കളായ മനു വിജയൻ, മഞ്ചു വിജയൻ, ബിജുവിന്റെ ഭാര്യ പ്രിയ, മകൻ അദ്വൈത്, മരുമകൻ അർജുൻ, മനോജിന്റെ ഭാര്യ ആശ, ഇവരുടെ മകൻ അമൃത് കെ. ജയൻ, ബിജുവിന്റെ ചെറുമകൻ ആശ്രയ് എന്നിവരും പമ്പാ സ്നാനത്തിനും നിമജ്ജനത്തിനുമായി എത്തിയിരുന്നു.

സ്വാമി അയ്യപ്പന്റെ ഉണർത്തു പാട്ടിലൂടെ ശ്രദ്ധേയരായ ജയവിജയന്മാർ പമ്പയെയും പ്രകീർത്തിച്ച് നിരവധി ഭക്തി ഗാനങ്ങളാണ് ഇക്കാലയളവിൽ ആലപിച്ചത്. ജയവിജയന്മാരുടെ സംഗീത സദസ് എവിടെ ഉണ്ടെങ്കിലും കീർത്തനങ്ങൾആലപിക്കാൻ ആരംഭിക്കുമ്പോൾ തന്നെ അയ്യപ്പ ഭക്തി ഗാനങ്ങൾ പാടാൻ സദസിൽ നിന്നും ആവശ്യം ഉയരുമായിരുന്നു. അയ്യപ്പ ഗാനാലാപനത്തിലൂടെ ആയിരുന്നു ജയവിജയന്മാരുടെ പ്രശസ്തിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP