Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിൽ യൂണിറ്റ് സെക്രട്ടറി; കോളേജിൽ രാഷ്ട്രീയ മികവിനൊപ്പം വോളിബോളിലും താരം; സമരവീര്യം ലീഡറുടെ കണ്ണിൽ പെട്ടതോടെ ശുക്രനുദിച്ചു; കരുണാകരന്റെ കളരിയിൽ നിന്ന് പുറത്ത് പോയത് തിരുത്തൽവാദവുമായി; ലോക്‌സഭയിലെ ഇടപെടലിലൂടെ രാഹുലിന്റെ വിശ്വസ്തനായപ്പോൾ കിട്ടിയത് ദേശീയ രാഷ്ട്രീയത്തിലെ വമ്പൻ ഉത്തരവാദിത്തങ്ങൾ; കർണാടകവും രാജസ്ഥാനും പിടിച്ച് എത്തുന്നത് കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി പദവിയിലും; കേരളാ സ്‌റ്റേറ്റിൽ ഇനി കെസി കോൺഗ്രസിൽ ഒന്നാം നമ്പറുകാരൻ

സ്‌കൂളിൽ യൂണിറ്റ് സെക്രട്ടറി; കോളേജിൽ രാഷ്ട്രീയ മികവിനൊപ്പം വോളിബോളിലും താരം; സമരവീര്യം ലീഡറുടെ കണ്ണിൽ പെട്ടതോടെ ശുക്രനുദിച്ചു; കരുണാകരന്റെ കളരിയിൽ നിന്ന് പുറത്ത് പോയത് തിരുത്തൽവാദവുമായി; ലോക്‌സഭയിലെ ഇടപെടലിലൂടെ രാഹുലിന്റെ വിശ്വസ്തനായപ്പോൾ കിട്ടിയത് ദേശീയ രാഷ്ട്രീയത്തിലെ വമ്പൻ ഉത്തരവാദിത്തങ്ങൾ; കർണാടകവും രാജസ്ഥാനും പിടിച്ച് എത്തുന്നത് കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി പദവിയിലും; കേരളാ സ്‌റ്റേറ്റിൽ ഇനി കെസി കോൺഗ്രസിൽ ഒന്നാം നമ്പറുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ തീച്ചൂളയിൽ നിന്ന് കരുത്താർജ്ജിച്ചതാണ് കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം. പുന്നപ്ര വയലാറിന്റെ കമ്മ്യൂണിസ്റ്റ് മനസ്സിനെ അനുകൂലമാക്കിയ കോൺഗ്രസുകാരനാണ് കേരള രാഷ്ട്രീയത്തിൽ കരുണാകരന്റെ കണ്ടെത്തുകളിലൊന്നയാ വേണുഗോപാൽ. ആലപ്പുഴയെ വലതു പക്ഷത്തേക്ക് പകപ്പെടുത്തിയ വേണുഗോപാൽ ഇനി കോൺഗ്രസ് ഹൈക്കമാണ്ടിലെ അമരക്കാരനാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തൻ താനാണെന്ന് അടിവരയിടുകയാണ് പുതിയ പദവിയിലൂടെ കെ സി വേണുഗോപാൽ. ദേശീ രാഷ്ട്രീയത്തിൽ ബിജെപിയുടെ തുടർ ഭരണ മോഹങ്ങളെ വെട്ടിയൊതുക്കിയ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ് ഗഡ് വിജയങ്ങളുടെ കരുത്തിൽ വേണുഗോപാലിനെ കോൺഗ്രസിന്റെ സംഘടനാ ചുമതല ഏൽപ്പിക്കുകയാണ്  രാഹുൽ ഗാന്ധി.

കേരളത്തിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച എകെ ആന്റണിക്ക് പോലും പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയാകാൻ കഴിഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും എഐസിസിയിൽ വെറും ജനറൽ സെക്രട്ടറിയാണ്. ഇവിടെയാണ് കെസിയുടെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം ചർച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അപ്പുറത്തേക്കും കെസി വേണുഗോപാൽ എത്തുകയാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാം നമ്പർ പദവിയിലേക്ക് എത്താനുള്ള ഹൈക്കമാണ്ട് പിൻബലം തനിക്കുണ്ടെന്ന് വേണുഗോപാൽ ഇതിലൂടെ തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഐ വിഭാഗം വേണുഗോപാലിലേക്ക് ചുരുങ്ങാനും സാധ്യത ഏറെയാണ്.

കരുണാകരന്റെ വിശ്വസ്തനായി തുടക്കം. കെ മുരളീധരനെതിരെ തിരുത്തൽ വാദവുമായി ചെന്നിത്തലയും ജി കാർത്തികേയനും പോരാട്ടത്തിനിറങ്ങിയപ്പോൾ വേണുഗോപാലും ആ പക്ഷത്ത് ഉറച്ചു നിന്നു. മൂന്നാംഗ്രൂപ്പിൽ നിന്ന് സംസ്ഥാന മന്ത്രിയായി. പിന്നെ വിശാല്യ ഐ ഗ്രൂപ്പിന്റെ നേതാവായി. അപ്പോഴും ഐ ഗ്രൂപ്പിലെ എല്ലാവർക്കും മീതെ വേണുഗോപാൽ എത്തുന്നത് രാഹുൽ ഗാന്ധിക്ക് ഈ നേതാവിലുള്ള വിശ്വസ്തതയുടെ തെളിവാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കളിൽ ഹൈക്കമാണ്ടിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി വേണുഗോപാൽ മാറുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും വേണുഗോപാലിന്റെ വാക്കുകൾ പ്രസക്തമാകും. എല്ലാം തീരുമാനിക്കുന്നതിൽ ഈ നേതാവിനും ഉണ്ടാകും നിർണ്ണായക സ്ഥാനം.

ലോക്‌സഭയിലേക്ക് ആലപ്പുഴയിൽ വീണ്ടും മത്സരിക്കാനും വേണുഗോപാലെത്തും. വിജയിച്ച് ലോക്‌സഭയിൽ വീണ്ടും വേണുഗോപാലെത്തുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം പിടിച്ചെടുത്താൽ അതിനിർണ്ണായ മന്ത്രിപദവിയും വേണുഗോപാലിന് ഉറപ്പാണ്. ഇതിനെല്ലാം കാരണമാകുന്നത് സോണിയയിൽ നിന്ന് രാഹുലിലേക്ക് അധികാരമെത്തിയപ്പോൾ വേണുഗോപാലിന് രാഹുലിൽ നേടിയെടുക്കാനായ വിശ്വാസ്യത തന്നെയാണ്.

കെ എസ് യുവിലൂടെ ഹൈക്കമാണ്ടിലേക്ക്

1963 ഫെബ്രുവരി നാലിന് കണ്ണൂർ ജില്ലയിലെ കണ്ടോന്താറിലാണ് ജനനം. പിതാവ് പരേതനായ കുഞ്ഞികൃഷ്ണൻ നമ്പിയും മാതാവ് ജാനകിയമ്മയുമാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി. സ്‌കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് പയ്യന്നൂർ കോളേജിലെ പഠനകാലത്ത് തുടർച്ചയായി അഞ്ചുവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് പഠനകാലത്ത് വോളിബോൾ ടീം ക്യാപ്റ്റനും ഒപ്പം യൂണിവേഴ്‌സിറ്റി ടീമംഗവുമായിരുന്നു. മാത്തമാറ്റിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനവും പൂർത്തിയാക്കി. ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ എന്ന പേര് ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു.

സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായി. അഞ്ചു വർഷം ഇതേ സ്ഥാനത്ത് തുടർന്നു. പിന്നീട് 1992 മുതൽ 2000 വരെ തുടർച്ചയായി എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ കരുണാകരന്റെ പ്രിയ അനുയായിയായി മാറിയതായിരുന്നു വേണുഗോപാലിന് കരുത്തായത്. 1996 മുതൽ തുടർച്ചയായി മൂന്നു തവണ (1966, 2001, 2006) ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2004-06 കാലയളവിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009-ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും പതിനഞ്ചാം ലോക്‌സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. ലോക്‌സഭാംഗം എന്ന നിലയിൽ പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റി, ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം എന്നിവയ്ക്കായുള്ള കമ്മിറ്റി, റെയിൽവേ കൺവെൻഷൻ കമ്മിറ്റി, കൃഷികാര്യങ്ങൾക്കായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി. എം പി യെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെകൂടി അടിസ്ഥാനത്തിൽ 2011 ജനുവരിയിൽ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സർക്കാരിൽ ഊർജ്ജ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. തുടർന്ന് 2012 ഒക്ടോബറിൽ മുതൽ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയായി സ്ഥാനമേറ്റു. എൻ എസ് എസിനും എന്നും പ്രിയപ്പെട്ട നേതാവായിരുന്നു വേണുഗോപാൽ. മന്ത്രി പദവിയിൽ വേണുഗോപാൽ എത്തുന്നതിന് ഇതും പലപ്പോഴും കാരണമായിരുന്നു.

എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയ നേതാവായി വേണുഗോപാൽ ഉയരുമ്പോൾ അതിന് കാരണം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്ന ലേബലാണ്. ഗോവയിലും തെലുങ്കാനയിലും കർണ്ണാടകയിലും ഹരിയാനയിലും പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്‌ന പരിഹാരത്തിന് രാഹുൽ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. കർണ്ണാടകയിൽ ബിജെപി തന്ത്രങ്ങളെ വെട്ടിയരിഞ്ഞ് അധികാരം കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാക്കിയതും വേണുഗോപാലാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രിയെ കണ്ടെത്തിയതിന് പിന്നിലും വേണുഗോപാലിന്റെ തന്ത്രങ്ങളുണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അശോക് ഗെഹ് ലോട്ടിനെ രാജസ്ഥാനിലെ ഭരണം രാഹുൽ ഏൽ്പ്പിച്ചത് സച്ചിൻ പൈലറ്റിനെ തന്ത്രത്തിൽ അനുനയിപ്പിച്ചാണ്. കാര്യങ്ങൾ കൈവിട്ടുപോകാതെ നോക്കി സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കിയുള്ള പ്രശ്‌ന പരിഹാരം സാധ്യമാക്കിയത് വേണുഗോപാലാണ്. ഇതിനുള്ള അംഗീകാരമാണ് ഗെഹ് ലോട്ടിന്റെ പകരക്കാരനായുള്ള വേണുഗോപാലിന്റെ നിയമനം.

ലോക്‌സഭയിലെ രാഹുലിന്റെ പ്രിയ സുഹൃത്ത്

2014-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടാമതും ജനവിധിതേടി പ്രതിപക്ഷ നേതൃനിരയിൽ ശക്തമായ സാന്നിദ്ധ്യമായി. രാജ്യത്തെ ജനതയെ ബാധിക്കുന്ന ചെറുതും വലുതുമായ പൊതു വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും ഇടപെടുകയും അത്തരം ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്തുകയും ചെയ്യുന്ന ജനപ്രതിനിധിയായി. കറതീർന്ന മതേതര നിലപാടുകളിലൂടെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ നേടിയ പൊതുപ്രവർത്തകൻ എന്ന നിലയിൽ ദേശീയതലത്തിൽതന്നെ ശ്രദ്ധ നേടുകയും മതന്യൂനപക്ഷങ്ങളടക്കം എല്ലാ ജനവിഭാഗങ്ങൾക്കുമിടയിൽ സ്വീകാര്യത നേടാനുമായി. തീഷ്ണവും സുതാര്യവുമായ പൊതു നിലപാടുകളിലൂടെ ബിജെപിക്കും കേന്ദ്ര സർക്കാരിനും നേരെ സന്ധിയില്ലാത്ത പോരാട്ടമാണ് വേണുഗോപാലിന്റേത്. ഇതെല്ലാം രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെ പ്രധാനിയായി വേണുഗോപാലിനെ മാറ്റി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തന്ത്രങ്ങളൊരുക്കുന്നതിൽ പ്രധാനിയായി വേണുഗോപാൽ മാറുകയായിരുന്നു.

ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വർഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ യുദ്ധമുഖം തുറന്ന വേണുഗോപാൽ ഒരു വലിയ ജനതയുടെ പ്രതീക്ഷയാണ്. സ്ത്രീസുരക്ഷ, കാർഷിക പുരോഗതി, വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ പരിവർത്തനം, റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം, ഉത്പന്ന സേവന മേഖലകളുടെ ഗുണനിലവാരമുയർത്തൽ തൊഴിലില്ലായ്മ, വിമുക്തഭടന്മാരുടെയും,ജീവനക്കാരുടെയും, പ്രവാസികളുടെയും ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമം, പാർശ്വവത്കരിക്കപ്പെട്ടവർക്കും, ദളിതർക്കും, അവശതയനുഭവിക്കുന്നവരുടെയും ശാക്തീകരണം തുടങ്ങി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടാകാത്ത മേഖലകളില്ല. ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളിൽ തികച്ചും മാതൃകാപരവും ഊർജ്ജസ്വലവും, നിരന്തരവും, അർപ്പിതവുമായ പ്രവർത്തനം. എം പി ഫണ്ട് വിനിയോഗത്തിൽ പതിനഞ്ചാം ലോക്‌സഭയിൽ ദേശീയതലത്തിൽതന്നെ ഒന്നാമതെത്തി. ഇതിനെല്ലാം ഉപരി രാഹുലിന്റെ അടുത്ത സുഹൃത്തെന്ന പദവിയിലേക്ക് ലോക്‌സഭയിലെ നിരന്തര ഇടപെടുലകളിലൂടെ വേണുഗോപോൽ മാറി.

സംസ്ഥാന മന്ത്രിസഭയിൽ പ്രവർത്തിക്കാനവസരം ലഭിച്ചപ്പോൾ ശബരിമല വികസനത്തിന് വനഭൂമി ലഭ്യമാക്കിയതും ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നതും ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ കനാലുകളുടെ നവീകരണം പൂർത്തിയാക്കിയതും നേട്ടങ്ങളിൽ ചിലതുമാത്രം. കേന്ദ്ര മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ സമ്മാനിച്ചു. വ്യോമയാന മന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് അറുതിവരുത്താനും എയർ ഇന്ത്യ എക്സ്‌പ്രസ് എന്ന സാധാരണക്കാരുടെ വിമാനക്കമ്പനിയെ സമൂല പരിഷ്‌ക്കരണത്തിന് വിധേയമാക്കുകയും ചെയ്തു.

സമര പോരാട്ടത്തിലൂടെ കരുണാകരന്റെ കണ്ണിലുണ്ണിയായി

ഇടതു സർക്കാരുകളുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ നിന്ന് സമരങ്ങൾ നയിക്കുമ്പോൾ നിരവധി തവണ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിക്കേണ്ടിവന്നു. 1989 ൽ നായനാർ സർക്കാരിന്റെ ഭരണകാലത്ത് വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നന്ദാവനം പൊലീസ് ക്യാമ്പിൽ ക്രൂരമർദ്ദനമേറ്റ സംഭവം ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. കെ കരുണാകരന്റെ പ്രിയ യുവ നേതാവായി വേണുഗോപാൽ മാറുന്നത് ഇങ്ങനെയാണ്.

കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന മാർക്ക്ദാനത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായ ലാത്തിച്ചാർജ്ജിനിരയാകേണ്ടിവന്നു. 1998-ൽ കൊല്ലം എസ് എൻ കോളേജ് പ്രശ്‌നത്തിൽ സി പി എം എസ് എൻ ട്രെസ്റ്റിനെതിരെ നടത്തിവന്ന സമരത്തിനും ജനാധിപത്യ ധ്വംസനത്തിനും യൂത്ത് കോൺഗ്രസ് എസ് പി ഓഫീസ് മാർച്ച് നയിച്ചപ്പോഴും ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. ഇതെല്ലാം വേണുഗോപാലിലെ പോരാട്ട വീര്യത്തെ തുറന്നു കാട്ടി. ഇതോടെ കരുണാകരന്റെ വിശ്വസ്ത സംഘത്തിന്റെ ഭാഗമായി വേണുഗോപാലിനെ മാറ്റി. എം എൽ എ ആയിരിക്കേ ആലപ്പുഴയിൽ വ്യാപാരികളുടെ അകാരണമായ അറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് മർദ്ദിച്ച സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.

പയ്യാവൂർ പഞ്ചായത്തിൽ 2000 ത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സമരത്തിൽ ഒൻപതു ദിവസം നിരാഹാരമനുഷ്ഠിച്ചു. സംസ്ഥാനമൊട്ടാകെ ചെറുതും വലുതുമായ ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ നയിച്ച രാഷ്ട്രീയ ചരിത്രമുണ്ട്. നിലവിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ ഡപ്യൂട്ടി ചീഫ് വിപ്പാണ്. മുൻപ് കേരളാ നിയമസഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായിരുന്നു. എ.ഐ.സി.സി അംഗവും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. ഐക്യരാഷ്ട്ര സഭയുടെ 65 മത് ജനറൽ അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. അമേരിക്ക, ജർമ്മനി, ചൈന, സ്‌പെയിൻ, ബ്രിട്ടൺ തുടങ്ങി പതിനഞ്ചോളം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

സർവ്വകലാശാല ജില്ലാതലങ്ങളിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്ന വോളിബോൾ താരമായിരുന്നു. ഭാര്യ ഡോ.കെ.ആശ, ധനുവച്ചപുരം എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപികയാണ്. മകൻ ഗോകുൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദവിദ്യാർത്ഥിയും, മകൾ പാർവ്വതി സ്‌കൂൾ വിദ്യാർത്ഥിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP