Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐടി വകുപ്പിലെ പ്രമുഖന് സ്വർണ്ണക്കടത്ത് കേസിലെ റോൾ എന്ത്? ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത്? താങ്കളുടെ ഓഫീസുമായി കള്ളക്കടത്തുകാർക്കുള്ള ബന്ധം എന്തെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം; ബാഗേജ് വിടാൻ ആവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര്? അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം; ചോദ്യങ്ങൾ ഉന്നയിച്ച് ജ്യോതികുമാർ ചാമക്കാല; ട്രിപ്പിൾ ലോക്ക്ഡൗൺ സ്വർണ്ണക്കടത്ത് മറച്ചുവയ്ക്കാൻ എന്നും പ്രതിപക്ഷ ആരോപണം

ഐടി വകുപ്പിലെ പ്രമുഖന് സ്വർണ്ണക്കടത്ത് കേസിലെ റോൾ എന്ത്? ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത്? താങ്കളുടെ ഓഫീസുമായി കള്ളക്കടത്തുകാർക്കുള്ള ബന്ധം എന്തെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം; ബാഗേജ് വിടാൻ ആവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര്? അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം; ചോദ്യങ്ങൾ ഉന്നയിച്ച് ജ്യോതികുമാർ ചാമക്കാല; ട്രിപ്പിൾ ലോക്ക്ഡൗൺ സ്വർണ്ണക്കടത്ത് മറച്ചുവയ്ക്കാൻ എന്നും പ്രതിപക്ഷ ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപനം വന്നത് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് എത്തിയതോടെയാണ്. ഇതോടെ കിട്ടിയ അവസരം മുഖ്യമന്ത്രി പിണറായി വിജയനും ഐടി വകുപ്പ് സെക്രട്ടറിക്കും എതിരെ ഉപയോഗിക്കുകയാണ് പ്രതിപക്ഷം. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിന്റെ വാർത്ത പുറത്ത് വന്നപ്പോൾ 30 കിലോ സ്വർണം ഒളിപ്പിച്ചുവെച്ച കൺസൈന്മെന്റ് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കർ ഇടപെട്ടതായി വാർത്ത വന്നിരുന്നു. ഈ സംഭവവും ട്രിപ്പിൾലോക്ക് ഡൗണും ബന്ധമുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന് പങ്കുണ്ടെന്നും സ്വപ്നയെ കസ്റ്റംസ് തിരയുന്നുണ്ടെന്നും ബോധ്യമായപ്പോൾ പൊടുന്നനെ തന്നെ ഐടിവകുപ്പിലെ സ്‌പേസ് പാർക്കിൽ നിന്നും സ്വപ്നയെ പിരിച്ചു വിടുകയും ചെയ്തു. ഒരു ആരോപണം വന്നപ്പോൾ അതിന്റെ നിജസ്ഥിതി പോലും തിരക്കാതെ ഒരു ജീവനക്കാരിയെ ഒഴിവാക്കുന്നത് പതിവില്ലാത്ത നടപടിയാണ്. ഇതെല്ലാം തന്നെ സ്വർണക്കടത്ത് കേസിലെ ഒളിച്ചകളിയൂടെ ഭാഗമാണെന്നാണ് ആരോപണം.

സ്വർണം കടത്ത് വാർത്തയ്ക്ക് പിറകെ തന്നെ സ്വർണം കടത്തിലെ മുഖ്യ സൂത്രധാരക സ്വപ്ന സുരേഷും സ്വർണം കടത്തിൽ അറസ്റ്റിലായ സെറിനും ഐടി സെക്രട്ടറി ശിവശങ്കറും തമ്മിൽ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകളും കോൺഗ്രസ് പുറത്തുവിട്ടു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ശിവശങ്കറും യുഎഇ കോൺസുലേറ്റ് സ്വർണം കടത്ത് പ്രതികളും തമ്മിൽ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വിട്ടത്. ഒട്ടനവധി ചോദ്യങ്ങളും തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചാമക്കാല ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറും കോടികളുടെ സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷും. ഇനിയെങ്കിലും മുഖ്യമന്ത്രി വെളിപ്പെടുത്തണം താങ്കളുടെ ഓഫീസുമായി കള്ളക്കടത്തുകാർക്കുള്ള ബന്ധം എന്തെന്ന്... മറ്റൊരു പോസ്റ്റിൽ ജ്യോതികുമാർ ഇങ്ങനെ കുറിച്ചു. ആരാണ് സ്വപ്ന സുരേഷ്? സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത്? ...സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടിൽ നിയമിച്ചതാര്? ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത്? ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത്? രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ ഒത്താശ ചെയ്തിട്ടുണ്ടോ? ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര്? അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം....എന്നോക്കെയാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ചോദ്യങ്ങളായി ചാമക്കാല ഉന്നയിച്ചത്.

സ്വർണക്കടത്ത് മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയാകുന്ന സമയത്ത് തന്നെയാണ് കോവിഡുമായി ബന്ധപ്പെട്ടു തലസ്ഥാന നഗരി അഗ്‌നിപർവതത്തിനു മുകളിലാണെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം വരുന്നത്. തുടർന്ന് ഇന്നലെ രാത്രി തന്നെ തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ എന്ന് അനൗൺസ് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യശരങ്ങൾ പേടിച്ചാണ് സ്വന്തം വസതി ഓഫീസാക്കി മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും മന്ത്രിമാരും സ്വന്തം വീടുകൾ തന്നെ ഓഫീസാക്കി മാറ്റുന്നതുമെന്നാണ് പ്രതിപക്ഷ ആരോപണം. സ്വർണക്കടത്ത് ക്ഷീണം ചെയ്യുമെന്ന് ബോധ്യമയതിനാലാണ് സെക്രട്ടറിയെറ്റും സർക്കാർ ഓഫീസുകളും പൂർണമായി അടച്ചിട്ടു തലസ്ഥാന നഗരിയെ ഭരണപക്ഷം സ്തംഭിപ്പിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണകടത്ത് കേസിൽ വമ്പൻ സ്രാവുകൾക്കും ബന്ധമെന്ന് സൂചന ഇപ്പോൾ തന്നെ പുറത്ത് വന്നിട്ടുണ്ട്. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഇവരുടെ ഉന്നത ബന്ധങ്ങൾ തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ ചർച്ചയാകുന്നത്. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ സ്വപ്നക്ക് തലസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ്. ഇവർ യുഎഇയിലും ഇടക്കിടെ യാത്ര ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷെന്ന് വ്യക്തമായതോടെ സ്വപ്നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിൽ പോയിരുന്നു. ഇതോടെയാണ് സ്വപ്നയെ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്.

അതുകൊണ്ട് തന്നെയാണ് അതിവേഗമുള്ള പിരിച്ചു വിടലിന് പിന്നിൽ ഉന്നതരിലേക്ക് എത്താതെ കേസ് ഒതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമാകുന്നത്. താൽക്കാലിക നിയമനം ആയിരുന്നു എന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. ഐടി സെക്രട്ടറി ശിവശങ്കറുമായി അടുത്ത ബന്ധമാണ് യുവതിക്കുള്ളത്. അതേസമയം നിലവിൽ കസ്റ്റഡിയിലുള്ള കോൺസുലേറ്റ് മുൻ പി.ആർ.ഒ. സരിത്തിൽ നിന്നും നിർണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്.

ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നൽകി. ആരാണ് സ്വർണക്കടത്തിന് പിന്നിൽ എന്ന് ഒളിപ്പിക്കാൻ സരിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മൊഴിയിൽ നിന്നും വ്യക്തമാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത്. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.

2019 മുതൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം ഇതുവരെ കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകി. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ല. സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തം. 10 മുതൽ 15 ലക്ഷം വരെ കമ്മിഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആർ.ഒ പോസ്റ്റിൽ നിന്ന് സരിത്തിനെ നീക്കിയിരുന്നു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോൺസുലേറ്റിൽ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവിൽ പോയ ഇവർക്കായി കസ്റ്റംസ് തിരച്ചിൽ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആർഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്. യുഎഐ കോൺസുലേറ്റ് വഴിയുള്ള സ്വർണം കടത്ത് കേസിൽ വെളിച്ചത്ത് വരുന്ന വസ്തുതകൾ രാഷ്ട്രീയ ബോംബ് ആയി മാറുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP