Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോധം കെട്ട് പനിച്ചു വിറച്ച കുട്ടിയെ കണ്ടപ്പോഴെ അപസ്മാരത്തിന് ചികിൽസ തുടങ്ങി; തൊലിപ്പുറത്തെ കുമിളുമായി രണ്ടാമതെത്തിയപ്പോൾ കൊടുത്തത് അഞ്ചാം പനിക്കുള്ള മരുന്ന്; തൊലിപ്പുറത്തെ റിയാക്ഷൻ കണ്ടെത്താൻ വൈകിയപ്പോൾ കഷ്ടപ്പാടിലായത് സോനമോളുടെ ജീവിതം; ചികിൽസാ പിഴവ് വ്യക്തമായിട്ടും 50,000 പിടിച്ചുവാങ്ങി ആശുപത്രി മാനേജ്‌മെന്റിന്റെ കൊള്ള; തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി ആറുവയസ്സുകാരിക്ക് നൽകിയത് കാഴ്ച നഷ്ടം മാത്രം; ജസ്റ്റിസ് ഫോർ സോനമോൾ കാമ്പൈനുമായി സോഷ്യൽ മീഡിയ

ബോധം കെട്ട് പനിച്ചു വിറച്ച കുട്ടിയെ കണ്ടപ്പോഴെ അപസ്മാരത്തിന് ചികിൽസ തുടങ്ങി; തൊലിപ്പുറത്തെ കുമിളുമായി രണ്ടാമതെത്തിയപ്പോൾ കൊടുത്തത് അഞ്ചാം പനിക്കുള്ള മരുന്ന്; തൊലിപ്പുറത്തെ റിയാക്ഷൻ കണ്ടെത്താൻ വൈകിയപ്പോൾ കഷ്ടപ്പാടിലായത് സോനമോളുടെ ജീവിതം; ചികിൽസാ പിഴവ് വ്യക്തമായിട്ടും 50,000 പിടിച്ചുവാങ്ങി ആശുപത്രി മാനേജ്‌മെന്റിന്റെ കൊള്ള; തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി ആറുവയസ്സുകാരിക്ക് നൽകിയത് കാഴ്ച നഷ്ടം മാത്രം; ജസ്റ്റിസ് ഫോർ സോനമോൾ കാമ്പൈനുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഈ കുട്ടിക്ക് നീതി ലഭിക്കാൻ സോഷ്യൽ മീഡിയ വഴി നമ്മൾ മുന്നിട്ട് ഇറങ്ങണം. ജൂബിലി ഹോസ്പിറ്റലിൽ നടന്ന സംഭവം റിപ്പോർട്ട് ചെയ്യാത്ത എല്ലാ ചാനൽ പേജിലും എല്ലാവരും ഇ മെസേജ് കമന്റ് ചെയ്യുക. ????- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശമാണ് ഇത്. തൃശൂർ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾക്ക്(6) വേണ്ടിയുള്ള പോരാട്ടത്തിലാണ് സോഷ്യൽ മീഡിയ ഇന്ന്. ആറു വയസ്സുകാരിക്ക് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് നൽകുന്നത് ദുരവസ്ഥയുടെ ദിനങ്ങളാണ്.

മരുന്നിന്റെ റിയാക്ഷൻ കൊണ്ടാണ് സോനമോൾക്ക് കഷ്ടകാലം ഉണ്ടാകുന്നത്. ഇത് ജൂബിലി ആശുപത്രിക്കാർക്കും അറിയാം. എന്നിട്ടും ഡിസ്ചാർജ് ചെയ്യാൻ നേരം 50000രൂപ ഈടാക്കേണ്ടി വന്നു. സാമ്പത്തികം അധികമുള്ളവരല്ല ഈ കുട്ടിയുടെ അച്ഛനും അമ്മയും. ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് സോനമോൾ. രണ്ട്‌ലക്ഷത്തോളം രൂപ ചെലവായി കണ്ണിന് ഇപ്പോഴും കാഴ്ച ശക്തി പൂർണ്ണമായും കിട്ടിയില്ല. 3 ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന്. ഈ കുടുംബത്തിനുണ്ടായ ദുരവസ്ഥയെ ഒരു മുഖ്യധാരാ മാധ്യമവും ചർച്ചയാക്കിയില്ല. ഇതോടെയാണ് ഈ കുരുന്നിനുണ്ടായ ദുര്യോഗം സോഷ്യൽ മീഡിയ പുറത്തുകൊണ്ടു വന്നത്. ആശുപത്രിക്കെതിരെ ട്രോളുകളും സജീവമായി. എന്നിട്ടും ആശുപത്രിയിലെ ചികിൽസാ പിഴവിൽ അന്വേണവുമില്ല.

ചൈൽഡ് പ്രോട്ടക്ട ടീമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പനി വന്ന് ബോധ നഷ്ടമായാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോൾ വിദഗ്ധ ചികിൽസ അനിവാര്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ ആംബുലൻസിൽ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. കുട്ടിയെ കണ്ട ഡോക്ടർ ഉടൻ രോഗം നിർണ്ണയിച്ചു. ചികിൽസയും തുടർന്നു, ഇതാണ് വിനയായത്. ഈ ചികിൽസയുടെ ദുരിതമാണ് സോനമോളെ തളർത്തിയത്. എന്നിട്ടും ജൂബിലി മിഷൻ ആശുപത്രിക്ക് കരുണ തോന്നിയില്ല. അവർ കച്ചവട കണ്ണിൽ തെറ്റായ ചികിൽസയ്ക്കും കണക്ക് പറഞ്ഞ് പണം വാങ്ങി. ഇതിന് ശേഷം സോനമോളെ ഡിസ്ചാർജ് ചെയ്തു. സർക്കാർ മെഡിക്കൽ കോളേജിലെ ചികിൽസ സോനമോൾക്ക് ജീവൻ നൽകി. അപ്പോഴും കണ്ണിലെ മങ്ങൽ ഈ ആറുവയസ്സുകാരിക്ക് മുന്നോട്ടുള്ള കുതിപ്പിന് തടസ്സമാകുന്നു.

മാർച്ച് 11നാണ് കുട്ടിയെ ബോധം നഷ്ടമായ അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. ഫിക്‌സാണ് രോഗമെന്ന് വിലയിരുത്തി അപസ്മാരത്തിന് ഡോക്ടർ ചികിൽസ തുടങ്ങി. നാല് ദിവസമാണ് അപസ്മാരത്തിന് ഇൻജക്ഷൻ എടുത്തത്. അതിന് ശേഷം ഈ രോഗത്തിന് മരുന്നും നൽകി വീട്ടിലേക്ക് വിട്ടു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഫിക്‌സാണെന്ന് ഡോക്ടർ വിധിയെഴുതിയതിനെ അമ്മ എതിർത്തിരുന്നു. മകൾക്ക് പനിമാത്രമേ ഉള്ളൂവെന്നും നുരയും പതയും പോലുള്ള ലക്ഷണങ്ങൾ കാട്ടിയില്ലെന്നും വിശദീകരിച്ചു. എന്നാൽ പലവിധത്തിൽ ഫിക്‌സ് വരുമെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. ചെറിയ ആശ്വാസവുമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായി. ദേഹമാസകലം പാടുകളെത്തി. വിണ്ടു കീറാനും തുടങ്ങി.

ഇതിനിടെ വീണ്ടും പനി വ്ന്നു. 103 ഡിഗ്രിയിൽ ചൂടെത്തി. ഇതോടെ വീണ്ടു ആശുപത്രിയിലെത്തി. ഇത്തവണ അഞ്ചാംപനിക്കായിരുന്നു ചികിൽസ. 24 മണിക്കൂർ അഞ്ചാംപനിക്ക് ചികിൽസ തുടർന്നു. ശരീരത്തിലെ കുമിള അഞ്ചാംപനിയുടെ ലക്ഷണമെന്നായിരുന്നു ആശുപത്രിയിലെ ഡോക്ടർമാരുടെ വിധിയെഴുത്ത്. ഒന്നും ശരിയാകാതെ വന്നപ്പോൾ തൊലിപ്പുറത്തെ കുമിളകൾ സ്‌കിൻ ഡോക്ടറെ കാണിച്ചു. ഇതോടെയാണ് ചികിൽസാ പിഴവാണ് പ്രശ്‌നമായതെന്ന് തിരിച്ചറിഞ്ഞത്. ഫിക്‌സിനുള്ള ചികിൽസയ്‌ക്കെടുത്ത മരുന്നാണ് തൊലിപ്പുറത്തെ രോഗത്തിന് കാരണം. അഞ്ചാം പനിയെന്ന് പറഞ്ഞ് വീണ്ടും തെറ്റായ ചികിൽസ നടത്തിയതോടെ രോഗം വഷളായി. കണ്ണിലെ കൃഷ്ണ മണിയുടെ തൊലി വരെ പോയി. ഇതോടെയാണ് കാഴ്ച മങ്ങാൻ തുടങ്ങിയതും.

ഇതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനം അച്ഛനും അമ്മയും എടുത്തു. നാട്ടുകാരും ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്രിപ്പ് വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ആംബുലൻസിൽ സോനമോളെ കയറ്റി വിടുകയാണ് ആശുപത്രി ചെയ്തത്. ഐസിയുവിൽ ചികിൽസയിലായിരുന്നിട്ടും നേഴ്‌സ് പോലും അനുഗമിച്ചില്ല. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചികിൽസാ പിഴവിന്റെ ആഴം കണ്ടെത്തിയത്. ആദ്യം കുട്ടിയെ ബാധിച്ചത് നിമോണിയ ആയിരുന്നു. പനിയെ തുടർന്ന് ശ്വാസകോശത്തിൽ കഫം കെട്ടിയതിനെ തുടർന്നുള്ള ഇൻഫെക്ഷൻ. ഇതാണ് ശ്വാസതടസ്സമുണ്ടാക്കിയത്. ഈ രോഗത്തിനാണ് അപസ്മാരത്തിന്റെ മരുന്ന് കൊടുത്തത്. രണ്ടാമത് തൊലിപ്പുറത്തെ മരുന്നിന്റെ അലർജികാരണമുള്ള റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും.

ഇങ്ങനെ ആശുപത്രിയുടെ തെറ്റിന് 50,000 രൂപയും ഈടാക്കി. ഈ സാഹചര്യത്തിലാണ് സോനമോൾക്ക് നീതി തേടി സോഷ്യൽ മീഡിയ എത്തുന്നത്. സോനമോളുടെ മുഴുവൻ ചികിൽസാ ചിലവും ജൂബിലി ആശുപത്രി ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിലവിൽ കോയമ്പത്തൂരിലെ അരവിന്ദോ ആശുപത്രിയിലാണ് ചികിൽസ. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ നിമോണിയയും ത്വക്ക് രോഗവും പൂർണ്ണമായും മാറി. ഇനി കാഴ്ചയിലെ പ്രശ്‌നങ്ങൾ മാറണം. എന്നാൽ ഈ കുട്ടിയുടെ ദുരിത കഥ അറിഞ്ഞിട്ട് പ്രതികരിക്കാൻ ഇനിയും ജൂബിലി മിഷൻ ആശുപത്രി തയ്യാറല്ലെന്നതാണ് പ്രശ്‌നം.

സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോട്ടൽ എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്‌മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി. തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു. എന്നാൽ കൂടുതൽ ചികിത്സാ ചെലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാത്തതെ വരും. ഈ സാഹചര്യത്തിലാണ് ജൂബിലി ആശുപത്രി മൊത്തെ ചെലവും ഏറ്റെടുക്കണമെന്ന ആവശ്യം സജീവമാകുന്നത്.

സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. അപ്പോഴും മെഡിക്കൽ എത്തിക്‌സിന്റെ എല്ലാ മാനങ്ങളും ലംഘിച്ച് ചികിൽസാ പിഴവിനും രോഗിയിൽ നിന്ന് 50,000 രൂപ ഈടാക്കിയ ആശുപത്രിയെ തൊടാൻ സർക്കാരിനും മടി. ഈ ചികിൽസാ പിഴവ് ഔദ്യോഗികമായി സർക്കാർ വിശദീകരിക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP