Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഇത് ആസിഫയുടെ കുഞ്ഞുടുപ്പും സ്‌കൂൾ ബാഗും; പൊട്ടിത്തകർന്നിരിക്കുന്നത് അവളുടെ അമ്മ; നിഷ്‌ക്കരുണം വകവരുത്തും മുമ്പ് ഒരിക്കൽ കൂടി മാനഭംഗത്തിന് മുതിർന്ന ആ നരാധമന്റെ മനസിൽ നിറഞ്ഞ് തുളുമ്പിയത് മതവിദ്വേഷം മാത്രം! ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൊന്നുകളഞ്ഞ സംഭവത്തിൽ തലകുനിച്ച് രാജ്യം; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ജസ്റ്റിസ് ഫോർ ആസിഫ ഹാഷ് ടാഗ്

ഇത് ആസിഫയുടെ കുഞ്ഞുടുപ്പും സ്‌കൂൾ ബാഗും; പൊട്ടിത്തകർന്നിരിക്കുന്നത് അവളുടെ അമ്മ; നിഷ്‌ക്കരുണം വകവരുത്തും മുമ്പ് ഒരിക്കൽ കൂടി മാനഭംഗത്തിന് മുതിർന്ന ആ നരാധമന്റെ മനസിൽ നിറഞ്ഞ് തുളുമ്പിയത് മതവിദ്വേഷം മാത്രം! ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൊന്നുകളഞ്ഞ സംഭവത്തിൽ തലകുനിച്ച് രാജ്യം; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ജസ്റ്റിസ് ഫോർ ആസിഫ ഹാഷ് ടാഗ്

മറുനാടൻ മലയാളി ഡസ്‌ക്

ജമ്മു: മന: സാക്ഷിയെ മരവിപ്പിക്കുന്ന കത്വയിലെ പെൺകുട്ടിയുടെ ദുരന്തമാണ് ഇന്ന് ഏവരെയും പിടിച്ചുകുലുക്കിയത്.എട്ടുവയസുകാരിയെ പൂജാരിയും, നിയമപാലകരും ചേർന്ന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച് ശേഷം തലയ്ക്ക് കല്ലടിച്ച് കൊന്ന വാർത്ത ആരെയാണ് ഞെട്ടിക്കാത്തത്? സംഭവം സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി.

Stories you may Like

ജനുവരി 10 ന് കത്തുവ ജില്ലയിലെ രസാനയിൽനിന്നു കാണാതായ എട്ടുവയസ്സുകാരിയെ ദിവസങ്ങൾക്കുശേഷം തെരുവിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞദിവസമാണ് കുറ്റപത്രം നൽകിയത്. ഇതിന്റെ പകർപ്പു പുറത്തുവന്നപ്പോഴാണ് ആ പെൺകുട്ടി ഏറ്റുവാങ്ങിയ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.

വിരമിച്ച റവന്യൂവകുപ്പ് ജീവനക്കാരനായ സഞ്ജി റാമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതും നേതൃത്വം നൽകിയതും. നാടോടികളായ ബക്കർവാൽ വിഭാഗക്കാർ ഹിരാനഗർ താലൂക്കിൽ താമസിക്കുന്നത് ഇഷ്ടമല്ലാതിരുന്ന റാം സമാന ചിന്താഗതിക്കാരെയും കൂട്ടിയാണു ക്രൂരകൃത്യം നടത്തിയത്.

ഇതരമതവിഭാഗത്തിൽ ഉൾപ്പെടുന്നവരെ ഇതിനായി റാം ഒരുക്കുകയായിരുന്നുവെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നത്. ബക്കർവാൽ വിഭാഗക്കാർ 'ഗോക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുന്നവരും' ആണെന്നാണു മേഖലയിലെ ഹിന്ദു സമൂഹത്തിന്റെ 'പൊതുധാരണ'. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കാട്ടി ബക്കർവാൽ വിഭാഗക്കാരെ ഇവിടങ്ങളിലുള്ളവർ പതിവായി ഭീഷണിപ്പെടുത്താറുണ്ട്. ഇതുമൂലം നിരവധി പരാതികളും എഫ്‌ഐആറുമാണ് മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും.

എട്ടുവയസായ ആ പെൺകുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നൽകി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകൾ നടത്തി. പ്രതികളിലൊരാളെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാൾക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തു ഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസർ മറ്റുള്ളവരോട് ഒന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു- കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കൽ കൂടി അയാൾക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ! എട്ടുവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തിലെ ഏതാനും വരികൾ മാത്രമാണിത്.

ഇതെല്ലാം ചെയ്തത് ഒറ്റക്കാര്യത്തിനാണ്-ജമ്മു പട്ടണത്തിന് അടുത്ത കത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്ലിം നാടോടി സമൂഹമായ ബക്കർവാളുകളെ (ആട്ടിടയർ) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരം. പ്രതികളെ സഹായിക്കാൻ സംസ്ഥാനത്തെ ബിജെപി. മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവർത്തികയാണ്. രസനഗ്രാമത്തിന്റെ വനാതിർത്തിയിൽ 13 ബ്രാഹ്മണകുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയിൽ ഇരുപതോളം വരുന്ന നാടോടി മുസ്ലിം ബക്കർവാൾ കുടുംബങ്ങൾ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകൾ പണിത് താമസിക്കുകയും ചെയ്തു. ഇവരെ അവിടെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊല്ലാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങൾക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീർ ക്രൈംബ്രാഞ്ച് പൊലീസ് എട്ടുപ്രതികൾക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമർപ്പിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുർന്നുള്ള ദിവസങ്ങളിൽ എവിടെയാണ് ഒളിപ്പിച്ചു പാർപ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാർക്ക്, കണ്ടില്ലെന്ന് നടിക്കാൻ പ്രതികൾ ഒന്നരലക്ഷം രൂപ കൈക്കൂലി നൽകിയെന്നും കുറ്റപത്രം പറയുന്നു. പെൺകുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടർന്ന് ജമ്മുകശ്മീരിൽ ബക്കർവാൾ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. പ്രതികളെന്നാരോപിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം കത്വായിൽ നടക്കുന്ന സമയത്ത് പ്രതികൾക്ക് സഹായം ചെയ്യാനായി ജമ്മുകശ്മീരിലെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി. നേതാക്കൾ ലാൽസിങ്ങിന്റേയും ചന്ദർപ്രകാശ് ഗംഗയുടേയും നേതൃത്വത്തിൽ ഹിന്ദു ഏകതാമഞ്ച് എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.

കുറ്റപത്രമനുസരിച്ച് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരൻ. അയാളും അയാളുടെ മകൻ വിശാൽ ഗംഗോത്രയും പ്രായപൂർത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇവർ മൂന്നുപേരേയും കൂടാതെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്ത, ഹെഡ്‌കോൺസ്റ്റബ്ൾ തിലക് രാജ്, രസന സ്വദേശിയായ പർവേഷ് കുമാർ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പൊലീസുകാരെ തെളിവുനശിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റു ചെയ്തത്.

ജനവരി 12നാണ് ഹീരാനഗർപൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പരാതി നൽകിയത്. 'ജനവരി പത്തിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തുള്ള വനപ്രദേശത്ത് കുതിരയെ പുല്ലുതീറ്റിക്കാനായി കൊണ്ടുപോയ മകൾ തിരികെയെത്തിയിട്ടില്ല' എന്നായിരുന്നു പരാതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിചിച്ചുള്ള ബക്കർവാൾ സമൂഹത്തിന്റെ പ്രക്ഷോഭം രൂക്ഷമായതോടെ സഞ്ജിറാമിന്റെ പ്രായപൂർത്തിയാകാത്ത മരുമകനെതിരെ എഫ്.ഐ.ആർ. രേഖപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജനവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികൾ തയ്യാറാക്കിയത് സഞ്ജിറാമാണെന്ന് കുറ്റപത്രം പറയുന്നു. എസ്‌പി.ഒ. ഖജൂരിയയേയും തന്റെ മരുമകനേയും ഈ പദ്ധതിയുടെ ഭാഗമാക്കുന്നതും സഞ്ജിറാമിന്റെ ഗൂഢാലോചനയാണ്. ഖജൂരിയയും സുഹൃത്ത് വിക്രമും ചേർന്ന് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ച് മേടിച്ചു. വീടിന് പുറകിലുള്ള വനപ്രദേശത്ത് കുതിരയെ തീറ്റിക്കാൻ കൊണ്ടുവരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാനുള്ള ചുമതല പ്രായപൂർത്തിയാകാത്ത മരുമകനെ സഞ്ജിറാം ഏൽപ്പിച്ചു.

കുതിര കാട്ടിലേയ്ക്ക് ഓടിപ്പോയെന്ന് പറഞ്ഞ് മരുമകൻ വനപ്രദേശത്തേയ്ക്ക് നയിച്ചു. അയാൾക്കൊപ്പം പ്രതിയായ പർവേഷ് എന്ന മന്നുവിനേയും കണ്ട പെൺകുട്ടി അപകടം മണത്ത് വീടിന്റെ ഭാഗത്തേയ്ക്ക് ഓടിയെങ്കിലും ഇരുവരും ചേർന്ന് അവളെ വാപൊത്തി വലിച്ചിഴച്ചു. ബോധം കെട്ടുവീണപെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത പ്രതി അപ്പോൾ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പിന്നീട് സമീപത്തുള്ള ദേവസ്ഥാനത്തെ കസേരയുടെ അടിയിൽ രണ്ട് പ്ലാസ്റ്റിക് കവറിട്ട് മൂടി അവളെ കൊണ്ടുവന്ന് കിടത്തി. അടുത്ത ദിവസം കുട്ടിയെ കാണാതെ മാതാപിതാക്കൾ നടത്തുന്ന അന്വേഷത്തിന്റെ ഭാഗമായി ദേവസ്ഥാനത്തുമെത്തി സഞ്ജുറാമിനോട് അവർ മകളെ കണ്ടുവോ എന്ന ചോദിച്ചു. വല്ല ബന്ധുവീട്ടിലും പോയതാകുമെന്ന് പറഞ്ഞ് സഞ്ജുറാം അവരെ ഒഴിവാക്കി.

ദേവസ്ഥാനത്തിലെ പ്രാർത്ഥനമുറിയിൽ പെൺകുട്ടിയെ അടച്ച് പൂട്ടി. ഖജൂരിയയും പ്രായപൂർത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയിൽ കയറി മയക്കാനുള്ള ഗുളിക പെൺകുട്ടിയുടെ വായിൽ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു. ജനുവരി 11ന് മീററ്റിലായിരുന്ന വിശാൽ ഗംഗോത്രയെ 'കാമപൂർത്തികരണത്തിന് ആഗ്രഹമുണ്ടെങ്കിൽ' നാട്ടിലേയ്ക്ക് വരാനായി പ്രതികൾ റ്റെലിഫോണിൽ വിളിച്ച് ക്ഷണിക്കുകയായിരുന്നു. ജനവരി 12ന് ആറുമണിയോടെ ഗംഗോത്ര രസനയിലെത്തി. അതേസമയം പ്രതിയായ ഖജൂരിയ അടങ്ങുന്ന ഹീരാനഗർ‌സ്റ്റേഷനിലെ പൊലീസ് സംഘം പെൺകുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചു. ഇതിനിടെ പൊലീസ് സംഘം കാര്യങ്ങൾ മണത്തറിയുകയും ഹെഡ്‌കോൺസ്റ്റബിൾ രാജ് കൈക്കൂലി നൽകാൻ സഞ്ജ് റാമിനോട് ആവശ്യപ്പെടുകയും ചെയ്തു. മരുമകന്റെ അമ്മവഴി ഒന്നരലക്ഷം രൂപ റാം ജനവരി 12 തന്നെ പൊലീസുകാർക്ക് നൽകി.

ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാൽ ഗംഗോത്രയും സഞ്ജുരാമും മരുമകനും പെൺകുഞ്ഞിന് മേൽ ചിലപൂജകൾ നടത്തി. തുടർന്ന് വിശാൽ ഗംഗോത്രയും മരുമകനും ആ കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ദേവസ്ഥാനത്ത് തന്നെ പ്രതികൾ മാറിമാറി ആ കുഞ്ഞിലെ ബലാത്സംഗം ചെയ്തു. ജനവരി 15ന് കുട്ടിയെ കൊന്ന് കാട്ടിൽ തള്ളാൻ സഞ്ജുറാം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രായപൂർത്തായാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേർന്ന് ദേവസ്ഥാനത്ത് നിന്ന് ഒരു വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് ബോധരഹിതയായ പെൺകുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് കൊല്ലുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളെ മാറ്റിനിർത്തി ഖജൂരിയ ഒരിക്കൽ കൂടി ആ കുട്ടിയെ ബലാത്സംഗം ചെയ്തു-കുറ്റപത്രം പറയുന്നു.

കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേൽ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവർത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തിൽ വച്ച ശേഷം കൈകൾക്കൊണ്ട് കഴുത്തു ഒടിച്ചു. എന്നിട്ടും ആ കുട്ടി മരിച്ചില്ല. തുടർന്ന് കുട്ടിയുടെ പുറത്ത് മുട്ട് കുത്തിനിന്ന് അവളുടെ ഷാൾകൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താൻ പ്രതികൾ പാറക്കല്ലുകൊണ്ട് അവളുടെ തലയിൽ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.

അതേസമയം സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചത്. ആസിഫയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിലുള്ള തന്റെ പ്രതിഷേധത്തോട് വർഗീയമായി പ്രതികരിച്ചയാൾക്കെതിരെ ഉചിതമായ മറുപടിയുമായി ടെന്നിസ് താരം സാനിയ മിർസ. ആസിഫയുടെ സ്ഥാനത്ത് ഹിന്ദു പെൺകുട്ടിയായിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് ചോദിച്ചയാൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്.

ആസിഫ കൊലപാതകത്തിലെ കുറ്റപത്രം സംബന്ധിച്ച ന്യൂയോർക്ക് ടൈംസ് വാർത്ത ഷെയർ ചെയ്ത് സാനിയ ചെയ്ത ട്വീറ്റിനു കീഴെയാണ് രാജൻ എന്നയാൾ വർഗീയ പ്രതികറണം നടത്തിയത്.

സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ. താരങ്ങളായ സോനം കപൂർ, ഫർഹാൻ അക്തർ, ജാവേദ് അക്തർ, ഷിരിഷ് കുന്ദൻ തുടങ്ങിയവർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.

ആസിഫ അനുഭവിച്ച വേദനയെക്കുറിച്ച് ചിന്തിക്കാൻകഴിയുന്നില്ലെങ്കിൽ നിങ്ങൾ മനുഷ്യരല്ലെന്ന് ഫർഹാൻ അക്തർ പറഞ്ഞു. കപടദേശീയതയിലും കപട ഹൈന്ദവതയിലും വെറുപ്പും അമ്പരപ്പും ലജ്ജയും തോന്നുന്നുവെന്ന് സോനം കപൂർ പറഞ്ഞു. ഈ രാജ്യത്ത് ഇങ്ങനെ സംഭവിച്ചുവെന്ന് വിശ്വസിക്കാൻപോലും കഴിയുന്നില്ലെന്നും സോനം കപൂർ കൂട്ടിച്ചേർത്തു. കുട്ടിയുടെ കൊലപാതകത്തിൽ നേരിനൊപ്പം നിൽക്കണമെന്ന് റിദേഷ് ദേഷ്മുഖ് പറഞ്ഞു. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിക്കണമെന്നും കുറ്റക്കാർക്കെതിരെ പ്രതികരിക്കാൻ ഒരുമിക്കണമെന്നും ജാവേദ് അക്തർ ട്വിറ്ററിൽ പ്രതികരിച്ചു. ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ ദേശീയവിരുദ്ധമാവുന്ന ഒരുകാലമുണ്ടാവുമെന്ന് ആരു കണ്ടുവെന്ന് ശിരിഷ് കുന്ദെറും ട്വിറ്ററിലൂടെ പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP