Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ സുഹൃത്തായതിനാൽ എന്നെ സ്വാധീനിക്കാം എന്ന് കരുതിയാണോ പുതിയ അഭിഭാഷകനുമായി എത്തിയത്? പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ? ഇനി മേലിൽ ഈ വിഷയത്തിൽ ഒരു ഹർജിയും പാടില്ല; മരട് ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹർജിയുമായി ചെന്നവരോട് പൊട്ടിത്തെറിച്ച സുപ്രീംകോടതി ജഡ്ജി നിയമത്തിന് താങ്ങും തണലുമൊരുക്കി; മരടിൽ കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ ചർച്ചയാകുന്നത് ജസ്റ്റീസ് അരുൺ മിശ്രയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ

എന്റെ സുഹൃത്തായതിനാൽ എന്നെ സ്വാധീനിക്കാം എന്ന് കരുതിയാണോ പുതിയ അഭിഭാഷകനുമായി എത്തിയത്? പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ? ഇനി മേലിൽ ഈ വിഷയത്തിൽ ഒരു ഹർജിയും പാടില്ല; മരട് ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹർജിയുമായി ചെന്നവരോട് പൊട്ടിത്തെറിച്ച സുപ്രീംകോടതി ജഡ്ജി നിയമത്തിന് താങ്ങും തണലുമൊരുക്കി; മരടിൽ കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ ചർച്ചയാകുന്നത് ജസ്റ്റീസ് അരുൺ മിശ്രയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം ഇന്ത്യയിലല്ലേ, നിയമങ്ങൾ കേരളത്തിന് ബാധകമല്ലേ, കേരള ഹൈക്കോടതിക്കും സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ ബാധ്യതയുണ്ട്.... മരടിലെ ഫ്‌ളാറ്റ് പൊളിക്കലിലേക്ക് കാര്യങ്ങളെത്തിയത് ഈ വാക്കുകളാണ്. സുപ്രീംകോടതി ജസ്റ്റീസ് അരുൺ മിശ്രയാണ് മരടിലെ നിയമ ലംഘനം പൊളിക്കാനുള്ള ഏക കാരണം. കേരളവുമായി ബന്ധപ്പെട്ട കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കൽ, സഭാ കേസ് എന്നിവയിലെല്ലാം സുപ്രീംകോടതി ജഡ്ജി അരുൺ മിശ്ര കേരളത്തെ നിർത്തി പൊരിച്ചു. ഒടുവിൽ മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ നേരിട്ട് വിളിച്ചുവരുത്തി. ഇതോടെ സംസ്ഥാന സർക്കാരിന് കാര്യങ്ങൾ മനസ്സിലായി. അങ്ങനെ പൊളിക്കലിലേക്ക് കാര്യങ്ങളെത്തിച്ചു. വേമ്പനാട്ടു കായലിലെ കാപ്പികോ റിസോർട്ട് പൊളിക്കേണ്ടി വന്ന ഉത്തരവിന് കാരണവും മരട് ഇഫക്ടാണ്. അങ്ങനെ രാജ്യത്തെ മുഴുവൻ നിയമലംഘകർക്കും അരുൺ മിശ്ര ഭയക്കുന്ന ഓർമ്മയാവുകയാണ്.

തീരപരിപാലന ചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിട്ടത്. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കണ്ടപ്പോൾത്തന്നെ, ജസ്റ്റിസ് മിശ്ര ചോദിച്ചു... ഇത് ഹൈക്കോടതി പരിശോധിച്ചാൽപ്പോരേ? എന്നാൽ, സുപ്രീംകോടതി പരിഗണിച്ചാൽ മതിയെന്ന് നിർമ്മാതാക്കൾ പറഞ്ഞതോടെ ജസ്റ്റിസ് മിശ്ര സമ്മതിച്ചു. ഒരുമാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്ന് മെയ്‌ എട്ടിന് ഉത്തരവ് വന്നപ്പോൾ പരാതിക്കാർപോലും ഞെട്ടി. ഇത്തരം കേസുകളിൽ പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമ്മാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അവരും പ്രതീക്ഷിച്ചിരുന്നുള്ളൂ. ഡിഎൽഫ് ഫ്‌ളാറ്റിൽ സംഭവിച്ചത് പിഴ മാത്രമായിരുന്നു. പൊളിക്കാനുള്ള ഉത്തരവ് വരുന്നതുവരെ ഫ്‌ളാറ്റുടമകൾ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങൾ കോടതിയിലേക്ക് എത്തി.

ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്‌ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു.

കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിയ ശ്രമമാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അരുൺ മിശ്ര പറഞ്ഞു. പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് ധാർമികതയ്ക്ക് നിരക്കാത്തതാണ്. പണം കിട്ടിയാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും ഇവർക്കൊക്കെ പണം മാത്രം മതിയോ എന്നും അരുൺ മിശ്ര കുറ്റപ്പെടുത്തി. ഇനിയും ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമർപ്പിച്ച ഹർജിയിലാണ് അരുൺ മിശ്രയുടെ രൂക്ഷ വിമർശനം ഉണ്ടായത്. ഇതോടെയാണ് ഫ്‌ളാറ്റ് പൊളിക്കേണ്ട സ്ഥിയും വന്നത്.

തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മെയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ളാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂൺ 10ന് താമസക്കാർ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിൽ നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടി. ഹർജികൾ ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത്.

ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അഥോറിറ്റി നൽകിയ അപ്പീലിലാണ് മെയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്. കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഫ്‌ളാറ്റ് ഉടമകൾ പെട്ടു.

പിന്നീടും മരടിലെ ഫ്‌ളാറ്റുകളെ രക്ഷിക്കാൻ നീക്കം നടന്നു. അപ്പോഴും വീണ്ടും അരുൺ മിശ്ര ഇടപെട്ടു. സംസ്ഥാന സർക്കാരിനെതിരെ ശകാരവർഷവുമായി സുപ്രീം കോടതി എത്തി. മരടിൽ പൊളിച്ച് നീക്കണം എന്ന കോടതി പറഞ്ഞ ഫ്ളാറ്റുകൾ ഇനിയും പൊളിച്ച് മാറ്റത്ത കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കേരളത്തിലെ എല്ലാ നിയലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പറഞ്ഞു. ഇത്തരം നിലപാടുകൾ ഉണ്ടാകുന്നത്കൊണ്ടാണ് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത് എന്ന രണ്ട് വർഷം അടുപ്പിച്ചുണ്ടായ പ്രളയത്തെ ചൂണ്ടി കോടതി പറഞ്ഞു.

പ്രളയത്തിൽ എത്രപേർ മരിച്ചു എന്ന് ഓർമ്മയില്ലേ എന്നാണ് കോടതി ചോദിച്ചത്. കേരളത്തിനായി രാജ്യം മുഴുവൻ ഒരുമിച്ച് നിന്നതാണ് എന്ന് മറക്കരുത് എന്നും ജസ്റ്റിസ് ഓർമിപ്പിച്ചു. ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടിൽ ജസ്റ്റിസ് അരുൺ മിശ്ര തെല്ലും വിട്ടുവീഴ്ച ചെയ്യാതെ വന്നതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP