Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയ ശേഷം കേരളത്തിലെ നദികളിൽ അടിഞ്ഞുകൂടിയത് 3.01 കോടി ക്യൂബിക് മീറ്റർ ചെളിയും മാലിന്യവും; ഏറ്റവും ഒന്നാമത് പെരിയാറും; അതിതീവ്രമഴയുടെ ഭീതിയിൽ നിൽക്കുമ്പോഴും കൂസലില്ലാതെ സർക്കാർ; മാലിന്യം നീക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ഹർജി; ഇടപെട്ട് സുപ്രീം കോടതി

പ്രളയ ശേഷം കേരളത്തിലെ നദികളിൽ അടിഞ്ഞുകൂടിയത് 3.01 കോടി ക്യൂബിക് മീറ്റർ ചെളിയും മാലിന്യവും; ഏറ്റവും ഒന്നാമത് പെരിയാറും; അതിതീവ്രമഴയുടെ ഭീതിയിൽ നിൽക്കുമ്പോഴും കൂസലില്ലാതെ സർക്കാർ; മാലിന്യം നീക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ഹർജി; ഇടപെട്ട് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൂമ്പാരമേഘങ്ങൾ കൂടി കാലം തെറ്റി മഴ പെയ്യുകയാണ്. ഇടവപാതി വരാനിരിക്കുന്നു. 2018 ലും 2019ലും പ്രളയമുണ്ടായ കേരളത്തിൽ ഏറ്റവും വലിയ ആശങ്ക അതിന്റെ ആവർത്തനമാണ്. ഒഴുക്ക് തടസ്സപ്പെടുത്തി കേരളത്തിന്റെ പുഴകളിൽ അടിഞ്ഞു കൂടിക്കിടക്കുന്നത് മൂന്നുകോടി ക്യുബിക് മീറ്റർ മാലിന്യവും ചെളിയുമാണെന്ന വാർത്ത മുമ്പ് വന്നിരുന്നു. ഇത് എത്ര വലിയ ഭീതിയും, അരക്ഷിതാവസ്ഥയുമാണ് ജനമനസ്സിൽ, സൃഷ്്ടിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സുപ്രീംകോടതി വരെ എത്തിയ ഹർജി. നദികളിലും, അണക്കെട്ടുകളിലും നിന്നും മറ്റും മാലിന്യം നീക്കുന്നതിൽ, സർക്കാർ വരുത്തുന്ന വീഴ്ച ചൂണ്ടികാട്ടി സാബു സ്റ്റീഫൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് കോടതി ഉത്തരവ് നൽകി. കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോൾ വീണ്ടും കേസ് പരിഗണിക്കും.

2018, 2019 വർഷങ്ങളിൽ സംസ്ഥാനം നേരിട്ട പ്രളയത്തിൽ 44 പുഴകളിലായി അടിഞ്ഞുകൂടിയതാണ് ചെളിയും എക്കലും മറ്റു മാലിന്യവും ആണ്. സർക്കാർ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി നടത്തിയ പ്രാഥമിക പഠനത്തിലാണ് കണക്കുകൾ കണ്ടെത്തിയത്. ഇത്തരത്തിൽ 3.01 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളിൽ നിന്ന് നീക്കേണ്ടത്.

മാർച്ചുവരെ 78,359.391 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തപ്പോഴും മൂന്നുകോടിയിലധികം ക്യുബിക് മീറ്റർ മാലിന്യം ബാക്കിയുണ്ട്. 18,52,674.33 ക്യൂബിക് മീറ്റർ ചെളിയും പാഴ് വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യുമെന്ന് പറയുന്നു. 44 നദികളിൽ 1.83 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമുള്ള പെരിയാറാണ് ഒന്നാമത്.ഇതിൽനിന്ന് മാലിന്യമൊന്നും നീക്കംചെയ്തിട്ടില്ല.

മണിമലയാറിൽ 28.76 ലക്ഷം ക്യുബിക് മീറ്റർ, മീനച്ചിലാറിൽ 15.22 ലക്ഷം ക്യുബിക് മീറ്റർ, പമ്പ 13.21 ലക്ഷം ക്യുബിക് മീറ്റർ എന്നിങ്ങനെയാണ് മാലിന്യമുൾപ്പെടെ നീക്കം ചെയ്യാനുള്ളത്. 112 ക്യുബിക് മീറ്റർ മാലിന്യം മാത്രം നീക്കം ചെയ്യാനുള്ള അയിരൂർ പുഴയിലാണ് ഏറ്റവും കുറവ്. ഇത് പൂർണമായും തൊഴിലുറപ്പ് പദ്ധതി പ്രകാരം നീക്കാവുന്നതാണെന്ന് അധികൃതരുടെ പ്രതീക്ഷ.

നദികളിലെയും കൈവഴികളിലെയും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, ചെളി, എക്കൽ, മാലിന്യം എന്നിവ നീക്കംചെയ്യുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചനവകുപ്പ്, റവന്യൂവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രത്യേകാനുമതി ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ, വെറും പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ആവില്ലെന്ന് കാട്ടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റിട്ട് ഹർജി തള്ളിയിരുന്നു. എന്നാൽ, സുപ്രീം കോടതി മറിച്ചുള്ള സമീപനമാണ് സ്വീകരിച്ചത്.

2018 ലെ പ്രളയത്തിൽ, 483 ജീവനുകളാണ് പൊലിഞ്ഞത്. 14.5 ലക്ഷം പേരെ പുനരധിവസിപ്പിക്കേണ്ടി വന്നു. 40,000 കോടിയുടെ നഷ്ടം. 2019 ൽ ഉണ്ടായ പ്രളയത്തിൽ, 181 പേരാണ് മരിച്ചത്. നാശനഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മുമ്പ് നദികളിൽ നിന്നും അണക്കെട്ടുകളിൽ നിന്നും മറ്റും വേനൽ കാലത്ത് കുട്ടികളടക്കം ചേർന്ന് പ്രാദേശികമായി നാട്ടുകാർ മണലും ഏക്കലും മറ്റും നീക്കം ചെയ്തിരുന്നു. അക്കാലത്ത് ഇടവപ്പാതിയിൽ, നദികൾ കരകവിഞ്ഞൊഴുകുകയോ, പ്രളയം ഉണ്ടാവുകയോ ചെയ്തിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ദരിദ്രർക്ക് വരുമാനം കിട്ടുന്നതിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണലും ലഭ്യമായിരുന്നു.

ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗം 21 ആം അനുഛേദത്തിൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനാസ്ഥ എന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ വിഷയത്തിൽ, നിയമസഭയിൽ കെ.ജെ.മാക്‌സിയുടെ ചോദ്യത്തിന് മറുപടിയായി ജലവിഭവ മന്ത്രി സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിയിരുന്നു.

ഈ വർഷം മാർച്ച് 18 ന് നൽകിയ മറുപടിയിൽ പ്രളയം മൂലം അടിഞ്ഞ മാലിന്യം മൂലം നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതായി പറഞ്ഞിരുന്നു. ഭാവിയിൽ പ്രളയം ഒഴിവാക്കാൻ ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമെന്നും, സർക്കാർ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി പ്രാഥമിക പഠനം നടത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ 3.01 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളിൽനിന്ന് നീക്കാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്. ഏതായാലും സുപ്രീം കോടതി ഇടപെടലോടെ നടപടികൾക്ക് വേഗം കൂടുമെന്നാണ് കരുതേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP