Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമനം സംബന്ധിച്ച ആരോപണം എന്നെയും ഭർത്താവിനെയും അപമാനിക്കാൻ; അപേക്ഷ അയച്ചത് പത്രപരസ്യം കണ്ട് മാത്രം; 'കോളേജ് അദ്ധ്യാപികയായി വിരമിച്ച എന്നെ നിയമിച്ചത് വേണ്ടത്ര യോഗ്യത ഉള്ളതിനാൽ'; മന്ത്രി ജി. സുധാകരന്റെ ഭാര്യ കേരള സർവകലാശാലയിലെ പദവി രാജിവെച്ചു; ജൂബിലി നവപ്രഭ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവി ഒഴിഞ്ഞത് പദവി ഒഴിഞ്ഞത് ആത്മാഭിമാനം പണയം വെയ്ക്കാൻ താൽപര്യമില്ലാത്തതിനാൽ

നിയമനം സംബന്ധിച്ച ആരോപണം എന്നെയും ഭർത്താവിനെയും അപമാനിക്കാൻ; അപേക്ഷ അയച്ചത് പത്രപരസ്യം കണ്ട് മാത്രം; 'കോളേജ് അദ്ധ്യാപികയായി വിരമിച്ച എന്നെ നിയമിച്ചത് വേണ്ടത്ര യോഗ്യത ഉള്ളതിനാൽ'; മന്ത്രി ജി. സുധാകരന്റെ ഭാര്യ കേരള സർവകലാശാലയിലെ പദവി രാജിവെച്ചു; ജൂബിലി നവപ്രഭ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവി ഒഴിഞ്ഞത് പദവി ഒഴിഞ്ഞത് ആത്മാഭിമാനം പണയം വെയ്ക്കാൻ താൽപര്യമില്ലാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജി വച്ചു. നിയമനം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ തന്നെയും ഭർത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവപ്രഭയുടെ രാജി.
സർവകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ പദവിയാണ് രാജിവെച്ച് ഒഴിഞ്ഞത്. തന്റെ നിയമനത്തിന്റെ പേരിൽ ജി. സുധാകരന്റെ സൽപ്പേരിനു കളങ്കമേൽപിക്കാൻ ചിലർ നീക്കം നടത്തുന്നതായി ആരോപിച്ചാണ് അവർ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്.
കേരള സർവകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളുടെ തലപ്പത്താണ് ജൂബിലി നവപ്രഭയെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. ഈ തസ്തിക സ്ഥിരമാക്കാനുള്ള ചരടു വലികളും നടന്നതോടെ സംഭവം വിവാദമായത്. ഇതേ തുടർന്നാണ് ജൂബില നവപ്രഭയുടെ രാജി.

പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കും ഭർത്താവായ മന്ത്രി ജി സുധാകരനും ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി. ആത്മാഭിമാനം നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. കേരളാ സർവകലാശാലയിൽ തനിക്കെതിരെ ഒരുകൂട്ടം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാൻ അനുവദിക്കില്ല. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. മന്ത്രി സുധാകരന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധി പേർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തിക എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. മതിയായ യോഗ്യത ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് ഈ സ്ഥാനം ലഭിച്ചതെന്നും അവർ വ്യക്തമാക്കി. തന്നെയും ഭർത്താവിനെയും അപമാനിക്കാൻ ശ്രമിക്കുന്നതിനാലാണ് രാജിവെയ്ക്കുന്നതെന്നും ഇവർ പറഞ്ഞു. ബന്ധു നിയമന വിവാദം സിപിഎമ്മിനെ വിവാദത്തിലാക്കിയതിന് പിന്നാലെയാണ് നവപ്രഭയുടെ രാജി.

കോളേജ് അദ്ധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഇതിനെതിരേ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ ആർ.എസ്.ശശികുമാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനു പരാതി നൽകിയിരുന്നു. സുധാകരന്റെ ഭാര്യയുടെ നിയമനത്തിനായി ഇതുവരെയുള്ള ചട്ടങ്ങളെല്ലാം അട്ടിമറിച്ചു എന്നാണ് നേരത്തെ ഉയർന്നിരുന്ന ആരോപണം. ഓരോ കോഴ്‌സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് ഇവർക്ക് നിയമനം നൽകിയത്.

ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നളജിആൻഡ് ടീച്ചേഴ്‌സ്എജുക്കേഷൻ ഡയറക്ടറായിണ് നിയമിച്ചിരുന്നത്. അടുത്തിടെയാണ് ഇവർ ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പൽ തസ്തികയിൽ നിന്നും വിരമിച്ചത്. കുടുബവുമായി വീട്ടിൽ ഒതുങ്ങിക്കൂടുമെന്ന് പറഞ്ഞ ജൂബിലി നവപ്രഭയ്ക്കായി ചട്ടങ്ങൾ ഭേദഗതി വരുത്തി നിയമനം നടത്തിയത് അതിവേഗമാണെന്നും ആരോപണമുണ്ട്. പ്രതിമാസം 35000 രൂപശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകിയിരിക്കുന്നത്. ഇത് സ്ഥിരമാക്കാനുള്ള നീക്കങ്ങൾ നടക്കവെയാണ് തൽസ്ഥാനത്തു നിന്നുമുള്ള നവപ്രഭയുടെ രാജി. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയായിരുന്നു നവ പ്രഭയ്ക്ക് ഉണ്ടായിരുന്നത്.

നിലവിൽഓരോ കോഴ്‌സിനും സർവ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ടർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ്പ്രിൻസിപ്പൽ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെയാണെന്നായിരുന്നു ആരോപണം. മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവിൽ പറയുന്നു. ഓരോ മുൻപ് സർവകലാശാല പ്രൊഫസർമാരെയാണ് ഡയറക്ടർ തസ്തികയിൽ നിയമിച്ചിരുന്നു. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. എന്നാൽ, എത്രപേർ ജൂബിലി നവപ്രഭയ്‌ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തു എന്നകാര്യം വ്യക്തമല്ല.

മാത്രമല്ല, എന്തുകൊണ്ടാണ് ഡയറക്ടർ തസ്തികയുടെ യോഗ്യത വിരമിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ന ചോദ്യത്തിനും സർവ്വകലാശാല വ്യക്തമായ മറുപടി നൽകുന്നില്ല. പിഎച്ച്ഡി ഉൾപ്പെടെ ഏഴു മാസ്റ്റർ ഡിഗ്രികളാണു ജൂബിലി നവപ്രഭയ്ക്കുള്ളത്. കോളജിലെ നാഷനൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ, വനിത സെൽ കോഓർഡിനേറ്റർ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷം മാത്രമാണ് ഇവർ സേവനം അനുഷ്ടിച്ചതും.

മന്ത്രിപത്‌നിയുടെ നിയമനത്തിന്റെ പേരിൽ മുമ്പും സർക്കാർ വിവാദത്തിലായിട്ടുണ്ട്. മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ജമീലയ്ക്ക് ആരോഗ്യ വകുപ്പിന്റെ ആർദ്രം മിഷനിൽ നിയമനം നൽകുകയുണ്ടായി. മിഷന്റെ മാനേജ്മെന്റ് കൺസൾട്ടന്റായാണ് ജമീലയെ നിയമിച്ചത്. അന്ന് ഈ നടപടിയും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. ആർദ്രം മിഷൻ കൺസൾട്ടന്റ് സ്ഥാനത്തേക്ക് ജമീല ഉൾപ്പെടെ മൂന്ന് പേർ അപേക്ഷിച്ചിരുന്നെങ്കിലും ജമീല മാത്രമേ അഭിമുഖത്തിൽ പങ്കെടുത്തിരുന്നുള്ളൂ. ഒരാൾ ഇന്റർവ്യൂ ഹാളിൽ റിപ്പോർട്ട് ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുത്തില്ല. മന്ത്രിയുടെ ഭാര്യയുണ്ടെന്നറിഞ്ഞ് പിന്മാറുകയായിരുന്നു എന്നായിരുന്നു അന്ന് പുറത്തുവന്ന വന്ന വാർത്ത. ഇത് സംബന്ധിച്ച് വിവാദം ഉടലെടുത്തപ്പോൾ ആർദ്രം മിഷൻ കൺസൾട്ടന്റിന്റേത് ബന്ധുനിയമനം അല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP