Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിലെ ജോലിക്കിടയിലും നിറഞ്ഞത് കൃഷിക്കാരന്റെ മനസ്സ്; ആഗ്രഹിച്ചത് കൂട്ടുകാരനേയും ചേർത്ത് കോഴി ഫാം തുടങ്ങാൻ; അനുമതിയുടെ കിട്ടിയിട്ടും പ്രമാണി എതിർത്തതോടെ കഷ്ടകാലം തുടങ്ങി; മോഹമുപേക്ഷിച്ച് പശു വളർത്തൽ തുടങ്ങിയത് കൂട്ടുകാരന്റെ ലോൺ ബാധ്യത തീർക്കാൻ; തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിന്റെ പ്രതികാരം തീർക്കാൻ കുട്ടിസഖാക്കളെത്തിയതോടെ ബിജു കള്ളക്കേസിൽ അഴിക്കുള്ളിൽ; ഡിവൈഎഫ്‌ഐയുടെ ക്രൂരത വെളിപ്പെടുത്തി കൊടുമണ്ണുകാരൻ ജോയി പി സാമുവൽ; ആന്തൂരും പാഠമാകുന്നില്ല!

അബുദാബിയിലെ ജോലിക്കിടയിലും നിറഞ്ഞത് കൃഷിക്കാരന്റെ മനസ്സ്; ആഗ്രഹിച്ചത് കൂട്ടുകാരനേയും ചേർത്ത് കോഴി ഫാം തുടങ്ങാൻ; അനുമതിയുടെ കിട്ടിയിട്ടും പ്രമാണി എതിർത്തതോടെ കഷ്ടകാലം തുടങ്ങി; മോഹമുപേക്ഷിച്ച് പശു വളർത്തൽ തുടങ്ങിയത് കൂട്ടുകാരന്റെ ലോൺ ബാധ്യത തീർക്കാൻ; തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിന്റെ പ്രതികാരം തീർക്കാൻ കുട്ടിസഖാക്കളെത്തിയതോടെ ബിജു കള്ളക്കേസിൽ അഴിക്കുള്ളിൽ; ഡിവൈഎഫ്‌ഐയുടെ ക്രൂരത വെളിപ്പെടുത്തി കൊടുമണ്ണുകാരൻ ജോയി പി സാമുവൽ; ആന്തൂരും പാഠമാകുന്നില്ല!

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പ്രവാസി സംരംഭകന്റെ പരാതി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് പരാതിക്കാരൻ. അബുദാബിയിൽ അർധസർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് ഡയറക്ടറാണ് ജോയി പി.സാമുവൽ. തിരഞ്ഞെടുപ്പിന് പിരിവ് ചോദിച്ച് എത്തിയ ചിലർക്ക് അതു നൽകാതിരുന്നതിന് പ്രതികാരമായി ബിസിനസ് പങ്കാളിയെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയെന്നാണ് ആരോപണം. രണ്ടു ബിരുദാനന്തര ബിരുദവും ട്രോപ്പിക്കൽ ഫാമിങിൽ യോഗ്യതയും നേടിയിട്ടുള്ള മുൻ അദ്ധ്യാപകൻ കൂടിയായ പി.സി. ബിജുവിനെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയിരിക്കുന്നതെന്ന് ജോയി പി സാമുവൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയുള്ളവർക്ക് അടുത്തദിവസം പരാതി നൽകുമെന്നും ജോയി അറിയിച്ചു.

ആന്തൂരിൽ സിപിഎമ്മുകാരനായ സാജൻ പാറയിലിന്റെ ആത്മഹത്യയും പാർട്ടി പീഡനത്തിന്റെ ഫലമാണെന്ന ആരോപണം അതിശക്തമാണ്. ഇതോടെ തന്നെ ഇനി പ്രവാസികൾക്ക് ബിസിനസ് തുടങ്ങാൻ പ്രശ്‌നമൊന്നും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും നടപ്പാവില്ലെന്ന് വ്യക്തമാകുന്നതാണ് ജോയി പി സാമുവലിന്റെ പരാതി. വലിയ ക്രൂരതയാണ് ജോയിയോടും സുഹൃത്തിനോടും കാണിച്ചു കൂട്ടുന്നത്. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോഴും ജോയി നീതി പ്രതീക്ഷിക്കുന്നില്ല. എങ്കിലും കൂട്ടുകാരന് വേണ്ടി എല്ലാ വാതിലുകളും മുട്ടാനാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനുള്ള പരാതിയും ഇതിന്റെ ഭാഗമാണ്. കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് ജോയിക്ക് അറിയാം. എന്നാൽ കസ്റ്റഡി മർദ്ദനത്തിന്റെ ആകുലതകൾ സുഹൃത്തിനുണ്ടാകുമോ എന്നതാണ് ഭയം. പരാതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ ഇടുന്ന സംവിധാനത്തിലെ പോരായ്മയാണ് ബിജുവിനേയും ജയിൽ പുള്ളിയാക്കുന്നത്.

പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സൗത്ത് തറയിൽ പുത്തൻവീട്ടിൽ ജോയി പി.സാമുവലാണ് അങ്ങാടിക്കലിൽ ട്രോപ്പിക്കൽ കോഴിഫാം ആരംഭിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. ഡിവൈഎഫ് ഐയുടെ സ്വാധീനം കാരണം ഒരു ഫാം തുടങ്ങാൻ സാധിക്കാതിരുന്നപ്പോൾ വീട്ടിൽ പശുവളർത്തൽ ആരംഭിച്ചു. എന്നാൽ അതിൽ പങ്കാളിയാകുകയും നോക്കി നടത്തുകയും ചെയ്തിരുന്ന ബിജുവിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അങ്ങാടിക്കൽ സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ നൽകിയിരുന്നത് തങ്ങളുടെ ഫാമിൽ നിന്നായിരുന്നെന്നും നല്ല രീതിയിൽ പോയിരുന്ന ഫാമിനെ ഇല്ലാതാക്കുന്നതിനാണ് ശ്രമം. മുൻപ് തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന കോഴിഫാം ഒരു രീതിയിലും ആരംഭിക്കാതിരിക്കുന്നതിനുമാണ് തന്റെ ഫാമിന്റെ പങ്കാളിയും മേൽനോട്ടക്കാരനുമായ ബിജുവിനെ കള്ളക്കേസിൽ അറസ്റ്റു ചെയ്യിച്ചതെന്നും ജോയി ആരോപിക്കുന്നു.

പത്തനംതിട്ടയിൽ മാർക്കറ്റിനു സമീപം കോഴിക്കട നടത്തുന്നുണ്ട് ബിജു. അങ്ങാടിക്കൽ സൗത്തിൽ ബിജുവിന് താമസിക്കാൻ ജോയി നൽകിയിരിക്കുന്ന വീടിന് ഏറെ അകലെ പുരയിടത്തിന്റെ ഒരറ്റത്ത് രാത്രിയിൽ മൂന്നു ചെറുകന്നാസ് സ്പിരിറ്റും വിദേശ മദ്യവും കൊണ്ടുവച്ചിട്ട് എക്‌സൈസ് സംഘത്തെ വിളിച്ചു കാണിച്ച് ബിജുവിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്ന് ജോയി പരാതിയിൽ പറയുന്നു. 12 കിലോമീറ്റർ അകലെ കടയിലായിരുന്ന ബിജുവിനെ സംഘം വിളിച്ചുകൊണ്ടു വന്ന് അത് കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പുരയിടത്തിന് ചുറ്റുമുണ്ടായിരുന്ന കമ്പിവലക്കണ്ണിയുടെ നല്ല വേലി അറുത്തുമാറ്റിയാണ് കന്നാസ് വച്ചിട്ടുള്ളത്. ഇത് പുറത്തുനിന്നുള്ളവർ കൊണ്ടുവച്ചതാണെന്ന് വ്യക്തവുമാണ്. ക്യാൻസർ ബാധിതനായ വയോധികനായ പിതാവും രോഗിയായ മാതാവും രണ്ടു കുഞ്ഞുങ്ങളുമുള്ള ബിജുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചു്. മുകളിലുള്ളവരുടെ സമ്മർദ്ദം കാരണമാണ് ചെയ്യേണ്ടിവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ തന്നോടു നിസഹായതോടെ പറഞ്ഞെന്നും ജോയി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി.

അങ്ങാടിക്കൽ സൗത്തിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ആധുനിക രീതിയിൽ ട്രോപ്പിക്കൽ കോഴി ഫാം തുടങ്ങാൻ ആലോചിച്ചത്. മറ്റൊരു സ്ഥലത്ത് ഫാം ചെറിയ രീതിയിൽ തുടങ്ങാൻ വായ്പയെടുത്തിരുന്ന ബിജു തന്നോടു സഹകരണം അഭ്യർത്ഥിച്ചതിന്റെ പേരിലാണ് തുടങ്ങാമെന്ന് തീരുമാനിച്ചതെന്ന് ജോയി പറയുന്നു. കൊടുമൺ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും ഫാം വന്നു കണ്ട് എല്ല പിന്തുണയും നൽകി പ്രാഥമിക അനുമതിയും നൽകി. മലീനകരണ നിയന്ത്രണ ബോർഡിന്റെയും അഗ്‌നിശമനസേനയുടെയും എല്ലാം അനുമതികളും നേടി. എന്നാൽ അവിടെ നിന്ന് ഏറെ അകലെ താമസിക്കുന്ന പ്രമാണിയായ ആൾ തുടക്കത്തിൽ സഹകരിച്ചെങ്കിലും പിന്നീട് പരാതിയുമായി രംഗത്തു വന്നു. ഇതോടെ കളിമാറി മറിഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിയും മലീനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തി തള്ളി. സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാറും നല്ല സർട്ടിഫിക്കറ്റ് നൽകി. ഇതോടെ അടുത്ത വാർഡിലെ അംഗത്തെ സ്വാധീനിച്ച് പഞ്ചായത്തിൽ നിന്ന് അന്തിമ അനുമതി നൽകാതിരിക്കാൻ ശ്രമമായി. തുടർന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെയും കൂട്ടി കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഇതിനെതിരേ ജോയി ജൂലൈയിൽ ഡിവൈഎസ്‌പിക്കു പരാതി നൽകി. പിന്നീട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർക്കും. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെ കോഴി ഫാം എന്ന ആശയം തൽകാലത്തേക്ക് ഉപേക്ഷിച്ചു.

വീടിനോട് ചേർന്ന് സ്വന്തം പുരയിടത്തിൽ പശുവിനെ വളർത്താൻ ആരംഭിച്ചത്. ബിജു തന്നെയാണ് അതിനും നേതൃത്വം നൽകിയത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കൂടിയായിരുന്നു ഇത്. തിരഞ്ഞെടുപ്പിന് പിരിവ് ചോദിച്ച് എത്തിയ ചിലർക്ക് അതു നൽകാതിരുന്നതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്ന് ജോയി പറഞ്ഞു. ലഹരിവസ്തുക്കളോ മറ്റോ ഇതുപോലെ കൊണ്ടുവച്ച് ആരെയും അറസ്റ്റ് ചെയ്യിക്കാമെന്ന സ്ഥിതിയുള്ളതു കൊണ്ട് പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏറെ ജാഗ്രതാപാലിക്കണമെന്നും ജോയി സമൂഹമാധ്യമത്തിൽ അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP