Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആത്മഹത്യയ്ക്ക് കാരണം കൈക്കൂലി തന്നെ; വില്ലേജ് അസിസ്റ്റന്റിന് പിന്നാലെ വില്ലേജ് ഓഫീസറെയും സസ്പെൻഡ് ചെയ്ത് സർക്കാർ; മരിച്ച ജോയിയുടെ ഭൂമിയുടെ കരം ഇന്ന് തന്നെ വാങ്ങാനും തീരുമാനം; മകൾക്ക് സർക്കാർ ജോലി നൽകാനും കളക്ടറുടെ ശുപാർശ; വില്ലേജ് ഓഫീസിലെ കർഷകന്റെ ആത്മഹത്യയിൽ ഭരണകൂടത്തിന്റെ കണ്ണ് തുറന്നു; ഉദ്യോഗസ്ഥ അഴിമതി ചർച്ചയാക്കി ജോയിയുടെ മരണം

ആത്മഹത്യയ്ക്ക് കാരണം കൈക്കൂലി തന്നെ; വില്ലേജ് അസിസ്റ്റന്റിന് പിന്നാലെ വില്ലേജ് ഓഫീസറെയും സസ്പെൻഡ് ചെയ്ത് സർക്കാർ; മരിച്ച ജോയിയുടെ ഭൂമിയുടെ കരം ഇന്ന് തന്നെ വാങ്ങാനും തീരുമാനം; മകൾക്ക് സർക്കാർ ജോലി നൽകാനും കളക്ടറുടെ ശുപാർശ; വില്ലേജ് ഓഫീസിലെ കർഷകന്റെ ആത്മഹത്യയിൽ ഭരണകൂടത്തിന്റെ കണ്ണ് തുറന്നു; ഉദ്യോഗസ്ഥ അഴിമതി ചർച്ചയാക്കി ജോയിയുടെ മരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ സണ്ണിയെ ആണ് സസ്‌പെൻഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കലക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ വില്ലേജ് ഓഫീസറോട് അടിയന്തരമായി വിശദീകരണം നൽകാൻ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് വില്ലേജ് ഓഫീസറെയും സസ്പെൻഡ് ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് സിലീഷിനെയായിരുന്നു ജില്ലാ കാലക്ടർ ആദ്യം സസ്പെൻഡ് ചെയ്തത്.

ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികൾ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ കാട്ടിക്കുളം കാവിൽ പുരയിടത്തിൽ ജോയി (57) ആണ് മരിച്ചത്.

ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ബുധനാഴ്ചയായിരന്നു ജോയി തൂങ്ങി മരിച്ചത്. ജില്ലാ കളക്ടർ നേരിട്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാൻ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.

കലക്ടറുടെ സന്ദർശന വേളയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നായിരുന്നു കളക്ടർ അറിയിച്ചത്. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ വില്ലേജ് അസിസ്റ്റന്റിനെ ഇന്നു തന്നെ സസ്‌പെൻഡ് ചെയ്യുമെന്നും നികുതി സ്വീകരിക്കാൻ ഇന്ന് തന്നെ അവസരമൊരുക്കുമെന്നും കളക്ടർ പ്രഖ്യാപിക്കുകയായിരുന്നു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നേരത്തെയും ഇത്തരത്തിൽ പെരുമാറിയതായി നാട്ടുകാർ കളക്ടറോട് പരാതി അറിയിച്ചു. ഇവിടെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലിയടക്കം ആവശ്യപ്പെട്ടതായും നാട്ടുകാർ കളക്ടറെ അറിയിച്ചു. പരാതി ലഭിച്ചാൽ ഇത്തരം ഉദ്യോഗസ്ഥർ സർവീസിലുണ്ടാകില്ലെന്നും വില്ലേജ് ഓഫീസിലെ പ്രശ്‌നങ്ങൾ ഈ സംഭവത്തിന് ശേഷമാണ് താനറിഞ്ഞതെന്നും കളക്ടർ പറഞ്ഞു.

ജോയിയുടെ മകൾക്ക് ജോലി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ജോയിയുടെ കുടുംബത്തിന്റെ കടം എഴുതിത്ത്തള്ളാൻ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. ചെമ്പനോട് താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയാണ് ജോയി തൂങ്ങി മരിച്ചത്. ജില്ലാ കളക്ടർ നേരിട്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാൻ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. അതേസമയം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കലക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ വില്ലേജ് ഓഫീസറോട് അടിയന്തിരമായ വിശദീകരണം നൽകാൻ കളക്ടർ ഉത്തരവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അടിയന്തര ഇടപെടൽ.

സന്ദർശന വേളയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം നടപടിയെടുക്കും എന്നുമായിരുന്നു കളക്ടർ അറിയിച്ചത്. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായെത്തി. നടപടികൾ ഉണ്ടായ ശേഷം മാത്രമെ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന കടുത്ത നിലപാടിലും നാട്ടുകാരെത്തി.

തൂങ്ങിമരിച്ച കർഷകന്റെ മൃതദേഹം വില്ലേജ് ഓഫീസിൽ നിന്ന് അഴിച്ചുമാറ്റാനുള്ള പൊലീസ് നീക്കം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കളക്ടറോ, തഹസിൽദാരോ എത്താതെ മൃതദേഹം അഴിച്ചുമാറ്റാൻ അനുവദിക്കില്ലെന്നു നാട്ടുകാർ നിലപാട് എടുത്തതോടെ പൊലീസ് പിൻവാങ്ങി. പിന്നീട് കളക്ടർ സ്ഥലത്ത് എത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. നടപടിയും പ്രഖ്യാപിച്ചു. നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികൾ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ആരോപണം ഉയർന്നിരുന്നു. മരിച്ച ജോയിയുടെ ഭാര്യ മോളിയും സഹോദരൻ ജോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നു- ജോണി പറഞ്ഞു.

ജോയിയുടെ ഭാര്യ മോളിയുടെ കരച്ചിലാണ് ചക്കിട്ടപ്പാറയെ വേദനിപ്പിക്കുന്നത്. മൂന്ന് പെൺകുഞ്ഞുങ്ങളുമായി ഇനി എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല. കൈക്കൂലി നൽകാത്തതാണ് എന്റെ ഭർത്താവിന്റെ ജീവനെടുത്തത്. ഒന്നര വർഷമായി കരം അടയ്ക്കാൻ കയറി ഇറങ്ങിയിട്ടും അവർ സമ്മതിച്ചില്ല-ജോയിയുടെ ഭാര്യ പറയുന്നു. നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്യാനിടയാക്കിയ റവന്യൂ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൽ ഹർത്താലിനു കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഹർത്താൽ മേഖലയിൽ പൂർണ്ണമാണ്.

അതിനിടെ നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ ഉദ്യോഗസ്ഥന് സസ്പെൻഷൻ വന്നത്. രണ്ടു വർഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു ജോയി. വില്ലേജ് ഓഫീസിൽ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തഹസീൽദാർ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. ഇപ്പോൾ വീണ്ടും ഒന്നര വർഷത്തോളമായി വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കുന്നില്ലെന്നു പറയുന്നു. വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കാൻ ചെല്ലുമ്പോൾ പുതിയ കാരണങ്ങൾ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അമ്പിളി, അഞ്ചു, അമൽ എന്നിവരാണ് ജോയിയുടെ മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP