Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാന്തപുരത്തിന്റെ 'സക്കാത്ത് കിറ്റ്' വേണ്ടെന്ന് കോഴിക്കോട്ടെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ; നിർധനരും നിരാലംബരുമായവരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐയുടെ ഫണ്ടിൽ നിന്ന് പത്രക്കാരുടെ അവശത പെരുപ്പിച്ച് കിറ്റ്നേടണമോ എന്ന് വിമർശനം; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥവെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്‌ക്കരിക്കണമെന്ന് ഒരുവിഭാഗം; കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് വിവാദത്തിൽ

കാന്തപുരത്തിന്റെ 'സക്കാത്ത് കിറ്റ്' വേണ്ടെന്ന് കോഴിക്കോട്ടെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ; നിർധനരും നിരാലംബരുമായവരെ സഹായിക്കാൻ  പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐയുടെ ഫണ്ടിൽ നിന്ന് പത്രക്കാരുടെ അവശത പെരുപ്പിച്ച് കിറ്റ്നേടണമോ എന്ന് വിമർശനം; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥവെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്‌ക്കരിക്കണമെന്ന് ഒരുവിഭാഗം; കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റ് വിവാദത്തിൽ

ജംഷാദ് മലപ്പുറം

കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് വഴി വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റുകൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐ (റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സ്‌പോൺസർ ചെയ്തത് വിവാദത്തിൽ. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ സഹായമെന്നെ നിലയിലാണ് ഇത് നൽകുന്നതെന്ന സ്പോൺസർമാരുടെ അഭിപ്രായവും, പത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് റിലീഫ് പ്രവർത്തനം നടത്തുന്നതുപോലുള്ള മാനസികാവസ്ഥ വെച്ച് നൽകുന്ന ഇത്തരം കിറ്റുകൾ ബഹിഷ്‌ക്കരിക്കണമെന്നാണ് മാധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരിൽ പലരും കിറ്റുകൾ കൈപ്പറ്റിയില്ല. ജൂൺ ഒന്നിനാണ് പെരുന്നാൾ കിറ്റ് വിതരണം ആരംഭിച്ചത്. ജൂൺ നാലിന് വൈകിട്ടു ആറു വരെയാണ് കിറ്റ് വിതരണമെന്നും ജൂൺ രണ്ടിന് ഞായറാഴ്‌ച്ച കിറ്റ് വിതരണം ഉണ്ടാകില്ലെന്നും കാണിച്ചുള്ള അറിയിപ്പും പ്രസ് ക്ലബ്ബ് ഭാരവാഹികൾ അംഗങ്ങൾക്ക് ഔദ്യോഗികമായി നൽകിയിട്ടുണ്ട്.

നിർധനരും നിരാലംബരുമായി അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സഹായിക്കാൻ പണപ്പിരിവ് നടത്തി പ്രവർത്തിക്കുന്ന കാന്തപുരത്തിന്റെ ചാരിറ്റി ഫൗണ്ടേഷന്റെ ഫണ്ടുപയോഗിച്ച് മാധ്യമ പ്രവർത്തകർക്ക് കിറ്റുനൽകുന്നത് എപി വിഭാഗത്തിലും ചർച്ചയായിട്ടുണ്ട്. കാന്തപുരം വിഭാഗം സ്‌പോൺസർ ചെയ്ത കിറ്റ് എന്നതിനേക്കാളുപരി, ഇത് നിർധനരോഗികൾ അടക്കമുള്ളവരെ സഹായിക്കാൻ പിരിവെടുത്ത് പ്രവർത്തകർ ചാരിറ്റിയുടെ ഫണ്ടുമൂലം ലഭിച്ചതാണെന്നതിനാൽ തന്നെ, പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്നതിന് തുല്യമാണെന്ന ആരോപണങ്ങൾ പ്രതിഷേധിക്കുന്ന അംഗങ്ങൾക്കുണ്ട്.

ഇതിനുപുറമേ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട് പ്രസ് ക്ലബ്ബിൽ എത്തിയ കാന്തപുരത്തിന്റെ മകനും മർക്കസ് ഡയറക്ടർ കൂടിയായ ഡോ. അബ്ദൽ ഹക്കീം അസ്ഹരിയുടെ പ്രസംഗവും അംഗങ്ങൾക്കു മാനക്കേടുണ്ടാക്കിയെന്നാണ് ഒരു വിഭാഗം പറയുന്നത്. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ്‌ക്ലബുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഹക്കീം അസ്ഹരി കിറ്റ് വിതരണം ചെയ്തുകൊണ്ട് പറഞ്ഞത്.

എന്നാൽ മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു വിഭാഗം പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെങ്കിലും ഈ രീതിയിലുള്ള സക്കാത്ത് മോഡലിലുള്ള ഔദാര്യങ്ങൾ തങ്ങൾക്കുവേണ്ട എന്നാണ് അവർ പറയുന്നത്. മാത്രമല്ല അംഗങ്ങൾക്ക് അയച്ച പ്രസ് ക്ലബിൽ നിന്നയച്ച കുറിപ്പിലും 'മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ് ക്ലബ്ബുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു'വെന്ന ഭാഗവും ഫോട്ടോയും ചേർത്തിട്ടുണ്ട്. ഇത് ഉത്തരേന്ത്യയിലെ പ്രളയദുരിത ബാധിതരെയൊക്കെ സക്കാത്തുകൊടുത്ത് സഹായിക്കുന്ന പോലുള്ള നാണംകെട്ട പണിയായിപ്പോയെന്നും തങ്ങളെ അതിന് കിട്ടില്ലെന്നുമാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പറയുന്നത്. മാധ്യമ പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലും മറ്റും അവർ ഈ പ്രതിഷേധം ഉയർത്തുന്നുണ്ട്.

കോഴിക്കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.വിപുൽനാഥ് കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ പ്രതിനിധി കൂടിയാണ്. ഇതിനാൽ തന്നെ ഇദ്ദേഹം വഴി നേടിയതാണ് കിറ്റെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മുൻകാലങ്ങളിലെല്ലാം മാധ്യമ പ്രവർത്തകർക്ക് കിറ്റ് വിതരണം ചെയ്യാറുള്ളത് വ്യവസായികളടക്കം പലരും സ്‌പോൺസർ ചെയ്യുന്നത് തന്നെയാണ്. എന്നാൽ ചാരിറ്റിക്കുവേണ്ടിയുള്ള ഫണ്ടിൽനിന്ന് നൽകിയതും, അത് പ്രചരിപ്പിച്ച് നാണം കെടുത്തിയതുമാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെ അഞ്ഞൂറിലധികം വരുന്ന മാധ്യമ പ്രവർത്തകർക്കാണ് ഇത്തരത്തിൽ കിറ്റുകൾ നൽകുന്നത്. ബിരിയാണി അരിയും, പഞ്ചസാരയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളാണ് വിതരണം ചെയ്തത്.

എന്നാൽ കാലിക്കറ്റ് പ്രസ് ക്ലബിൽ നിലനിൽക്കുന്ന ഗ്രൂപ്പിസവും വിവാദത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ദേശാഭിമാനി ബ്യൂറോ ചീഫ് കെ. പ്രേമനാഥ് അടക്കമുള്ളവർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. വ്യാപാരികളും വ്യവസായ ലോകവുമായി നല്ല ബന്ധമുള്ള കമാൽ വരദൂർ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയതോടെ കോഴിക്കോട്ടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഇതോടെ എല്ലാ വർഷവും നൽകിവരാറുള്ള കിറ്റ് സംഘടിപ്പിച്ചുകൊടുക്കേണ്ട ബാധ്യത, സെക്രട്ടറി വിപുൽനാഥിന് മാത്രമായി. മറ്റെല്ലാ വാതിലുകളും അടഞ്ഞപ്പോൾ അദ്ദേഹം നടത്തിയ ശ്രമത്തെ സക്കാത്തായി താറടിക്കാൻ ചിലർ ശ്രമിക്കയാണെന്നും മാധ്യമ പ്രവർത്തകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

പെരുന്നാൾ ആശംസകൾ നേർന്ന് കോഴിക്കോട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ, അംഗങ്ങൾക്ക് നൽകിയ കത്ത് ഇങ്ങിനെ

സുഹൃത്തെ,

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം സ്‌നേഹത്തിന്റെ സന്ദേശവുമായി ഈദുൽ ഫിത്തർ വരികയായി. വൃതശുദ്ധിയുടെ രാപ്പകലുകൾക്ക് ശേഷമെത്തുന്ന ഒരു പുണ്യ നിമിഷത്തിൽ നിങ്ങളോടൊപ്പം കാലിക്കറ്റ് പ്രസ്‌ക്ലബ്ബും പങ്കുചേരുന്നു. ഇത്തവണ അംഗങ്ങൾക്കുള്ള പെരുന്നാൾ സ്‌നേഹോപഹാരം സ്‌പോൺസർ ചെയ്തിരിക്കുന്നത് മർക്കസ് ചാരിറ്റി വിങ് ആയ ആർ.സി.എഫ്.ഐ(റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ)ആണ്.

മർക്കസ് ഡയറക്ടർ ശ്രീ ഡോ. അബ്ദുൽ ഹക്കിം അസ്ഹരി പ്രസ്‌ക്ലബ്ബിലെത്തി കിറ്റ് ഭാരവാഹികൾക്ക് കൈമാറി. മാധ്യമ പ്രവർത്തകർ ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ പ്രസ്‌ക്ലബ്ബുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. മർക്കസ് മീഡിയാ മാനേജർ ഷമീം ലക്ഷദ്വീപ്, മർക്കസ് ആർ.സി.എഫ്.ഐ റീജ്യണൽ മാനേജർ അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.

റംസാൻ കിറ്റുകൾ വിതരണം ആരംഭിച്ചു. ജൂൺ നാലുവൈകിട്ട് ആറുമണിവരെ വിതരണം ചെയ്യും, ജൂൺ രണ്ടിന് ഞായറാഴ്‌ച്ച കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

എല്ലാവർക്കും നന്മ നിറഞ്ഞ ഈദ് ആശംസകൾ.

ഇങ്ങനെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP