Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം രക്തസാക്ഷികൾ ആയത് മഹാരാഷ്ട്രയിലെ പോരാളികളായ ധബോൽക്കറും പൻസാരയും; തൊട്ടു പിന്നാലെ കൽബുർഗിക്കും സ്വന്തം ജീവൻ നൽകേണ്ടി വന്നു; ഒടുവിൽ നീതിക്ക് വേണ്ടി പോരാടിയ ഗൗരി ലങ്കേഷും കൊലയാളികളുടെ തോക്കിന് ഇരയായി; വിയോജിപ്പിന്റെ ശബ്ദം പുറപ്പെടുവിക്കുന്നവരെല്ലാം അകാലത്തിൽ കൊല്ലപ്പെടുന്നു; കൊലയാളികൾക്ക് ധൈര്യമാകുന്നത് പ്രതികൾ എല്ലാം കാണാമറയത്ത് തന്നെ തുടരുന്നത്

ആദ്യം രക്തസാക്ഷികൾ ആയത്  മഹാരാഷ്ട്രയിലെ പോരാളികളായ ധബോൽക്കറും പൻസാരയും; തൊട്ടു പിന്നാലെ കൽബുർഗിക്കും സ്വന്തം ജീവൻ നൽകേണ്ടി വന്നു; ഒടുവിൽ നീതിക്ക് വേണ്ടി പോരാടിയ ഗൗരി ലങ്കേഷും കൊലയാളികളുടെ തോക്കിന് ഇരയായി; വിയോജിപ്പിന്റെ  ശബ്ദം പുറപ്പെടുവിക്കുന്നവരെല്ലാം അകാലത്തിൽ കൊല്ലപ്പെടുന്നു; കൊലയാളികൾക്ക് ധൈര്യമാകുന്നത് പ്രതികൾ എല്ലാം കാണാമറയത്ത് തന്നെ തുടരുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കാൻ കഴിയാതെ വരുമ്പോൾ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ പറ്റിയ മാർഗ്ഗം തോക്കാണ്. സംഘപരിവാർ വിമർശകരായ മാധ്യമപ്രവർത്തകരെയും ചിന്തകരെയും കൊലപ്പെടുത്തുന്ന സംഭവം രാജ്യത്തെ കന്നെ ഞെട്ടിക്കുകയാണ്. കൽബുർഗിക്കും പൻസാരയ്ക്കും ധബോൽക്കറിനും ശേഷമാണ് സമാനമായ വിധത്തിൽ ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നത്. ഈ കേസുകളിലൊന്നും പ്രതികളെ പിടിക്കാത്തത് തന്നെയാണ് കൊലയാൡകൾക്ക് വീണ്ടും ആവേശം പകരുന്നത്.

മഹാരാഷ്ട്രയിൽ പുണെയിൽ 2013 ഓഗസ്റ്റിൽ പ്രമുഖ യുക്തിവാദി നരേന്ദ്ര ധാബോൽകർ കൊല്ലപ്പെടുന്നതോടെയാണ് അസഹിഷ്ണുതയുടെ രാഷ്ട്രീയം ഇന്ത്യ ചർച്ച ചെയ്തു തുടങ്ങിയത്. 2015 ഫെബ്രുവരിയിൽ കോലാപ്പൂരിൽ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയും വെടിയേറ്റ് കൊല്ലപ്പെട്ടു. പിന്നീട് കർണാടകയിലെ ധാർവാഡിൽ സ്വന്തം വീടിനു മുന്നിൽ, 2015 ഓഗസ്റ്റ് 30 ന് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണു പ്രഫ. എം.എം. കൽബുറഗി കൊല്ലപ്പെട്ടത്. മൂന്നു കൊലപാതകങ്ങളിൽ ഒരേതരം തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

ഇപ്പോൾ സമാനമായി വിധത്തിൽ വീട്ടിൽ വെച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ മൂന്ന് കൊലപാതകങ്ങൾക്ക് പിന്നും ഒരേ ശക്തിയാണെന്ന സംശയമാണ് ബലപ്പെടുന്നത്. ബൈക്കിലെത്തിയ സംഘം ഗൗരിക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നു. കൊലയാളികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ അവരെ പിടികിട്ടിയിട്ടില്ല. ഗോവ ആസ്ഥാനമായ സനാതൻ സൻസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിലും മൂന്നു കേസുകളിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഭരണക്കാരുടെ ബന്ധുക്കളാണ് കൊലയാളി സംഘത്തെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

കൽബുർഗി വധത്തിൽ അന്വേഷണം ഊർജിതമാണെന്ന് സർക്കാർ പറയുമ്പോഴും പ്രതികളെ പിടികൂടാൻ കഴിയാതിരുന്ന പൊലീസിന്റെ നിസ്സംഗതയാണ് ഗൗരിയുടെ വിലപ്പെട്ട ജീവിതം കവരുന്നതിലേക്ക് നയിച്ചത്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും തീവ്ര വലതുപക്ഷ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു അവർ.

2008ൽ ബിജെപി എംപി പ്രഹ്ലാദ് ജോഷിക്കും മറ്റു നേതാക്കൾക്കുമെതിരെ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗൗരി ലങ്കേഷിനെ പുറംലോകം കൂടുതൽ ശ്രദ്ധിക്കുന്നത്. ഈ വാർത്തയെത്തുടർന്ന് പ്രഹ്ലാദ് ജോഷി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഗൗരിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. പിന്നീട് ജാമ്യം കിട്ടി. സാമൂഹികപ്രതിബദ്ധതയുള്ള പത്രപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷെന്നതിന് വെടിയുണ്ടക്കു മുന്നിൽ കീഴടങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പുള്ള അവരുടെ ട്വീറ്റ് തന്നെ തെളിവാണ്.

ചൊവ്വാഴ്‌ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറൻ ബെംഗളുരുവിലെ വീട്ടിൽ വച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീട്ടിൽ തിരികെയെത്തി അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതർ ഏഴ് വട്ടം വെടിയുതിർക്കുകയായിരുന്നു. 2005ൽ ആരംഭിച്ച 'ഗൗരി ലങ്കേഷ് പത്രിക' എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ പി ലങ്കേഷിന്റെ മകൾ. ആഴ്‌ച്ചകളിൽ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡിൽ പരസ്യങ്ങൾ എടുത്തിരുന്നില്ല. 50 പേർ ചേർന്നാണ് 'ജിഎൽപി' മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വർഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു.

മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഗൗരി രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യാജവാർത്തകളെക്കുറിച്ചും മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നിൽക്കേണ്ടതിനെക്കുറിച്ചും ഗൗരി ലങ്കേഷ് പ്രതികരിച്ചു. റൊഹിങ്ക്യൻ മുസ്ലീമുകളെ കൊന്നൊടുക്കയാണെന്ന വ്യാജവാർത്തയെക്കുറിച്ചുള്ള 'ക്വന്റ്' വെബ്സൈറ്റ് റിപ്പോർട്ട് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പും റൊഹിങ്ക്യൻ അഭയാർത്ഥികളെക്കുറിച്ച് ഗൗരി ട്വീറ്റ് ചെയ്തു. റൊഹിങ്ക്യൻ മുസ്ലിമുകളെ എന്തിനാണ് പുറത്താക്കുന്നതെന്ന് കോടതി ചോദിച്ചതിനെക്കുറിച്ചുള്ള വാർത്തയാണ് ഗൗരി അവസാനമായി ട്വീറ്റ് ചെയ്തത്.

റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച ആശങ്കയും നിരന്തരം വേട്ടയാടുന്നതിന്റെ വേദനയുമായിരുന്നു അവർ അവസാന ട്വീറ്റിൽ കുറിച്ചിട്ടത്. നിരവധി ഹിന്ദുക്കൾ റോഹിങ്ക്യൻ അഭയാർഥികളാൽ കൊല്ലപ്പെട്ടതായ വ്യാജ പോസ്റ്റുകളെ തുറന്നുകാട്ടുന്നതായിരുന്നു ട്വീറ്റ്. ഗൗരി ലങ്കേഷിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ഈ മരണം തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകനായ രാജ്ദീപ് സർ ദേശായി ട്വിറ്ററിൽ കുറിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തകയായ റാണ അയ്യൂബിന്റെ പ്രശസ്ത കൃതിയായ ഗുജറാത്ത് ഫയൽസിന് കന്നട പതിപ്പ് തയാറാക്കിയത് ഗൗരിയായിരുന്നു. ഭീരുക്കളും മതഭ്രാന്തരുമായ ഹിന്ദുത്വവാദികൾ ജനങ്ങളെ നിരന്തരം വെറുപ്പിക്കുകയാണെന്നായിരുന്നു റാണ അയ്യൂബിന്റെ ആദ്യ പ്രതികരണം.

സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സമൂഹത്തിന് കനത്ത നഷ്ടമാണ് ഗൗരി ലങ്കേഷിന്റെ ദാരുണ കൊലപാതകമെന്ന് കർണാടക പി.സി.സി പ്രസിഡന്റ് ഡോ. ജി. പരമേശ്വര പറഞ്ഞു. ഭയാശങ്കകളില്ലാതെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്ന് വിമർശിച്ചിരുന്ന ഗൗരിക്കുനേരെ വധഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊലപാതകം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹിന്ദുത്വ തീവ്രവാദികളിലേക്ക് അന്വേഷണം നീങ്ങുന്നതായി സൂചനയുണ്ട്.

ഇതൊരു പത്രപ്രവർത്തകയുടെ മരണമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടന തത്ത്വങ്ങളുടെയും അറുകൊലയാണെന്ന് കർണാടക കമ്യൂണൽ ഹാർമണി ഫോറം പ്രവർത്തകനും ഗൗരിയുടെ അടുത്ത സുഹൃത്തുമായ കെ.എൽ. അശോക് പറഞ്ഞു. വർഗീയതക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്ന ഞങ്ങളുടെയെല്ലാം ജീവൻ അപകടത്തിലാണെന്നറിയാം. എന്നാലിത് ഇത്രപെട്ടെന്ന് പ്രതീക്ഷിച്ചില്ല. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി ഇപ്പോൾ ഗൗരി ലങ്കേഷും ഫഹിന്ദുത്വ വാദികളുടെ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടി അശോക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP