Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെതിരേ ആഞ്ഞടിച്ച് മാരാമൺ കൺവൻഷനിൽ മാർത്തോമ്മ മെത്രാപ്പൊലീത്ത: സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട് മാറാൻ അനുവദിക്കരുത്; വിശ്വാസത്തിൽ ഉറച്ചു നിൽക്കണം; മുൻ കരുതൽ സ്വീകരിക്കാതെ ഡാമുകൾ തുറന്ന് വിട്ടത് പ്രളയകാരണം; മെത്രാപ്പൊലീത്തയ്ക്ക് മറുപടിയുമായി മാർത്തോമ്മ സഭയിലെ വൈദികന്റെ മകനായ മുന്മന്ത്രി മാത്യു ടി തോമസ്

സർക്കാരിനെതിരേ ആഞ്ഞടിച്ച് മാരാമൺ കൺവൻഷനിൽ മാർത്തോമ്മ മെത്രാപ്പൊലീത്ത: സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട് മാറാൻ അനുവദിക്കരുത്; വിശ്വാസത്തിൽ ഉറച്ചു നിൽക്കണം; മുൻ കരുതൽ സ്വീകരിക്കാതെ ഡാമുകൾ തുറന്ന് വിട്ടത് പ്രളയകാരണം; മെത്രാപ്പൊലീത്തയ്ക്ക് മറുപടിയുമായി മാർത്തോമ്മ സഭയിലെ വൈദികന്റെ മകനായ മുന്മന്ത്രി മാത്യു ടി തോമസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: 124-ാമത് മാരാമൺ കൺവൻഷന്റെ ഉദ്ഘാടന വേദിയിൽ സർക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിച്ച് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട് മാറാൻ അനുവദിക്കരുതെന്നും അവനവന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കണമെന്നും ആഹ്വാനം ചെയ്ത മെത്രാപ്പൊലീത്ത, മഹാപ്രളയം അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും പറഞ്ഞതോടെ സർക്കാർ വെട്ടിലായി. മാർത്തോമ്മ സഭയിലെ വൈദികനും മുന്മന്ത്രിയുമായ മാത്യു ടി തോമസിനെ കൊണ്ട് പ്രസ്താവന ഇറക്കി ദുർബല പ്രതിരോധത്തിനാണ് സർക്കാരിന്റെ ശ്രമം.

കാലവർഷം മൂലമാണ് 1947 കളിൽ പ്രളയം ഉണ്ടായതെങ്കിൽ ഇപ്പോൾ നടന്നത് അശ്രദ്ധ മൂലമാണ്. കാലവർഷക്കാലത്ത് സ്വീകരിക്കേണ്ട യാതൊരു മുൻ കരുതലും എടുക്കാതെ ഡാമുകൾ തുറന്ന് വിടുകയായിരുന്നു. വളരെ പെട്ടന്ന് ജലനിരപ്പ് എട്ടടി വരെ ഉയർന്നു. ഇതോടെ കേരളം
വെള്ളത്തിനടിയിലായി. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായി. എന്നാൽ ജാതി മത വർണ വ്യത്യാസമില്ലാതെ കേരളീയർ ഒരുമിച്ചപ്പോൾ മഹാപ്രളയവും നേരിടാനായി. ഇവിടെ മലയാളിയുടെ ഒത്തൊരുമ കണ്ടെങ്കിലും ഇത് ഒരു മാസത്തിലധികം നീണ്ടുനിന്നില്ല. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് കൂടി വരുന്നതോടെ നേതാക്കൾ ഇക്കാര്യം വിട്ട മട്ടാണ്.

പ്രളയ കാലത്തെ മാനവികതയുടെ കരുത്ത് വിഭാഗീയതയിലേക്ക് മാറാൻ അധിക കാലം വേണ്ടി വന്നില്ല. രാഷ്ട്രീയ ധ്രുവീകരണം പെട്ടെന്നാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. അവനവന്റെ വിശ്വാസംതിരിച്ചറിയുന്നതിനും അതിൽ ഉറച്ചു നിൽക്കുന്നതിനും കഴിയണം. സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട് മാറാൻ അനുവദിക്കരുത്. ജീവിതത്തിന്റെ ധന്യതയും ശക്തിവിശേഷങ്ങളും സംരക്ഷിക്കപ്പെടണം. സുബോധം നഷ്ടപ്പെട്ട പോലെയാണ് ഇന്ന്പലരുടെയും അവസ്ഥ. ഇന്ന് പലയിടത്തും കാണുന്നത് സ്വാർഥതയിലൂടെയുള്ള ആർജവ സംസ്‌കാരവും അതിലൂടെയുള്ള സ്നേഹവുമാണ്. പ്രളയം സൃഷ്ടിച്ച മാനവികതയെ ഇലക്ഷൻ മുന്നിൽ കണ്ടുള്ള സ്വാർഥ ലാഭത്തിനു വേണ്ടി വിഭാഗീയത സൃഷ്ടിച്ച് തകർക്കുന്ന ദുരന്തത്തിനാണ് നാം ഇരയായത്.

പ്രളയം നാശം വിതച്ചെങ്കിലും മനുഷ്യ സമൂഹത്തിന് ജാതിക്കും മതത്തിനും, സമ്പന്നതയ്ക്കും അപ്പുറം ഒരു ജീവിതമുണ്ടെന്ന് കാട്ടിത്തന്നു. എന്നാൽ രണ്ടു മാസം മാത്രം കഴിഞ്ഞപ്പോൾ വിഭാഗതയുടെ പേരിൽ നമ്മൾ അതെല്ലാം മറന്നു. ദൈവത്തിന്റെ മനുഷ്യമുഖമാണ് നമ്മൾ തകർക്കുന്നതെന്ന് മറന്നു പോകരുതെന്നുംജോസഫ് മാർത്തോമ്മ ഓർമ്മിപ്പിച്ചു.

പ്രളയത്തിന് കാരണം പ്രവചനാതീത മഴയാണെന്ന് മുൻജലസേചന മന്ത്രി കൂടിയായ മാത്യു ടി തോമസ് എംഎ‍ൽഎ പ്രതികരിച്ചു. പരിപാടി കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് എംഎൽഎയുടെ പ്രതികരണം വന്നത്. കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷിയുടെ പത്തിരട്ടിയിലധികം മഴയാണ് പ്രളയ ദിവസങ്ങളിൽ പെയ്തത്. പമ്പാ നദിയിലെ നാല് ഡാമുകളിലായി 1400 ക്യൂമെക്സാണ് സംഭരണ ശേഷി. എന്നാൽ വടശേരിക്കരയിൽ രേഖപ്പെടുത്തിയ വെള്ളത്തിന്റെ അളവ് 5,800 ക്യുമെക്സാണ്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ നിന്ന് 2,900 ക്യുമെക്സ് വെള്ളം തുറന്നു വിട്ടപ്പോൾ ഭൂതത്താൻ കെട്ടിലെത്തിയത് 7,800ക്യുമെക്സാണ്. ഡാമുകളിൽ നിന്ന് ആകെ തുറന്നു വിട്ട വെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം വെള്ളം കല്ലടയാറിലൂടെ ഒഴുകിയിട്ടും കൊല്ലം ജില്ലയിൽ പ്രളയം ഉണ്ടാകാതിരുന്നത് അവിടെ പെയ്ത മഴയുടെ അളവ് കുറവായതിനാലാണ്. ഐക്യരാഷ്ട്രസഭ, ദേശീയ ജലകമ്മിഷൻ, മദ്രാസ് ഐഐടി തുടങ്ങിയ ഏജൻസികൾ കേരളത്തിൽ നടത്തിയ പഠന റിപ്പോർട്ടും ഈ വസ്തുതയെ സാധൂകരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

ആയിരങ്ങൾ തടിച്ചു കൂടിയ മാരാമൺ മണൽപ്പുറത്ത് രാജു ഏബ്രഹാം, വീണാ ജോർജ് തുടങ്ങിയ ഇടതു ജനപ്രതിനിധികളെ സാക്ഷിയാക്കിയാണ് മെത്രാപ്പൊലീത്ത കത്തിക്കയറിയത്. സർക്കാരിന് ക്ഷീണമാകുന്ന തരത്തിലുള്ള പ്രസംഗം വന്നതോടെ ഇവരും അപകടം മണത്തു. ഒടുവിൽ ദുർബല പ്രതിരോധം തീർക്കുകയായിരുന്നു മാത്യു ടി തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP