Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

എയ്‌റോനോട്ടിക് എൻജിനീയറുടെ ജോലി ഉപേക്ഷിച്ച് മണ്ണിലിറങ്ങി വിതച്ചു; അച്ഛനൊപ്പമുള്ള കൃഷിയിൽ ഈ എയറോനോട്ടിക്കൽ എഞ്ചിനിയർ നേടിയത് നൂറ് മേനി വിജയം; റംബുട്ടാൻ മുതൽ മാങ്കോസ്റ്റിനും ആത്തച്ചക്കയും വരെ വിളകളിൽ; ഓൺലൈൻ വ്യാപാരത്തിൽ ഇടനിലക്കാരുമില്ല; വിണ്ണിൽ നിന്ന് മണ്ണിലിറങ്ങിയ ജോപ്പുവിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പേരെടുത്ത വിമാനക്കമ്പനിയിൽ എൻജിനീയറായിരുന്നു കരുവാരക്കുണ്ട് അരിമണൽ സ്വദേശിയായ ജോപ്പു. നാലുവർഷം മുമ്പ് ഒരുദിവസം നാട്ടിൽനിന്ന് അച്ഛൻ വിളിച്ചുപറഞ്ഞു: എടാ നീയിങ്ങുവാ, നമുക്കിവിടെ കൃഷിചെയ്ത് ജീവിക്കാം.മണ്ണിൽപ്പണിയെടുക്കുന്നതിനെക്കാൾ മഹത്തരമായി മറ്റൊന്നുമില്ല.'കൃഷിയോടുള്ള സ്‌നേഹം ചോരയിൽത്തന്നെ ഉള്ളതുകൊണ്ട് ഉയർന്ന ശമ്പളമുള്ള എയ്‌റോനോട്ടിക് എൻജിനീയറുടെ ജോലി ഉപേക്ഷിച്ച് ജോപ്പു ഉടനെ നാട്ടിലെത്തി. തൂമ്പയെടുത്ത് അച്ഛൻ ജോണിയുടെ കൂടെ പറമ്പിലേക്കിറങ്ങി.

കൃഷിചെയ്ത് അന്തസ്സായി ജീവിക്കാമെന്ന് നേരത്തേ തെളിയിച്ചയാളാണ് കരുവാരക്കുണ്ട് അരിമണലിലെ ടി.ജെ. ജോൺ എന്ന തറപ്പേൽ ജോണി. അച്ഛനും മകനും ഒന്നിച്ചപ്പോൾ കഴിഞ്ഞ നാലരവർഷംകൊണ്ട് അവരുടെ നാലരയേക്കർവരുന്ന കൃഷിയിടം പണം കായ്ക്കുന്ന ഇടമായി.

ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള കാൻകൺ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എയ്‌റോനോട്ടിക് എൻജിനീയറിങ്ങിൽ മികച്ചവിജയംനേടിയ ജോപ്പു കൃഷിയിലും നിലനിർത്തി ആ വിജയം. കൃഷി ലാഭകരമാക്കുന്നതിൽ അച്ഛന്റെ അതേ മിടുക്കാണ് ജോപ്പുവിനും. പരമ്പരാഗത വിളകളെ കഴിയുന്നത്ര ഒഴിവാക്കി ഇവർ. വിപണിയിൽ ആവശ്യക്കാർ കൂടുതലുള്ള പഴവർഗങ്ങളിലേക്ക് തിരിഞ്ഞു.

റംബുട്ടാൻ, ഫിലോസാൻ, മാങ്കോസ്റ്റിൻ, ആത്തച്ചക്ക തുടങ്ങിയവയാണ് മലയോര കർഷകർ വിളയിക്കുന്നത്. കൂട്ടിക്കിഴിച്ചിലുകൾ നടത്തിയാലും കൃഷി ആദായകരംതന്നെയാണ്-ജോപ്പു പറയുന്നു. ഞങ്ങളുടെ കുടുംബവും എട്ട് തൊഴിലാളികുടുംബവും മാന്യമായ ജീവിതം നയിക്കുന്നത് ഈ വരുമാനത്തിൽനിന്നാണ്. എമിറേറ്റ്‌സിൽ ആറുവർഷത്തോളം ജോലിചെയ്ത ജോപ്പുവിന് ജോലിവിട്ടിട്ടും കീശ നിറഞ്ഞുതന്നെയിരിക്കുന്നത് കൃഷിയുടെ അനുഗ്രഹമാണ്.

ഗുണമേന്മയുള്ള പഴവർഗങ്ങങ്ങൾക്ക് വിപണി ഒരു പ്രശ്‌നമല്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് പഴങ്ങൾക്ക് ഓർഡർ വരുന്നു. ഇടനിലക്കാരില്ലാത്ത ഓൺലൈൻ വ്യാപാരം വലിയ ലാഭംതരുന്നു. നാട്ടിൽ ലഭിക്കുന്നതിനേക്കാൾ രണ്ടിരട്ടി കൂടുതൽ വില ഓൺലൈൻ വ്യാപാരത്തിലൂടെ ലഭിക്കും. കോവിഡിനെത്തുടർന്ന് വിമാന സർവീസ് മുടങ്ങിയതിനാൽ ഇത്തവണ ഓൺലൈൻ വ്യാപാരം തടസ്സപ്പെട്ടു. നാട്ടിൽ ആവശ്യക്കാർ ഉള്ളതിനാൽ ലാഭം കുറഞ്ഞാലും പഴങ്ങൾ വിൽക്കാൻ കഴിയും.

പഴവർഗ കൃഷിയുടെ പ്രധാനപ്രശ്‌നം പക്ഷി ശല്യമാണ്. ചെടികളെ വല പുതപ്പിച്ച് ഇത് മറികടക്കാം. ഒരുചെടിക്ക് വല പുതപ്പിക്കാൻ 2000 രൂപ വരെയാണ് ചെലവ്. ഇതുകിഴിച്ചാലും ഒരു ചെടിയിൽനിന്ന് ഒരു സീസണിൽ 3000 രൂപ വരുമാനം ലഭിക്കും. ചക്കയും നല്ല വരുമാന മാർഗമാണ്. പേരയ്ക്ക, പപ്പായ, വിവിധയിനം മാങ്ങ, തുടങ്ങിയവയും ഇവർ കൃഷി ചെയ്യുന്നുണ്ട്.

പാലായിൽ നിന്ന് 1950 കളിൽ മധ്യതിരുവിതാംകൂറിലെ മലയോര മണ്ണിന്റെ ഗുണം തേടി കരുവാരക്കുണ്ടിൽ വന്ന് സ്ഥലം മേടിച്ചയാളാണ് തറപ്പേൽ ജോണിയുടെ പിതാവ് മാണി ജോസഫ്. കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന മകൻ ജോണിനും അന്ന് മനസ്സിൽ കൃഷിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 1979 ൽ ആണ് ജോണി ഈ 50 ഏക്കർ സ്ഥലം മേടിക്കുന്നത്. വാഹനം കടന്നു വരാൻ വഴി സൗകര്യം പോലുമില്ലാത്ത പ്രദേശത്ത് കിലോമീറ്ററുകളോളം നടന്ന് വന്നാണ് അന്ന് കൃഷി നോക്കിയിരുന്നത്. കാടിനോടും വന്യജീവികളോടും കാലാവസ്ഥയോടും ഏറെ പൊരുതേണ്ടി വന്നു ഈ കുടിയേറ്റ കർഷകന്.

കൃഷിയോടുള്ള അഭിനിവേശം ഒന്നു മാത്രമാണ് അന്നും ഇന്നും ഈ കർഷകനെ മുന്നോട്ട് നയിക്കുന്നത്. കാടിനുള്ളിൽ ഒറ്റപ്പെട്ട് എങ്ങനെ ഈ കൃഷി സ്ഥലം വന്നു എന്ന ചോദ്യത്തിന് 84 വർഷത്തോളം പുറകോട്ട് പോകണം ജോണിക്ക്. സ്ഥലം മേടിക്കുമ്പോൾ പകുതി സ്ഥലത്ത് മാത്രമാണ് കൊക്കോ കൃഷി ഉണ്ടായിരുന്നത്. കുരങ്ങുകളുടെ ശല്യം വർദ്ധിച്ചതോടെ പിന്നീട് കൊക്കോ കൃഷി കുറച്ച്, മറ്റു വിളകൾ കൂടി പരീക്ഷിച്ച് ഇടവിള കൃഷിയിലേക്ക് തിരിഞ്ഞു ജോണി. നിലവിൽ റബർ, കൊക്കോ, കാപ്പി, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, കവുങ്ങ്, എന്നിവയാണ്‌കൊക്കോ എസ്റ്റേറ്റിലെ പ്രധാന വിളകൾ. പഴവർഗങ്ങളിൽ ഇവിടെ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരിക്കുന്നത് റമ്പൂട്ടാനാണ്. 14 വർഷം മുമ്പാണ് പഴവർഗങ്ങളുടെ കൃഷിയിലേക്ക് ജോൺ ശ്രദ്ധ പതിപ്പിക്കുന്നത്. നാടൻ, ഹൈബ്രിഡ് ഇനങ്ങളിൽ പെട്ട നൂറോളം റമ്പൂട്ടാൻ മരങ്ങൾ ഇവിടെ ഉണ്ട്. ജനുവരി ഫെബ്രുവരി മാസങ്ങലിലാണ് റമ്പൂട്ടാന്റെ പൂ പിടിക്കുന്നത്. മെയ് പകുതി മുതൽ - ജൂലൈ അവസാനം വരെ റമ്പൂട്ടാൻ വിളവ് ലഭിക്കും.

ഒരു മരത്തിൽ നിന്ന് ശരാശരി 75 കിലോ വിളവ് ആണ് ലഭിക്കുന്നത്. പൊതുവേ റമ്പൂട്ടാൻ പഴുത്തു തുടങ്ങുമ്പോൾ പക്ഷികളിൽ നിന്ന് പഴം സംരക്ഷിക്കാൻ നെറ്റ് ഇടുന്ന പതിവ് ഉണ്ടെങ്കിലും ഇവിടെ പക്ഷികളുടെ കാര്യമായ ശല്യം വരാത്തതു കൊണ്ട് നെറ്റ് ഇടാറില്ല. ആധുനിക രീതിയിലുള്ള ഫ്രൂട്ട് പ്ലക്കർ ഉപയോഗിച്ചാണ് റമ്പൂട്ടാൻ മരങ്ങളിൽ നിന്ന് പഴം ശേഖരിക്കുന്നത്. പഴങ്ങൾ കേട് കൂടാതെ പറിച്ചെടുക്കാൻ ഇത്തരം ആധുനിക ഫ്രൂട്ട് പ്ലക്കറുകൾ സഹായകരമാണ്.

പറിച്ചെടുക്കുന്ന പഴങ്ങൾ തരം തിരിച്ച ശേഷം സ്വന്തം വാഹനത്തിൽ ടൗണിലെത്തിച്ച് മൊത്ത കച്ചവടക്കാർക്ക് ആണ് വിൽപ്പന. ശരാശരി 200 രൂപയോളം ആണ് റമ്പൂട്ടാന് വില ലഭിക്കുന്നത്. വിളവെടുപ്പിന് ശേഷം ഓഗസ്റ്റിൽ റമ്പൂട്ടാൻ മരങ്ങൾ പ്രൂണിങ്ങ് നടത്തും. മരങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതോടൊപ്പം വശങ്ങളിലേക്ക് കൂടുതൽ ശിഖരങ്ങൾ വരുന്നതിനും അടുത്ത വർഷത്തേക്ക് കൂടുതൽ വിളവ് ലഭിക്കുന്നതിനും ആണ് പ്രൂണിങ്ങ്.

റമ്പൂട്ടാനോടൊപ്പം മാങ്കോസ്റ്റിനും ഇവിടെ കൃഷിയുണ്ട്. റമ്പൂട്ടാന്റെ ഏകദേശം അതേ സമയത്തു തന്നെയാണ് മാങ്കോസ്റ്റിന്റെയും വിളവെടുപ്പ്. മാങ്കോസ്റ്റിൻ പഴങ്ങൾ മരത്തിൽ നിന്ന് കേട് കൂടാതെ ശേഖരിക്കാനും പ്രേത്യേകതരം തോട്ടിയുണ്ട്. തോട്ടിയുടെ അറ്റത്തുള്ള സഞ്ചിയിലേക്ക് മുറിച്ചെടുക്കുമ്പോൾ പഴങ്ങൾ വീഴുന്നതു കൊണ്ട് താഴെ വീണ് ചതയില്ല. ശരാശരി 200 രൂപയോളമാണ് മാങ്കോസ്റ്റിനും വില ലഭിക്കുന്നത് . 5 ടണ്ണിൽ കുറയാതെ റമ്പൂട്ടാനും ഒന്നര ടണ്ണോളം മാങ്കോസ്റ്റിനും ഒരു വർഷം ജോണിന് ഇവിടെ നിന്ന് വിളവ് ലഭിക്കുന്നുണ്ട്.

പഴവർഗങ്ങൾ കൃഷി ചെയ്തിരിക്കുന്ന 5 ഏക്കർ സ്ഥലത്ത് സമ്പൂർണ്ണ ജൈവകൃഷിയാണ് . ഓർഗാനിക് കൃഷിക്കുള്ള രാജ്യാന്തര സർട്ടിഫിക്കേഷൻ ആയ ഇൻഡോസെർട്ടിന്റെ അംഗീകാരവും ഈ കൃഷിയിടത്തിനുണ്ട്. ചാണകപ്പൊടി , എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് പ്രധാനമായും വളമായി നൽകുന്നത്. ഇത് കൂടാതെ ആട്ടിൻ കാഷ്ഠവും കോഴി കാഷ്ഠവും ഓരോ വർഷവും മാറി മാറി നൽകും. തോട്ടത്തിൽ വളരുന്ന അടിക്കാടുകളും മരത്തിന്റെ ചപ്പുകളും വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വിളകളുടെ ചുവട്ടിൽ വെട്ടി കൂട്ടും.
തോട്ടം മേടിക്കുന്ന ആദ്യ കാലങ്ങളിൽ കൊക്കോ ആയിരുന്നു ഇവിടെ പ്രധാന കൃഷി.. അതുകൊണ്ടാണ് ഈ സ്ഥലം കൊക്കോ എസ്റ്റേറ്റ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നത്.

കാലങ്ങൾ പിന്നിട്ടപ്പോൾ ഒരു വിളയെ മാത്രം ആശ്രയിച്ചു കഴിയുന്നത് ശരിയാവില്ല എന്ന തോന്നലിലാണ് സമ്മിശ്ര കൃഷിയിലേക്ക് ജോൺ തിരിഞ്ഞത്. നിലവിൽ 12 ഏക്കറോളം സ്ഥലത്തായി 3500 കൊക്കോ മരങ്ങൾ ആണ് കൃഷി ചെയ്തിട്ടുള്ളത്. കൊക്കോ മരങ്ങൾക്ക് തണലൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റമ്പൂട്ടാന്റെയും മാങ്കോസ്റ്റിന്റെയും കൃഷി. വർഷം മുഴുവൻ കൊക്കോ വിളവ് ഉണ്ടാകുമെങ്കിലും പ്രധാനപ്പെട്ട സീസൺ നവംബർ ഡിസംബർ മാസങ്ങളും ജൂൺ ജൂലൈ മാസങ്ങളുമാണ്. വിളവെടുക്കുന്ന കൊക്കോ പൊട്ടിച്ച് ബീൻസ് എടുത്ത് 5 ദിവസത്തോളം പുളിപ്പിച്ച ശേഷം 6 ദിവസം വെയിലത്ത് ഇട്ട് ഉണക്കിയാണ് വിൽപ്പനക്ക് തയ്യാറാക്കുന്നത്. വെയിൽ കുറവുള്ള സമയങ്ങളിൽ ഡ്രയറിലിട്ട് കൊക്കോ ബീൻസ് ഉണങ്ങും. കൊക്കോ, റംബൂട്ടാൻ, മാങ്കോസ്റ്റീൻ എന്നിവ പൂർണമായും ഓർഗാനിക് രീതിയിലാണ് കൃഷി ചെയ്യുന്നത്. ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളതുകൊണ്ട് വിപണി വിലയേക്കാൾ 80 രൂപ വരെ കൂടുതൽ വിലയും കൊക്കോയ്ക്ക് ജോണിക്ക് ലഭിക്കുന്നുണ്ട്.

8 ഏക്കറോളം സ്ഥലത്താണ് കാപ്പി കൃഷി. അറബിക്ക കാപ്പിയുടെയും റോബസ്റ്റയുടേയും സങ്കരയിനമായ ഠ ത ഞ കാപ്പി ആണ് ഇവിടെ നട്ടിരിക്കുന്നത്. വയനാടിനെ അപേക്ഷിച്ച് അൽപ്പം കൂടി ചൂട് കൂടുതലുള്ള സ്ഥലമായതിനാൽ കാപ്പി കുരു ഇവിടെ നേരത്തെ വിളവ് എടുക്കാനാകും. ഒന്നര ടണ്ണോളം കാപ്പിയാണ് ഇവിടെ ഒരു വർഷം വിളവായി ലഭിക്കുന്നത്. കവുങ്ങും ഇവിടെ പ്രധാനപ്പെട്ട ഒരു കൃഷിയാണ്. കൊക്കോ തോട്ടത്തിനിടയിലും ചുറ്റുവട്ടത്തുമാണ് കവുങ്ങിന്റെ കൃഷി. 10 ടണ്ണോളം അടക്കയുടെ ഉൽപാദനം ഒരു വർഷത്തെ കൃഷിയിൽ നിന്ന് ഇവിടെ ലഭിക്കുന്നുണ്ട്.

വനത്തോട് ചേർന്ന് വരുന്ന 12 ഏക്കറോളം സ്ഥലത്താണ് റബർ കൃഷി. 4000 ത്തോളം റബർ മരങ്ങളാണ് ഇവിടെയുള്ളത്. പാൽ ഉറയൊഴിക്കുന്നതും ഷീറ്റാക്കുന്നതുമെല്ലാം വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീർക്കാവുന്ന രീതിയിലാണ് ഇവിടുത്തെ ക്രമീകരണം. ഷീറ്റ് ഉണക്കി എടുക്കുന്ന പുകപ്പുരയിൽ ഷീറ്റ് ഇടാനായി ട്രോളി സംവിധാനമുള്ള സ്റ്റാൻഡ് ആണ് ഉള്ളത്.
ആറോളം ചെറിയ അരുവികൾ ആണ് ഈ തോട്ടത്തിന്റെ ജീവനാഡികൾ. പറമ്പിന്റെ ഉയർന്ന ഭാഗങ്ങളിൽ ചെറിയ തടയണകൾ കെട്ടി വെള്ളം പൈപ്പുകൾ വഴി വിവിധ ഭാഗങ്ങളിൽ എത്തിച്ച് റെയിൻ ഗൺ മോഡൽ സ്പ്രിങ്ങ്ഗളർ ഉപയോഗിച്ചാണ് ജലസേചനം. സ്പ്രിങ്ങ്ഗളറിന്റെ ഒറ്റ ഹെഡ് ഉപയോഗിച്ച് അര ഏക്കറോളം സ്ഥലം ഒരേ സമയം നനക്കാൻ കഴിയും. കൊക്കോ , കാപ്പി, റംമ്പൂട്ടാൻ, മങ്കോസ്റ്റിൻ, എന്നിവക്ക് ആണ് പ്രധാനമായും ജലസേചനം ചെയ്യുന്നത്.

കാടിനു നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന കൃഷി സ്ഥലമായതുകൊണ്ട് കൃഷി സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വൈദ്യുതി ആവശ്യമായിരുന്നു. വനത്തിലെ വന്യജീവികളിൽ നിന്ന് വിളകളെ സംരക്ഷിക്കലായിരുന്നു പ്രധാന ആവശ്യം. വനത്തിനുള്ളിലൂടെ കെഎസ് ഇ ബി ലൈൻ എത്തിക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് സ്വന്തമായി വൈദ്യുതി എങ്ങനെ ഉൽപാദിപ്പിക്കാം എന്നായി ജോണിന്റെ ചിന്ത. നീണ്ട ആലോചനകൾക്കൊടുവിൽ തോട്ടത്തിനു ഇടയിലൂടെ ഒഴുകുന്ന അരുവികളുടെ സാധ്യത ഉപയോഗിക്കാൻ ജോൺ തീരുമാനിച്ചു.അങ്ങനെ ബാംഗ്ലൂർ കേന്ദ്രമാക്കിയുള്ള കമ്പനിയുടെ സഹായത്തോടെ പിക്കോ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് നടപ്പാക്കി. 3000 വാട്ട്‌സ് വൈദ്യുതി ഒരു മണിക്കൂറിൽ ഇവിടെ ഉൽപ്പാദിപ്പിക്കും.

നീലഗിരി മലനിരകളുടെ ഭാഗമായുള്ള കുന്നിൻ ചെരുവായ സ്ഥലമായതുകൊണ്ട് പറമ്പിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് 50 മീറ്ററോളം ഉയരത്തിൽ അരുവിയിൽ നിന്ന് വെള്ളം ശേഖരിച്ച് 150 മീറ്ററോളം പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം പവർ ഹൗസ് മുറിയിലേക്ക് എത്തിക്കുന്നു. വെള്ളത്തിന്റെ ശക്തിയിൽ പെൽട്ടൺ വീൽ ടർബൈൻ കറങ്ങി ജനറേറ്റർ പ്രവർത്തിച്ചാണ് വൈദ്യുതി ഉത്പാദനം. വർഷം മുഴുവൻ കൃഷി ആവശ്യത്തിനും വീടിന്റെ ആവശ്യത്തിനു മുള്ള വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. 50 ഏക്കർ സ്ഥലത്തിന് ചുറ്റുമുള്ള വൈദ്യുതി വേലി, റബർ ഷീറ്റ് അടിക്കുന്ന മെഷീൻ, ജോലിക്കാർക്ക് താമസിക്കാനുള്ള 3 വീടുകൾ എന്നിവയെല്ലാം ഈ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

നാലു ചുറ്റും വനമാണെങ്കിലും കാര്യമായ വന്യജീവി ആക്രമണ ഭീഷണി ജോണിന്റെ കൃഷിയിടത്തിൽ ഇല്ല. പണ്ട് കാട്ടാന കയറി കൃഷി മുഴുവൻ നശിപ്പിക്കുന്ന സ്ഥിതി വിശേഷമായിരുന്നെങ്കിൽ ,വൈദ്യുതി വേലി ചുറ്റും സ്ഥാപിച്ചശേഷം കാട്ടാനയുടെ ഭീഷണി ഒരിക്കൽപോലും ഉണ്ടായിട്ടില്ലെന്ന് ജോണിന്റെ മകൻ ജോപ്പു പറയുന്നു. പ്രതിരോധിക്കാനാവാത്തത് കുരങ്ങ് ശല്യം മാത്രമാണ്. കൃത്യമായ മെയിന്റനൻസ് വൈദ്യുതി വേലികൾക്ക് നൽകിയാൽ ഇപ്പോഴും കാട്ടാന ശല്യം നേരിടാൻ ഫലപ്രദം വൈദ്യുതി വേലികൾ തന്നെയാണെന്നാണ് അനുഭവത്തിലൂടെ ജോപ്പു പറയുന്നത്.

വനത്തിനു ചുറ്റുമുള്ള കുന്നിൻ ചെരുവായ സ്ഥലമായതുകൊണ്ട് തന്നെ ഭൂമിയുടെ വിനിയോഗത്തിലും വിളകളുടെ തിരഞ്ഞെടുപ്പിലും ഏരിയ തിരിച്ചുള്ള കൃഷി രീതികളിലും എല്ലാം ഫലപ്രദമായ കാർഷിക മാനേജ്‌മെന്റ് ജോൺ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഒരു പരിധി വരെ വന്യമൃഗ ശല്യങ്ങൾ ഒഴിവാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും, കൃഷി ചെലവുകൾ കുറക്കുന്നതിനും, തോട്ടത്തിന്റെ കൃത്യമായ പരിപാലനത്തിനുമെല്ലാം ഇത് സഹായിക്കുന്നു.വൈദ്യുതി ലഭിക്കാത്ത സ്ഥലത്ത് സ്വയം വൈദ്യുതി ഉൽപ്പാദിപ്പിച്ചും കൃഷിയിടത്തിലെ ജോലികൾ കൂടുതൽ എളുപ്പമാക്കാനുള്ള യന്ത്രവൽക്കരണമടക്കമുള്ള കാര്യങ്ങൾ നടത്തിയും ഇന്നും കൃഷിയിലെ ജൈത്രയാത്ര തുടരുകയാണ് ഈ കർഷകൻ. വെല്ലുവിളികളോടും ദുർഘട സാഹചര്യങ്ങളോടും പൊരുതാനുള്ള കുടിയേറ്റ കർഷകന്റെ നിശ്ചയദാർഡ്യം ഒന്നു മാത്രമാണ് കാട്ടിനുള്ളിലെ കൃഷിയിൽ പോലും മികച്ച വിജയം നേടാൻ ഇന്നും ജോണിനു കഴിയുന്നതിന്റെ രഹസ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP