Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും; തന്റെ ആരുമല്ലാതിരുന്ന സിസ്റ്റർ അഭയക്ക് നീതി തേടി ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടം; പൊതുപ്രവർത്തകന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്ന് വീണത് അധികാരത്തിന്റെ അഹന്തകൾ

രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും; തന്റെ ആരുമല്ലാതിരുന്ന സിസ്റ്റർ അഭയക്ക് നീതി തേടി ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടം; പൊതുപ്രവർത്തകന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്ന് വീണത് അധികാരത്തിന്റെ അഹന്തകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആത്മ​​​ഹത്യയായി അന്വേഷണ സംഘങ്ങൾ എഴുതിത്ത്തള്ളിയ സിസ്റ്റർ അഭയ കേസ് ഇന്ന് സിബിഐ കോടതിയുടെ വിധി പ്രസ്താവം വരെ എത്തുന്നതിന് സഹായകമായത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. സിസ്റ്റർ അഭയയുടെ മരണവിവരം പുറംലോകം അറിഞ്ഞത് മുതൽ അതിന് പിന്നിലെ സത്യവും നീതിയും തേടിയായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ പോരാട്ടങ്ങൾ അത്രയും. തന്റെ ആരും അല്ലാതിരുന്നിട്ടും യുവതിയായ ഒരു കന്യാസ്ത്രീയുടെ ​ദാരുണ മരണത്തിന് പിന്നിലെ സത്യം തേടിയുള്ള ജോമോന്റെ ജീവിത യാത്രയാണ സഫലമാകുന്നത്. എതിരാളികൾ ശക്തരാണെന്ന തിരിച്ചറിവോടെ ഈ കോട്ടയം സ്വദേശി ചൂണ്ടിക്കാണിച്ച സംശയങ്ങൾ പിന്നീട് കേസിൽ നിർണ്ണായക വഴിത്തിരിവാകുകയായിരുന്നു.

എതിരാളികൾ ശക്തരായതുകൊണ്ടുതന്നെ രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോൻ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതും ജോമോനാണ്. സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം ജോമോൻ പരാതികളുമായി ഡൽഹിക്ക് പോയത് നിരവധി തവണയാണ്.

1992ൽ സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ കൺവീനറായിരുന്നു ജോമോൻ. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ജോമോൻറേത് ഉൾപ്പെടെ 34 പരാതികൾ സർക്കാരിന് ലഭിച്ചുവെങ്കിലും തുടർന്നുള്ള പോരാട്ടത്തിൽ ഉറച്ചുനിന്നത് ജോമോൻ മാത്രം. മരണം ആത്മഹത്യയാക്കിമാറ്റാൻ സിബിഐ എസ്‌പി ത്യാഗരാജനൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നതോടെ എസ്‌പിയെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോൻ.

പ്രതികൾ പല കാരണങ്ങൾ ചൂണ്ടികാട്ടി വിചരണ കൂടാതെ കേസിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആസൂത്രിതനീക്കങ്ങൾ ഓരോ ഘട്ടത്തിലും ജോമോൻ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവിൽ പ്രതികളെ വിചാരണകോടതിക്കു മുന്നിലെത്തിച്ചതും ജോമോൻ സമ്പാദിച്ച വിധിയിലൂടെയാണ്. തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ദിവസങ്ങളിലെല്ലാം ജോമോൻ എത്തിക്കൊണ്ടിരുന്നു. 28 വർഷത്തിനിപ്പുറം ജീവിതം മുഴുവൻ മാറ്റിവെച്ച കേസിൽ വിധി വരുന്നു.

അഭയ കേസിന്റെ നാൾ വഴികൾ ഇങ്ങിനെ:

1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കാണുന്നത്. ലോക്കൽ പൊലീസ് പതിനേഴ് ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആണിത്. എന്നാൽ അഭയാ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ 1992 മെയ് 18 ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

. 1993 മാർച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡി.വൈഎസ്‌പി വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളിൽ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാൻ തന്റെ മേലുദ്യോഗസ്ഥൻ സിബിഐ- എസ്‌പി സമ്മർദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വർഗ്ഗീസ് പി തോമസ് വാർത്താ സമ്മേളനം നടത്തി സിബിഐ യിൽ നിന്നും 1993 ഡിസംബർ 31 ന് രാജിവച്ചതിനെ തുടർന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

വർഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ എസ്‌പി. യെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 16 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിലെ ലോക്സഭയിലെയും രാജ്യസഭയിലെയും 28 എംപി.മാർ ഒപ്പിട്ട നിവേദനം 1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയറാവുവിനെ അന്നത്തെ എംപിമാരായ ഒ രാജഗോപാൽ, ഇ ബാലാനന്ദൻ, പി സി തോമസ് എന്നിവരും ജോമോൻ പുത്തൻപുരയ്ക്കലും ചേർന്ന് നേരിൽ കണ്ട്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ എസ്‌പി. യെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എം.എൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടർ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 16 വർഷത്തിനിടയിൽ പ്രതികളെ പിടിക്കുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നൽകിയ റിപ്പോർട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2007 മെയ് 9 നും 18 നും സിബിഐ ഡയറക്ടർ വിജയ് ശങ്കറിനെ ജോമോൻ പുത്തൻപുരയ്ക്കൽ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്‌പി ആർ എൽ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിസ്റ്റർ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കൽ എക്സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31 ന് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ജോമോൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ വി വി അഗസ്റ്റിൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ സാമുവൽ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് ഇരുവരും മരണപ്പെട്ടതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി എന്നിവർ രേഖാമൂലം അന്നത്തെ ഡയറക്ടർ അലോക് വർമ്മയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അപ്പീൽ ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്തില്ല.പകരം സിബിഐ ഡയറക്ടർ ഉൾപ്പടെയുള്ളവർ പ്രതിയെ സഹായിച്ചുവെന്നാണ് ആരോപണം വരുകയും ചെയ്തിരുന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ സെൻട്രൽ വിജിലൻസ് കമ്മീഷന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബർ 10 ന് പരാതി കൈമാറികൊണ്ട് കത്ത് നൽകിയിരുന്നു.ഒടുവിൽ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ 2019 ഫെബ്രുവരി 19 ന് അപ്പീൽ നൽകിയിരുന്നു.

2019 ജൂലായ്15ന് പ്രതികളുടെ വിടുതൽ ഹർജി സുപ്രീം കോടതിയും തള്ളി. 2019 ഓഗസ്റ്റ് 5ന് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. 26 -ന് വിചാരണ ആരംഭിച്ചു. സിസ്റ്റർ അഭയയെ കൈക്കോടാലിയുടെ പിടി കൊണ്ട് പ്രതികൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അസമയത്ത് പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റർ അഭയ കണ്ടതിലുള്ള ഭയത്താൽ അവരെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കിണറ്റിലെറിഞ്ഞുവെന്നും കേസ് രേഖകളിൽ പറയുന്നു.

സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയത്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്ത്തള്ളിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സിബിഐ.സംഘത്തിലെ ആദ്യത്തെയാൾ കൊലപാതകമെന്ന് സ്ഥാപിച്ചു. പിന്നീടുള്ള പത്തുപേർ പറ്റില്ലന്ന് പറഞ്ഞ് മടങ്ങിയപ്പോൾ 12-ാമത് വന്ന ഡൽഹി സിബിഐ. ഡിവൈ.എസ്‌പി.ആർ.കെ. അഗർവാളാണ് കുറ്റവാളികളിലേക്ക് കൃത്യമായി അന്വേഷണം നീക്കിയത്. തെളിവുകൾ നശിപ്പിച്ചെങ്കിലും അവ കണ്ടെത്തി അറസ്റ്റിലേക്ക് എത്തിച്ചത് ഡിവൈ.എസ്‌പി. നന്ദകുമാർ നായരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP