Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ജോളിപ്പേടിക്കു പിന്നാലെ കൂനിൽമ്മേൽ കുരുവായി വയലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവും; അടക്കാ തോട്ടത്തിൽ ഒരാഴ്ച പഴക്കമുള്ള ജീർണ്ണിച്ച ശരീരം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറാതെ എൻ ഐ ടി നിവാസികൾ; അന്വേഷണത്തിൽ കണ്ടെത്താനായത് ഷർട്ട് തയ്‌പ്പിച്ചത് മാവൂരിൽ നിന്നെന്ന് മാത്രം; ജോളിയുടെ വിഹാര രംഗമായതുകൊണ്ട് ഏത് നിമിഷവും പൊലീസ് എത്തുമെന്ന് ഭയന്ന് പരിചയക്കാർ; സ്വസ്ഥത നഷ്ടപ്പെട്ട് എൻഐടി നിവാസികൾ

ജോളിപ്പേടിക്കു പിന്നാലെ കൂനിൽമ്മേൽ കുരുവായി വയലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹവും; അടക്കാ തോട്ടത്തിൽ ഒരാഴ്ച പഴക്കമുള്ള ജീർണ്ണിച്ച ശരീരം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറാതെ എൻ ഐ ടി നിവാസികൾ; അന്വേഷണത്തിൽ കണ്ടെത്താനായത് ഷർട്ട് തയ്‌പ്പിച്ചത് മാവൂരിൽ നിന്നെന്ന് മാത്രം; ജോളിയുടെ വിഹാര രംഗമായതുകൊണ്ട് ഏത് നിമിഷവും പൊലീസ് എത്തുമെന്ന് ഭയന്ന് പരിചയക്കാർ; സ്വസ്ഥത നഷ്ടപ്പെട്ട് എൻഐടി നിവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടാത്തായി കൊലപാതക പരമ്പരയിലെ മഖ്യപ്രതി സയനൈഡ് ജോളിയുടെ പ്രവർത്തന കേന്ദ്രമായിരുന്നു കോഴിക്കോട് ചാത്തമംഗലത്തിന് അടുത്തെ എൻഐടിയും ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി) പരിസര പ്രദേശവും. അതുകൊണ്ടുതന്നെ ജോളിയുമായി പരിചയമുള്ളവരിൽ പലരെയും ഇപ്പോൾ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് ഇന്നലെ കൂനിൽമ്മേൽ കുരുവെന്നോണം എൻഐടിക്കടുത്തെ പുള്ളാവാവൂരിൽ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാരുടെ സ്വസ്ഥത ഒന്നുകൂടി നഷ്ടപ്പെട്ടിരിക്കയാണ്. പൊലീസും മാധ്യമപ്പടയുമൊക്കെയായി ആകെ വലഞ്ഞിരിക്കയാണ് എൻഐടി നിവാസികൾ.

പുള്ളാവൂർ കുഞ്ഞിപറമ്പത്ത് വേലായുധന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് ശനിയാഴ്ച രാവിലെ 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അടക്കപെറുക്കാനെത്തിയ സ്ഥലമുടമയാണ് മൃതദേഹം കണ്ടെത്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. ജില്ല ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പക്ഷേ കാര്യമായ തുമ്പൊന്നും ഇതുവെരെയും കിട്ടിയിട്ടില്ല. ഷർട്ട് തയ്‌പ്പിച്ചത് മാവൂരിലെ ഒരു കടയിൽനിന്ന് മാത്രമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ മരണത്തിന് ജോളിക്കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നെങ്കിലും പൊലീസ് അത് നിഷേധിക്കയാണ്.

ജോളി ബ്യൂട്ടി പാർലർ നടത്തിയതും, ഇടക്ക് താമസിച്ചിരുന്ന വനിതാ സുഹൃത്തിന്റെ ഫളാറ്റുമൊക്കെ ഇവിടെയാണ്. അതിനാൽ പൊലീസും മാധ്യമങ്ങളും ഈ പ്രദേശത്ത് അരിച്ചുപെറുക്കയാണ്. പ്രമുഖ ചാനലുകളുടെ ലേഖകർ ഇവിടെ മുറിയെടുത്ത് തമ്പടിക്കുന്ന സാഹചര്യം പോലുമുണ്ടായി. മാത്രമല്ല സമാതകളില്ലാത്ത ഭീതിയാണ് ജോളി ഇവിടെ ഉയർത്തിയത്. മുമ്പ് നടന്ന എല്ലാ അസ്വാഭാവിക മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ജോളിയുമായി വസ്തു ഇടപാട് ഉണ്ടായിരുന്ന ചേനോത്ത് സ്വദേശി രാമകൃഷ്ണന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ പരാതിപ്പെട്ടുകഴിച്ചു. ജോളിയുടെ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചുവെന്നതും നാട്ടിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഇതോടെ ജോളിയെ അറിയുന്നവർപോലും ഇപ്പോൾ ഒരക്ഷരം മിണ്ടാത്ത അവസ്ഥയിലാണ്. ഇതോടെ മാധ്യമങ്ങളോട് ആരും പ്രതികരിക്കാതായി. ഇത് മറികടക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും ചോദ്യം ചെയ്യാനാണെന്നും പറഞ്ഞ്,

നാണക്കേടായി പെൺവാണിഭ വാർത്ത

ഇതിനിടെ ജോളി പെൺവാണിഭം നടത്തിയെന്ന് ചില മാധ്യമങ്ങൾ വാർത്തയാക്കിയിൽ നാട്ടുകാർക്ക് വലിയ അമർഷമുണ്ട്. എൻഐടിക്കുടത്ത് ഇങ്ങനെ ഒരു കേന്ദ്രം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ റിയൽ എസ്റ്റേറ്റ്, മാഫിയകളുമായി ജോളി അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. എൻ ഐ ടി പരിസരത്തെ ബ്യൂട്ടീ പാർലർ കേന്ദ്രീകരിച്ചാണ് വലിയ തട്ടിപ്പുകൾ അരങ്ങേറിയത്. ബ്യൂട്ടി പാർലറിലെ സ്ഥിരം സന്ദർശകയായിരുന്നു ജോളി, ബ്യൂട്ടി പാർലർ ഉടമ സുലേഖയും ഭർത്താവും ജോളിക്ക് സഹായങ്ങൾ ചെയ്തുകൊടുത്തതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്.

എൻഐടിയിലെ പ്രൊഫസറാണ് താനെന്നാണ് ജോളി പലരുടെയും പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച പലരും ഇവരുടെ വലയിൽ വീണിട്ടുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. സുലേഖയോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ചേനോത്ത് സ്വദേശി രാമകൃഷ്ണന്റെ മരണത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കൈകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംശിയക്കുന്നത്. ജോളി പിടിയിലായതോടെ പ്രദേശത്തെ പല രാഷ്ട്രീയ പാർട്ടി നേതാക്കളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി പി എം ലോക്കൽ സെക്രട്ടറിക്ക് പിന്നാലെ കുന്ദമംഗലത്തെ ഒരു കോൺഗ്രസ് നേതാവും ജോളിയുമായി അടുത്ത ബന്ധം പുലർത്തിയതായി സൂചനയുണ്ട്.

ഇതേ സമയം കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിക്ക് കോഴിക്കോട് എൻ ഐ ടിയുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2000 മുതലുള്ളരേഖകൾ പരിശോധിച്ചതിൽ താൽക്കാലിക ജീവനക്കാരിയായി പോലും ജോളി ഇവിടെ പ്രവർത്തിച്ചിട്ടില്ലെന്ന് രജിസ്റ്റ്രാർ ലഫ്റ്റനന്റ് കേണൽ കെ. പങ്കജാക്ഷൻ വ്യക്തമാക്കി. കാന്റീൻ ക്യാംപസിന് പുറത്താണ്. അവിടെ വന്നു പോകുന്നവർക്ക് എൻ ഐ ടിയുമായി ബന്ധമില്ല. വ്യാജ തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാത്തമംഗലത്തെ എൻ ഐ ടിയിൽ പ്രൊഫസറാണെന്ന് മറ്റുള്ളവരെ ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. എൻ ഐ ടിയുടെ തിരിച്ചറിയൽ കാർഡുമായി ഇവർ എന്നും രാവിലെ പോകുമായിരുന്നുവെന്ന് ഭർത്താവുൾപ്പടെയുള്ളവർ മൊഴി നൽകിയിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എൻ ഐ ടി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.

കോൺഗ്രസും ലീഗും ഒരുപോലെ പ്രതിക്കൂട്ടിൽ

ജോളി വധക്കേസിന്റെ അന്വേഷണം പുരോഗമിക്കവേ സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ നാണക്കേടാന ഉണ്ടായത്. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ചതിനാണ് സി പി എം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയിട്ടുണ്ട്.

നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ ആളാണ് കെ മനോജ്. വളരെ കുറഞ്ഞ കാലം കൊണ്ട് പാർട്ടിയിൽ സജീവമായി ഉയർന്നുപോയതാണ് അദ്ദേഹത്തിന്റെ ചരിത്രമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡ് സ്ത്രീ സംവരണം ആയതോടെ മനോജിന്റെ ഭാര്യയായിരുന്നു മത്സരിച്ചത്. ഇതോടെ ഭർത്താവിന് പിന്നാലെ ഭാര്യയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി.നാട്ടിൽ ഗ്യാസ് ഏജൻസി നടത്തിയിരുന്ന മനോജ് ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളിൽ പെട്ടിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ മനോജിനെതിരെ ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മനോജിന് വോട്ട് ചെയ്യില്ലെന്ന് നിരവധി സ്ത്രീകൾ പ്രഖ്യാപിക്കുന്ന അവസ്ഥ വരെ അന്നുണ്ടായി. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് ഇദ്ദേഹം വളർന്നുവരികയായിരുന്നു.

ജോളി ജോസഫ് തന്നെ ചതിച്ചതാണെന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മനോജിന്റെ വാദം. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചെതെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് 2006 ൽ ജോളിയെ പരിചയപ്പെടുന്നത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ബന്ധം തുടർന്നു. അവർ വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചെന്ന് തനിക്ക് അറിയില്ലായിരുന്നു. എൻ ഐ ടി അദ്ധ്യാപികയെന്ന് പറഞ്ഞാണ് അവർ തന്നെ പരിചയപ്പെട്ടത്. ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കുമൊപ്പം സ്ഥലം നോക്കാൻ എൻ ഐ ടിക്ക് അടുത്ത് വന്നപ്പോഴാണ് അവരെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഇവരുമായി മറ്റ് ബന്ധങ്ങളൊന്നും തനിക്ക് ഇല്ലന്നുമാണ് മനോജിന്റെ വാദം.

എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുകയാണ് നാട്ടുകാർ പലരും. ഒസ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ജോളിയുമായി മനോജിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അല്ലാതെ കൂടത്തായിയുള്ള ജോളി ഇത്തരം കാര്യങ്ങൾക്ക് കട്ടാങ്ങലിലുള്ള ഒരാളുമായി ബന്ധപ്പെടില്ല. ഇരുവരെയും പലയിടത്തും ഒരുമിച്ച് കണ്ടതായുള്ള കാര്യങ്ങളും ഇപ്പോൾ നാട്ടുകാർ പലരും വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ സത്യമുള്ളതുകൊണ്ടാണ് പാർട്ടി വളരെ പെട്ടന്ന് തന്നെ മനോജിനെതിരെ നടപടി സ്വീകരിച്ചതെന്നും പാർട്ടി പ്രവർത്തകർ ഉൾപ്പെടെ വ്യക്തമാക്കുന്നു. പാർട്ടി നടപടി വരുമ്പോൾ മനോജ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ടൂറിൽ പങ്കെടുത്ത് ആലപ്പുഴയിലായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ കൃത്യതയില്ലായ്മ തന്നെയാണ് മനോജിനെതിരെ എല്ലാവരും ഉയർത്തുന്ന ആരോപണം. പിരിവ് കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഉൾപ്പെടെ ഇയാൾക്കുണ്ടായിരുന്നതായും പലരും പറയുന്നു.

അതുപോലെ തന്നെ ജോളി ബന്ധത്തിന്റെ പേരിൽ മുസ്ലിം ലീഗും കുടുങ്ങിയിരിക്കയാണ്. പിടിയിലാവുന്നതിന് ദിവസങ്ങൾ മുമ്പുവരെ ജോളി മുസ്ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോൺ രേഖകൾ പുറത്തുവന്നിട്ടുണ്ട്.. സഹായം തേടിയാണ് വിളിച്ചതെന്ന് മൊയ്തീൻ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. പിടിയിലാകുമെന്നറിഞ്ഞ ജോളി, ലീഗ് നേതാവിനെ നിരന്തരം വിളിക്കുകയും നേരിട്ടു കാണുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏർപ്പാടാക്കി നൽകണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ ഏർപ്പാടാക്കിയെങ്കിലും മറ്റൊരാളെ കണ്ടുപിടിച്ചതായി ജോളി പറഞ്ഞുവെന്നാണ് ഇമ്പിച്ചി മൊയ്തീന്റെ മൊഴി.ജോളിയിൽ നിന്ന് അമ്പതിനായിരം രൂപ വാങ്ങിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാൻ ശ്രമിച്ചതായും എന്നാൽ അതിനല്ല പണം വാങ്ങിയതെന്നും മൊഴിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP