Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസുര ബസ് ഓട്ടിച്ചിരുന്നത് പിറവം അന്ത്യാലിലെ നന്നായി ഡ്രസ് ചെയ്ത് സുമുഖനായി നടക്കാൻ ആഗ്രഹിച്ച ടൂറിസ്റ്റ് ബസിലെ ഡ്രൈവർ; കൂട്ടുകാർക്കൊപ്പം മദ്യപാനവും പതിവ്; ആശുപത്രിയിൽ നിന്ന് നേരം പുലരും മുമ്പേ മുങ്ങിയത് രക്തപരിശോധന അട്ടിമറിക്കാനോ? ആ സമയം കഴിഞ്ഞാൽ ജോജോ പത്രോസ് കീഴടങ്ങും; ജോമോന്റെ മുങ്ങലിന് പിന്നിലും 'ശ്രീറാം' മോഡൽ

അസുര ബസ് ഓട്ടിച്ചിരുന്നത് പിറവം അന്ത്യാലിലെ നന്നായി ഡ്രസ് ചെയ്ത് സുമുഖനായി നടക്കാൻ ആഗ്രഹിച്ച ടൂറിസ്റ്റ് ബസിലെ ഡ്രൈവർ; കൂട്ടുകാർക്കൊപ്പം മദ്യപാനവും പതിവ്; ആശുപത്രിയിൽ നിന്ന് നേരം പുലരും മുമ്പേ മുങ്ങിയത് രക്തപരിശോധന അട്ടിമറിക്കാനോ? ആ സമയം കഴിഞ്ഞാൽ ജോജോ പത്രോസ് കീഴടങ്ങും; ജോമോന്റെ മുങ്ങലിന് പിന്നിലും 'ശ്രീറാം' മോഡൽ

പ്രകാശ് ചന്ദ്രശേഖർ

പിറവം;പാലക്കാട് വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട അസുര ബസിന്റെ ഡ്രൈവർ പിറവം അന്ത്യാൽ പൂക്കോട്ടിൽ ജോമോൻ എന്നറിയപ്പെടുന്ന ജോജോ പത്രോസ് പിന്തുടർന്നതും 'ശ്രീറാം വെങ്കിട്ടരാമൻ' പദ്ധതിയോ? അപകടമുണ്ടായ ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ രക്തപരിശോധന നടത്തിയാലും ഇനി മദ്യപാനത്തിലെ സത്യം പൊലീസിന് കണ്ടെത്താനാകില്ല. ഇതിന് വേണ്ടിയാണ് ജോമോൻ മുങ്ങിയതെന്ന പ്രചരണം ശക്തമാണ്. പൊലീസെത്തി രക്ത പരിശോധന നടത്തുമുമ്പേ ഇയാൾ മുങ്ങി. രക്തപരിശോധന നടത്തിയാലും മദ്യപാനത്തിന് തെളിവ് കിട്ടുന്ന സമയം കഴിഞ്ഞ ശേഷം ജോജോ പത്രോസ് കോടതിയിൽ കീഴടങ്ങും.

ഇക്കാര്യത്തിൽ ജോജോയുമായി അടുപ്പമുള്ളവരിൽ ചിലർ നിയമോപദേശം തേടിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ കീഴടങ്ങാൻ സന്നദ്ധനായിട്ടുള്ളതെന്നുമാണ് സൂചന. അതിനിടെ അപകടത്തിൽ പരിക്കേറ്റ ജോജോയെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യലറ്റി ആശുപത്രിയിലേയ്ക്ക് മാറ്റിയതായുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള പരിക്ക് ജോജോയ്ക്കില്ല. സുരക്ഷിത കേന്ദ്രത്തിൽ ഇയാൾ ഒളിവിലുണ്ട്. മദ്യപാനത്തിന്റെ സാധ്യതയിലെ അന്വേഷണം ഏതായാലും വടക്കാഞ്ചേരി അപകടത്തിലും അട്ടിമറിക്കപ്പെട്ടു. മ്യൂസിയത്തിന് മുന്നിൽ മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ തന്ത്രപരമായി മദ്യപാന പരിശോധന ഒഴിവാക്കിയിരുന്നു. ഇതാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമനുള്ള പിടിവള്ളിയും.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ അത് ഗുരുതരമായ കുറ്റമാണ്. തെളിവില്ലെങ്കിൽ മനപ്പൂർവ്വമായ നരഹത്യയ്ക്കുള്ള വകുപ്പുകളേ ഡ്രൈവർക്കെതിരെ ചുമത്തൂ. അതിന് വേണ്ടിയാണ് ജോജോയും രക്തപരിശോധന വൈകിപ്പിക്കാൻ മുങ്ങിയതെന്ന വാദം ശക്തമാണ്. കഴിഞ്ഞ 20 വർത്തോളമായി ജോജോ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. നാട്ടിൽ ഇയാൾ കൂട്ടുകാരുമൊത്ത് മദ്യപിക്കുക പതിവായിരുന്നെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ മദ്യാപന ശീലം അപകടത്തിന് കാരണമായോ എന്നുള്ള സംശയവും നാട്ടുകാരിൽ ഒരുവിഭാഗം പങ്കുവയ്ക്കുന്നുണ്ട്. നന്നായി ഡ്രസ് ചെയ്ത് സുമുഖനായി നടക്കാൻ താൽപ്പര്യപ്പെട്ടിരുന്ന ജോജോ ഇതിന് പറ്റിയ തൊഴിലെന്ന നിലയിലാണ് ടൂറിസ്റ്റ് ബസ്സ് ഓടിക്കൽ കണ്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.

വടക്കഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒമ്പത് പേരാണ് മരിച്ചത്. ഇവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അദ്ധ്യാപകനും മറ്റുള്ളവർ കെ.എസ്ആർടിസി യാത്രക്കാരുമാണ്. 40 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. അഞ്ചുമൂർത്തിമംഗലത്തിന് സമീപം ഇന്നലെ രാത്രി 11.30നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയത് ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ ടൂറിസ്റ്റ് ബസാണെന്ന റിപ്പോർട്ടും പുറത്തുവരുന്നു. അനധികൃതമായി നിരോധിത ലൈറ്റുകളും മ്യൂസിക്ക് സിസ്റ്റവും ഹോണും പിടിപ്പിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോട്ടയം ആർ.ടി.ഒ അഞ്ച് കേസുകളാണ് ഏപ്രിൽ മാസത്തിൽ എടുത്തിരുന്നത്. ലുമിനസിന്റെ അസുര എന്ന ബസാണ് അപകടമുണ്ടാക്കിയത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് പോയതായിരുന്നു ടൂറിസ്റ്റ് ബസ്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിനു പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിലിടിച്ചത്. മരിച്ചവർ: വിദ്യാർത്ഥികളായ എൽന ജോസ്, ക്രിസ്, ദിവ്യ രാജേഷ്, അഞ്ജന, അജിത് ഇമ്മാനുവേൽ, അദ്ധ്യാപകനായ വിഷ്ണു, കെ.എസ്.ആർ.ടി.സി യാത്രക്കാരനായ ദീപു, അനൂപ്, രോഹിത് രാജ്

കോട്ടയം സ്വദേശി അരുൺ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലുമിനോസ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് എൻഫോഴ്സ്മെന്റ് പാലക്കാട് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെ കാണാനില്ല. അപകടമുണ്ടായതിനു ശേഷം സ്ഥലത്തുണ്ടായിരുന്ന ജോമോനെ പിന്നീട് കാണാതാവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ലിസ്റ്റിലും പേരില്ല.

ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഒളിവിൽ പോയി. ഇകെ നായനാർ ആശുപത്രിയിലെ നഴ്സാണ് ഡ്രൈവർ ആശുപത്രിയിൽ എത്തിയെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർച്ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു. ആദ്യം അദ്ധ്യാപകൻ എന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നഴ്സ് വ്യക്തമാക്കി. അതായത് ബസ് ഉടമകളുടെ സംരക്ഷണയിലാണ് ഇയാൾ ഇപ്പോൾ. ബസിലെ നിയമ വിരുദ്ധതകൾ ചർച്ചയാകുമെന്ന ഭയത്തിലാണ് ഡ്രൈവറെ മാറ്റുന്നത്.

ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽ നിന്ന് മുങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യവുമുണ്ട്. പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവർക്കൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും വ്യക്തമാക്കി.

'ഡ്രൈവറാണോ അദ്ധ്യാപകനാണോ എന്ന് അയാൾ എന്റടുത്ത് ആദ്യം പറഞ്ഞിരുന്നില്ല. സിസ്റ്റർമാർ ചോദിച്ചപ്പോൾ അദ്ധ്യാപകനാണെന്നാണ് പറഞ്ഞത്. കൂറേ ചോദിച്ചു, ചോദിച്ചു വന്നപ്പോഴാണ് ഞാൻ ഡ്രൈവറാണെന്ന് പറഞ്ഞത്. അഡ്‌മിറ്റ് ചെയ്തിരുന്നില്ല' - ജോമോനെ ചികിത്സിച്ച ഡോക്ടർ പ്രതികരിച്ചു. 'മുന്നിൽ ഒരു കെഎസ്ആർടിസി ബസ് വൈറ്റില മുതൽ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് കെഎസ്ആർടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആർടിസിയുടെ പിൻവശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താൻ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു' ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവർ എന്ന് പറയുന്ന ആൾ തന്നോട് പറഞ്ഞതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

അശ്രദ്ധയ്ക്ക് അപ്പുറം അനാസ്ഥയാണ് ഈ വലിയ ദുരത്തിന് കാരണം. അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്തുകൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

അപകടത്തിന് കാരണം സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി. അപകടത്തിൽ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്.

മരിച്ച ഒമ്പത് പേരിൽ മൂന്ന് പേർ കെഎസ്ആർടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതിൽ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP